കണ്ണൂർ: കണ്ണൂരിലെ ഐഎസ് വനിതകളെ എൻഐഎ കുടുക്കിയത് നിർണായക നീക്കത്തിലൂടെ.ആറ് മാസക്കാലത്തെ നിരീക്ഷണത്തിനൊടുവിലായിരുന്നു ഇവരുടെ അറസ്റ്റ്. കൊച്ചിയിലെ എൻഐഎ യൂണിറ്റിനെപോലും അറിയിക്കാതെയായിരുന്നു ഡൽഹി സംഘം കേരളത്തിൽ എത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ സമൂഹമാദ്ധ്യമത്തിൽ ഗ്രൂപ്പുണ്ടാക്കിയായിരുന്നു യുവതികൾ ഭീകര സംഘടനയ്‌ക്കായി ആശയങ്ങൾ പ്രചരിപ്പിച്ചത്. ടെലിഗ്രാം, ഹൂപ്പ്, ഇൻസ്റ്റഗ്രാം എന്നിവയായിരുന്നു ഇതിനായി പ്രയോജനപ്പെടുത്തിയിരുന്നത്. ഇതിന് പുറമേ കണ്ണൂരിൽ താമസിച്ച് കേരളത്തിലടക്കം ഭീകര സംഘടനയ്‌ക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്റുമാരാണ് ഇവരെന്നും എൻഐഎ കണ്ടെത്തിയത്.
കാബൂളിൽ നിന്നെത്തിയ വിമാനത്തിന്റെ ടയറില്‍ മനുഷ്യ ശരീരാവശിഷ്‌ടങ്ങള്‍; അന്വേഷണവുമായി വ്യോമസേന
വാഷിംഗ്ടണ്‍: കാബൂളില്‍ നിന്ന് പുറപ്പെട്ട സൈനിക വിമാനത്തിന്റെ ഗാന്‍ഡിംഗ് ഗിയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യു.എസ് വ്യോമസേന.താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തതോടെ കാബൂളില്‍ നിന്നുള്ള യു.എസ് ഉദ്യോഗസ്ഥരുമായി നാട്ടിലേക്ക് തിരിച്ച സി-17 വിമാനത്തിന്റെ വീല്‍ വെല്ലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി യു.എസ് വ്യോമസേന ചൊവ്വാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.തിങ്കളാഴ്ച കാബൂളില്‍ എത്തിയ വിമാനത്തെ നൂറുകണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ വളയുകയായിരുന്നു. വിമാനത്തിന്റെ സുരക്ഷ അവതാളത്തിലാകുമെന്ന് കണ്ടതോടെ സി-17 വിമാനം എത്രയും വേഗം ഹമീദ് കര്‍സായി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. യു.എസ് വിമാനത്തിന്റെ ചക്രത്തിലും ചിറകിലും പിടിച്ചുതൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേര്‍ പറക്കലിനിടെ വീണ് മരിച്ചതും യു.എസ് സ്ഥിരീകരിച്ചു. വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് ലാന്‍ഡിംഗ് ഗിയറില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളില്‍ നിന്ന് രക്ഷപ്പെട്ട 600 ലധികം പേരുമായി ഖത്തറില്‍ ഇറങ്ങിയത്. ഒഴിപ്പിക്കലിനാവശ്യമായ ചരക്കുമായാണ് വിമാനം കാബൂളില്‍ എത്തിയത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ രക്ഷപ്പെടാനായി ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. നൂറുകണക്കിന് ആളുകള്‍ വിമാനത്തിലേക്ക് തിക്കിതിരക്കി കയറിയതോടെ വിമാനം ചരക്കിറക്കാതെ ടേക്ക് ഓഫ് ചെയ്‌തെന്നുമാണ് വിശദീകരണം.യു എസ് സേന ആകാശത്തേക്കു വെടിവച്ചതോടെ ജനം ചിതറിയോടുകയും റണ്‍വേയിലേക്ക് ഇരച്ചുകയറുന്നതിന്റെയും മറ്റു വിമാനങ്ങളില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ ലോകം നടുക്കത്തോടെയാണ് കണ്ടത്. ജനക്കൂട്ടത്തിന് ഇടയിലൂടെ വിമാനം പറത്തിയത് അന്താരാഷ്ട്രതലത്തിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയാണ്.
സംസ്ഥാനത്ത് ഇനി അവധി ദിവസങ്ങളിലും വാക്‌സിൻ നൽകും;അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന
തിരുവനന്തപുരം:സംസ്ഥാനത്ത് ഇനി അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വാക്സിനേഷന്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തില്‍ നിര്‍ദ്ദേശിച്ചു.അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ കോവിഡ് ബാധിതരായാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഡ് സമിതികളും റാപിഡ് റസ്പോണ്‍സ് ടീമുകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ നോക്കാന്നും അദ്ദേഹം ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.പത്തനംതിട്ട മല്ലപ്പള്ളിയില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച 124 പേര്‍ക്ക് കൊവിഡ് ബാധിച്ചത് പഠനവിഷയമാക്കാനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനും ആരോഗ്യ വിദഗ്ധസമിതിക്കും നിര്‍ദ്ദേശം നല്‍കി. ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് കഴിഞ്ഞതവണ നല്‍കിയ ഇളവുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും യോഗം തീരുമാനിച്ചു.
ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി
കൊച്ചി: മുൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കൊച്ചി മെട്രോ എംഡിയായി നിയമിച്ചു.ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം.ജൂൺ 29 നാണ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും വിരമിച്ചത്.
സംസ്ഥാനത്ത് കോവിഡനന്തര രോഗങ്ങള്‍ക്ക് ഇനി സൗജന്യ ചികില്‍സയില്ല;നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡനന്തര രോഗങ്ങള്‍ക്ക് ഇനി സൗജന്യ ചികില്‍സയില്ല. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.രുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ന്നും സൗജന്യചികിത്സ ലഭ്യമാകും.ചികിത്സയ്ക്ക് വിധേയരാകുന്ന എപിഎല്‍ കാര്‍ഡുകാര്‍ ഇനി മുതല്‍ പണം അടയ്ക്കണം. ജനറല്‍ വാര്‍ഡില്‍ 750 രൂപയും, എച്ച്‌ഡിയു 1250 രൂപയും, ഐസിയു 1500 രൂപയും, ഐസിയു വെന്റിലേറ്റര്‍ 2000 രൂപയുമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സ നിരക്ക്. മ്യൂക്കര്‍മൈക്കോസിസ്, അഥവാ ബ്ലാക്ക് ഫംഗസ് ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ തടിപ്പുകള്‍ തുടങ്ങി ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. ശസ്ത്രക്രീയ്ക്ക് 4800 രൂപ മുതല്‍ 27500 രൂപവരെ വിവിധ വിഭാഗങ്ങളില്‍ ഈടാക്കും. സ്വകാര്യ ആശുപത്രിയിലെയും കോവിഡാനന്തര ചികിത്സ നിരക്ക് ഏകീകരിച്ചു. 2645 രൂപ മുതല്‍ 2910 രൂപവരെയാണ് സ്വകാര്യ ആശുപത്രികളില്‍ വാര്‍ഡുകളില്‍ ഒരു ദിവസം ഈടാക്കാവുന്നത്.ഐസിയു 7800 മുതല്‍ 8580 രൂപ വരെ ആശുപത്രികള്‍ക്ക് ഒരു ദിവസം ഈടാക്കാം. വെന്റിലേറ്റര്‍ 13,800 രൂപ മുതല്‍ 15,180 രൂപവരെയാണ് ഒരു ദിവസം ഈടാക്കാവുന്നത്. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം അനുസരിച്ചാണ് തുകയിലെ ഏറ്റക്കുറച്ചിലുകള്‍.
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 127 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ശതമാനം; 18,556 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 21,613 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂർ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂർ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസർഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.48 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,870 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,248 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1181 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3105, എറണാകുളം 2596, തൃശൂർ 2442, കോഴിക്കോട് 2278, പാലക്കാട് 1339, കൊല്ലം 1686, കണ്ണൂർ 1217, ആലപ്പുഴ 1151, കോട്ടയം 1080, തിരുവനന്തപുരം 1071, പത്തനംതിട്ട 793, വയനാട് 596, കാസർഗോഡ് 493, ഇടുക്കി 401 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.92 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 13, വയനാട്, കാസർഗോഡ് 11 വീതം, പത്തനംതിട്ട, തൃശൂർ 10 വീതം, കണ്ണൂർ 8, ആലപ്പുഴ 6, കോട്ടയം 5, എറണാകുളം 4, തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് 3 വീതം, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,556 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 764, കൊല്ലം 1523, പത്തനംതിട്ട 595, ആലപ്പുഴ 822, കോട്ടയം 1088, ഇടുക്കി 420, എറണാകുളം 2292, തൃശൂർ 2468, പാലക്കാട് 2291, മലപ്പുറം 2015, കോഴിക്കോട് 2138, വയനാട് 504, കണ്ണൂർ 769, കാസർഗോഡ് 867 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
പി. സതീദേവി വനിതാ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷയാകും
തിരുവനന്തപുരം : മുതിർന്ന സിപിഎം വനിതാ നേതാവ് പി. സതീദേവി വനിതാ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷയാകും. ചൊവ്വാഴ്ച നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. 2004 ല്‍ വടകര ലോക്സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സതീദേവി നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. സിപിഎം സംസ്ഥാന സമിതി അംഗമായ പി. ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് മുന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ച സാഹചര്യത്തിലാണ് സംസ്ഥാന വനിതാ കമ്മീഷന് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്.
സംസ്ഥാനത്ത് പെന്‍ഷനുകള്‍ ലഭിക്കാത്തവര്‍ക്ക് 1000 രൂപ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് സാമൂഹിക ക്ഷേമ, ക്ഷേമനിധി പെന്‍ഷനുകള്‍ ലഭിക്കാത്തവര്‍ക്ക് 1000 രൂപ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.14,78, 236 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കുമാണ് സഹായം. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാര്‍മാര്‍ തയ്യാറാക്കും. ഗുണഭോക്താവിന് ആധാര്‍ കാര്‍ഡോ മറ്റെന്തെങ്കിലും തിരിച്ചറിയല്‍ രേഖയോ ഹാജരാക്കി സഹായം കൈപ്പറ്റാം.സംസ്ഥാനത്തെ ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാംപ് വെന്‍ഡര്‍മാരുടേയും ഉത്സവ ബത്ത മൂവായിരം രൂപയായി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 2000 രൂപയായിരുന്നു.ഇതിന് പുറമേ, കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഐഎസ് ബന്ധം; കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിലായി
കണ്ണൂർ: ഐഎസ് ബന്ധത്തെത്തുടർന്ന് രണ്ട് യുവതികൾ കണ്ണൂരിൽ പിടിയിലായി. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് പിടികൂടിയത്. സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഗ്രൂപ്പുണ്ടാക്കി പ്രവർത്തിച്ച് വരികയായിരുന്നു ഇവർ. കണ്ണൂര്‍ നഗരപരിധിയില്‍ നിന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ കൂട്ടാളി മൂസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാളായ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു.
സോളാർ പീഡന കേസ്; സിബിഐ എഫ്ഐആർ സമർപ്പിച്ചു
തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി സിബിഐ എഫ്ഐആർ സമർപ്പിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ഉമ്മൻ ചാണ്ടിയ്‌ക്ക് പുറമെ കെസി വേണുഗോപാൽ, ഹൈബി ഈഡൻ, അടൂർ പ്രകാശ്, എപി അനിൽകുമാർ എന്നിവരും പ്രതികളാണ്.പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകൾ സിബിഐയ്‌ക്ക് സംസ്ഥാനസർക്കാർ കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. 2012 ആഗസ്റ്റ് 19-ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.ഇതിന്റെ അടിസ്ഥാനത്തിൽ നാല് വർഷത്തോളമാണ് കേരളാ പോലീസ് കേസ് അന്വേഷിച്ചത്. ഈ അന്വേഷണത്തിൽ ആർക്കെതിരെയും തെളിവ് കണ്ടെത്താൻ പോലീസിനായില്ല.ഇതേത്തുടര്‍ന്നാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സി.ബി.ഐയ്ക്ക് വിട്ടത്.