ന്യൂഡല്‍ഹി: സ്കൂളുകള്‍ തുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് വാക്സിനേഷന് വേഗത്തിലാക്കാന്‍ നടപടി. സെപ്റ്റംബര്‍ അഞ്ചിന് അധ്യാപക ദിനത്തിനു മുൻപായി എല്ലാ സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിന് നല്‍കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദേശം. ഇതിനായി പ്രതിമാസം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കുന്ന പതിവു ഡോസിനു പുറമേ, അധ്യാപക ദിനത്തിനു മുന്നോടിയായി രണ്ടു കോടി വാക്സിന് ഡോസുകള്‍ അധികമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.സ്കൂള്‍ അധ്യാപകര്‍ക്കു മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന് നല്കാന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. അതത് പ്രദേശത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്കൂള്‍ തുറക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിന്റെ അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ സ്കൂളുകള്‍ കഴിഞ്ഞദിവസം തുറന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ വൈകാതെ തുറക്കുമെന്നാണ് പ്രഖ്യാപനം. പകുതിയിലധികം അധ്യാപകരുടെ വാക്സിനേഷന് പൂര്‍ത്തിയായിട്ടില്ല എന്ന വസ്തുത സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപകരുടെ സുരക്ഷ മുന്‍നിര്‍ത്തി വാക്സിനേഷന് പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി കോടതി തള്ളി
തലശ്ശേരി: ആര്‍ടി ഓഫിസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി തള്ളി. തലശ്ശേരി അഡി. ജില്ലാ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്.സഹോദരൻമാരായ ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു ഹർജിയിൽ പോലീസിന്റെ വാദങ്ങൾ. എന്നാൽ ഇതൊന്നും കോടതി അംഗീകരിച്ചില്ല.കണ്ണൂർ ആർ. ടി ഓഫീസിൽ അതിക്രമം കാണിച്ചതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്. കേസിൽ ഒരുദിവസം ജയിലിൽ കഴിഞ്ഞ സഹോദരൻമാർക്ക് പിറ്റേദിവസം തന്നെ കോടതി ജാമ്യം അനുവദിച്ചു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്.ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയതിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പോലീസ് ആവശ്യമുന്നയിച്ചു.ഈമാസം 9 -ാം തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം. രൂപമാറ്റം വരുത്തിയ ഇവരുടെ ‘നെപ്പോളിയൻ’ എന്ന ടെംമ്പോ ട്രാവലർ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇതിനെ തുടർന്ന് കണ്ണൂർ ആർ. ടി. ഓഫീസിലെത്തിയ ലിബിനും എബിനും അതിക്രമം കാണിച്ചെന്നാണ് കേസ്.ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇവർ തൽസമയം കാണിക്കുകയും ചെയ്തു. വാർത്ത അറിഞ്ഞതോടെ ഇവരുടെ ആരാധകരും ആർ. ടി. ഓഫീസിൽ തടിച്ചുകൂടി സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
വാക്സിനേഷന് പിന്നാലെ അസ്വസ്ഥത; കാസര്‍കോട് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കാസര്‍കോട്: കൊവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് വാവടുക്കം സ്വദേശിനി രഞ്ജിതയാണ് മരിച്ചത്. ഈ മാസം മൂന്നാം തിയതിയാണ് യുവതി കൊവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ നിന്നാണ് വാക്സിൻ എടുത്തത്. പിന്നാലെ പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവന് രക്ഷിക്കാനായില്ല. പത്തുലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇരുപത്തിയൊന്നുകാരിയായ രഞ്ജിത എംഎസ്ഡബ്ള്യു പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.
പിണറായിയിൽ സൊസെറ്റിയില്‍ വായ്പക്ക് അപേക്ഷയുമായെത്തിയ യുവതിക്ക് അശ്ളീല സന്ദേശമയച്ച സംഭവം;സിപിഎം പ്രാദേശിക നേതാവിനെ പുറത്താക്കി
പിണറായി:പിണറായി സഹകരണ സൊസൈറ്റിയില്‍ കാര്‍ഷികവായ്പയ്ക്ക് അപേക്ഷയുമായെത്തിയ യുവതിക്ക് ഫോണിൽ അശ്ളീല സന്ദേശമയച്ച സംഭവത്തിൽ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.പിണറായി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപറേറ്റിവ് സൊസൈറ്റി സെക്രട്ടറി നിഖില്‍ കുമാര്‍ നാരങ്ങോളിയെയാണ് സസ്പെന്‍ഡ് ചെയ്തത്.സിപിഎം ധര്‍മടം നോര്‍ത്ത് ലോക്കലിലെ അണ്ടലൂര്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറിയായ നിഖില്‍ കുമാറിനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.വായ്പ അപേക്ഷ നല്‍കിയതിനു പിന്നാലെ നിഖില്‍ കുമാര്‍ അര്‍ധരാത്രി യുവതിയെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും വാട്സ് ആപ്പില്‍ മെസേജ് അയക്കുകയും ചെയ്യുകയായിരുന്നു ശല്യം തുടര്‍ന്നതോടെ യുവതി ബന്ധുക്കളെയുംകൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടിയെടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റും മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുമായ പി.ബാലന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.ഇതോടെയാണ് സഹകരണ സ്ഥാപനത്തില്‍ നിന്നും നിഖിലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത്. യുവതിയുടെ പരാതിയിലാണ് സൊസൈറ്റി നടപടിയെടുത്തതെന്ന് സൊസൈറ്റി പ്രസിഡന്റ് പി. ബാലന് പറഞ്ഞു. പരാതിക്കാരിയായ യുവതിയും സിപിഎം അംഗമാണ്.
സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങൾക്കും ഇളവുകൾക്കും മാറ്റമില്ല; ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഒരാള്‍ കോവിഡ് പോസിറ്റീവായാൽ ഒപ്പം പങ്കെടുത്ത എല്ലാവര്ക്കും പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുടരും. അതേസമയം ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന ആരെങ്കിലും ഒരാള്‍ കോവിഡ് പോസിറ്റീവാണെന്നു വന്നാല്‍ ഒപ്പം പങ്കെടുത്ത എല്ലാവര്ക്കും പരിശോധന നടത്തും.മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗങ്ങളിലേതാണ് തീരുമാനം.ഞായര്‍ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും ആദ്യ ഡോസ് വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന് നിർബന്ധമാക്കി കര്‍ണാടക സർക്കാർ
ബെംഗളൂരു: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന് നിർബന്ധമാക്കി കര്‍ണാടക സർക്കാർ.വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ കര്‍ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതി ശുപാര്‍ശ. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ കര്‍ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന് അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നും ശുപാര്‍ശയിലുണ്ട്.
ഉക്രൈന് വിമാനം റാഞ്ചിയെന്ന വാർത്ത വ്യാജം; വിമാനം ഇറാനിൽ ഇറക്കിയത് ഇറക്കിയത് ഇന്ധനം നിറയ്ക്കാന്‍
ഉക്രൈന് : ആയുധധാരികളായ അജ്ഞാത സംഘം അഫ്ഗാനില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഉക്രെയ്ന് വിമാനം റാഞ്ചിയെന്നും ഇറാനിലിറക്കിയെന്നും ഇന്നലെ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് വെളിപ്പെടുത്തി ഇറാനും ഉക്രെയ്നും.ഉക്രൈന് സര്‍ക്കാരുമായി അസ്വാരസ്യമുള്ള റഷ്യയില്‍ നിന്നുള്ള ടാസ് എന്ന ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ കാബൂളില്‍ വെച്ച് ഉക്രൈന് വിമാനം തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും വിദേശ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഉക്രൈന് വിദേശ കാര്യ മന്ത്രാലയ പ്രതിനിധി പ്രതികരിച്ചു. ഇറാന് ഏവിയേഷന്‍ അതോറിറ്റിയും വാര്‍ത്തകള്‍ നിഷേധിച്ചു. ഇറാനിലെ മഷ്ഹദ് നഗരത്തില്‍ ഇന്ധനം നിറച്ച വിമാനം ഉക്രൈനിലേക്ക് പറന്നെന്നാണ് ഇറാന് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചത്.അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇതിന് പിന്നാലെ നടത്തിയ മൂന്ന് ഒഴിപ്പിക്കല്‍ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഉക്രൈന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞയതായായിരുന്നു റിപ്പോര്‍ട്ട്.
കോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഇല്ല; ഞായറാഴ്ചകളിൽ ലോക്ഡൗൺ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഞായറാഴ്ചകളിലെ ലോക്ക്ഡൗണില്‍ മാറ്റമില്ല. കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ തന്നെ പ്രവര്‍ത്തിക്കാം. ഡബ്ല്യുഐപിആര്‍ മാനദണ്ഡത്തിലും മാറ്റമില്ല. അടുത്ത ഞായറാഴ്ച മുതല്‍ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയിരിക്കും. ആൾക്കൂട്ടം ഉണ്ടാകാതിരിക്കാൻ കർശന പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വാക്സിനേഷൻ വർദ്ധിപ്പിക്കുക, പരിശോധന വർദ്ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ അവലോകന യോഗത്തിൽ ചർച്ച ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 24,296 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ശതമാനം; 19,349 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24,296 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂർ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂർ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസർഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,757 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 118 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,775 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3099, തൃശൂർ 3029, കോഴിക്കോട് 2826, മലപ്പുറം 2678, പാലക്കാട് 1321, കൊല്ലം 1754, കോട്ടയം 1359, തിരുവനന്തപുരം 1346, കണ്ണൂർ 1297, ആലപ്പുഴ 1088, പത്തനംതിട്ട 1013, വയനാട് 866, ഇടുക്കി 598, കാസർഗോഡ് 501 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.90 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 16, പാലക്കാട് 14, കാസർഗോഡ് 12, കൊല്ലം, പത്തനംതിട്ട, വയനാട് 7 വീതം, ഇടുക്കി, എറണാകുളം, തൃശൂർ 5 വീതം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം 3 വീതം, മലപ്പുറം 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,349 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1087, കൊല്ലം 1483, പത്തനംതിട്ട 642, ആലപ്പുഴ 1224, കോട്ടയം 1099, ഇടുക്കി 473, എറണാകുളം 1170, തൃശൂർ 2476, പാലക്കാട് 1773, മലപ്പുറം 3025, കോഴിക്കോട് 2426, വയനാട് 663, കണ്ണൂർ 1187, കാസർഗോഡ് 621 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 74 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 414 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനായി എത്തിയ ഉക്രൈന് വിമാനം റാഞ്ചിയതായി റിപ്പോർട്ട്; പറന്നുയര്‍ന്ന വിമാനം തട്ടിയെടുത്തെ ശേഷം ഇറാനില്‍ ഇറക്കിയതായും സൂചന
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രൈന് വിമാനം റാഞ്ചിയതായി റിപ്പോര്‍ട്ട്. താലിബാന് നിയന്ത്രണത്തിലായ അഫ്ഗാനില്‍ കുടുങ്ങിയവരുമായി പറന്നുയര്‍ന്ന വിമാനമാണ് തട്ടിയെടുത്തത്. ഈ വിമാനം ഇറാനില്‍ ഇറങ്ങിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സികളാണ് വിമാന റാഞ്ചല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഉക്രൈന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വിമാനം റാഞ്ചിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തട്ടിയെടുത്തത് ആരാണ് എന്ന് വ്യക്തമായിട്ടില്ല. അവരുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വിമാന റാഞ്ചല്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാബൂളില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചട്ടുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്.വിമാനം ഇറാനിലേക്ക് പറന്നുവെന്നാണ് ഉക്രൈൻ വിദേശകാര്യമന്ത്രി യെവ്ഗെനി യെനിൻ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ഞായറാഴ്ച തങ്ങളുടെ വിമാനം അജ്ഞാതർ റാഞ്ചിയതായി ബോദ്ധ്യപ്പെട്ടിരിക്കുന്നു. കാബൂളിലേക്ക് പൗരന്മാരെ കൊണ്ടുവരാൻ ചെന്ന വിമാനമാണ് തട്ടിയെടുത്തത്. ജീവനക്കാർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആയുധ ധാരികളായ സംഘമാണ് വിമാനം റാഞ്ചിയതെന്നും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഉക്രൈൻ മന്ത്രി യെനിൻ പറഞ്ഞു.