കൊച്ചി :കോതമംഗലത്തെ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു കണ്ണൂർ സ്വദേശിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബീഹാറിൽ നിന്നും അറസ്റ്റിലായ പ്രതികളെ കൊച്ചിയിൽ എത്തിച്ചു. പ്രതി രഖിലിന് തോക്ക് കൈമാറിയ മനേഷ് കുമാർ വർമ്മ, സോനുകുമാർ മോദി എന്നിവരെയാണ് കൊച്ചിയിൽ എത്തിച്ചത്. ആലുവ റൂറൽ എസ്പി ഓഫീസിൽ എത്തിച്ച പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യൽ ഇന്നലെ രാത്രിയോടെ പൂർത്തിയായി.വൈകീട്ട് ആറ് മണിയോടെയാണ് ഇരുവരെയും എസ്പിഓഫീസിൽ എത്തിച്ചത്.ട്രാൻസിസ്റ്റ് വാറന്റുള്ളതിനാൽ ഇന്ന് രാവിലെ പ്രതികളെ കോടതിയിൽ ഹാജരാക്കും. ബീഹാർ പോലീസിന്റെ സഹായത്തോടെയായിരുന്നു പോലീസ് പ്രതികളെ പിടികൂടിയത്. ഇതിനായി ദിവസങ്ങളോളം അന്വേഷണ സംഘം ബീഹാറിൽ തങ്ങി. ആദ്യം സോനുകുമാർ മോദിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഭിച്ച വിവങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മനേഷ് കുമാറിന്റെ അറസ്റ്റ്. ഇരുവരുമൊന്നിച്ച് കാറിൽ തോക്ക് വാങ്ങാൻ പോകുന്നതിന്റെയും, രഖിലിനെ പരിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;139 മരണം; ടിപിആര്‍ 13.35%; 20,265 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 139 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,654 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,221 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 977 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3335, തൃശൂര്‍ 2483, കോഴിക്കോട് 2193, പാലക്കാട് 1473, എറണാകുളം 2051, കൊല്ലം 1413, കണ്ണൂര്‍ 1122, ആലപ്പുഴ 1069, കോട്ടയം 959, തിരുവനന്തപുരം 867, കാസര്‍ഗോഡ് 651, വയനാട് 640, പത്തനംതിട്ട 545, ഇടുക്കി 420 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.83 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 20, വയനാട് 12, പാലക്കാട് 11, കാസര്‍ഗോഡ് 10, കൊല്ലം 6, തൃശൂര്‍ 5, എറണാകുളം, മലപ്പുറം, കോഴിക്കോട് 4 വീതം, പത്തനംതിട്ട 3, തിരുവനന്തപുരം, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,265 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 979, കൊല്ലം 1205, പത്തനംതിട്ട 457, ആലപ്പുഴ 1456, കോട്ടയം 1271, ഇടുക്കി 368, എറണാകുളം 2308, തൃശൂര്‍ 2418, പാലക്കാട് 1337, മലപ്പുറം 3560, കോഴിക്കോട് 2388, വയനാട് 546, കണ്ണൂര്‍ 1121, കാസര്‍ഗോഡ് 851 എന്നിങ്ങനേയാണ് രോഗമുക്തിയായത്.പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.എറണാകുളം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചു.ചൊവ്വ, ബുധന്‍ ദിവസങ്ങളിലും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. കേരള തീരത്ത് ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും ബുധനാഴ്ചയും കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
പുഴുവരിച്ച അരി വൃത്തിയാക്കി പുതിയ ചാക്കിലാക്കിയ ശേഷം വിദ്യാലയങ്ങളിലേക്ക്; സപ്‌ളൈകോ ഗോഡൗണിലെ പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു
കൊല്ലം:വിദ്യാലയങ്ങള്‍ക്ക് നല്‍കാനായി കൊട്ടാരക്കര സപ്‌ളൈകോ ഗോഡൗണില്‍ പുഴുവരിച്ചത് ഉള്‍പ്പെടെ രണ്ടായിരം ചാക്ക് അരി വൃത്തിയാക്കുന്ന പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളാണ് വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നത്.കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപത്തെ രണ്ടാം നമ്പർ ഗോഡൗണിലാണ് പഴകിയ അരി വൃത്തിയാക്കല്‍ ജോലികള്‍ നടന്നത്. വൃത്തിയാക്കിയ അരി വിദ്യാലയങ്ങള്‍ക്ക് കൈമാറാനായിരുന്നു ഡപ്പോ മാനേജര്‍ക്ക് ലഭിച്ച ഉത്തരവ് .2017 ബാച്ചലേത് ഉള്‍പ്പെടെയുള്ള അരിയാണ് ഇവിടെ പുഴുവരിച്ച നിലയില്‍ ചാക്കുകളിലുള്ളത്. ചാക്ക് പൊട്ടിച്ച് അരിപ്പ ഉപയോഗിച്ച് അരിച്ചും ഇന്‍ഡസ്ട്രിയല്‍ ഫാന്‍ ഉപയോഗിച്ചുമാണ് വൃത്തിയാക്കിയിരുന്നത്. ഗോഡൗണിന്റെ വിവിധ ഭാഗങ്ങളില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് ഗുളികകള്‍ വിതറിയിരുന്നു. ഇതിന്റെ കുപ്പി കണ്ടെത്തിയതോടെ അരി രാസവസ്തുക്കള്‍ തളിച്ചാണ് വൃത്തിയാക്കിയിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഒന്‍പത് ദിവസമായി ഗോഡൗണില്‍ അരി വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. വിവരം പുറത്തായതോടെ ഇന്നലെ രാവിലെ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ഗോഡൗണിലേക്ക് എത്തി ജോലികള്‍ തടയുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് വൈകട്ടോടെ ജില്ലാ സപ്‌ളൈ ഓഫീസര്‍ കൊട്ടാരക്കര ഗോഡൗണ്‍ സന്ദര്‍ശിച്ചു. അരി ലാബില്‍ പരശോധനയ്ക്കയച്ച് ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ വിതരണം ചെയ്യൂവെന്ന് അറിയിച്ചെങ്കിലും പ്രതഷേധക്കാര്‍ ശാന്തരായില്ല. കഴിഞ്ഞ ജൂലായ് 15ന് സപ്‌ളൈകോ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൃത്തിയാക്കല്‍ ആരംഭിച്ചത്.അരി വൃത്തിയാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിക്കുകയും ,ആര്‍. പ്രസാദ് എന്നയാള്‍ക്ക് കരാര്‍ നല്‍കുകയുമായിരുന്നു. തിരുവല്ല സ്വദേശി കണ്ണനാണ് ഉപകരാര്‍.ഗോഡൗണുകളില്‍ പഴക്കം ചെന്ന അരി വൃത്തിയാക്കുന്നത് സാധാരണയാണ്. കൃമികീടങ്ങളെ തുരത്താനാണ് അലൂമിനിയം ഫോസ്‌ഫേറ്റ് ഗുളികകള്‍ വയ്ക്കുന്നത്. രണ്ട് ദിവസം അടച്ചിട്ട ശേഷം ഗോഡൗണ്‍ തുറക്കുമ്പോൾ കൃമികീടങ്ങള്‍ നശിക്കും. പഴകിയ അരി അരിച്ചെടുത്ത് കഴുകിയ ശേഷം ലാബില്‍ പരശോധനയ്ക്ക് അയയ്ക്കും. ഭക്ഷ്യയോഗ്യമെങ്കിലെ വിതരണം ചെയ്യുകയുള്ളൂ എന്നും സപ്‌ളൈകോ ക്വാളിറ്റി കണ്‍ട്രോളര്‍ പറഞ്ഞു.
രാജ്യത്ത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പിലും ലഭ്യമാകും
ന്യൂഡല്‍ഹി:രാജ്യത്ത് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പിലും ലഭ്യമാകും.ഇനി വീട്ടിലിരുന്ന് നമുക്ക് തന്നെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം. കോവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്സാപ്പ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭ്യമാകൂ. ആദ്യ പടിയായി കോവിനില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുള്ള ഫോണില്‍ 9013151515 എന്ന നമ്പർ സേവ് ചെയ്തശേഷം വാട്സാപ്പ് തുറക്കുക. ശേഷം ഈ നമ്പറിലേക്ക് ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക. ഉടന്‍ തന്നെ ഫോണില്‍ ഒടിപി ലഭിക്കും. ഇത് വാട്‌സാപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഈ നമ്പറിൽ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും. ആരുടെയാണോ ഡൗണ്‍ലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.
കരിപ്പൂര്‍ വിമാന ദുരന്തം നടന്നിട്ട് ഒരാണ്ട്; നഷ്ടപരിഹാരം ലഭിക്കാതെ അപകടത്തിനിരയായവർ
കോഴിക്കോട്: രാജ്യത്തെ തന്നെ ഞെട്ടിച്ച കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 21 പേരുടെ ജീവനാണ് അന്നത്തെ വിമാന അപകടത്തില്‍ നഷ്ടപ്പെട്ടത്.നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായിട്ടും അപകടത്തിന്റെ കാരണം എന്താണെന്ന് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് റണ്‍വെയുള്ള കരിപ്പൂരിലെ വികസന പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണ്. വലിയ വിമാന സര്‍വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. കേരളവും ലോകമെങ്ങുമുള്ള പ്രവാസി സമൂഹം മറക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തമായിരുന്നു കരിപ്പൂരിലേത്.അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ ഇരകള്‍ക്കുള്ള നഷ്ട പരിഹാരം വൈകുകയാണ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ ഇന്ത്യ പ്രഖ്യാപിച്ച സഹായധനം പൂര്‍ണമായി വിതരണം ചെയ്തിട്ടുമില്ല.2020 ഓഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ വിമാന ദുരന്തം. 184 യാത്രക്കാരുമായി ദുബൈയില്‍ല്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് 1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പത്താം നമ്പർ റണ്‍വേയിലാണ് ലാന്‍ഡിങ്ങിന് അനുമതി നല്‍കിയത്. വിമാനം 13ാം റണ്‍വേയിലാണ് ലാന്‍ഡ് ചെയ്തത്. ലാന്റിങ്ങനായുള്ള പൈലറ്റിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി. ബാരിക്കേഡും മറികടന്ന് വിമാനം താഴ്ചയിലേക്ക് നിലം പതിച്ചു. വിമാനം രണ്ടായി പിളര്‍ന്നു. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെ, സഹ പൈലറ്റ് അഖിലേഷ് അടക്കം 21 പേര്‍ മരിച്ചു. 122 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കൊവിഡ് സാഹചര്യത്തിലും നാട്ടുകാരുടെയും പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ജീവന്‍ മറന്ന രക്ഷാപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
മാനസ കൊലക്കേസ്; രാഖിലിന് പിസ്റ്റൾ നല്‍കിയ ആള്‍ ബീഹാറില്‍ പിടിയിലായി; പ്രതിയുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു
കണ്ണൂര്‍:കോതമംഗലം ഡെന്റല്‍ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രാഖിലിനു പിസ്റ്റള്‍ നല്‍കിയയാളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്രതാര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്.ബീഹാര്‍ പോലീസിന്റെ സഹായത്തോടെ കോതമംഗലം എസ്‌ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ടതോടെ ഇവരെ ആക്രമിച്ച് രക്ഷപ്പെടാന്‍ സോനുവും സംഘവും ശ്രമിച്ചെങ്കിലും വെടിയുതിര്‍ത്തതോടെ ഇവര്‍ കീഴടങ്ങുകയായിരുന്നു.രാഖിലിന്റെ സുഹൃത്തില്‍ നിന്നാണ് സോനുവിനെ കുറിച്ചുള്ള വിവരം ലഭിച്ചതെന്നാണ് സൂചന. ഇയാളെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെള്ളിയാഴ്ച രാവിലെ ഹാജരാക്കി. തുടര്‍ന്ന് കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു. ഇയാളുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു.രാഖിലിനെ സോനുവിലേക്ക് എത്തിച്ച ടാക്സി ഡ്രൈവര്‍ക്കുവേണ്ടി കേരള പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. പട്നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെ രാഖില്‍ മുന്‍ഗറില്‍ എത്തിയെന്നാണ് സൂചന.ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ രാഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും വെടിവെച്ച് ആത്മഹത്യ ചെയ്തു.
സംസ്ഥാനത്ത് ഇന്ന് 19,948 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13; 19,480 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,948 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂർ 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂർ 993, കോട്ടയം 963, കാസർഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. 81 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 17, പാലക്കാട്, കാസർഗോഡ് 9 വീതം, തിരുവനന്തപുരം 8, തൃശൂർ 7, പത്തനംതിട്ട 6, എറണാകുളം, കോഴിക്കോട്, വയനാട് 5 വീതം, കൊല്ലം 4, ആലപ്പുഴ, കോട്ടയം 3 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 97 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,744 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 996 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3307, എറണാകുളം 2267, തൃശൂർ 2150, കോഴിക്കോട് 2090, പാലക്കാട് 1384, കൊല്ലം 1295, ആലപ്പുഴ 1144, തിരുവനന്തപുരം 998, കണ്ണൂർ 885, കോട്ടയം 908, കാസർഗോഡ് 726, പത്തനംതിട്ട 656, വയനാട് 539, ഇടുക്കി 425 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,480 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1175, കൊല്ലം 2055, പത്തനംതിട്ട 267, ആലപ്പുഴ 1294, കോട്ടയം 993, ഇടുക്കി 387, എറണാകുളം 1353, തൃശൂർ 2584, പാലക്കാട് 1641, മലപ്പുറം 3674, കോഴിക്കോട് 1270, വയനാട് 239, കണ്ണൂർ 1356, കാസർഗോഡ് 1192 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,78,204 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 266 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. 10ന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്ത് പുതുക്കിയ കോവിഡ് നിര്‍ദേശങ്ങളില്‍ കര്‍ശന പരിശോധന ഒഴിവാക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ കോവിഡ് നിര്‍ദേശങ്ങളില്‍ കര്‍ശന പരിശോധന ഒഴിവാക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാര്‍.കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്‍റെ പുതിയ നിര്‍ദേശം. വാക്‌സീന്‍ എടുക്കാത്തവരോ ആര്‍ടിപിസിആര്‍ ഇല്ലാത്തവരോ കടയില്‍ പ്രവേശിക്കുന്നതു തടയേണ്ടതിലെന്നാണ് പുതിയ നിര്‍ദേശം. അതേസമയം തന്നെ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉറപ്പാക്കും.എസ്പിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കുമാണ് പുതിയ നിര്‍ദേശം കൈമാറിയിരിക്കുന്നത്. ഉത്തരവ് ഇറങ്ങിയതിനെ പിന്നാലെ തന്നെ പുതിയ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭയിലും വിഷയം ചര്‍ച്ചയായെങ്കിലും കടകളില്‍ പ്രവേശിക്കാന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ പിന്‍വലിക്കില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. എന്നാല്‍ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു.പുതിയ നിര്‍ദേശ പ്രകാരം കടകള്‍, കമ്ബോളങ്ങള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ തുറന്ന ടൂറിസ്റ്റ് ഇടങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ പ്രവര്‍ത്തിക്കാവുന്നതാണ്. എല്ലാ കടകളും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും അവിടുത്തെ സ്റ്റാഫുകള്‍ വാക്സിനേഷന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും ഒരേ സമയം പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിക്കേണ്ടതാണ്.അത്തരം സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും തിരക്കും ആള്‍ക്കൂട്ടവും ഒഴിവാക്കേണ്ടത് പ്രസ്തുത സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമായിരിക്കും ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി എന്‍ഫോസ് മെന്‍റ് ഏജന്‍സികള്‍ പരിശോധനകള്‍ നടത്തുകയും ആവശ്യമായ നടപടിയെടുക്കുകയും ചെയ്യേണ്ടതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കണ്ണൂര്‍ ഏഴോത്ത് ക്ഷേത്രം കുത്തിതുറന്ന് 14 പവന്റെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ചു
കണ്ണൂര്‍:പയ്യന്നൂർ ഏഴോത്ത് ക്ഷേത്രത്തിൽ വൻ കവർച്ച.കുറുവാട്ടേ കൂറുംബ ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ ഭണ്ഡാരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 14 പവന്റെ തിരുവാഭരണങ്ങള്‍ മോഷണംപോയി .കൂടാതെ ക്ഷേത്രത്തിനുള്ളിലെ മൂല ഭണ്ഡാരവും മോഷണം പോയിട്ടുണ്ട്.വെള്ളിയാഴ്‌ച്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. രാവിലെ ക്ഷേത്രത്തില്‍ പാട്ട് വയ്ക്കാനായി എത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്.പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.