കാസർകോഡ്:പെരിയ ഇരട്ടക്കൊല കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് കാണാതായി. എട്ടാം പ്രതി സുബീഷിന്റെ വാഹനമാണ് ബേക്കൽ പോലീസ് സ്‌റ്റേഷനിൽ നിന്നും കാണാതായത്. ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് സംഭവം. 2019 മേയ് 17ന് വെളുത്തോളിയില്‍ നിന്നും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തതാണ് വാഹനം. കാസര്‍കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ ശേഷം വാഹനം ബേക്കല്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട 17 വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കോടതിയിൽ അപേക്ഷ നൽകി ഫോറൻസിക് പരിശോധന നടത്താൻ സിബിഐ തയ്യാറെടുത്തിരിക്കെയാണ് ബൈക്ക് കാണാതാകുന്നത്. എന്നാൽ ബൈക്ക് കാണാതായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എവിടെയോ വാഹനം ഉണ്ടായേക്കാമെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം.
സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് കന്നഡ സ്റ്റണ്ട് താരം മരിച്ചു
ബെംഗളൂരു:സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് കന്നഡ സ്റ്റണ്ട് താരം മരിച്ചു.തമിഴ്നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തില്‍ ‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.11 കെവി വൈദ്യുത ലൈനിനു സമീപം ക്രെയ്‌നില്‍ നിൽക്കുമ്പോഴായിരുന്നു അപകടം.ക്രെയിനും ഇരുമ്പ് കയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. സംവിധായകന്‍ ശങ്കര്‍, നിര്‍മ്മാതാവ് ദേശ്പാണ്ഡെ, സ്റ്റണ്ട് സംവിധായകന്‍ വിനോദ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അജയ് റാവു, രചിതാ റാം എന്നിവര്‍ നായികാനായകന്മാരാവുന്ന സിനിമയാണിത്.
16 കോടിയുടെ തിമിംഗല ഛർദ്ദി വിദേശത്തേയ്‌ക്ക് കടത്താൻ ശ്രമം;ഇരിട്ടി സ്വദേശിയടക്കം നാലുപേര്‍ കുടകില്‍ അറസ്റ്റില്‍
കുടക്:അന്താരാഷ്ട്ര വിപണിയിൽ പതിനാറ് കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസുമായി മലയാളിയടക്കം നാല് പേർ പിടിയിൽ. കുടകിലെ കുശാൽ നഗറിൽ നിന്നാണ് വനം വകുപ്പ് നാല് പേരെ അറസ്റ്റ് ചെയ്തത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ കെ.എം ജോർജ്, കുടക് സ്വദേശികളായ കെ.എ ഇബ്രാഹിം, ബി.എ റഫീക്ക്, താഹിർ എന്നിവരാണ് പിടിയിലായത്.ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപെട്ടു. ഗൾഫിലേക്ക് കടത്താനായി എത്തിച്ച ആംബർഗ്രിസ് ആയിരുന്നു ഇത്. 8.2 കിലോ ഗ്രാം ഭാരമാണ് ഉണ്ടായിരുന്നത്. കാറിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. പിടിച്ചെടുത്ത ആംബർഗ്രിസ് വിദഗ്ധ പരിശോധനയ്‌ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പിടിയിലായ നാല് പേരെയും വിശദമായി ചോദ്യം ചെയ്ത് വരികയാണ്.സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛര്‍ദില്‍ (ആംബര്‍ ഗ്രീസ്) കടത്തുന്ന സംഘം കേരളത്തില്‍ സജീവമാണെന്ന സൂചനയാണ് ഈ കേസും നല്‍കുന്നത്. കഴിഞ്ഞ മാസം തൃശൂരില്‍ നിന്ന് 30 കോടിരൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി 3 പേര്‍ പിടിയിലായിരുന്നു.1972ലെ വന്യജീവി നിയമപ്രകാരം രാജ്യത്ത് ആംബര്‍ഗ്രീസ് വില്‍പന നിരോധിതമാണ്. ഈ നിയമത്തില്‍ വിശദമാക്കുന്നതനുസരിച്ച് പിടിച്ച് വളര്‍ത്തുന്നതോ വന്യമൃഗമോ ആയ കീടങ്ങള്‍ അല്ലാതെയുള്ള ഒരു ജീവിയുടെ തോല്‍ ഉപയോഗിച്ച് കരകൗശല വസ്തുപോലുള്ളവ നിർമിക്കുന്നതും വസ്തുക്കളായ ആംബര്‍ഗ്രീസ്, കസ്തൂരി മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതും കുറ്റകരമാണ്.അണ്‍ക്യുവേര്‍ഡ് ട്രോഫി എന്നാണ് ഇത്തരം വസ്തുക്കളെ വിശദമാക്കുന്നത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന പ്രകൃതിദത്ത ഉൽപന്നമായ ആംബർഗ്രിസിന് സുഗന്ധലേപന വിപണിയിൽ വൻവിലയാണുള്ളത്. ഇതാണ് ആംബർഗ്രിസ് കള്ളക്കടത്തിലേക്ക് ആളുകളെ എത്തിക്കുന്നത്.
നടി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രെയിൻ ട്യൂമർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ശരണ്യ. നിരവധി സീരിയലിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുൻപ് രോഗം വീണ്ടും മൂർച്ഛിക്കുകയായിരുന്നു. കൊറോണയും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. മെയ് 23നാണ് കൊറോണ സ്ഥിരീകരിച്ച ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടർന്ന് പിന്നീട് വെന്റിലേറ്റർ ഐസിയുവിലേക്കും മാറ്റി. ജൂൺ പത്തിന് നെഗറ്റീവ് ആയെങ്കിലും ആരോഗ്യ സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു. നിരവധി തവണ ട്യൂമറിനെ തോൽപ്പിച്ച് ശരണ്യ എല്ലാവർക്കും മാതൃകയായിരുന്നു. 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. നിരവധി തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്.തുടര്‍ച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവര്‍ക്ക് സിനിമ- സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപുകളും ചേര്‍ന്ന് വീടു നിര്‍മിച്ചു നല്‍കുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങളും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്ന് 13,049 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23; 20,004 പേർ രോഗമുക്തി നേടി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 13,049 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂർ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂർ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസർഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,852 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,300 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1976, തൃശൂർ 1743, കോഴിക്കോട് 1503, പാലക്കാട് 968, എറണാകുളം 1297, കണ്ണൂർ 876, ആലപ്പുഴ 750, കൊല്ലം 734, കോട്ടയം 558, തിരുവനന്തപുരം 500, കാസർഗോഡ് 492, പത്തനംതിട്ട 360, വയനാട് 289, ഇടുക്കി 254 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.58 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 11, തൃശൂർ, കാസർഗോഡ് 9 വീതം, കണ്ണൂർ 8, ആലപ്പുഴ, എറണാകുളം, കോഴിക്കോട് 5 വീതം, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,004 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1061, കൊല്ലം 1215, പത്തനംതിട്ട 590, ആലപ്പുഴ 1066, കോട്ടയം 1264, ഇടുക്കി 426, എറണാകുളം 2394, തൃശൂർ 2717, പാലക്കാട് 1682, മലപ്പുറം 2801, കോഴിക്കോട് 2631, വയനാട് 690, കണ്ണൂർ 840, കാസർഗോഡ് 627 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
യാത്രാ ബ്ലോഗര്‍മാരായ ‘ഇ ബുള്‍ ജെറ്റ്’ കണ്ണൂരില്‍ അറസ്റ്റില്‍;ഇരുവരെയും കസ്റ്റഡിയിലെടുത്തത് ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍
കണ്ണൂര്‍: ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ യാത്രാ ബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളുടെ നെപ്പോളിയന്‍ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓള്‍ട്ടറേഷന്‍ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടര്‍ നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.വാന്‍ ആര്‍ടിഒ കസ്റ്റഡിയില്‍ എടുത്ത കാര്യം ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാര്‍ കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലേക്ക് എത്തി. ഒടുവില്‍ വ്‌ലോഗര്‍മാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമാവുകയും തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പൊലീസ് ആര്‍ടിഒ ഓഫിസില്‍ എത്തി കസ്റ്റഡിലെടുക്കാന്‍ ശ്രമിച്ചത് ഇരുവരും ചെറുക്കുകയും ഇത് മൊബൈല്‍ ഫോണ്‍ വഴി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്‍കുകയും ചെയ്തു. ഇതോടെ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. പൊലീസ് നടപടിക്കെതിരെ ഇവര്‍ വൈകാരികായി പ്രതികരിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിലുണ്ട്. പൊതുമുതല്‍ നാശം, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.
പിആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകന്‍ ഡോ. ശംസീര്‍ വയലില്‍
കൊച്ചി: ടോക്കേിയോ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ അംഗം പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് യുവ പ്രവാസി സംരംഭകന്‍ ഡോ. ശംസീര്‍ വയലില്‍.ശ്രീജേഷിനെ രാജ്യം മുഴുവന്‍ അഭിനന്ദിയ്ക്കുന്നതിനിടെയാണ് യു എ ഇ ആസ്ഥാനമായ വി പി എസ് ഹെല്‍ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ശംസീര്‍ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്.പ്രശസ്ത വ്യവസായ എം.എ.യൂസഫലിയുടെ മരുമകന്‍ കൂടിയാണ് ഷംഷീര്‍. ടോക്യോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്‍ഡ്യയുടെ വന്മതിലായ ശ്രീജേഷിന്റെ ഉജ്ജ്വല പ്രകടനത്തിനും ഹോകിയിലെ സമര്‍പണത്തിനുമുള്ള അംഗീകാരമായാണ് പാരിതോഷികം.അടുത്ത ദിവസം കേരളത്തിലെത്തുന്ന ശ്രീജേഷിന് കൊച്ചിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ പ്രതിനിധികള്‍ പാരിതോഷികം കൈമാറും. ബി സി സി ഐ അടക്കമുള്ള കായിക സമിതികള്‍ ഹോകി ടീമിന് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായി ശ്രീജേഷിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാരിതോഷികമാണ് ഡോ. ശംസീര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപ. ടോക്യോയില്‍ നിന്നും ഇന്‍ഡ്യയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് ശ്രീജേഷിനെ ദുബൈയില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടാണ് ഡോ. ശംസീര്‍ സര്‍പ്രൈസ് സമ്മാനം പ്രഖ്യാപിച്ചത്.ടീമിന്റെ ചരിത്ര വിജയത്തില്‍ അഭിനന്ദനമര്‍പിച്ച അദ്ദേഹം ശ്രീജേഷിന്റെ പ്രകടന മികവ് രാജ്യത്തെ ഹോകിയിലെ പുതു തലമുറയ്ക്കും വരും തലമുറകള്‍ക്കും പ്രചോദനമാകുമെന്ന പ്രതീക്ഷ പങ്കുവച്ചു.അതേസമയം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂവെന്നും പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സര്‍പ്രൈസാണെന്നും മാധ്യമപ്രവര്‍ത്തരോട് ടോക്കിയോയില്‍ നിന്ന് ശ്രീജേഷ് പ്രതികരിച്ചു. ‘ഒരു മലയാളിയില്‍ നിന്ന് തേടിയെത്തിയ സമ്മാനം വിലമതിക്കാനാവാത്തതാണ്. ഡോ. ഷംഷീറിന്റെ ഫോണ്‍ കോള്‍ പ്രതീക്ഷിച്ചിരുന്നില്ല. ടീമിന്റെയും എന്റെയും പ്രകടനത്തെ അഭിനന്ദിക്കാനായി വിളിച്ചതിനും സംസാരിച്ചതിനും വളരെയധികം നന്ദി. അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചത് വലിയ സര്‍പ്രൈസാണ്. കാരണം ഇത്രയും വലിയൊരു തുക കേട്ടുമാത്രമേ പരിചയമുള്ളൂ. അത് പാരിതോഷികമായി നല്‍കുന്നുവെന്നറിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്’ – ശ്രീജേഷ് പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് നിയന്ത്രണ ഏജന്‍സികളുടെ അനുമതി കൂടി ലഭ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസിലെ ഫോണ്‍ ഉപയോഗം കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു.36ശതമാനം പേരില്‍ കഴുത്ത് വേദന,28 ശതമാനം പേര്‍ക്ക് കണ്ണ് വേദന, 36 ശതമാനം പേര്‍ക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എസ് സി ഇ ആര്‍ ടി പഠന റിപോര്‍ടിലാണ് ഇക്കാര്യങ്ങളുള്ളത്. കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്ക് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ കൗണ്‍സിലര്‍മാരെ സ്‌കൂളുകളില്‍ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സർക്കാരിന്റെ വാക്‌സിനേഷൻ യജ്ഞം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വാക്‌സിനേഷൻ യജ്ഞം ഇന്ന് ആരംഭിക്കും. പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് വാക്സിന്‍ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. അവസാന വർഷ ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്കും എൽ.പി, യു. പി സ്‌കൂൾ അദ്ധ്യാപകർക്കും വാക്സിനേഷൻ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ യജ്ഞം ആരംഭിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും വാക്‌സിൻ ലഭിക്കുന്നില്ല എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാർ വാക്‌സിനേഷൻ യജ്ഞത്തിന് ഒരുങ്ങുന്നത്.തിങ്കളാഴ്ച മുതല്‍ ആഗസ്റ്റ് 31 വരെയാണ് വാക്സിന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ഇതിലൂടെ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം.തിരുവനന്തപുരം മേഖലാ സംഭരണകേന്ദ്രത്തില്‍ വാക്സിന്‍ സ്റ്റോക്കില്ല. ജില്ലയില്‍ ചില പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് പാലിയേറ്റിവ് രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. കൊല്ലത്ത് 4500 ഡോസ് മാത്രമാണ് ബാക്കിയുള്ളത്. മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്സിനുണ്ട്. മറ്റ് ജില്ലകളിലും ഒരു ദിവസത്തേക്കുള്ളതാണ് ശേഷിക്കുന്നത്. ഞായറാഴ്ച രാത്രിയോടെ വാക്സിന്‍ എത്തുമെന്നായിരുന്നു വിവരം. എന്നാല്‍, ചൊവ്വാഴ്ച മുതല്‍ വാക്സിനേഷന്‍ തന്നെ മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.ആഗസ്റ്റ് 15 നുള്ളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദ്യ ഡോസ് പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. 60 വയസ് കഴിഞ്ഞവരുടെ ആദ്യ ഡോസാണ് പൂര്‍ത്തീകരിക്കുക. കൂടാതെ കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ ചെന്ന് വാക്‌സിന്‍ നല്‍കുന്നതിന് സൗകര്യം ഒരുക്കാനും തീരുമാനമുണ്ട്.
നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും; ചെന്നിത്തല നല്‍കിയ തടസ്സഹര്‍ജിയും കോടതിയുടെ പരിഗണനയില്‍
തിരുവനന്തപുരം: നിയമസഭ കൈയ്യാങ്കളി കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി ശിവൻകുട്ടിയെക്കൂടാതെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിൽ പ്രതികൾ. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 6 പേരും കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നെങ്കിലും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിർദേശമുള്ളതിനാൽ ഹർജി അപ്രസക്തമാകും.കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ആഴ്ചയാണ് തള്ളിയത്. നിയമസഭാംഗം എന്ന പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുളള മറയല്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതിയുടെ തീരുമാനം. നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് ലക്ഷം രൂപയിലധികം നഷ്ടം നേരിട്ടതായി പറഞ്ഞിരുന്നു. പ്രതികൾക്കെതിരേ പൊതുമുതൽ നശീകരണ നിരോധന നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും അനുസരിച്ചുളള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. 2015 മാർച്ച് 13ന് ബാർ കോഴ വിവാദത്തിനിടെ അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനുളള ശ്രമമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സ്പീക്കറുടെ കസേര ഉൾപ്പെടെ എടുത്തെറിയുന്ന നേതാക്കളുടെ പ്രവർത്തിക്കെതിരേ വ്യാപക വിമർശനമാണ് ഉയർന്നത്.അതേസമയം കുറ്റപത്രത്തില്‍ നിന്നു ഒഴിവാക്കണമെന്ന പ്രതികളുടെ അപേക്ഷക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ ഹര്‍ജി സമര്‍പ്പിക്കും.
അതേസമയം അന്നത്തെ സംഭവങ്ങളുടെ പേരില്‍ തനിക്ക് കുറ്റബോധമില്ലെന്നാണ് ശിവന്‍കുട്ടി വ്യക്തമാക്കി. നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ തനിക്ക് കുറ്റബോധമില്ലെന്നും അപൂര്‍വം ചില ആളുകള്‍ അന്നത്തെ സംഭവം ഒഴിവാക്കേണ്ടിയിരുന്നു എന്നു പിന്നീട് പറഞ്ഞിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശിവന്‍കുട്ടി നിലപാട് വ്യക്തമാക്കിയത്. നിയമസഭയിലെ ‘ഡെസ്‌കിന്മേല്‍ നടത്തം’ ഒഴിവാക്കാമായിരുന്നു എന്നു പിന്നീട് തോന്നിയോ എന്ന ചോദ്യത്തിന് ‘അത് അന്ന് സമര രംഗത്ത് വന്ന ഒരു രീതിയാണ്. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. അന്ന് അങ്ങനെ സംഭവിച്ചു പോയി’ എന്നാണ് മന്ത്രി പ്രതികരിച്ചത്.സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിവെക്കേണ്ട കാര്യമില്ല. കേസും ശിക്ഷയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നുമാണ് കോടതി വിധി വന്ന ദിവസം ശിവന്‍കുട്ടി പ്രതികരിച്ചത്.