കണ്ണൂര്‍ : ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ്. ജില്ലാ സെഷന്‍സ് കോടതിയില്‍ ഇക്കാര്യമാവശ്യപ്പെട്ട് പോലീസ് ഹര്‍ജി നല്‍കും.പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ബി പി ശശീന്ദ്രന്‍ മുഖേനയാണ് ഹര്‍ജി നല്‍കുക. കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ലിബിനും എബിനും കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെതിരെയാണ് പോലീസ് കോടതിയെ സമീപിക്കുന്നത്.കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ലിബിനെയും എബിനെയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം നാല് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇവര്‍ മുൻപ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ഉള്ളടക്കത്തെ ചോദിച്ചറിയുന്നതിനായിരുന്നു ഇത്. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ലക്ഷക്കണക്കിന് യൂട്യൂബ് ഫോളോവേഴ്‌സുള്ള ഇവര്‍ ഇതുവഴി നിയമവിരുദ്ധ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. കൂടാതെ തോക്കും, കഞ്ചാവ് ചെടിയും ഉയര്‍ത്തി പിടിച്ച് ഇവര്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പലതും യാത്രക്കിടയില്‍ കേരളത്തിന് പുറത്ത് ചിത്രീകരിച്ചതെന്നാണ് ഇവരുടെ മൊഴി.ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും, ക്യാമറയും ഫൊറന്‍സിക് പരിശോധനക്കയച്ചു. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
മാക്കൂട്ടം അതിര്‍ത്തിയില്‍ കര്‍ണാടക വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും;അനുമതി അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രം
കണ്ണൂർ:മാക്കൂട്ടം അതിര്‍ത്തിയില്‍ കര്‍ണാടക വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും.ആയതിനാൽ പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ചികിത്സ ആവശ്യങ്ങള്‍ക്കുള്ള അടിയന്തര യാത്രകള്‍ക്ക് മാത്രമായിരിക്കും അതിര്‍ത്തി കടക്കാന്‍ അനുവാദം. തലശ്ശേരി സബ് കലക്ടര്‍ കുടക് ജില്ലാ അധികൃതരുമായി ആശയ വിനിമയം നടത്തിയിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിര്‍ത്തിയിലെ വരാന്ത്യ ലോക്ക്ഡൗണ്‍ തുടരും.
കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം: കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു.കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ്. കാറിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് മരിച്ചത്. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ കാറും ബുള്ളറ്റും കൂട്ടി ഇടിക്കുകയായിരുന്നു.ഗോവിന്ദ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുന്നിക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാര്‍ഡുകള്‍ 634; ഏഴു ദിവസംകൊണ്ട് മൂന്നിരട്ടി; കൂടുതല്‍ മലപ്പുറത്ത്; ഇടുക്കിയില്‍ പൂജ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാര്‍ഡുകളുടെ എണ്ണത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്നിരട്ടി വർധന. ട്രിപ്പിൾ ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പുതുക്കിയതോടെയാണ് ഇത്. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാർഡുകളുടെ എണ്ണം 266 ൽ നിന്നും 634 ആയാണ് വർദ്ധിച്ചിരിക്കുന്നത്.ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവാര രോഗനിരക്കിന്‍റെ അടിസ്ഥാനത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. പുതുക്കിയ നിയന്ത്രണം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു.കഴിഞ്ഞ ആഴ്ചയിലേത് പോലെ ഇത്തവണയും ഏറ്റവുമധികം ട്രിപ്പിള്‍ ലോക്ഡൗണ്‍ വാര്‍ഡുകളുള്ളത് മലപ്പുറം ജില്ലയിലാണ്. അവിടെ 171 വാര്‍ഡുകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. പാലക്കാട് 102 വാര്‍ഡുകളിലും കോഴിക്കോട് 89 വാര്‍ഡുകളിലുമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. അതേസമയം ഇടുക്കി ജില്ലയില്‍ ഒരു വാര്‍ഡില്‍ പോലും ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇല്ല.തൃശൂരില്‍ 85 വാര്‍ഡുകളിലും എറണാകുളത്ത് 51 വാര്‍ഡുകളിലും വയനാട്ടില്‍ 47 വാര്‍ഡുകളിലും കര്‍ശന നിയന്ത്രണമുണ്ട്. കോട്ടയം- 26, കാസര്‍കോട്- 24, ആലപ്പുഴ- 13, കൊല്ലം- ഏഴ്, കണ്ണൂര്‍- ഏഴ്, പത്തനംതിട്ട-ആറ്, തിരുവനന്തപുരം- ആറ് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണുള്ള വാര്‍ഡുകളുടെ എണ്ണം. 100 മീറ്റര്‍ പരിധിയില്‍ അഞ്ചിലേറെ പേര്‍ക്ക് കോവിഡ് ഉണ്ടെങ്കില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ ഏർപ്പെടുത്തും. വാര്‍ഡ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തുന്ന ട്രിപ്പിള്‍ ലോക്ക്ഡൌണ്‍ ഇവിടെ പ്രാബല്യത്തില്‍ വരും. കോവിഡ് പ്രതിരോധത്തിന് വീടും ഓഫീസും ഉള്‍പ്പെടെ മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളാക്കാനുള്ള മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പുതുക്കിയത്. തെരുവ്, മാര്‍ക്കറ്റ്, ഹാര്‍ബര്‍, മത്സ്യബന്ധന ഗ്രാമം, മാള്‍, റസിഡന്‍ഷ്യല്‍ ഏരിയ, ഫാക്ടറി, എംഎസ്‌എംഇ യൂണിറ്റ്, ഓഫീസ്, ഐടി കമ്പനി, ഫ്ലാറ്റ്, വെയര്‍ഹൗസ്, വര്‍ക്‌ഷോപ്, 10 പേരിലധികമുള്ള കുടുംബം എന്നിവയെല്ലാം മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ നിര്‍വചനത്തില്‍ വരും.മൈക്രോ കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ ഒരാഴ്ചയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.സോണുകളില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ സെക്ടറല്‍ മജിസ്‌ട്രേട്ടുമാര്‍ തുടര്‍ച്ചയായി പട്രോളിങ് നടത്തും. കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഓരോ ആഴ്ചയിലെയും കണ്ടെയ്‌ന്‍മെന്റ് സോണുകളുടെ പട്ടിക ലഭ്യമാക്കും.
മോട്ടോർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ റാഷി’ൽ കുടുങ്ങിയത് 1660 പേർ; 143 പേരുടെ ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം: അപകടഭീഷണി ഉയർത്തി ബൈക്കില്‍ അഭ്യാസം നടത്തുന്നവരെ പിടികൂടാൻ മോട്ടോര്‍ വാഹനവകുപ്പിന്റെ തയ്യാറാക്കിയ ഓപ്പറേഷന്‍ റാഷില്‍ ഇതുവരെ കുടുങ്ങിയത് 1660 പേര്‍. 143 പേരുടെ ലൈസൻസ് റദ്ദ് ചെയ്തു. ഏറ്റവും കൂടുതല്‍ ബൈക്ക് അഭ്യാസങ്ങൾ കണ്ടെത്തിയത് ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നാണെന്ന് പരിശോധനയ്‌ക്കു നേതൃത്വം നല്‍കിയ അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ അറിയിച്ചു.ബൈക്കിൽ പല തരത്തിൽ അഭ്യാസങ്ങൾ നടത്തി കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രക്കാർക്കും ഭീഷണി ഉയർത്തി ചീറിപ്പാഞ്ഞ് പോയവരാണ് ഓപ്പറേഷൻ റാഷിൽ കുടുങ്ങിയത് . പ്രത്യേക പരിശോധനയില്‍ ആകെയെടുത്തത് 13405 കേസുകളാണ്. ഇതില്‍ 1660 എണ്ണമാണ് അപകടകരമായ തരത്തില്‍ വാഹനമോടിച്ചതിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്.ഇത്തരത്തില്‍ പിടികൂടിയ 143 പേരുടെ ലൈസന്‍സും ഇതിനകം റദ്ദാക്കി. ബാക്കിയുള്ളവര്‍ക്കെതിരായ നിയമനടപടി തുടരുകയാണ്. ചങ്ങനാശേരിയില്‍ ബൈക്ക് റേസിങ്ങിന് ഇരയായി മൂന്ന് പേർ മരിച്ചതിനു പിന്നാലെയായിരുന്നു ഗതാഗതവകുപ്പ് ഓപ്പറേഷന്‍ റാഷ് എന്ന പേരിൽ പരിശോധന തുടങ്ങിയത്.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം; ഡബ്ല്യുഐപിആര്‍ എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം. ജനസംഖ്യാനുപാത പ്രതിവാര രോഗനിരക്ക് (ഡബ്ല്യുഐപിആര്‍) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏർപ്പെടുത്തി.ഡബ്ല്യുഐപിആര്‍ പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു നേരത്തെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് വാര്‍ഡുകളിലാണ് സമ്പൂർണ്ണ ലോക്ക് ഡൗണ്‍.പാലക്കാട് ജില്ലയില്‍ 282 വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക് ഡൗണാണ്. തൃശൂരില്‍ 39 പ്രദേശങ്ങളിലും കോട്ടയത്ത് 26 വാര്‍ഡുകളിലുമാണ് കര്‍ശന നിയന്ത്രണം. സമ്പൂർണ്ണ ലോക്ക് ഡൗണുള്ള പ്രദേശങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴു വരെ അവശ്യസര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നാണ് നിര്‍ദേശം. കടകളിലും മറ്റും പോവാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരുംതന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ മറ്റുള്ളവർക്ക് കടകളില്‍ പോകാവുന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ തെറ്റാണ്.കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 88 മുതല്‍ 90 ശതമാനം കേസുകളും ഡെല്‍റ്റയാണെങ്കിലും പുതിയ വകഭേദങ്ങളൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് പരിശോധിക്കാനായി കേന്ദ്രത്തില്‍ നിന്നെത്തിയ ആറംഗ സംഘം സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ ജില്ലകള്‍ സന്ദര്‍ശിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. പോസിറ്റീവ് ആയ വ്യക്തിയില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ തോത് കൂടുന്നതാണ് പ്രതിദിന കേസുകളുടെ എണ്ണം കൂടാന്‍ പ്രധാന കാരണം.
കണ്ണൂർ കേളകത്ത് നിന്നും രണ്ട് നാടൻ തോക്കും എട്ട് തിരകളും പിടികൂടി
കണ്ണൂർ:കേളകത്ത് നിന്നും രണ്ട് നാടൻ തോക്കും എട്ട് തിരകളും പിടികൂടി.പേരാവൂർ എക്‌സൈസ് നടത്തിയ പരിശോധയിലാണ് ഇവ കണ്ടെടുത്തത്. വനാതിർത്തിയിലെ കൃഷിയിടത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇവ.സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പ്രദേശത്ത് എക്‌സൈസ് പരിശോധന നടത്തിയത്. തോക്കുകളും തിരകളും കേളകം പോലീസിന് കൈമാറി.സംസ്ഥാനത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടവരാണ് തോക്കുകൾ പ്രദേശത്ത് എത്തിച്ചത് എന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡ് വാക്‌സിനേഷന് തദ്ദേശസ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്ത് നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കാനാണ് വാക്‌സിനേഷനായി സംസ്ഥാനതല മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്.വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്തുന്നത് കോവിന്‍ പോര്‍ട്ടലിലാണ്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനില്ല. ഇക്കാരണത്താല്‍ എവിടെ നിന്നും വാക്‌സിന്‍ എടുക്കാന്‍ സാധിക്കും. അതിനാല്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്ക് വാക്‌സിനെടുക്കാന്‍ കഴിയുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. അതത് പ്രദേശത്തെ ജനങ്ങള്‍ക്ക് കൂടി വാക്‌സിനേഷന്‍ ഉറപ്പാക്കാനും വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാനുമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ യജ്ഞത്തിന്‍റെ ഭാഗമായി 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്ബ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കും. ഇവരെ വാര്‍ഡ് തിരിച്ച് കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഉറപ്പാക്കുന്നത്. ഈ യജ്ഞത്തില്‍ ഓണ്‍ലൈനായും നേരിട്ടുമുള്ള രജിസ്‌ട്രേഷനിലൂടെ 50 ശതമാനം സ്ലോട്ട് വീതമാണ് അനുവദിക്കുന്നത്.വാക്‌സിന്‍റെ ലഭ്യത കുറവ് കാരണം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സ്ലോട്ട് തെരഞ്ഞെടുക്കുമ്ബോള്‍ അവരുടെ തദ്ദേശ സ്ഥാപനത്തിലുള്ള വാക്‌സിനേഷന്‍ കേന്ദ്രം തന്നെ തെരഞ്ഞെടുക്കണം. കര്‍ശന വ്യവസ്ഥകളോടെയായിരിക്കും 50 ശതമാനമുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ലോട്ടുകളില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.വാര്‍ഡ് തലത്തില്‍ പട്ടിക തയ്യാറാക്കിയായിരിക്കും വാക്‌സിന്‍ നല്‍കുക. കിടപ്പ് രോഗികള്‍ക്ക് മൊബൈല്‍ യൂണിറ്റുകളിലൂടെയും രജിസ്‌ട്രേഷന്‍ ചെയ്യാനറിയാത്തവര്‍ക്ക് ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ വേവ് വഴിയും വാക്‌സിനേഷന്‍ ഉറപ്പിക്കും.
സംസ്ഥാനത്ത് ഇന്ന് 23,500 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ശതമാനം;19,411 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 23,500 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂർ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസർഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 3093, മലപ്പുറം 3033, എറണാകുളം 2760, കോഴിക്കോട് 2765, പാലക്കാട് 1563, കൊല്ലം 1622, ആലപ്പുഴ 1407, തിരുവനന്തപുരം 1152, കോട്ടയം 1188, കണ്ണൂർ 1071, പത്തനംതിട്ട 676, ഇടുക്കി 624, വയനാട് 551, കാസർഗോഡ് 544 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 23, തൃശൂർ, പാലക്കാട് 14 വീതം, കാസർഗോഡ് 13, വയനാട് 10, എറണാകുളം 9, കൊല്ലം 8, പത്തനംതിട്ട, ആലപ്പുഴ 4 വീതം, ഇടുക്കി, കോഴിക്കോട് 3 വീതം, തിരുവനന്തപുരം 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേർ രോഗമുക്തി നേടി. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. 10ന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം 1169, കൊല്ലം 1165, പത്തനംതിട്ട 532, ആലപ്പുഴ 1073, കോട്ടയം 1301, ഇടുക്കി 353, എറണാകുളം 2024, തൃശൂർ 2602, പാലക്കാട് 2177, മലപ്പുറം 2940, കോഴിക്കോട് 2098, വയനാട് 522, കണ്ണൂർ 1323, കാസർഗോഡ് 132 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.