കൊല്ലം: കൊട്ടാരക്കരയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികൾ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാര്‍ഡ്രൈവര്‍ അറസ്റ്റില്‍.വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ തലവൂര്‍ മഞ്ഞക്കാല സ്‌കൂളിന് സമീപം ലാല്‍കുമാറിനെയാണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.അപകടത്തില്‍ പരിക്കേറ്റ ലാല്‍കുമാര്‍ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുന്നികോട് എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന റോയി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. ഇവര്‍ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇതേ തുടർന്നാണ് അറസ്റ്റ്. പ്രതികള്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചെങ്ങമനാടിനും ചേത്തടിക്കും മധ്യേ ഇക്കഴിഞ്ഞ 12 നാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ എത്തിയ കാര്‍ വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുണ്ടറ കേരളപുരം സ്വദേശി ഗോവിന്ദ്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനി ചൈതന്യ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സി ഇ ടി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം അഞ്ച് ബൈക്കുകളിൽ തെന്മലയില്‍ വിനോദയാത്ര പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.
വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ച സംഭവം; അഞ്ചുപേർ അറസ്റ്റിൽ
ചങ്ങനാശ്ശേരി : വീട്ടമ്മയുടെ ഫോൺ നമ്പർ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ.ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിൻ, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കും. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.ചേരമർ സംഘം മഹിളാ സംഘം മുൻ സംസ്ഥാന സെക്രട്ടറി ജെസി ദേവസ്യയുടെ ഫോൺ നമ്പരാണ് വ്യക്തി വിരോധം തീർക്കാൻ ആരോ പൊതുസ്ഥലങ്ങളിലും പൊതു ശുചിമുറികളിലും എഴുതിവച്ചത്.ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും ശല്യം തുടര്‍ന്നതോടെ വീട്ടമ്മ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കി.കൊച്ചി റേഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയുടെ മേല്‍നോട്ടത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, ചങ്ങനാശേരി ഡിവൈ.എസ്.പി.ആര്‍ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് വീട്ടമ്മയുടെ പരാതിയില്‍ പറയുന്ന മൊബൈല്‍ ഫോണുകളുടെ ഉടമസ്ഥരെ വിളിച്ചു വരുത്തി.ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ 44 പേർ ജെസിയെ വിളിച്ചതായി കണ്ടെത്തി. ഇതിൽ 24 ഫോൺ നമ്പറുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. അതിൽ തന്നെ 20 പേരെയാണ് ഇന്നലെ പോലീസ് വിളിച്ചത്. വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് എത്തിയത്. ഇതില്‍ നമ്പർ മോശമായി പ്രചരിപ്പിച്ച അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.നമ്പർ ആദ്യം പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്താന്‍ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിച്ചു. കൂടുതല്‍ അറസ്റ്റുകള്‍ വൈകാതെ ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവർക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവർ സംഭവം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
സംസ്ഥാനത്ത് ഇന്ന് 19,451 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97; 19,104 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,451 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂർ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂർ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസർഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 93 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,410 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 853 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2953, തൃശൂർ 2459, കോഴിക്കോട് 2404, എറണാകുളം 2200, പാലക്കാട് 1280, കൊല്ലം 1229, ആലപ്പുഴ 1134, കണ്ണൂർ 896, തിരുവനന്തപുരം 874, കോട്ടയം 853, വയനാട് 581, പത്തനംതിട്ട 571, കാസർഗോഡ് 513, ഇടുക്കി 463 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 95 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 33, പാലക്കാട് 15, വയനാട് 9, തൃശൂർ 8, മലപ്പുറം 5, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കാസർഗോഡ് 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,104 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 662, പത്തനംതിട്ട 405, ആലപ്പുഴ 1275, കോട്ടയം 753, ഇടുക്കി 330, എറണാകുളം 2037, തൃശൂർ 2551, പാലക്കാട് 1608, മലപ്പുറം 2950, കോഴിക്കോട് 2417, വയനാട് 772, കണ്ണൂർ 1322, കാസർഗോഡ് 848 എന്നിങ്ങനേയാണ് രോഗമുക്തിയായത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാർഡുകളാണ് ഡബ്ല്യു.ഐ.പി.ആർ. എട്ടിന് മുകളിലുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.
ലൈംഗിക തൊഴിലാളി എന്ന പേരില്‍ ഫോണ്‍ നമ്പർ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വീട്ടമ്മയ്ക്ക് തുണയായി പൊലീസിന്റെ ഇടപെടല്‍;നമ്പർ പ്രചരിപ്പിച്ചവര്‍ കുടുങ്ങും
കോട്ടയം: ലൈംഗിക തൊഴിലാളി എന്ന പേരില്‍ ഫോണ്‍ നമ്പർ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടിയ വീട്ടമ്മയ്ക്ക് തുണയായി ഒടുവില്‍ പൊലീസിന്റെ ഇടപെടല്‍. കുടുബം നോക്കാന്‍ തയ്യല്‍ ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയുടെ മൊബൈല്‍ നമ്പറാണ് ചില സാമൂഹിക വിരുദ്ധര്‍ ശൗചാലയങ്ങളിലും മറ്റും എഴുത്തുവെച്ച് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. പൊലീസില്‍ പലവട്ടം പരാതി നല്‍കിയെങ്കിലും ചെറിയ നടപടി പോലുമില്ലാതെ വന്നതോടെ എന്തു ചെയ്യുമെന്ന ആശങ്കയില്‍ ആയിരുന്നു ഇവര്‍.സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിനു പിന്നാലെ ചങ്ങനാശേരി പൊലീസ് കേസെടുക്കുകയായിരുന്നു. വീട്ടമ്മയുടെ ഫോണിലേക്കു വിളിച്ചു ശല്യപ്പെടുത്തിയവരുടെ നമ്പറുകളും ശേഖരിക്കും.സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. ഒരുദിവസം അൻപതിലധികം കോളുകള്‍ ഫോണില്‍ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരു നമ്പറിൽ നിന്നുതന്നെ മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. മക്കളാണ് ഫോണെടുക്കുന്നതെങ്കില്‍ അവരോടും ഇതേ രീതിയിലാണ് സംസാരം. ഇവരുടെ എല്ലാം വിവരങ്ങള്‍ ശേഖരിച്ച്, കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.
സ്ത്രീയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് മർദനം;മലപ്പുറത്ത് അധ്യാപകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
മലപ്പുറം:സ്ത്രീയുമായി വാട്സാപ്പ് ചാറ്റ് ചെയ്തെന്നാരോപിച്ച് ഒരുസംഘമാളുകൾ ചേർന്ന് മർദിച്ച അധ്യാപകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അധ്യാപകനും സിനിമാ കലാ സംവിധായകനും ചിത്രകാരനുമായ സുരേഷ് ചാലിയത്തിനെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ട് ദിവസം മുന്‍പ് ഒരു സംഘം ആളുകള്‍ സുരേഷിനെ വീട് കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു സ്ത്രീയോട് വാട്സ്‌ആപ്പില്‍ സുരേഷ് ചാറ്റ് ചെയ്തു എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.അമ്മയുടെയും മക്കളുടെയും മുന്നില്‍ വെച്ചായിരുന്നു മർദനം.വീട്ടുകാരുടെ മുന്നില്‍വച്ച് ഇത്തരമൊരു അപമാനത്തിന് ഇരയായതിന്‍റെ മനോവിഷമത്തിലായിരുന്നു സുരേഷെന്ന് വീട്ടുകാർ പറഞ്ഞു.സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് വേങ്ങര പൊലീസ് അറിയിച്ചു.ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത, ഉടലാഴം എന്ന ശ്രദ്ധേയമായ ചിത്രത്തിന്‍റെ കലാസംവിധായകനായിരുന്നു സുരേഷ് ചാലിയത്ത്.സിനിമാ സാംസ്കാരികമേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്ന അദ്ദേഹം മലപ്പുറത്തെ സാംസ്കാരികക്കൂട്ടായ്മയായ ‘രശ്മി’യുടെ സജീവപ്രവര്‍ത്തകനായിരുന്നു.
ചാലയിൽ വീണ്ടും ടാങ്കർ ലോറി അപകടം;ദുരന്തം ഒഴിവായി
കണ്ണൂർ: ചാലയിൽ വീണ്ടും ടാങ്കർ ലോറി അപകടം.ചാല അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്.ഇന്ധനം ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കോഴിക്കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് അപകടം നടന്നത്.
സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഓട്ടോറിക്ഷ, ടാക്‌സി കാറുകളുടെ നികുതിയില്‍ ഇളവ് നൽകുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വ്യവസായികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്‌പാപദ്ധതി മോട്ടോര്‍ വാഹന മേഖലയില്‍കൂടി നടപ്പാക്കുന്നത് ആലോചിക്കുമെന്നും ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടിയായി മന്ത്രി പറഞ്ഞു. മോട്ടാര്‍ വാഹന മേഖലയ്‌ക്ക് വലിയ ബുദ്ധിമുട്ടാണ് കൊവിഡുണ്ടാക്കിയിട്ടുള്ളത്. സ്വകാര്യടൂറിസ്റ്റ് ബസുകള്‍ നാല്പതിനായിരത്തോളമുണ്ടെന്നാണ് കണക്ക്. ഇപ്പോഴത് 14,000 ആയി ചുരുങ്ങി. അതില്‍ തന്നെ 12,000 എണ്ണം മാത്രമേ ടാക്‌സ് നല്‍കി സര്‍വീസ് നടത്തുന്നുള്ളൂ. പതിനായിരത്തോളം ബസുകള്‍ തങ്ങളുടെ സര്‍വീസ് നിറുത്താനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. ആ സാഹചര്യം പരിഗണിച്ചാണ് മൂന്ന് മാസത്തെ നികുതി ഒഴിവാക്കിക്കൊടുക്കുന്നത്. ഓട്ടോ, ടാക്‌സി എന്നിവയുടെ അവസ്ഥയും ഭിന്നമല്ല. അവര്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയ്ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യത്യസ്ത വാക്‌സിനുകൾ ഇടകലർത്തേണ്ടതില്ല; കൊവിഷീല്‍ഡിന്റെ മൂന്നാം ഡോസ് എടുക്കുന്നത് കൂടുതല്‍ ഫലപ്രദമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: വാക്സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും ഒരേ നിര്‍മാതാക്കളുടേത് തന്നെ രണ്ട് ഡോസ് വാക്‌സിനുകൾ എടുക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും കൊവിഷീല്‍ഡ് വാക്സിന്റെ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി സിറസ് പൂനവാല.ഈയടുത്ത് നടന്ന ഐ സി എം ആറിന്റെ പഠനത്തില്‍ കൊവിഷീല്‍ഡും കൊവാക്സിനും ഇടകലര്‍ത്തി ഉപയോഗിച്ചവരില്‍ പ്രതിരോധശേഷി വര്‍ദ്ധിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.എന്നാല്‍ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ പഠനത്തെ നിരാകരിച്ചു. രണ്ട് ഡോസ് ഇടകലര്‍ത്തി ഉപയോഗിക്കുന്നവരില്‍ വാക്സിന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം പഴിചാരുകയല്ലാതെ ഗുണകരമായി ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകമാന്യ തിലക് അവാര്‍ഡ് സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പൂനവാല.ഇന്ത്യയില്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ കലര്‍ത്തിനല്‍കുന്നതു സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അംഗീകരിച്ചതിന് പിന്നാലെയാണ് സിറസ് പൂനാവാലയുടെ പ്രസ്താവന.300 ആരോഗ്യപ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിക്കുന്ന പഠനം വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് നടത്തും. വാക്സിനേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ ഒരാള്‍ക്ക് രണ്ട് വ്യത്യസ്ത വാക്സിന്‍ ഡോസുകള്‍ നല്‍കാനാകുമോ എന്ന് വിലയിരുത്തുകയാണ് ഈ പഠനത്തിന്റെ ലക്ഷ്യം.
60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍; സംസ്ഥാനത്ത് മൂന്നുദിന വാക്‌സിനേഷന്‍ ദൗത്യത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് മൂന്നുദിന വാക്‌സിനേഷന്‍ ദൗത്യത്തിന് ഇന്ന് തുടക്കം. 16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം.ഗ്രാമീണ മേഖലകളിലും പിന്നോക്ക മേഖലകളിലും ഊന്നൽ നൽകി എല്ലാവരിലും വാക്‌സിനേഷൻ എത്തിക്കാൻ താഴേത്തട്ടിൽ കർശന നിർദ്ദേശമുണ്ട്.കണ്ടെയ്ൻമെന്റ് സോണുകളിലെ എല്ലാവരേയും പരിശോധിച്ച ശേഷം കൊറോണ നെഗറ്റീവ് ആയ മുഴുവൻ പേർക്കും വാക്‌സിൻ നൽകും. അതാത് ജില്ലകളിലെ കളക്ടർമാർക്കാണ് ഇതിന്റെ ചുമതല. സ്‌പോട്ട് രജിസ്‌ട്രേഷനോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് ഇത് നടപ്പാക്കണം. ദിവസം അഞ്ച് ലക്ഷം വാക്‌സിൻ വിതരണം ചെയ്യാനാണ് നീക്കം.ഓഗസ്റ്റ് 31 നകം സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരില്‍ സമ്പൂർണ്ണ ആദ്യ ഡോസ് വാക്സിനേഷനെന്നതാണ് ദൗത്യം.
ഭർത്താവിന്റെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകി; കണ്ണൂർ സ്വദേശിനിയായ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ
കണ്ണൂർ: ഭർത്താവിന്റെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ കണ്ണൂർ സ്വദേശിനിയായ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ.പയ്യന്നൂർ സ്വദേശി എൻ.വി സീമയെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മുൻകൂർ ജാമ്യ ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് പോലീസ് സീമയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ സീമ ഒളിവിലായിരുന്നു.പരിയാരത്തെ കോൺട്രാക്ടർ സുരേഷ് ബാബുവിനെ വധിക്കാനാണ് ഇവർ ക്വട്ടേഷൻ നൽകിയത്.സുരേഷ് ബാബുവിന് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.പോലീസ് ഉദ്യോഗസ്ഥനായ തന്റെ ഭർത്താവിന് നിരന്തരം മദ്യം നൽകി തനിക്കെതിരാക്കി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് സുരേഷ് ബാബു ആണെന്നായിരുന്നു സീമയുടെ ആരോപണം. മൂന്ന് ലക്ഷം രൂപയ്‌ക്കാണ് അയൽവാസിയായ സുരേഷ് ബാബുവിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ സീമ ക്വട്ടേഷൻ നൽകിയത്. ഏപ്രിലിലാണ് സുരേഷ് ബാബുവിനെ നാലംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. കേസിലെ പ്രതികളെ എല്ലാം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ക്വട്ടേഷൻ വിവരം പുറത്തുവരുന്നത്.