കോട്ടയം: കാറിന് പിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു.കാര്‍ ഓടിച്ചിരുന്ന ളാക്കാട്ടൂര്‍ സ്വദേശി ജെഹു തോമസ് ആണ് അറസ്റ്റിലായത്. കോട്ടയം അയർക്കുന്നത്താണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് ആദ്യം വിസമ്മതിച്ചെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തിരച്ചില്‍ ശക്തമാക്കുകയും ജെഹു തോമസിനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ഇന്നലെ പുലര്‍ച്ചെ 6.30 നാണ് അയര്‍ക്കുന്നം-ളാക്കാട്ടൂര്‍ റോഡില്‍ അമിതവേഗതയിലെത്തിയ കാറിന് പിന്നില്‍ നായയെ കെട്ടിയിട്ടത് കണ്ടെത്തിയത്. സംഭവത്തിന് സാക്ഷിയായ നാട്ടുകാര്‍ പൊതു പ്രവര്‍ത്തകരെ സമീപിച്ചു. അയര്‍ക്കുന്നം സ്വദേശിയായ ഐസക്കിന്റെ വീട്ടില്‍ നിന്നാണ് വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്.അതേസമയം കാറിന് പിന്നില്‍ നായയെ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് മൊഴി നല്‍കിയത്. നായയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരില്‍ ആരോ കാറിന് പിന്നില്‍ നായയെ കെട്ടിയിടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. വാക്സിനേഷനു വേണ്ടി പോകുന്നതിനിടയില്‍ രാവിലെ പണമെടുക്കാന്‍ താന്‍ എ.ടി.എമ്മില്‍ പോവുകയായിരുന്നു. എന്നാല്‍, നായയെ വാഹനത്തിന് പിന്നില്‍ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ല എന്നും എ.ടി.എമ്മിന് മുന്നില്‍വെച്ച് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും യുവാവ് വിശദീകരിച്ചു.
വാക്‌സിനെടുക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കണ്ണൂർ കളക്ടർ ടി.വി സുഭാഷിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
കണ്ണൂർ:വാക്‌സിനെടുക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കണ്ണൂർ കളക്ടർ ടി.വി സുഭാഷിന്റെ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.വാക്‌സിനെടുക്കാൻ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് വേണമെന്നാണ് കളക്ടറുടെ ഉത്തരവ്. എന്നാൽ സൗജന്യമായി കിട്ടേണ്ട വാക്‌സിനെടുക്കാൻ പരിശോധനയ്‌ക്കായി പണം ചെലവാക്കേണ്ട അവസ്ഥയാണ് കളക്ടറുടെ പുതിയ ഉത്തരവോടെ ഉണ്ടായിരിക്കുന്നത്.തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും വാക്‌സിൻ നൽകുകയെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. ദിവസങ്ങൾ നീണ്ട ശ്രമത്തിനൊടുവിലാണ് വാക്‌സിനായി സ്ലോട്ടുകൾ ലഭിക്കുന്നത്. ഇതിനിടെ ആർടിപിസിആർ പരിശോധനയ്‌ക്ക് പോയാൽ 24 മണിക്കൂറെടുക്കും ഫലം ലഭിക്കാൻ. ഇതോടെ സ്ലോട്ട് നഷ്ടമാവുമെന്നും ജനങ്ങൾ പറയുന്നു.രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവർ 15 ദിവസം കൂടുമ്പോൾ കൊറോണ ആന്റിജൻ ടെസ്റ്റ് നടത്തണം. തൊഴിലിടങ്ങളിൽ രണ്ട് ഡോസ് വാക്‌സിൻ അല്ലെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ബസ് ഓട്ടോ ടാക്‌സി തൊഴിലാളികൾ ഉൾപ്പെടെ എല്ലാവർക്കും ഇത് ബാധകമാണെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു. എന്നാൽ സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്ത്രീയമായ നീക്കം വിപരീതഫലം ഉണ്ടാക്കുമെന്ന് ഡോക്ടർമാരുടെ സംഘടന കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.
കൊച്ചിയിൽ ഐ.എന്‍.എല്‍ യോഗത്തില്‍ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
കൊച്ചി: കൊച്ചിയിൽ ഐ.എന്‍.എല്‍ യോഗത്തില്‍ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി.യോഗം നടന്ന ഹോട്ടലിന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടിയില്‍ നിലനിന്ന തര്‍ക്കങ്ങളെ ചൊല്ലിയാണ് സംഘര്‍ഷം. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത യോഗമാണ് സംഘര്‍ഷത്തെ തുടര്‍ന്ന് പിരിച്ചുവിട്ടതും പ്രവര്‍ത്തകരുടെ തമ്മില്‍ തല്ലില്‍ കലാശിച്ചതും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ പ്രവര്‍ത്തക സമിതി യോഗവുമാണ് എറണാകുളത്ത് വിളിച്ചിരുന്നത്. രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. കാസിം ഇരിക്കൂറിനെ പൊലീസ് അകമ്പടിയിലാണ് ഹാളില്‍ നിന്ന് മാറ്റിയത്.കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തിന്‍റ മിനുട്ട്സില്‍ രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ പുറത്താക്കിയെന്ന് കാസിം ഇരിക്കൂര്‍ എഴുതിവെച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പ്രസംഗത്തിനിടെ സെക്രട്ടറിയേറ്റ് അംഗമായ ഒ.പി.ഐ കോയയോട് താങ്കള്‍ ഏത് പാര്‍ട്ടിയുടെ പ്രതിനിധിയാണെന്ന് ചോദിച്ച് ആക്ഷേപിച്ചെന്നും സംസ്ഥാന പ്രസിഡന്‍റ് അബ്ദുല്‍ വഹാബ് പറഞ്ഞു.ഇത് നേതാക്കള്‍ ചോദ്യം ചെയ്തതോടെ പ്രശ്നങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഉടന്‍ യോഗം പിരിച്ചുവിട്ടതായി അറിയിച്ചെങ്കിലും പ്രശ്നങ്ങള്‍ കൈയാങ്കളിയിലേക്ക് നീങ്ങി. യോഗം നടന്ന ഹോട്ടലിന് പുറത്തുണ്ടായിരുന്ന പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് തമ്മിലടിച്ചു. പൊലിസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. യോഗത്തില്‍ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഹോട്ടലില്‍ കുടുങ്ങി.പിന്നീട് പോലീസെത്തിയാണ് അദ്ദേഹത്തെ അവിടെനിന്നും മാറ്റിയത്.അതെ സമയം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാരോപിച്ച് ഐ.എന്‍.എല്‍ യോഗം നടക്കുന്ന ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. സെന്‍ട്രല്‍ പൊലീസ് നല്‍കിയ നോട്ടീസ് അവഗണിച്ചാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൊച്ചിയില്‍ നടക്കുന്നത്. ഇതിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷം;സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുക.കണ്ടെയ്ന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു വഴിയിലൂടെ മാത്രമാകും യാത്രാനുമതി.സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കി.അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വീസ് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. കൃത്യമായ രേഖകള്‍ കാണിച്ച് വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം. നഗരാതിര്‍ത്തി പ്രദേശങ്ങള്‍ ബാരിക്കേഡുകള്‍ വച്ച് പൊലീസ് പരിശോധന നടത്തും. രോഗവ്യാപനം തീവ്രമായ മേഖലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണ്‍ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രമാകും യാത്ര അനുവദിക്കുക. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടും.സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍ തുടരും.രണ്ടാംതരംഗം അവസാനിക്കും മുന്‍പേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതില്‍ ആരോഗ്യവിദഗ്ദരും മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാനത്തെ പകുതി പേരില്‍പ്പോലും വാക്‌സിന്‍ എത്താത്തതും വലിയ വെല്ലുവിളിയാണ്.
സംസ്ഥാനത്ത് ഇന്ന് 18,531 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91; 15,507 പേർ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 18,531 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂർ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂർ 990, ആലപ്പുഴ 986, കോട്ടയം 760, കാസർഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 113 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,538 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 806 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2707, തൃശൂർ 2472, കോഴിക്കോട് 2233, എറണാകുളം 1956, പാലക്കാട് 1097, കൊല്ലം 1454, തിരുവനന്തപുരം 1032, കണ്ണൂർ 884, ആലപ്പുഴ 984, കോട്ടയം 737, കാസർഗോഡ് 652, വയനാട് 518, പത്തനംതിട്ട 472, ഇടുക്കി 340 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.74 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തൃശൂർ, പാലക്കാട്, കണ്ണൂർ 13 വീതം, കാസർഗോഡ് 9, എറണാകുളം 6, പത്തനംതിട്ട, വയനാട് 5 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, കോഴിക്കോട് 2 വീതം, തിരുവനന്തപുരം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,507 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 856, കൊല്ലം 1413, പത്തനംതിട്ട 502, ആലപ്പുഴ 1914, കോട്ടയം 684, ഇടുക്കി 235, എറണാകുളം 1419, തൃശൂർ 1970, പാലക്കാട് 1026, മലപ്പുറം 2401, കോഴിക്കോട് 1348, വയനാട് 387, കണ്ണൂർ 718, കാസർഗോഡ് 634 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,38,124 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 30,99,469 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,24,351 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.
തൃക്കാക്കരയിൽ തെരുവുനായ്ക്കളെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവം;ഒരാൾ അറസ്റ്റിൽ, നഗരസഭയുടെ അറിവോടെയെന്ന് മൊഴി
കൊച്ചി: തൃക്കാക്കരയിൽ തെരുവുനായ്ക്കളെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.നായകളെ കൊന്ന ശേഷം കടത്തിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവർ സൈജനാണ് അറസ്റ്റിലായത്. തൃക്കാക്കര നഗരസഭാ അധികൃതരുടെ അറിവോടെയാണ് നായ്‌ക്കളെ കൊന്നതെന്ന് സൈജൻ മൊഴി നൽകി.നായകളെ പുറത്തെടുത്ത് പരിശോധന നടത്തുകയാണ്. നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രത്തിനോട് ചേർന്നാണ് നായ്‌ക്കളെ കുഴിച്ചിട്ടിരുന്നത്. 30ഓളം നായകളുടെ ജഡം കണ്ടെത്തി.തൃക്കാക്കരയിലെ ഈച്ചമുക്ക് പ്രദേശത്ത് വ്യാഴാഴ്ച്ച രാവിലെയാണ് ദാരുണമായ സംഭവം നടന്നത്.കെഎൽ 40 രജിസ്‌ട്രേഷൻ വാഹനത്തിലെത്തിയ തമിഴ്നാട് സ്വദേശികളായ മൂന്നംഗ സംഘം കമ്പികൊണ്ട് നായയുടെ കഴുത്തിൽ കുരുക്കിട്ട ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വളരെ പ്രാകൃതമായി കുരുക്കിട്ട് പിടികൂടുന്ന നായകൾക്ക് ഉഗ്രവിഷമാണ് ഇവർ കുത്തിവെച്ചത്. സൂചി കുത്തിവെച്ച് ഊരിയെടുക്കും മുൻപ് നായ കുഴഞ്ഞുവീണ് ചാവും.നായയുടെ പിറകെ ഇവര്‍ വടിയുമായി പോകുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നായയെ വലിച്ചുകൊണ്ടുപോയി ഇടുന്ന ദൃശ്യങ്ങളും കാണാം. ഇതുകണ്ട് മറ്റ് തെരുവ് നായ്ക്കള്‍ ഓടി അകലുന്നുമുണ്ട്. പിന്നീടുള്ള ദൃശ്യങ്ങളില്‍ പിക്കപ് വാന്‍ വരുന്നതും അതിലേക്ക് നായയെ വലിച്ചെറിയുകയുമാണ് ചെയ്തത്. കൊലപ്പെടുത്തിയ നായകളെ തൃക്കാക്കര നഗരസഭയോട് ചേർന്നുള്ള പുരയിടത്തിൽ കുഴിച്ചിട്ടതായി ഇവർ സമ്മതിച്ചിരുന്നു.എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് തൃക്കാക്കര നഗരസഭയുടെ വാദം. അതേസമയം സംഭവത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തിൽ നഗരസഭയ്‌ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി നൽകിയ മുന്നറിയിപ്പ്.
ശക്തമായ മഴ; മൂന്നാറില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷം;രാത്രികാല യാത്രകള്‍ക്ക് നിരോധനം
ഇടുക്കി:ശക്തമായ മഴയെ തുടർന്ന് മൂന്നാറില്‍ പലയിടങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷം.പല പ്രദേശങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട മേഖലയില്‍ മണ്ണ് മാറ്റി തുടങ്ങിയിട്ടുണ്ട്.മൂന്നാറിലെ പൊലീസ് ക്യാന്റീനിന് സമീപം റോഡിലേക്ക് വീണ മണ്ണ് നീക്കുകയാണ്. നിലവില്‍ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചു കഴിഞ്ഞു.കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഞായറാഴ്ച വരെ രാത്രി യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നടപടി. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി മൂന്നാറില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ; ഭാരോദ്വഹനത്തിൽ മീരാഭായി ചാനുവിന് വെള്ളി മെഡൽ
ടോക്കിയോ:ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ.ഭാരോദ്വഹനത്തിൽ മീരാഭായി ചാനു വെള്ളി മെഡൽ നേടി. 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡൽ നേട്ടം. ചൈനയുടെ ഹോ ഷിഹൂയിയ്‌ക്കാണ് സ്വർണ്ണം. 202 കിലോ ഉയര്‍ത്തിയാണ് ചാനു ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. 2000 സിഡ്നി ഒളിംപിക്സിൽ കർണ്ണം മല്ലേശ്വരിയാണ് ഇതിന് മുൻപ് മെഡൽ നേട്ടം സ്വന്തമാക്കിയത്. മല്ലേശ്വരി വെങ്കലമെഡലായിരുന്നു ഇന്ത്യയ്‌ക്ക് വേണ്ടി നേടിയത്.2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ചാനു 2017 ലോക ചാമ്പ്യൻഷിപ്പിലും 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യൻഷിപ്പില്‍ വെങ്കലവും സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കായികമന്ത്രി അനുരാഗ് താക്കൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ അടക്കമുള്ളവർ ചാനുവിന് അഭിനന്ദനമറിയിച്ചുകൊണ്ട് രംഗത്തെത്തി. ഇന്ത്യയുടേത് സന്തോഷകരമായ തുടക്കമാണെന്നും മീരാഭായി ചാനുവിന്റെ നേട്ടം രാജ്യത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ജൂലൈ 28 മുതൽ കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാന്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം
കണ്ണൂർ:ജില്ലയിൽ ജൂലൈ 28 മുതൽ കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കാന്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ് സാഹചര്യം തുടരുന്ന സ്ഥിതിയില്‍ സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധാരണ രീതിയില്‍ സാധ്യമാക്കാമെന്നാണ് ആലോചിക്കുന്നതെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ടി.വി. സുഭാഷ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്സിനോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വാക്സിന്‍ നല്‍കുക. ഇവര്‍ പരിശോധന നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആകെ നല്‍കുന്ന വാക്‌സിന്റെ 50 ശതമാനം ആയിരിക്കും ഈ രീതിയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കുക. വാക്സിന്‍ എടുക്കേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്സിന്‍ ഉറപ്പുവരുത്തണം.ഇതിനനുസരിച്ച് വാക്സിന്‍ വിതരണ സംവിധാനം പുനഃക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്സി എന്നിവയിലെ തൊഴിലാളികള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്സിനോ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും. രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് 15 ദിവസത്തിലൊരിക്കലുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.പൊതുജനങ്ങള്‍ ഏറെ സമ്പർക്കം പുലര്‍ത്തുന്ന ഇടങ്ങള്‍ രോഗ വ്യാപന സാധ്യത ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് നടപടി. ഇതുവഴി വിവിധ തൊഴില്‍ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കി അവിടങ്ങളിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ സാധ്യമാക്കാനാവുമെന്ന് കലക്ടര്‍ പറഞ്ഞു.
കണ്ണൂരിൽ കറൻസി നോട്ടുമായി പോയ വാനും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ കറൻസി നോട്ടുമായി പോയ വാനും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു കണ്ണപുരത്താണ് വാഹന അപകടം സംഭവിച്ചത്.ഇന്നലെയാണ് അപകടം നടന്നത്. മംഗലാപുരം സ്വദേശി ജയപ്രകാശാണ്(47) മരിച്ചത്. കണ്ണപുരം യോഗശാലയിൽ വച്ച് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ ജയപ്രകാശ് മരിച്ചു.ഐസിഐസിഐ ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രശാന്ത് (40), ഉമേഷ് (52), പൊന്നപ്പ(53) എന്നിവരെയാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് ബാലകൃഷ്ണൻ (45) നെയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.