തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രതിദിന കൊറോണ വിവര പട്ടികയിൽ സർക്കാർ ഇന്ന് മുതൽ പ്രസിദ്ധീകരിക്കും.കൊറോണ ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലാ അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുക. കൊറോണ മരണം റിപ്പോർട്ട് ചെയ്തതിൽ വ്യാപക ക്രമക്കേട് നടനെന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ വർഷം ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് ആരോഗ്യ വകുപ്പ് നിർത്തിയത്. അതിന് ശേഷം മരിച്ചവരുടെ പട്ടികയിൽ നിന്നും അർഹരായവരെപ്പോലും പുറത്താക്കി എന്നാണ് ആരോപണം. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹരം നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശം സർക്കാരിന് വൻ തിരിച്ചടിയാവുകയായിരുന്നു.കൊറോണ മരണക്കണക്കിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. സർക്കാരിനെതിരെ ആക്ഷേപം ശക്തമായതോടെയാണ് കണക്കുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. എന്നാൽ ക്രക്കേട് നടന്നതുമായി ബന്ധപ്പെട്ട് സമഗ്രമായ പുനഃപരിശോധന നടത്തില്ല എന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. പട്ടികയിൽ നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച് പരാതികളുയർന്നാൽ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.
കൊവാക്‌സിന്‍ 77.8% ഫലപ്രദം;ഡെല്‍ട്ട വകഭേദത്തെയും പ്രതിരോധിക്കും;മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്തുവിട്ട് ഭാരത് ബയോടെക്
ന്യൂഡല്‍ഹി: കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്ത് വിട്ട് ഭാരത് ബയോടെക്. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 98 ശതമാനവും വാക്സീന്‍ ഫലപ്രദമായി. വാക്സീന്‍ ഉപയോഗിച്ച രോഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീന്‍ ഫലപ്രദമാണ്. ബി.1.617.2 ഡെല്‍റ്റ വഭേദത്തിനെതിരെ വാക്സീന്‍ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍. 2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയില്‍ 25,798 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇതില്‍ 24,419 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും മറ്റുളളവര്‍ക്ക് പ്ലാസിബോയുമാണ് നല്‍കിയത്. പരീക്ഷണം നടത്തിയ ആര്‍ക്കും ഒരു തരത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് കമ്പനി വ്യക്തമാക്കി.ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന്‍ തികച്ചും സുരക്ഷിതമാണെന്ന് ഭാരത് ബയോട്ടെക് മേധാവി കൃഷ്ണ എല്ല ഉറപ്പ് നല്‍കി. രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശ നിര്‍മ്മിത വാക്‌സിന്‍ കൂടിയാണ് കൊവാക്‌സിന്‍.
സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ ലോക്ക്ഡൗണ്‍;അവശ്യ സർവീസുകൾക്ക് മാത്രം അനുമതി
തിരുവനന്തപുരം:കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന വാരാന്ത്യ ലോക്ക് ഡൗണ്‍ ആരംഭിച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും ഇന്ന് ഉണ്ടായിരിക്കുക.മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. അനാവശ്യ യാത്രകൾ പാടില്ല. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. ഹോട്ടലുകളിൽ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകൾ തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല.പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസ് പ്രവർത്തിക്കില്ല. കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ.സംസ്ഥാനത്ത് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും. ടിപിആർ കുറയാത്തതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഇന്ന് നടക്കുന്ന യോഗത്തിൽ ഇത് ചർച്ചയാകും.
സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11; 10,243 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12,095 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂർ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂർ 719, കാസർകോട് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,363 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1510, കൊല്ലം 1265, കോഴിക്കോട് 1167, തൃശൂർ 1165, എറണാകുളം 1091, തിരുവനന്തപുരം 1005, പാലക്കാട് 723, ആലപ്പുഴ 712, കണ്ണൂർ 641, കാസർകോട് 702, കോട്ടയം 531, പത്തനംതിട്ട 363, വയനാട് 285, ഇടുക്കി 203 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.58 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 20, പത്തനംതിട്ട 7, വയനാട് 6, തിരുവനന്തപുരം, പാലക്കാട് 5 വീതം, കൊല്ലം, എറണാകുളം 4 വീതം, തൃശൂർ 3, കാസർകോട് 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1647, കൊല്ലം 990, പത്തനംതിട്ട 336, ആലപ്പുഴ 766, കോട്ടയം 364, ഇടുക്കി 127, എറണാകുളം 1194, തൃശൂർ 1154, പാലക്കാട് 1192, മലപ്പുറം 841, കോഴിക്കോട് 554, വയനാട് 114, കണ്ണൂർ 588, കാസർകോട് 376 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 6ന് താഴെയുള്ള 143, ടി.പി.ആർ. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആർ. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആർ. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.
കോവിഡ് വ്യാപനം കുറയുന്നില്ല;കേന്ദ്ര വിദഗ്ധ സംഘം വീണ്ടും കേരളത്തിലേക്ക്
ന്യൂഡൽഹി:ഒന്നരമാസത്തോളം ലോക്ഡൌണ്‍ ഏർപ്പെടുത്തിയിട്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകാത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം വീണ്ടും എത്തുന്നു. കേരളം കൂടാതെ നാല് സംസ്ഥാനങ്ങളില്‍ കൂടി കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നുണ്ട്.കോവിഡ് വ്യാപനവും വാക്‌സിനേഷന്‍ പ്രക്രിയയും വിലയിരുത്തുന്നതിനായി ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതില്‍ രോഗവ്യാപനം ഇനിയും കുറയാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘത്തെ അയയ്ക്കാന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു. കേരളം കൂടാതെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്. രോഗബാധ കൂടുതലുള്ള ജില്ലകളില്‍ കേന്ദ്ര വിദഗ്ത സംഘം പ്രത്യേക സന്ദര്‍ശനം നടത്തും.ഒന്നര മാസത്തോളം ലോക്ഡൗണും ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശ്ശന നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും പ്രതീക്ഷിച്ച രീതിയില്‍ കോവിഡ് വ്യാപനം കുറയ്ക്കാന്‍ കേരളത്തിന് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും 10 ന് മുകളില്‍ തന്നെയാണ്. ഇതോടൊപ്പം വൈറസ് വകഭേദങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മദ്രാസ് ഐഐടിയില്‍ മലയാളി ഗസ്റ്റ് അധ്യാപകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി ഗസ്റ്റ് അധ്യാപകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.പ്രോജക്‌ട് കോ ഓഡിനേറ്ററും ഗസ്റ്റ് അധ്യപകനുമായ എറണാകുളം സ്വദേശി ഉണ്ണിക്കൃഷ്ണന്‍ നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്.വേളച്ചേരിയില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ താമസിച്ച സ്ഥലത്തു നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. അതെ സമയം ആരുടെയും പേര് ആത്മഹത്യക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടില്ല.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. ക്യാമ്പസ്സിനുള്ളിൽ ഹോക്കി ഗ്രൗണ്ടിന് സമീപത്തുനിന്ന് വിദ്യാര്‍ഥികള്‍ മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ഒരു കുപ്പി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പെട്രോള്‍ ആയിരുന്നുവെന്നാണ് അനുമാനം .പകുതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയിപേട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കോട്ടൂര്‍പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിടെക് പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഏപ്രിലിലാണ് ഉണ്ണികൃഷ്ണന്‍ ഐഐടിയില്‍ പ്രോജക്‌ട് അസോഷ്യേറ്റും ഗസ്റ്റ് അധ്യാപകനുമായി ജോലിയില്‍ പ്രവേശിച്ചത്.ബന്ധുക്കള്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.
‘ഹൈഡ്രോ വീഡ്’ ഇനത്തില്‍പ്പെട്ട കഞ്ചാവുമായി കാസർകോട് സ്വദേശിയായ യുവാവും മെഡിക്കൽ വിദ്യാർത്ഥിനിയും പിടിയിൽ
കാസർകോട്: മുന്തിയ ഇനം കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ്നാട് സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയും പിടിയില്‍.മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു രശ്മി മുരുഗന്‍ രജിതയുമാണ് മംഗളൂരു പോലീസിന്‍റെ പിടിയിലായത്. മിനു എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്.’ഹൈഡ്രോ വീഡ്’ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.വിദേശത്തു ഡോക്ടറായ കാസർകോട് സ്വദേശി നദീറാണ് മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്നു. ഇയാൾ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.മുന്തിയ ഇനം കഞ്ചാവായ ഹൈഡ്രോ വീഡ് ഒരുകിലോ 200 ഗ്രാമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണ കഞ്ചാവിന്‍റെ പതിന്മടങ്ങ് വിലയാണ് ഹൈഡ്രോ വീഡ് വിഭാഗത്തിലെ കഞ്ചാവിനെന്ന് പോലീസ് പറഞ്ഞു. മംഗളൂരു, ഉള്ളാള്‍, ദര്‍ലക്കട്ട, ഉപ്പള, കൊണാജെ, കാസര്‍കോട് മേഖലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരാണിവര്‍.കഴിഞ്ഞ ആറുമാസത്തിനിടെ മംഗളൂരുവിൽ വൻ ലഹരിവേട്ടയാണ് നടക്കുന്നത്. കേസ് നടക്കുന്നത് മംഗളൂരുവില്‍ ആണെങ്കിലും കഞ്ചാവ് കടത്തുന്നവരില്‍ ബഹുഭൂരിപക്ഷവും മലയാളി യുവാക്കളാണെന്നാണ് റിപ്പോർട്ടുകൾ. ഡിസിപി ഹരിറാം ശങ്കറിന്‍റെ നേതൃത്വത്തില്‍ ഒന്നരക്കോടി രൂപയുടെ കഞ്ചാവാണ് ഇതിനോടകം പിടിച്ചെടുത്തത്.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശ്ശന നിയന്ത്രണം;72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ വാക്‌സിനെടുത്തിരിക്കണം
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശ്ശന നിയന്ത്രണം ഏർപ്പെടുത്തി.വിമാനത്തിലും, റെയില്‍ റോഡ് വഴിയും സംസ്ഥാനത്തേക്ക് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ പരിശോധനഫലം ഹാജരാക്കണ്ടതില്ല. അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടക്, ചാമരാജ്‌നഗര എന്നിവിടങ്ങളിലെ ചെക്‌പോസ്റ്റുകളിലും കര്‍ശ്ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഇത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.എന്നാല്‍ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ഇളവുനല്‍കുന്നുണ്ട്. ഇടക്കിടെ സംസ്ഥാനത്ത് വന്നുപോകുന്ന വ്യാപാരികളും വിദ്യാര്‍ത്ഥികളും രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്താനും കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നുണ്ട്.
രാമനാട്ടുകര അപകട ദിവസം കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശിയെ തട്ടികൊണ്ട് പോയി ലഗേജ് കവർന്നതായി പരാതി; പിന്നിൽ കൊടുവള്ളി സംഘമെന്ന് സൂചന
മലപ്പുറം: രാമനാട്ടുകരയില്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ വാഹനാപകടത്തിൽ അഞ്ച് പേര്‍ മരിച്ച ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പാലക്കാട് സ്വദേശിയെ തട്ടികൊണ്ടു പോയതായി പരാതി. വിമാനത്താവളത്തിലെത്തിയ പാലക്കാട് പുതുനഗരം സ്വദേശിയേയാണ് തട്ടികൊണ്ടു പോയത്. സ്വര്‍ണക്കടത്ത് നടത്തുന്ന കൊടുവള്ളി സംഘത്തെ നിയന്ത്രിച്ച സൂഫിയാന്റെ സഹോദരൻ ഫിജാസ് അടക്കം നാല് പേർ ചേർന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ഫിജാസ്, ഷിഹാബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ നാല് പ്രതികളാണ് ഉള്ളതെന്നാണ് സൂചന. സ്വര്‍ണക്കടത്ത് സംഘവുമായി നേരത്തെ ബന്ധമുള്ള ആളെയായിരുന്നു തട്ടികൊണ്ട് പോയതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. പക്ഷേ, ഇയാളുടെ കൈവശമുണ്ടായിരുന്ന ലഗേജ് കവര്‍ന്നു.കരിപ്പൂരിലെത്തുന്ന കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ഷഫീഖിനെ കസ്റ്റംസും പിടികൂടിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ ഷഫീഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കള്ളക്കടത്തില്‍ ബന്ധമുണ്ടെന്ന സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.
സ്വർണ്ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും
കണ്ണൂർ:കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും.അര്‍ജുന്‍ ആയങ്കിയുടെ പണമിടപാട് ബന്ധങ്ങള്‍ സംബന്ധിച്ച് തെളിവെടുക്കുന്നതിനാണ് കണ്ണൂരിലെത്തിക്കുന്നത്. ആയങ്കിയുടെ ഹവാല ബന്ധങ്ങളെ കുറിച്ചും കസ്റ്റംസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് സൂചന. കരിപ്പൂരില്‍ സ്വര്‍ണം കടത്തിയതിന് അറസ്റ്റിലായ ഷഫീഖ് വഴിയാണ് അര്‍ജുന്‍ ആയങ്കിയിലേക്ക് അന്വേഷണം എത്തുന്നത്.അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയായിരുന്നു സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസിന് ഷഫീഖ് മൊഴി നല്‍കിയിരുന്നു.അതേസമയം, സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്. അര്‍ജുന്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറിന്‍റെ ഉടമ, ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സി സജേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്ണൂരില്‍ അര്‍ജുന്‍റെ ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും. അന്വേഷണം മുൻപോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന മൊഴികള്‍ ഇതുവരെ അര്‍ജുനില്‍ നിന്ന് ലഭിച്ചിട്ടില്ല. കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനാണ് കരിപ്പൂരില്‍ എത്തിയതെന്ന മൊഴിയില്‍ അര്‍ജുന്‍ ഉറച്ചു നില്‍ക്കുകയാണ്.കഴിഞ്ഞ ദിവസം പിടിയിലായ സ്വര്‍ണകവര്‍ച്ച ആസൂത്രണ കേസിലെ മുഖ്യപ്രതി സൂഫിയാനെ ചോദ്യം ചെയ്യാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്.