കണ്ണൂർ: സെന്‍റ് മൈക്കള്‍സ് സ്കൂളിനു സമീപത്തെ മൈതാനി പട്ടാളം വേലി കെട്ടി അടച്ചു. സമീപത്തെ സെന്‍റ് മൈക്കിള്‍സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ സഞ്ചാരസ്വാതന്ത്ര്യം തല്‍ക്കാലം നിഷേധിക്കാതെ മൈതാനത്തിന്റെ മൂന്നു ഭാഗത്തായാണ് പട്ടാളം വേലി കെട്ടിയത്. രാവിലെ 5.45 ഓടെയാണ് സാമഗ്രികളുമായി എത്തിയ പട്ടാളം മൈതാനം വേലികെട്ടി അടച്ചത്. പ്രവേശന വഴി വിലക്കി വേലികെട്ടുന്നതിനെതിരെ സെന്റ് മൈക്കിള്‍സ് സ്കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാന്‍ മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയാണ് പട്ടാളത്തിന്റെ പെട്ടെന്നുള്ള നീക്കം.വിളക്കും തറ മൈതാനി വേലികെട്ടി അടയ്ക്കാന്‍ നേരത്തേ പട്ടാളം നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വേലികെട്ടിതിരിക്കാന്‍ ഡിഫന്‍സ് സെക്യൂരിറ്റി കോപ്സ് (ഡിഎസ്സി) അധികൃതര്‍ എത്തിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും സ്‌കൂള്‍ അധികൃതരും പ്രതിഷേധം ഉയര്‍ത്തി രംഗത്തെത്തുകയായിരുന്നു.നിലവില്‍ സ്കൂളിലേക്കുള്ള പ്രവേശന വഴി തടസ്സപ്പെടുത്തില്ലെന്ന് ഡിഎസ്സി ഇവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഭാവിയില്‍ മൈതാനത്ത് നിര്‍മാണ പ്രവര്‍ത്തനം നടക്കുമ്പോൾ സ്കൂളിലേക്കുള്ള വഴി നിലനിര്‍ത്തുന്നത് സംബന്ധിച്ച് ഉറപ്പൊന്നും നല്‍കിയില്ല. പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി എന്നിവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള നീക്കം സ്കൂള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.2500 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലേക്കുള്ള ഏക വഴി മൈതാനിയിലൂടെയാണ്. ഈ ഭാഗം അടുത്ത കാലത്താണ് എ-വണ്‍ ലാന്‍ഡ് ആയി ഡിഎസ്സി പ്രഖ്യാപിച്ചത്. ഇതോടെയാണ് മൈതാനി അടയ്ക്കാനുള്ള നീക്കം പട്ടാളം ആരംഭിച്ചത്.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്ത് ഇന്ന് കടകൾ അടച്ച് പ്രതിഷേധിക്കും
കോഴിക്കോട് : സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരം ഇന്ന്. കൊറോണ വ്യാപനത്തിന്റെ പേരിൽ കടകൾ തുറക്കുന്നതിന് സർക്കാർ തുടരുന്ന നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെയാണ് സമരം.സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരം നടത്തും. തുടര്‍ന്ന് യോഗം ചേര്‍ന്ന് മറ്റു സമരപരിപാടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര അറിയിച്ചു.സംസ്ഥാനത്ത് ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് സമിതി സമരം ചെയ്യുന്നത്.കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03; 11,346 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശൂർ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂർ 560, ആലപ്പുഴ 545, കാസർഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237, ഇടുക്കി 168, വയനാട് 138 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7361 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 917, പാലക്കാട് 496, മലപ്പുറം 862, കോഴിക്കോട് 741, തിരുവനന്തപുരം 648, കൊല്ലം 739, എറണാകുളം 689, കണ്ണൂർ 506, ആലപ്പുഴ 527, കാസർഗോഡ് 359, കോട്ടയം 346, പത്തനംതിട്ട 232, ഇടുക്കി 164, വയനാട് 135 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 37 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 10, എറണാകുളം 7, പാലക്കാട് 6, തിരുവനന്തപുരം 3, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ 2 വീതം, ഇടുക്കി, വയനാട്, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,346 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1209, കൊല്ലം 1290, പത്തനംതിട്ട 459, ആലപ്പുഴ 607, കോട്ടയം 300, ഇടുക്കി 318, എറണാകുളം 1105, തൃശൂർ 1513, പാലക്കാട് 943, മലപ്പുറം 1188, കോഴിക്കോട് 1041, വയനാട് 314, കണ്ണൂർ 406, കാസർഗോഡ് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,00,626 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1869 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി.പി.ആർ. 6ന് താഴെയുള്ള 143, ടി.പി.ആർ. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആർ. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആർ. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി;എംഎല്‍എമാരുടെത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റം; കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീംകോടതി
ന്യൂഡൽഹി:നിയമസഭാ കൈയാങ്കളി കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി.കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. നിയമസഭയില്‍ എംഎല്‍എമാരുടെ പ്രവൃത്തി മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി .നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. സംസ്ഥാന ബജറ്റ് തടയാന്‍ ശ്രമിച്ചത് എന്തു സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും കോടതി ആരാഞ്ഞു.അതെ സമയം സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്.മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ടി.ജലീല്‍, കെ.അജിത് സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല കേസില്‍ തടസ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് ബുധനാഴ്ച പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി.
എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹർജി
കൊച്ചി: എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹർജി.കോഴിക്കോട് കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയും സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ ജേതാവുമായ ഫസീഹ് റഹ്മാന്‍ ആണ് പിതാവ് സിദ്ധീഖ് മഠത്തില്‍ മുഖേന കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ പക്ഷം കൂടി കേള്‍ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.ഈ വര്‍ഷം സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റസ് പൊലിസ്, എന്‍.സി.സി, ജൂനിയര്‍ റെഡ് ക്രോസ്, എന്‍.എസ്.എസ് തുടങ്ങിയവയിലെ പങ്കാളിത്തത്തിന് വിദ്യാത്ഥികൾക്ക് ഗ്രെയ്‌സ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.എന്നാൽ മഹാമാരിയെ നേരിടുന്നതില്‍ അധികൃതര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചവയാണ് ഈ വിഭാഗങ്ങളെന്ന് ഹരജിയില്‍ പറയുന്നു. മഹാമാരിക്കാലത്തും ലോക്ക്ഡൗണിലും ജനങ്ങളെ സഹായിക്കാന്‍ നിര്‍ണായക പങ്കാണ് ഈ വിഭാഗങ്ങള്‍ നിര്‍വഹിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് ആവശ്യക്കാര്‍ക്കു ഭക്ഷണം എത്തിക്കാനും റേഷന്‍ വിതരണത്തിനും വിദ്യാര്‍ഥികള്‍ മുന്‍നിരയിലുണ്ടായിരുന്നു. സാനിറ്റൈസര്‍, മാസ്‌കുകള്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ വിതരണവും പലയിടത്തും വിദ്യാര്‍ഥികളിലൂടെയായിരുന്നു. മഹാമാരി പടരുമ്പോൾ ജനങ്ങളില്‍ ഭൂരിഭാഗവും പുറത്തിറങ്ങാന്‍ മടിച്ചപ്പോള്‍ ഈ വിദ്യാര്‍ഥികള്‍ അധികൃതര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. പലയിടത്തും രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചു. ഇതൊന്നും കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ പക്ഷം കേള്‍ക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ പറയുന്നു.
സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍.ഏകോപന സമിതി ഏകപക്ഷീയമായിപ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാന്‍ വ്യാപാരി സമിതിക്ക് ബാധ്യതയില്ല. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടത്.കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാപാര വ്യവസായി ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നതെന്നും വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് കീഴില്‍ കടകളടച്ച് സമരം നടത്തുന്നത്. സെക്രട്ടേറിയറ്റുള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ആറിന് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് സൂചനാസമരം.സോണുകള്‍ നോക്കാതെ കേരളത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം, ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം നല്‍കണം, ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ കുത്തക കമ്പനികൾ എല്ലാവിധ ഉല്‍പന്നങ്ങളും വില്‍ക്കുകയും ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍പോലും ഒരു മാനദണ്ഡവും പാലിക്കാതെ വ്യാപാരം നടത്തുകയും ചെയ്യുന്നത് നിയന്ത്രിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടയടപ്പ് സമരം.
സഹായമഭ്യര്‍ത്ഥിച്ച് വിളിച്ച വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവം;എം മുകേഷ് എംഎല്‍എക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം : സഹായമഭ്യര്‍ത്ഥിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എം മുകേഷ് എംഎല്‍എക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷനിലും സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ജെ.എസ് അഖില്‍. ഭരണഘടനയുടെ അനുഛേദം 188-ാം അടിസ്ഥാനത്തില്‍ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അഖില്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് എന്താണെന്ന് കേള്‍ക്കാനോ ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ത്ഥിയെ പലതവണ എംഎല്‍എ അപമാനിച്ചു. ഇതോടെ ആ വിദ്യാര്‍ഥി എത്രമാത്രം മാനസിക സംഘര്‍ഷത്തിലായെന്ന് ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാണ്. ഈ ഗുരുതരമായ വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ ആത്മാര്‍ഥമായി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും അഖില്‍ പരാതിയില്‍ ആവശ്യപ്പെട്ടു.പാലക്കാട് നിന്നും വിളിച്ച പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയോടാണ് മുകേഷ് കയർത്ത് സംസാരിച്ചത്. ഒരു കാര്യ പറയാനുണ്ടെന്ന് പറഞ്ഞ കുട്ടിയോട് എന്താണ് ആവശ്യം എന്ന് പോലും ചോദിക്കാതെ പാലക്കാട് എംഎൽഎയെ വിളിക്കാനാണ് മുകേഷ് പറഞ്ഞത്. സാറിന്‍റെ നമ്പർ കൂട്ടുകാരന്‍ തന്നതാണെന്നു പറഞ്ഞപ്പോള്‍ ‘അവന്‍റെ ചെവിക്കുറ്റി നോക്കിയടിക്കണം’ എന്നാണ് എംഎൽഎ പറയുന്നത്. പാലക്കാട് ഒറ്റപ്പാലമാണ് വീടെന്ന് കുട്ടി പറഞ്ഞപ്പോള്‍ ‘അവിടത്തെ എം.എല്‍.എയെ കണ്ടുപിടിക്ക്, മേലാല്‍ തന്നെ വിളിക്കരുതെന്ന്’ പറഞ്ഞാണ് മുകേഷ് ഫോണ്‍ കട്ട് ചെയ്തത്. തുടർന്ന് പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി താരം രംഗത്തെത്തി.തന്നെ ഫോണിൽ വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും പോലീസിൽ പരാതി നൽകുമെന്നുമാണ് മുകേഷ് പറഞ്ഞത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ഇന്ന് ചേരും. നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍, ടിപിആര്‍ പത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചര്‍ച്ച ചെയ്യും.രാവിലെ 10.30 നാണ് യോഗം ചേരുക. കൊറോണ മരണങ്ങൾ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടായേക്കും.
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ ഹാജരാകാനാണ് അമലയ്ക്ക് കസ്റ്റംസ് നിർദ്ദേശം നൽകിയിരിക്കുന്നത്.ഹാജരാകാൻ ആവശ്യപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു അമലയ്ക്ക് നോട്ടീസ് നൽകിയത്. സ്വർണക്കടത്തിനെക്കുറിച്ച് അമലയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇത് കൂടാതെ അർജുൻ നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അമലയെ ചോദ്യം ചെയ്യുന്നത്. അർജുന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഭാര്യയോട് ചോദിച്ചറിയും. മൊബൈല്‍ ഫോണ്‍ പുഴയില്‍ എറിഞ്ഞു എന്ന അര്‍ജുന്‍റെ മൊഴി കസ്റ്റംസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. മൊബൈല്‍ സുരക്ഷിതമായി എവിടെയോ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. ഇതിന്‍റെ വിശദാംശങ്ങളും അറിയാനാണ് അര്‍ജുന്‍റെ ഭാര്യയെ ചോദ്യം ചെയ്യുന്നത്. കൂടാതെ അര്‍ജുന്‍ ഉള്‍പ്പെട്ട കണ്ണൂരിലെ പൊട്ടിക്കല്‍ സംഘാഗങ്ങളെ കുറിച്ചും ചോദിച്ചറിയും.അര്‍ജുന്‍റെ വീട്ടില്‍ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീട്ടില്‍ കസ്റ്റംസ് തെളിവെടുപ്പിന് എത്തിയത്. ഇവരെക്കുറിച്ചും അമലയോട് ചോദിച്ചറിയും.
കണ്ണൂർ ചാലാട് കുഴിക്കുന്നില്‍ ഒൻപത് വയസ്സുകാരി മരിച്ച സംഭവം;മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാവിന്റെ മൊഴി
കണ്ണൂർ:ചാലാട് കുഴിക്കുന്നില്‍ ഒൻപത് വയസ്സുകാരി അവന്തിക ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകം.മകളെ താൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാവ് മൊഴി നൽകി.പിന്നാലെ പോലീസ് വാഹിദയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാവിലെയാണ് അവന്തികയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അച്ഛൻ രാജേഷ് മകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയമുണര്‍ന്നതോടെ രാജേഷ് പോലീസിൽ പരാതി നൽകി. ഈ പരാതിയില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. തുടർന്ന് അമ്മയായ വാഹിദയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വാഹിദ പോലീസിന് മൊഴിയും നൽകി. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വാഹിദയുടെ ശ്രമം. ഇവര്‍ക്ക് മാനസികാസ്വാസ്ത്യമുള്ളതായും വിവരമുണ്ട്. നേരത്തെ വിദേശത്തായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്.