പാലക്കാട്:പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ സംഭവത്തിന് പിന്നിൽ വന്‍ മയക്കുമരുന്ന് സംഘമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍.പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും കിട്ടിയ ഇത് വ്യക്തമാക്കുന്ന വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍, അയല്‍വാസികള്‍, പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഇരയായ പെണ്‍കുട്ടിയെ കൂടാതെ മറ്റ് നിരവധി പെണ്‍കുട്ടികള്‍ റാക്കറ്റിന്റെ വലയില്‍ ഉണ്ടെന്നും ഈ ദിശയിലേക്ക് കൂടി അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. വിവാഹവാഗ്‌ദാനം നല്‍കിയാണ് പീഡനത്തിനിരയാക്കിയതെന്നും കഞ്ചാവ്, കൊക്കെയ്‌ന്‍, എം.ഡി.എം.എ. തുടങ്ങിയ ലഹരിവസ്‌തുക്കള്‍ക്കു പെണ്‍കുട്ടിയെ അടിമയാക്കിയെന്നും പരാതിയില്‍ പറയുന്നു.സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തുന്നത്. ഇതിന് പിന്നില്‍ വലിയ സംഘമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇരയായ പെണ്‍കുട്ടി പറഞ്ഞു.ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ല. നഗ്‌നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. കോളേജിലെത്തിയുള്‍പ്പെടെ ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നു. സമ്മര്‍ദ്ധം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയത്. പിന്നെ പിന്നെ ലഹരി ഉപയോഗം പതിവായി.കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ഉമ്മയെയും എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ഒന്നും തുറന്നു പറയാതിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. ക്രൂരമായ പീഡനവും ഭീഷണിയും മൂലം മാനസികനില തകരാറിലായ പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നിയമ വിധേയമായി പ്രവർത്തിക്കണം : കേരള ഹൈക്കോടതി
കൊച്ചി : പൊതുമേഖലാ ഓയിൽ കമ്പനികൾ നിയമത്തിൽ അനുശാസിക്കുന്ന വിധം പ്രവർത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിനോടനുബന്ധിച്ചുള്ള ഫിനാൻസ് ആക്ടിൽ 194Q എന്നൊരു ഭേദഗതി വരുത്തിയിരുന്നു.
10 കോടിയോ അതിലധികമോ വാർഷിക വിറ്റുവരവുളള ബയ്യറിൽ നിന്നും സെല്ലർ ഉൽപ്പന്ന വിലയുടെ 0.1% കുറച്ചുള്ള ഇൻവോയ്സ് വിലയെ വാങ്ങാവൂ എന്നും ബയ്യറാകട്ടെ ഓരോ മാസത്തെ മൊത്തം ഇൻവോയ്സ് മൂല്യം കണക്കാക്കി, ആ മൂല്യത്തിന്റെ 0.1% TDS അതിനടുത്ത മാസം ഏഴിനകം സെല്ലറുടെ ഇൻകം ടാക്സ് പാനിൽ അടക്കണമെന്നുമാണ് നിയമം പറയുന്നത്.
എന്നാൽ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ബഹു. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി യും എച്ച്.പി.സി യും ഈ നിയമത്തിന് വിരുദ്ധമായിപ്രവർത്തിക്കുന്നതായി ചൂണ്ടിക്കാണിച്ചു.
മേൽ സൂചിപ്പിച്ച ഓയിൽ കമ്പനികൾ ഡീലർമാർക്കയച്ച സർക്കുലറിലൂടെ അറിയിച്ചത് ഉൽപ്പന്ന വില തങ്ങൾ പൂർണ്ണമായി തന്നെ വാങ്ങുമെന്നും, ഡീലർമാർ 0.1% കണക്കാക്കി TDS അടച്ചതിന്റെ ത്രൈമാസ സ്റ്റേറ്റ്മെന്റ് ബന്ധപ്പെട്ട ഓയിൽ കമ്പനികൾക്ക് സമർപ്പിച്ചു കഴിയുമ്പോൾ ആ തുക റീഇമ്പേഴ്സ് ചെയ്യാമെന്നുമാണ്.
ഈ സർക്കുലറിനെയാണ് പെട്രോളിയം ഡീലർ സംഘടന ചോദ്യം ചെയ്തത്. പെട്രോളിയം ഡീലേഴ്സ് ലീഗൽ സൊസൈറ്റിയുടെ വാദം ബഹു. ഹൈക്കോടതി ജസ്റ്റിസ്.എ.എം.ബദർ അംഗീകരിക്കുകയും നിയമാനുസൃതമായി പ്രവർത്തിക്കാൻ ഓയിൽ കമ്പനികൾ ബാധ്യസ്ഥരാണെന്നും അതിനാൽ തന്നെ ഡീലർമാർക്കായി,കമ്പനികൾ പുറപ്പെടുവിച്ച സർക്കുലർ അസാധുവാക്കി ഉത്തരവിടുകയും ചെയ്തു.
ഓയിൽ കമ്പനികളുടെ സ്റ്റാൻഡിംങ്ങ് കൗൺസിൽ ഹൈക്കോടതിയിൽ ഡീലർ സംഘടന റിട്ട് പെറ്റീഷൻ ഫയൽ ചെയ്തതിന് ശേഷം, ആ പെറ്റീഷന് അനുസൃതമായി, തന്റെ കക്ഷികളായ സൂചിപ്പിച്ച ഓയിൽ കമ്പനികൾ സർക്കുലറിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും അറിയിച്ചു.
പരിഷ്കരിച്ച സർക്കുലർ കോടതിയിൽ സമർപ്പിക്കാൻ ജസ്റ്റിസ് ബദർ നിർദ്ദേശിച്ചു.
ഹർജിക്കാർ ആവശ്യപ്പെട്ടതു പോലെ നിലവിലുള്ള സർക്കുലറിന്റെ പ്രയോഗക്ഷമത നിർത്തിവെക്കാനും ബഹു.ഹൈക്കോടതി ഉത്തരവിട്ടു.
ഹർജിക്കാരായ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിക്കു വേണ്ടി അഡ്വക്കേറ്റുമാരായ എ.കുമാർ, പി.ജെ.അനിൽകുമാർ,ജി.മിനി, പി.എസ്.ശ്രീപ്രസാദ്,ജോബ് എബ്രഹാം,അജയ്.വി.ആനന്ദ് എന്നിവർ ഹാജരായി.
സംസ്ഥാനത്ത് ഇന്ന് 15,600 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36; 11,629 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,600 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂർ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂർ 962, ആലപ്പുഴ 863, കാസർഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂർ 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂർ 889, ആലപ്പുഴ 848, കാസർഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.74 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 22, കാസർഗോഡ് 14, പാലക്കാട് 10, പത്തനംതിട്ട 6, മലപ്പുറം 5, എറണാകുളം 4, കോഴിക്കോട് 3, കൊല്ലം, ഇടുക്കി, തൃശൂർ, വയനാട് 2 വീതം, തിരുവനന്തപുരം, ആലപ്പുഴ 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,629 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 1876, പത്തനംതിട്ട 351, ആലപ്പുഴ 899, കോട്ടയം 497, ഇടുക്കി 196, എറണാകുളം 1199, തൃശൂർ 1209, പാലക്കാട് 1162, മലപ്പുറം 1259, കോഴിക്കോട് 1055, വയനാട് 219, കണ്ണൂർ 653, കാസർഗോഡ് 513 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
കണ്ണൂരില്‍ കോവിഡ് വാക്‌സിനേഷനിൽ ഗുരുതര പിഴവ്;ആദ്യ ഡോസ് കൊവാക്‌സിനെടുത്തയാള്‍ക്ക് രണ്ടാം ഡോസ് കുത്തിവച്ചത് കൊവിഷീല്‍ഡ്
കണ്ണൂര്‍: കണ്ണൂരില്‍ വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ ഗുരുതര പിഴവ്. ഒന്നാം ഡോസ് കോവാക്‌സിന്‍ എടുത്ത വ്യക്തിക്ക് രണ്ടാം ഡോസായി നല്‍കിയത് കോവിഷീല്‍ഡ് വാക്‌സിന്‍. മലബാര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്‌സിന്‍ മാറി നല്‍കിയത്. വാക്‌സിൻ സ്വീകരിച്ച 50 വയസുകാരന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.സംഭവം മൂന്നംഗ മെഡിക്കല്‍ സംഘം അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. ജൂലായ് മൂന്നിനാണ് സംഭവം നടക്കുന്നത്. എന്നാല്‍ പരാതിക്കാരന് ഇതേവരെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. അതേസമയം മൂന്നാം ഡോസ് നല്‍കണമോ എന്ന കാര്യത്തി ല്‍ തീരുമാനമായിട്ടില്ല. ഇയാളുടെ ആന്റിബോഡി പരിശോധന നടത്തിയതിന് ശേഷമേ മൂന്നാം ഡോസ് നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍ വാരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു യുവാക്കള്‍ മരിച്ചു
കണ്ണൂര്‍:വാരം ചതുര കിണറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കൾ മരിച്ചു. ചതുരക്കിണര്‍ ബസ്സ്‌റ്റോപ്പിന് സമീപം ഇന്നലെ രാത്രി 9 മണി യോടെയാണ് അപകടം നടന്നത്.ബൈക്ക് യാത്രക്കാരായ ബബുലുകശ്യം 26, മോനുകൊശുപ (22) എന്നിവരാണ് മരിച്ചത് . രാജസ്ഥാനിലെ ഡോല്‍ പൂര്‍ ജില്ലയിലെ സര്‍മത്ര ഗ്രാമ സ്വദേശികളാണ് ഇവര്‍. മൃതദേഹം കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചരക്കണ്ടി ഓടയില്‍ പിടിയില്‍ താമസിച്ച് ജോലി ചെയ്തുവരുന്നവരാണ് ഇവർ.ഇന്നലെ രാത്രി കണ്ണൂരില്‍ നിന്നും ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. ബബുലുവിന്റെ കല്യാണം രണ്ടുമാസത്തിനുശേഷം നടത്താനായി നിശ്ചയിച്ചതായിരുന്നുവെന്ന് കൂടെ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളി പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം. ഷാജിയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യുന്നു
കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയും ആയ കെ.എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കഴിഞ്ഞ തവണ ചോദ്യം ചെയ്യലില്‍ ഷാജിയുടെ വീട്ടില്‍ നിന്ന് ലഭിച്ച പണമിടപാടുമായി ബന്ധപ്പെട്ട ചില കൗണ്ടര്‍ഫോയിലുകളിലും പൊരുത്തക്കേട് ഉണ്ട് എന്നാണ് വിവരം. ഇക്കാര്യവും അന്വേഷിക്കും. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി വിജിലന്‍സിനു മുന്നില്‍ എത്തുന്നത്.എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ഷാജിക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം. ഇതിനു പിന്നാലെയാണ് അനധികൃതമായ സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും വന്നത്. 2011 2020 കാലഘട്ടത്തില്‍ ഷാജിയുടെ സ്വത്തില്‍ 166 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
സ്വകാര്യ ബസുകളിലെ ഒറ്റ-ഇരട്ട നമ്പർ ക്രമീകരണം ഒഴിവാക്കി
തിരുവനന്തപുരം:കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്വകാര്യ ബസുകളിൽ ഏർപ്പെടുത്തിയിരുന്ന ഒറ്റ-ഇരട്ട നമ്പർ ക്രമീകരണം ഒഴിവാക്കി.ഇന്നലെ മുതല്‍ എല്ലാ ബസുകള്‍ക്കും സര്‍വീസ് നടത്താമെന്നാണ് ഉത്തരവ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.നമ്പർ ക്രമീകരണം അശാസ്ത്രീയമാണെന്ന് തുടക്കം മുതല്‍തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗ്രാമീണ സര്‍വീസുകളെയും സാധാരണക്കാരെയും ഈ ക്രമീകരണം സാരമായി ബാധിച്ചു. വിവിധ ബസുടമസ്ഥ സംഘടനകള്‍ തീരുമാനത്തിനെതിരേ രംഗത്ത് വരികയും ചെയ്തു.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനപ്രകാരം വിവിധ ജില്ലകളിലെ പെര്‍മിറ്റുള്ള സ്റ്റേജ് കാര്യേജുകള്‍ക്ക് എല്ലാ ദിവസവും സര്‍വീസ് നടത്താം. സീറ്റിന്റെ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റി സര്‍വീസ് നടത്താന്‍ പാടില്ല. നിന്നുള്ള യാത്രയും അനുവദിക്കില്ല. ഇക്കാര്യം കണ്ടക്ടര്‍മാര്‍ ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
തിരുവനന്തപുരം കോട്ടൂരിൽ കൂടുതൽ ആനകൾക്ക് ഹെർപ്പസ് സ്ഥിരീകരിച്ചു;വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ കേന്ദ്രസഹായം തേടും
തിരുവനന്തപുരം: കോട്ടൂരിൽ കൂടുതൽ ആനകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങളെ ബാധിക്കുന്ന അപൂർവ്വ വൈറസായ ഹെർപ്പസ് ആണ് ആനകളെ ബാധിച്ചിരിക്കുന്നത്. പത്ത് വയസിന് താഴെയുളള ആനകൾക്ക് ഈ വൈറസ് ബാധിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.11 ആനക്കുട്ടികൾ ഉള്ള ഇവിടെ നിലവിൽ മൂന്ന് ആനക്കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ ഇവിടെ ക്യാമ്പ് ചെയ്ത് പരിശോധിക്കുകയാണ്. വൈറസ് ബാധിച്ച് രണ്ട് ആനക്കുട്ടികളാണ് കഴിഞ്ഞ ദിവസം ചരിഞ്ഞത്. ഇന്നലെ അർജുൻ എന്ന കുട്ടിയാന ചരിഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ശ്രീക്കുട്ടിയെന്ന കുട്ടിയാന ചരിഞ്ഞത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഹെർപ്പസ് ആണെന്ന് കണ്ടെത്തിയത്. വേഗത്തിൽ രോഗം പടരുന്നതിനാൽ എല്ലാ കുട്ടിയാനകളേയും പ്രത്യേകം കൂടുകളിലാണ് പാർപ്പിച്ചിട്ടുള്ളത്.മുതിർന്ന ആനകളിൽ രോഗബാധയുണ്ടായാൽ പോലും രോഗ ലക്ഷണം കാണിക്കാറില്ല. ഇതാണ് കുട്ടിയാനകളിൽ രോഗബാധയ്ക്ക് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.ഹെർപ്പസ് ബാധയുടെ ഉറവിടം കണ്ടെത്താൻ സർക്കാർ കേന്ദ്ര സഹായം തേടിയേക്കും.വനമേഖലയോട് ചേർന്ന് കിടക്കുന്ന ആനപരിപാലന കേന്ദ്രമായതിനാൽ രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് വിശദമായ പഠനം നടത്താനാണ് തീരുമാനം. ഇതിനായി അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ മാറ്റം;ടിപിആർ 15ൽ കൂടിയ പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലും ഇളവുകളിലും ഇന്ന് മുതല്‍ മാറ്റം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചത്.ടിപിആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും.എ, ബി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മുഴുവന്‍ ജീവനക്കാരെയും സിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ 50 ശതമാനം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.എ വിഭാഗത്തില്‍ 82, ബിയില്‍ 415, സിയില്‍ 362, ഡി യില്‍ 175 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഒടുവില്‍ കണക്കാക്കിയ ടിപിആര്‍ പ്രകാരം ഉള്‍പ്പെടുക.എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്‍റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം. അടുത്ത ശാരീരിക സമ്ബര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എസി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20 പേരില്‍ കൂടുതല്‍ അനുവദിക്കുന്നതല്ല.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. വാക്സിന്‍ എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമായിരിക്കും പ്രവേശനം.കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാല്‍ മാത്രമെ മറ്റ് ഇളവുകളെ കുറിച്ച് ആലോചിക്കൂ.ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. എല്ലാ വിഭാഗം പ്രദേശങ്ങളിലും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കാസര്‍കോട്ടെ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക ഇടപെടലിന് നിര്‍ദ്ദേശിച്ചു. താല്‍ക്കാലിക ജീവനക്കാരെ ഈ ഘട്ടത്തില്‍ പിരിച്ചു വിടാന്‍ പാടില്ല എന്ന നിര്‍ദ്ദേശം എല്ലാവരും കര്‍ശനമായി പാലിക്കണം.
വിശാഖപട്ടണത്ത് നിര്‍മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്ന് വീണ് രണ്ടുമരണം
വിശാഖപട്ടണം: നിര്‍മാണത്തിലിരുന്ന ഫ്‌ളൈഓവര്‍ തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. അനകപ്പള്ളിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ചെന്നൈയെയും കൊല്‍ക്കത്തയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 16ലാണ് സംഭവം നടന്നത്. പാലത്തിന്റെ രണ്ട് കൂറ്റന്‍ ഗൈഡറുകള്‍ വീണ് ഒരുകാറും ട്രക്കും ഫ്‌ളൈ ഓവറിനടിയില്‍ കുടുങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരാണ് മരണപ്പെട്ടത്. നഗരത്തിലെ ശ്രീഹരിപുരത്തുനിന്നുള്ള നാലുപേരടങ്ങുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍ സീറ്റുകളിലിരുന്ന രണ്ടുപേരാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി മരിച്ചത്.പിന്നിലിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സതീഷ് കുമാര്‍, സുശാന്ത് മൊഹന്തി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ട്രക്കിന്റെ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ ശബ്ദത്തോടെ ബീം പെട്ടെന്ന് തകര്‍ന്നുവീഴുകയും ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടുകയുമായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബീം സ്ഥാപിക്കുന്നതിലുണ്ടായ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നതെന്ന് വിശാഖപട്ടണം എസ്പി ബി കൃഷ്ണറാവു മാധ്യമങ്ങളോട് പറഞ്ഞു.