തിരുവനന്തപുരം :തിരുവനന്തപുരത്ത് പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർ ഡാം പോലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.സിപിഒ ടിനോ ജോസഫിനാണ് പരിക്കേറ്റത്.പുലര്‍ച്ചെ പട്രോളിംഗിനിറങ്ങിയ പൊലീസുകാര്‍ക്കെതിരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഒരു പൊലീസ് ജീപ്പ് ഇവര്‍ അടിച്ചു തകര്‍ത്തു.സമീപത്തെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് ശേഷം സംഘം വനത്തിൽ ഒളിച്ചുവെന്ന് പോലീസ് പറയുന്നു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പോലീസ് കുറ്റപത്രം
തൃശൂർ:കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പോലീസ് കുറ്റപത്രം.കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിക്ക് മുൻപാകെ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കേസില്‍ ആകെ 22 പ്രതികളാണുള്ളത്.സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.പണത്തിന്‍റെ ഉറവിടത്തില്‍ ബിജെപികാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തില്‍ പ്രധാനമായും ആവശ്യം ഉന്നയിക്കുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. നിലവില്‍ ബിജെപി നേതാക്കളൊന്നും കേസില്‍ സാക്ഷികളല്ല. എന്നാല്‍ പിന്നീട് പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം കോടതി നടപടികള്‍ തുടങ്ങിയാലേ സാക്ഷി പട്ടികയില്‍ ബിജെപി നേതാക്കള്‍ വരുമോയെന്ന് അന്തിമമായി പറയാന്‍ കഴിയൂ.പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചെലവിനായി എത്തിച്ചതാണെന്നാണ് പൊലീസ് നേരത്തേ ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. പണം കൊണ്ടുവന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യമുണ്ടെങ്കിലും, കോടതിയില്‍ നല്‍കിയ ഹരജിയിലുള്ളത് ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്നതെന്നാണ്. എന്നാല്‍, ഇതിന് മതിയായ രേഖകള്‍ ധര്‍മരാജന്‍ ഹാജരാക്കിയിട്ടുമില്ല.പ്രതികളില്‍നിന്നും സാക്ഷികളില്‍നിന്നും ലഭിച്ച മൊഴികളിലും പണം ബി.ജെ.പിയുടേതാണെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളെല്ലാം ഇത് നിഷേധിക്കുന്ന മറുപടിയാണ് നല്‍കിയത്. കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോള്‍ പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയ കെ. സുരേന്ദ്രന്‍ ധര്‍മരാജനുമായി പരിചയമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ടെങ്കിലും പണമിടപാടില്‍ ബന്ധമില്ലെന്നാണറിയിച്ചത്. കള്ളപ്പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും കവര്‍ച്ചക്കേസിലാണ് പരാതി ലഭിച്ചത്. ഇതിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു
കണ്ണൂർ:പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു.കെ.എസ്.ഇ.ബി.കോടിയേരി സെക്ഷനിലെ മസ്ദൂര്‍ വിഭാഗം ജിവനക്കാരനായ മമ്പറം കായലോട് സ്വദേശി കാളാറമ്പത്ത് സാജിദാണ് (38) മരിച്ചത്.വ്യാഴാഴ്‌ച്ച രാവിലെ പത്തു മണിയോടെ ജോലിക്കിടയില്‍ പന്തക്കല്‍ വയലില്‍ പീടികക്കടുത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ഇവിടെ കവുങ്ങ് വീണ് വൈദ്യുതി കമ്പികൾ മുറിഞ്ഞ് വീണിരുന്നു. ഇവിടെ അറ്റകുറ്റപണിക്കായി പോവുകയായിരുന്ന സാജിദും സഹപ്രവര്‍ത്തകനും രാവിലെ സ്ഥലത്തേക്ക് പോവുന്നതിനിടയില്‍ തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും എ.ബി.സ്വിച്ച് ഉള്‍പ്പെടെ ഓഫ് ചെയ്തിതിരുന്നു.എന്നാൽ പൊട്ടിവീണ കമ്പി നീക്കം ചെയ്യുന്നതിനിടെ പൊടുന്നനെ ഷോക്കേൽക്കുകയായിരുന്നു. കൂടെയുണ്ടായ ജിവനക്കാരനും സമീപവാസികളും ചേര്‍ന്ന് ഉടന്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസ്ഥലത്തിനടുത്തുള്ള ഒരു വീട്ടില്‍ പ്രവര്‍ത്തിപ്പിച്ച ജനറേറ്ററില്‍ നിന്ന് പ്രവഹിച്ച വൈദ്യുതിയാണ് ഷോക്കേല്‍ക്കാന്‍ ഇടയാക്കിയതെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.ഇതേ പറ്റി വിശദമായി അന്വേഷിക്കും. ഇലക്‌ട്രിക്കല്‍ ഇന്‍സ്പക്ഷഷന്‍ വിഭാഗം പരിശോധന നടത്തും. കായലോട്ടെ ഹമീദിന്റെയും പരേതയായ റംലയുടെയും മകനാണ് സാജിദ്.
കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ നാല് പേർ മരിച്ചു
കൊല്ലം:കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ നാല് പേർ മരിച്ചു.കുണ്ടറ പെരുമ്പുഴ കോവിൽമുക്കിലാണ് സംഭവം. സോമരാജൻ, രാജൻ, മനോജ്, വാവ എന്നിവരാണ് കിണറ്റിൽ കുടുങ്ങിയത്. നാല് പേരുടേയും മരണം പോലീസ് സ്ഥിരീകരിച്ചു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് നാലുപേരെയും പുറത്തെത്തിച്ചത്. നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം ഉണ്ടായത്. കിണറിലെ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറ്റിൽ കുടങ്ങിയത്. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടു പേരും അപകടത്തിൽപ്പെടുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്‌സും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു.
കണ്ണൂർ ചാലോടില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം;മൂന്നുപേർക്ക് പരിക്കേറ്റു
കണ്ണൂർ: ചാലോടില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.അഞ്ചരക്കണ്ടി ഭാഗത്തു നിന്നും ശീതളപാനിയം കയറ്റിവന്ന ലോറിയും മട്ടന്നൂര്‍ ഭാഗത്തു നിന്നും എം.സാന്‍ഡ് കയറ്റിവരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചു അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികളും തല കീഴായി മറിഞ്ഞു. വ്യാഴാഴ്‌ച്ച പുലര്‍ച്ചെ ആറേ മുക്കാലോടെയാണ് അപകടം നടന്നത്. നാലു റോഡുകള്‍ ചേരുന്ന ജങ്ഷനായ ചാലോട് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലെന്ന് നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇവിടെ അപകടം തുടര്‍ച്ചയായിട്ടും ഇവിടെ സിഗ്നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
വളർത്തുമൃഗങ്ങൾക്കും ഇനി ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വളർത്തുമൃഗങ്ങൾക്കും ഇനി ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.നായ, പൂച്ച, കന്നുകാലി ഉൾപ്പെടെ വീട്ടിൽ വളർത്തുന്ന എല്ലാ മൃഗങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് ആറു മാസത്തിനകം എടുക്കണം എന്ന് കോടതി നിർദ്ദേശിച്ചു.ലൈസൻസ് എടുക്കണമെന്ന് വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടൻ തന്നെ നോട്ടീസ് ഇറക്കണം. സർക്കാർ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.വളർത്തമൃഗങ്ങളെ വാങ്ങുന്നവർ മൂന്ന് മാസത്തിനകം ലൈസൻസ് എടുക്കുമെന്ന വ്യവസ്ഥ വേണമെന്നും കോടതി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ ബ്രൂണോ എന്ന വളർത്തുനായയെ അടിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ്.
നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ഹർജി പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ നിന്നും സംസ്ഥാന സർക്കാരിന് രൂക്ഷ വിമർശനമാണ് നേരിടേണ്ടി വന്നത്.നിയമസഭ കയ്യാങ്കളി അംഗീകരിക്കാനാവില്ലെന്നും എന്ത് സന്ദേശമാണ് അക്രമത്തിലൂടെ നേതാക്കൾ സമൂഹത്തിന് നൽകിയതെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു. ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ അപ്പീല്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ ആലോചന. മന്ത്രി വി ശിവന്‍ കുട്ടി അടക്കമുള്ളവര്‍ പ്രതിസ്ഥാനത്തുള്ള കേസില്‍ പ്രതികൂല പരാമര്‍ശമുണ്ടായാല്‍ അത് സര്‍ക്കാറിന് തിരിച്ചടിയാകും. രാവിലെ പതിനൊന്ന് മണിക്കാണ് കേസ് പരിഗണിക്കുന്നത്.കഴിഞ്ഞ തവണ കേസ് പരിഗണിച്ച വേളയില്‍ പ്രതികള്‍ കുറ്റവിചാരണ നേരിടണമെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢും എംആര്‍ ഷായും അടങ്ങുന്ന ബഞ്ച് പറഞ്ഞിരുന്നു. കോടതി കടുത്ത നിലപാടെടുത്ത സാഹചര്യത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. അപ്പീല്‍ പിന്‍വലിക്കുകയാണ് എങ്കില്‍ പ്രതികള്‍ക്ക് വിചാരണക്കോടതിയില്‍ വിചാരണ നേരിടേണ്ടി വരും. 2015 മാർച്ച് പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ധനമന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് നടത്തിയ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭ സെക്രട്ടറിയുടെ പരാതിയിൽ ഇപി ജയരാജൻ, കെടി ജലീൽ, കെ. അജിത്, കെ കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവൻ, വി.ശിവൻകുട്ടി എന്നീ ആറ് എംഎൽഎമാർക്കെതിരെയായിരുന്നു പൊതുമുതൽ നശീകരണ നിയമപ്രകാരം അന്ന് കേസെടുത്തത്.
സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപ്പരിശോധന നടത്തും. 3.75 ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഇന്ന് 1.25 ലക്ഷം പേരേയും നാളെ 2.5 ലക്ഷം പേരേയും പരിശോധിക്കും.തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന നടത്തുകയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കൊവിഡ് വേഗത്തില്‍ കണ്ടെത്തി പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യം.കൊറോണ മുക്തരായവരെ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാംപിളുകൾ നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈൽ ലാബിലേക്കും അയയ്ക്കും. കൂടാതെ ടെസ്റ്റിംഗ് ക്യാമ്പുകളും സംഘടിപ്പിക്കും. പോസിറ്റീവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യാനും സർക്കാർ തീരുമാനമുണ്ട്.കഴിഞ്ഞ ദിവസം 15,637 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. 128 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 14,938 ആയി.
സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു;രോഗികളുടെ എണ്ണം 28 ആയി ഉയർന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചത്.ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവര്‍ക്കാണ് സിക വൈറസ് ബാധിച്ചത്.ഇതില്‍ 4 പേരുടെ സാമ്പിളുകൾ 2 സ്വകാര്യ ആശുപത്രികളില്‍ നിന്നും അയച്ചതാണ്. ഒരെണ്ണം സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. അതേസമയം സംസ്ഥാനത്ത് 16 പേരുടെ പരിശോധനാഫലം നെഗറ്റീവായതും ആശ്വസമേകുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 15,637 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 128 മരണം; 12,974 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 15,637 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂർ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂർ 912, കോട്ടയം 804, കാസർഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 57 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14717 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1968, കോഴിക്കോട് 1984, എറണാകുളം 1839, തൃശൂർ 1694, കൊല്ലം 1149, തിരുവനന്തപുരം 1050, പാലക്കാട് 654, ആലപ്പുഴ 911, കണ്ണൂർ 799, കോട്ടയം 763, കാസർഗോഡ് 726, പത്തനംതിട്ട 437, വയനാട് 428, ഇടുക്കി 315 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.66 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 12, കാസർഗോഡ് 9, തൃശൂർ, മലപ്പുറം, പാലക്കാട് 6 വീതം, പത്തനംതിട്ട, കോട്ടയം 5 വീതം, കൊല്ലം, കോഴിക്കോട്, വയനാട് 4 വീതം, തിരുവനന്തപുരം 3, എറണാകുളം 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,974 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 837, കൊല്ലം 1937, പത്തനംതിട്ട 311, ആലപ്പുഴ 825, കോട്ടയം 836, ഇടുക്കി 315, എറണാകുളം 904, തൃശൂർ 1353, പാലക്കാട് 1087, മലപ്പുറം 1624, കോഴിക്കോട് 1080, വയനാട് 292, കണ്ണൂർ 980, കാസർഗോഡ് 593 എന്നിങ്ങനേയാണ് രോഗമുക്തിയായത്.