കൊല്ലം: പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഒപ്പം കാണാതായ ഗ്രീഷ്മയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.കേസില്‍ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് യുവതികളെ കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന്റെ അതുവഴി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭര്‍ത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളാണ് രണ്ടു യുവതികളും. സംഭവത്തില്‍ അമ്മയായ രേഷ്മ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ വ്യാഴാഴ്ച മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.പോലീസ് പോലും പ്രതീക്ഷിത്താത്ത തലത്തിലേക്കാണ് കേസിന്റെ അന്വേഷണം വഴിമാറുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടാണ് ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലില്‍ രേഷ്മ സമ്മദിച്ചു. കുഞ്ഞിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു കരിയിലക്കുഴിയില്‍ ഉപേക്ഷിച്ചതെന്നും രേഷ്മ പറഞ്ഞു.എന്നാല്‍ കാമുകനെക്കുറിച്ചു രേഷ്മ പറഞ്ഞ മൊഴികള്‍ പലതും കളവാണെന്നാണു പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. രേഷ്മ പറഞ്ഞ വിവരങ്ങള്‍ക്കു സമാനമായ ഫെയ്സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. രേഷ്മ റിമാന്‍ഡില്‍ കഴിയുന്ന വേളയില്‍ ഫോണിലേക്കെത്തിയ ചില സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രേഷ്മ, മാതാപിതാക്കളായ സുന്ദരേശന്‍പിള്ള, സീത എന്നിവരുടെ ഫോണുകളില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിനു കൈമാറി.രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു വൈകാതെ നാട്ടില്‍ എത്തുമെന്നാണു വിവരം. ഭര്‍ത്താവിനെ ചോദ്യം ചെയ്യുമ്ബോള്‍ രേഷ്മയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു രേഷ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു.ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ ജോസഫൈന്‍ യുവതിയോട് മോശമായി സംസാരിച്ചതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി.പാർട്ടി ആവശ്യപ്പെട്ടതോടെയാണ് ജോസഫൈൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. അധികാര കാലാവധി 11 മാസം കൂടി ബാക്കി നിൽക്കുന്നതിനിടെയാണ് ജോസഫൈൻറെ രാജി.പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. നേതാക്കളും ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചതായാണ് സൂചന. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിനു മുന്നിലെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ വ്യാപകമായ വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ജോസഫൈൻ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഗാർഹിക പീഡനത്തിന് പരാതി നൽകാൻ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിക്കുകയും ആശ്വാസവാക്കുകൾ നൽകുന്നതിന് പകരം മോശമായി രീതിയിൽ പെരുമാറുകയുമാണ് ജോസഫൈൻ ചെയ്തത്. സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും സംസ്ഥാനത്ത് ഉയർന്നുവരുന്ന സാഹചര്യത്തിൽ വനിത കമ്മീഷൻ അദ്ധ്യക്ഷയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തികച്ചും ഉത്തരവാദിത്വമില്ലാത്ത തരത്തിലുള്ള പരാമർശം ആയിരുന്നു എന്നുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ജോസഫൈനെതിരെ കോണ്‍ഗ്രസ് വഴി തടയല്‍ സമരം പ്രഖ്യാപിച്ചിരുന്നു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരന്‍ പറഞ്ഞിരുന്നു.
പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം;പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല;കേസില്‍ ദുരൂഹത
കൊല്ലം: പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ ദുരൂഹത. സംഭവത്തില്‍ രേഷ്മയെ സഹായിച്ചു എന്ന സംശയത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കാണാതായ യുവതികള്‍ക്കായി ഇത്തിക്കരയാറ്റില്‍ തിരച്ചില്‍ നടത്തുകയാണ്.കാണാതായവര്‍ക്ക് 23ഉം 22ഉം വയസ്സു മാത്രമാണുള്ളത്.ഇതില്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുടെ പേരിലെ മൊബൈലാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് ഇവരെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. ഈ വര്‍ഷം ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട കാമുകന്‍റെ നിര്‍ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്‌മ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.രേഷ്മ പറഞ്ഞ വിവരങ്ങള്‍ക്കു സമാനമായ ഫെയ്സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തില്‍ കാമുകനു പങ്കില്ലെന്നാണു രേഷ്മയുടെ മൊഴി. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലൂടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു. യുവതി ഗര്‍ഭിണിയായതും പ്രസവിച്ച വിവരവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നതും ദുരൂഹത കേസില്‍ വര്‍ധിപ്പിക്കുന്നു.
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവം;കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒ.പികള്‍ ബഹിഷ്‌കരണം തുടങ്ങി
ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒ.പികള്‍ ബഹിഷ്‌കരണം തുടങ്ങി. സൂചനാ സമരമെന്ന നിലയില്‍ രാവിലെ 10 മുതല്‍ 11 വരെമാത്രമാണ് ബഹിഷ്‌കരണം. സ്‌പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്‌കരിക്കുന്നത്. രാവിലെ 10 മുതല്‍ 11 വരെ ഒ.പി നിര്‍ത്തിവച്ച് പ്രതിഷേധ യോഗം നടത്തും.അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല. സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും രംഗത്തുണ്ട്. നടപടി വൈകിയാല്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഐഎംഎയും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മെയ് 14 നാണ് സിവില്‍ പോലിസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രന്‍ മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്.അഭിലാഷിന്റെ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് പ്രതിയായ പോലീസുകാരൻ ഒളിവില്‍ പോയിരുന്നു. ക്രൂരമായ മര്‍ദനമേറ്റതായും നീതി കിട്ടാത്തതിനാല്‍ രാജി വയ്ക്കുകയാണെന്നും മര്‍ദനമേറ്റ ഡോ. രാഹുല്‍ മാത്യു ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ഇദ്ദേഹം ദീര്‍ഘാവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.അതേ സമയം ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി.വൈഎസ്.പിക്കാണ് അന്വേഷണ ചുമതല. ആലപ്പുഴ ജില്ലാ പൊലിസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂര്‍ ഡി.വൈഎസ്പി, മാവേലിക്കര എസ്‌എച്ച്‌ഒ എന്നിവര്‍ സംഘത്തില്‍ ഉണ്ടാകും.
രാജ്യദ്രോഹ പരാമർശം; ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യപേക്ഷയിൽ അന്തിമ വിധി ഇന്ന്
കൊച്ചി:രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും.കേസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പോലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഐഷ സുല്‍ത്താന കവരത്തി പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.ചാനല്‍ ചര്‍ച്ചയ്ക്കിടെ അബദ്ധത്തില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ ഐഷ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഹര്‍ജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യദ്രോഹപരാമര്‍ശം നടത്തുകയായിരുന്നുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഐഷ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും. എന്നാൽ കേരളത്തിലെത്തുന്ന ഐഷയ്ക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് സൂചന. ഐഷയ്‌ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ഉള്ളത്.മീഡിയാ വൺ ചാനൽ ചർച്ചയ്ക്കിടെ രാജ്യദ്രോഹ പരാമർശം നടത്തിയ സംഭവത്തിലാണ് ഐഷയ്‌ക്കെതിരെ പോലീസ് കേസെടുത്ത്. കേന്ദ്ര സർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചു എന്നായിരുന്നു ഐഷയുടെ പരാമർശം. ഇത് പിൻവലിക്കാൻ പറഞ്ഞെങ്കിലും ഐഷ തയ്യാറായില്ല. തുടർന്നാണ് ഐഷയ്‌ക്കെതിരെ പരാതിയുമായി ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയത്.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും.അര്‍ജുന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെഫീഖുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഷെഫീഖ് അര്‍ജുന്‍ ആയങ്കിയെ നിരവധി തവണ വിളിച്ചതിന്‍റെ രേഖകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷഫീഖിനെ അവസാനമായി വിളിച്ചത് അര്‍ജുനായിരുന്നു. ഷഫീഖ് വിമാനത്താവളത്തിനുള്ളില്‍വെച്ച് കസ്റ്റംസ് പിടിയിലായ വിവരം അറിഞ്ഞയുടന്‍ അര്‍ജുന്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു.രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കി അവിടെ എത്തിയിരുന്നെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കേസില്‍ കാണാതായ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ടെത്താനുള്ള ശ്രമവും കസ്റ്റംസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.കണ്ണൂര്‍ അഴീക്കോട്ട് പൂട്ടിക്കിടന്ന ഉരു നിര്‍മ്മാണശാലയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ വാഹനം കഴിഞ്ഞ ദിവസം കാണാതായിരുന്നു. കസ്റ്റംസ് എത്തുന്നതിന് തൊട്ടു മുൻപ് കാര്‍ ഇവിടെ നിന്നും കടത്തി. അര്‍ജുന്‍ ആയങ്കിലും സംഘം തന്നെയാണ് കാര്‍ കടത്തിയതെന്നാണ് സംശയം. അതിനിടയില്‍ ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടു പോയ കാര്‍ തിരിച്ചു തന്നില്ലെന്ന പരാതിയുമായി കാറിന്റെ ഉടമസ്ഥാന്‍ കണ്ണൂര്‍ ഡിവൈഎസ്പിയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോലിലെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.
സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;136 മരണം;11,469 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂർ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂർ 696, കോട്ടയം 594, പത്തനംതിട്ട 525, കാസർഗോഡ് 439, വയനാട് 352, ഇടുക്കി 309 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,250 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 1419, കൊല്ലം 1319, മലപ്പുറം 1245, തിരുവനന്തപുരം 1169, കോഴിക്കോട് 1034, തൃശൂർ 1018, പാലക്കാട് 521, ആലപ്പുഴ 756, കണ്ണൂർ 636, കോട്ടയം 570, പത്തനംതിട്ട 517, കാസർഗോഡ് 422, വയനാട് 332, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.77 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, കാസർഗോഡ് 13, എറണാകുളം 10, പാലക്കാട് 8, കോഴിക്കോട്, വയനാട് 6 വീതം, തിരുവനന്തപുരം 4, ആലപ്പുഴ, തൃശൂർ 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1718, കൊല്ലം 470, പത്തനംതിട്ട 245, ആലപ്പുഴ 820, കോട്ടയം 655, ഇടുക്കി 472, എറണാകുളം 2006, തൃശൂർ 1185, പാലക്കാട് 1011, മലപ്പുറം 904, കോഴിക്കോട് 888, വയനാട് 245, കണ്ണൂർ 433, കാസർഗോഡ് 417 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആർ. 8ന് താഴെയുള്ള 313, ടി.പി.ആർ. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആർ. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആർ. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആർ. അടിസ്ഥാനമാക്കി പരിശോധനയും വർധിപ്പിക്കുന്നതാണ്.
പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറി;വനിത കമീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈനെതിരെ പ്രതിഷേധം ശക്തം
കൊച്ചി: ഭർതൃവീട്ടിലെ പീഡനത്തിൽ പരാതി നൽകാൻ വിളിച്ച യുവതിക്ക് വനിത കമീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ നൽകിയ മറുപടി വിവാദത്തിൽ.ഒരു സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ മോശം ഭാഷയിൽ പ്രതികരിച്ചത്. ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന യുവതി പോലീസിൽ പരാതി നൽകിയില്ലെന്ന് പറഞ്ഞതോടെ ‘എന്നാ പിന്നെ അനുഭവിച്ചോ’ എന്ന മറുപടിയാണ് ജോസഫൈൻ നൽകിയത്.2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റതായും യുവതി വനിതാ കമ്മീഷന് ഫോണിലൂടെ നൽകിയ പരാതിയിൽ പറയുന്നു. ഇത് കേട്ട ഉടൻ നിങ്ങൾ എന്ത് കൊണ്ട് പോലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. താൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകുന്നുണ്ട്. ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നാണ് യുവതിക്ക് ജോസഫൈൻ നൽകിയ മറുപടി.ഭർത്താവുമായി യോജിച്ച് ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ച് കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും ജോസഫൈൻ പറയുന്നുണ്ട്. വേണമെങ്കിൽ വനിതാ കമീഷനിൽ പരാതി നൽകാനും എം.സി ജോസഫൈൻ പറഞ്ഞു.ഈ വീഡിയോ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ ജോസഫൈനെതിരെ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി നടത്തിയ പരിപാടിയിലാണ് പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മോശം പെരുമാറ്റം ഉണ്ടായത്. സിനിമാ-സാമൂഹ്യരംഗത്തെ നിരവധി പ്രമുഖരാണ് വിഷയത്തില്‍ ജോസഫൈനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കണ്ണൂരിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി
കണ്ണൂർ: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.പേരാവൂരില്‍ താമസിക്കുന്ന മനോജ് താഴെപുഴയില്‍, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവര്‍ ഞങ്ങളെ പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്നും സിനിമയുടെ മറവില്‍ ഇവര്‍ പല തെറ്റായ പ്രവര്‍ത്തനങ്ങളും നടത്തുന്നതായും പരാതിക്കാര്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.പേരാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീഷ്മ കലാസാംസ്‌കാരിക വേദി എന്ന സംഘടനയുടെ ഭാരവാഹികളാെണെന്നാണ് ഇവര്‍ പറഞ്ഞത്. സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍, ഫോട്ടോകളും പത്രവാര്‍ത്തകളും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.ആദ്യം വടകരയിലും പിന്നീട് പേരാവൂര്‍, പെരളശ്ശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടത്തിയിരുന്നു. നടന്‍ ബോബന്‍ ആലുമൂടന്‍ ഉള്‍പ്പെടെയുള്ള പല ആര്‍ടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നു. ബോബന്‍ ആലമൂടന്റെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് ഒമ്പതോളം പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും ഇവര്‍ പണം കൈപ്പറ്റിയിട്ടുണ്ട്.പക്ഷെ സിനിമക്ക് കൃത്യമായ കഥയോ തിരക്കഥയോ മേക്കപ്പോ ഗാനങ്ങളോ ഒന്നും തന്നെയില്ലെന്ന് മനസ്സിലാക്കി ചോദ്യം ചെയ്തപ്പോള്‍ എല്ലാം ശരിയാക്കമെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുകയായിരുന്നു. അഭിനയിപ്പിക്കുന്നതിനായി പലരില്‍ നിന്നും 25,000 മുതല്‍ തുക കൈപ്പറ്റിയിട്ടുണ്ട്. തുക തിരിച്ചു ചോദിച്ചുവെങ്കിലും ഒഴിവുകഴിവ് പറയുകയും ഇനിയും പണം തന്നാല്‍ മാത്രമെ പടം റിലീസാക്കാന്‍ കഴിയുകയുള്ളുമെന്നാണ് പറയുന്നതെന്ന് പരാതിക്കാർ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രജനി എം വേങ്ങാട്, ഇ. വിനയകുമാര്‍, ശ്രീഷ്മ എന്നിവര്‍ പങ്കെടുത്തു.
വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും
കൊല്ലം:വിസ്മയ കേസിൽ കൂടുതൽ അന്വേഷണത്തിനായി റിമാന്റിൽ കഴിയുന്ന ഭർത്താവ് കിരൺകുമാറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും. ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന കിരണിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാകും അപേക്ഷ നൽകുക. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തിയ ശേഷമാകും ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.നിലവിൽ ഐപിസി 498എ 304ബി എന്നീ വകുപ്പുകളാണ് ഇയാൾക്കുമേൽ ചുമത്തിയിട്ടുള്ളത്.തൂങ്ങി മരണമെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരുമായി ഇക്കാര്യം വിശകലനം ചെയ്തു മൊഴി രേഖപ്പെടുത്തും. കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് അന്വേഷണ മേൽനോട്ട ചുമതലയുള്ള ദക്ഷിണമേഖലാ ഐജി ഹർഷിതാ അത്തല്ലൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .കിരണിന്റെ മാതാപിതാക്കളെയും ഉടൻ ചോദ്യം ചെയ്തേക്കും.