കാസർകോഡ്:സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാൻ കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി.മഞ്ചേശ്വരം ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്റെ പരാതിയിലാണ് കോടതി ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ബി ( തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാൻ കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രണ്ട് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി നല്‍കിയത്. മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കാന്‍ ബിജെപി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് നല്‍കിയ അപേക്ഷ നിയമതടസ്സമുള്ളതിനാല്‍ കോടതി തിരികെ നല്‍കിയിരുന്നു. കോഴ നല്‍കിയെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതില്‍ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിരുന്നു.ഇതേ തുടര്‍ന്നാണ് കോഴ നല്‍കിയെന്ന പരാതിയില്‍ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായ വി.വി രമേശന്‍ കോടതിയെ സമീപിച്ചത്.മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാര്‍ട്ട് ഫോണും നല്‍കിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ ശേഷം ഇളവ് മതിയെന്ന് വിദഗ്ധര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ ശേഷം ഇളവ് നൽകിയാൽ മതിയെന്നാണ് വിദഗ്‌ധാഭിപ്രായം.ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 15ല്‍ താഴെയാണ്. കഴിഞ്ഞ ദിവസം ഇത് 14 ആയിരുന്നു.ജൂണ്‍ ഒൻപത് വരെയാണ് സംസ്ഥാനത്ത് നിലവിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ ടി.പി.ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെ വേഗത്തില്‍ താഴ്‌ന്നെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടാവാതിരുന്നതോടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.അതേസമയം, ലോക്ക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. ഈ സാഹചര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിർദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന മിനി ലോക്ക്ഡൗണ്‍ നടപ്പാക്കുകയെന്ന കാര്യവും ആലോചനയിലുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ ശക്തമായ ലോക്ക്ഡൗണ്‍ ഇനിയും തുടരാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.
കണ്ണൂരിൽ ആംബുലന്‍സ് നിയന്ത്രണം വിട്ട് ആല്‍മരത്തിലേക്ക് ഇടിച്ച് കയറി മൂന്ന് മരണം
കണ്ണൂര്‍: എളയാവൂരില്‍ ആംബുലന്‍സ് അപകടത്തില്‍ രോഗി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. രോഗികളുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് ആല്‍മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. ആംബുലന്‍സിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ (45), സഹോദരി റെജിന (37), ഡ്രൈവര്‍ നിധിന്‍ രാജ് ഒ വി ( 40 ) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ബെന്നിയാണ് ചികിത്സയിലുള്ളത്.പയ്യാവൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ ചുണ്ടപ്പറമ്പിൽ നിന്ന് രോഗിയുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സ് എളയാവൂരിന് അടുത്തുവെച്ച് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. മരിച്ച ബിജോയ്ക്ക് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതുമൂലം പയ്യാവൂരിലെ മേഴ്സി ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89; 209 മരണം;24,003 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,140 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1007 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2291, മലപ്പുറം 1904, പാലക്കാട് 1199, കൊല്ലം 1777, എറണാകുളം 1736, തൃശൂര്‍ 1572, കോഴിക്കോട് 1487, ആലപ്പുഴ 1200, കോട്ടയം 795, കണ്ണൂര്‍ 611, കാസര്‍ഗോഡ് 509, പത്തനംതിട്ട 459, ഇടുക്കി 379, വയനാട് 221 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം 10, കണ്ണൂര്‍ 9, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, വയനാട് 7, പാലക്കാട് 6, കൊല്ലം 4, പത്തനംതിട്ട 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2236, കൊല്ലം 1029, പത്തനംതിട്ട 1294, ആലപ്പുഴ 949, കോട്ടയം 802, ഇടുക്കി 489, എറണാകുളം 1778, തൃശൂര്‍ 1537, പാലക്കാട് 5108, മലപ്പുറം 4951, കോഴിക്കോട് 1848, വയനാട് 405, കണ്ണൂര്‍ 898, കാസര്‍ഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 870 ഹോട്ട് സ്പോട്ടുകളാണുള്ളത്.
40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:സംസ്ഥാനത്ത് 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കൊറോണ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്.മാനസിക വൈകല്യമുള്ളവരെ വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും. സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുള്‍പ്പെടെ ഇനിയും വാക്സിനേഷന്‍ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്സിനേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും.മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളുടെയും കുട്ടികളിലെ ഇന്‍ഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്‍റെ ഫലങ്ങള്‍ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും. ലോകമെമ്പാടും കോവിഡ് വൈറസിന്‍റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തും.ഈ മാസത്തോടെ കര്‍ഷകരുടെ പക്കലുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്‍റെ കാലാവധി അവസാനിക്കും. കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് കാലാവധി നീട്ടാനുള്ള നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ആളുകള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയിലെ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ തുടര്‍ച്ചയായി കൊറോണ ടെസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുവായ റബ്ബര്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും തീരുമാനമായി. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്കൃത വസ്തുക്കളുടെ കടകളും പ്രവര്‍ത്തിക്കാം.സമൂഹ അടുക്കളയില്‍ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാഭരണകൂടങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി; മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയതായി ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ.സുന്ദര
കാസര്‍ഗോഡ്: കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മറാന്‍ ബി.ജെ.പി തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയതായി ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ.സുന്ദര.പതിനഞ്ച് ലക്ഷം രൂപയാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും നല്‍കാന്‍ കഴിയില്ലെന്ന് ബി.ജെ.പി പറഞ്ഞു. ബി.ജെ.പി വിജയിച്ചാല്‍ കര്‍ണാടകയില്‍ ബന്ധുക്കളുടെ പേരില്‍ വൈന്‍ പാര്‍ലറും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി പരാജയപ്പെട്ടതിനാല്‍ പിന്നീട് അവര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കെ.സുന്ദര പറഞ്ഞു.ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്റ് ആണ് തനിക്ക് പണം നല്‍കിയത്. രണ്ട് ലക്ഷം രൂപ അമ്മയുടെ പക്കലും 50000 രൂപ തനിക്കും നല്‍കി. 15,000 രൂപ വില വരുന്ന റെഡ്മി ഫോണും തനിക്ക് നല്‍കിയെന്നും ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ.സുന്ദര പറഞ്ഞു.മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെയാണ് സുന്ദര മത്സരിക്കാനിറങ്ങിയത്. 2016ലെ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് മത്സരിച്ച സുന്ദര 489 വോട്ട് നേടിയിരുന്നു. കെ.സുരേന്ദ്രനാകട്ടെ ആ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടതും. സമാനമായ മത്സരം ഇത്തവണയും നടന്നതോടെയാണ് സുന്ദരയെ മത്സരംഗത്തുനിന്ന് മാറ്റാന്‍ ബി.ജെ.പി സ്വാധീനം ചെലുത്തിയത്.മഞ്ചേശ്വരത്ത് മത്സരം മുറുകിപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച കെ.സുന്ദര ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് ഓഫീസില്‍ എത്തിയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സുന്ദരയുടെ രാഷ്ട്രീയ മാറ്റത്തിനെതിരെ ബി.എസ്.പി രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഭീഷണിയും പ്രലോഭനവും വഴിയാണ് സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചതെന്നായിരുന്നു ബി.എസ്.പിയുടെ ആരോപണം.
സംസ്ഥാനത്ത് ഇന്നു മുതല്‍ ജൂൺ 9 വരെ കര്‍ശന നിയന്ത്രണം;അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നു മുതല്‍ ജൂൺ 9 വരെ കര്‍ശന നിയന്ത്രണങ്ങൾ.കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുക, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയന്ത്രണം കടുപ്പിച്ചത്.നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കു പുറമേയാണിത്. നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍,മെഡിക്കല്‍ സ്‌റ്റോറുകള്‍, എന്നിവയ്ക്കു മാത്രമാണ് 5 ദിവസം പ്രവര്‍ത്താനുമതി. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള മറ്റു വിപണന സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. റേഷന്‍കടകള്‍ 9 മുതല്‍ 7.30 വരെ തുറക്കാം. ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനാവും.സര്‍ക്കാര്‍ അനുവദിച്ച അവശ്യസര്‍വിസ് വിഭാഗങ്ങളിലുള്ളവര്‍ ജോലി സ്ഥലത്തേക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്രചെയ്യണം. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം. സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി. ബുധനാഴ്ച വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഹ്രസ്വദൂര യാത്രയ്ക്ക് സത്യവാങ്മൂലവും ജില്ല വിട്ടുളള യാത്രയ്ക്ക് പൊലീസ് പാസും നിര്‍ബന്ധമാണ്. പ്രഭാത-സായാഹ്ന നടത്തം, മൊബൈല്‍ക്കടകളുടെ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ച ഇളവുകളെല്ലാം പിന്‍വലിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82; 25,860 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,229 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂർ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂർ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസർഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2245, തിരുവനന്തപുരം 1845, പാലക്കാട് 1323, കൊല്ലം 1708, എറണാകുളം 1510, തൃശൂർ 1489, ആലപ്പുഴ 1191, കോഴിക്കോട് 1111, കോട്ടയം 606, കണ്ണൂർ 559, പത്തനംതിട്ട 481, ഇടുക്കി 458, കാസർഗോഡ് 382, വയനാട് 252 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.67 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 15, തിരുവനന്തപുരം 8, തൃശൂർ, വയനാട് 6 വീതം, കൊല്ലം, എറണാകുളം, പാലക്കാട്, കാസർഗോഡ് 5 വീതം, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കോട്ടയം 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983, ഇടുക്കി 863, എറണാകുളം 6149, തൃശൂർ 1726, പാലക്കാട് 3206, മലപ്പുറം 2840, കോഴിക്കോട് 1230, വയനാട് 55, കണ്ണൂർ 870, കാസർഗോഡ് 396 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലന്‍സ് അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.പള്ളിക്കുന്നിലെ അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയാണ് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം മൊഴിയെടുത്ത്. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ നടത്താന്‍ അനുവദിച്ച ഒരു കോടി രൂപയില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. 2016 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് തിരക്കുപിടിച്ച് പദ്ധതി കൊണ്ടുവന്നത്. ഈ സമയം കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു അബ്ദുള്ളക്കുട്ടി.ഉപകരണങ്ങളും മറ്റും വാങ്ങാന്‍ ഒരു കോടി രൂപ ചെലവഴിച്ചെങ്കിലും 2018 ല്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മാത്രമാണ് നടത്തിയത്. ഈ ഇനത്തില്‍ വന്‍ സാമ്പത്തികത്തട്ടിപ്പ് നടന്നുവെന്ന പരാതിയിലാണു വിജിലന്‍സ് കേസെടുത്തത്. കേസില്‍ കണ്ണൂര്‍ ഡിടിപിസി ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ബന്ധപ്പെട്ട ഫയല്‍ പിടിച്ചെടുത്തിരുന്നു.അതേസമയം, പദ്ധതിയിലെ ക്രമക്കേടിന്റെ അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ എംഎല്‍എയുടെ മൊഴി എടുക്കാനെന്ന നിലയിലാണ് വിജിലന്‍സ് സംഘം തന്റെ വീട്ടില്‍ വന്നതെന്നും റെയ്ഡ് എന്ന നിലയില്‍ പ്രചരിച്ച വാര്‍ത്ത ശരിയല്ലെന്നും അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഉദ്യോഗസ്ഥരോട് ഓഫീസില്‍ വരാമെന്ന് താന്‍ സമ്മതിച്ചതാണെന്നും അവരാണ് വീട്ടില്‍ വരാമെന്ന് പറഞ്ഞതെന്നും അബ്ദുള്ളക്കുട്ടി പോസ്റ്റില്‍ പറഞ്ഞു.കേരളം കണ്ട ടൂറിസത്തിലെ വലിയ തട്ടിപ്പാണിത്. അന്നത്തെ സര്‍ക്കാര്‍, ഡിടിപിസി ഇവരൊക്കെ മറുപടി പറയേണ്ടതുണ്ട്. കുറ്റക്കാരനെ കണ്ടെത്തി കാശ് തിരിച്ചുപിടിച്ച് പദ്ധതി പുന:സ്ഥാപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാവണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി;വിദ്യാർത്ഥികൾക്ക് രണ്ടു ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി പൂർത്തിയാക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി.വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ടെലി കൗണ്‍സിലിങ്ങിനു സംവിധാനം ഉണ്ടാക്കും. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി സാമൂഹ്യ ആരോഗ്യ സമിതി രൂപവത്കരിക്കും. അധ്യാപകര്‍ തന്നെ ക്ലാസ് എടുക്കും. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി സൃഷ്ടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.ഉന്നത വിദ്യാഭ്യസരംഗത്ത് സമഗ്ര പരിഷ്കരണമുണ്ടാകും. സ്കൂള്‍ തലം മുതല്‍ വിദ്യാഭ്യസ സംവിധാനത്തില്‍ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് 10 കോടി നീക്കിവെച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വികസനത്തിന് കമ്മിഷന്‍ രൂപീകരിക്കും. മൂന്ന് മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണം.