കെ സുരേന്ദ്രനുമായുള്ള പുതിയ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പ്രസീത അഴീക്കോട്

keralanews praseetha azhikode reveals new phone conversation with k surendran

കണ്ണൂര്‍: സി കെ ജാനുവിന് പത്ത് ലക്ഷം രൂപ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോഴ നല്‍കിയതായ ആരോപണത്തില്‍ പുതിയ ഫോണ്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത അഴീക്കോട്. താനും കെ സുരേന്ദ്രനും തമ്മില്‍ സംസാരിക്കുന്ന ഫോണ്‍ സന്ദേശമാണ് പുറത്തുവിട്ടതെന്ന് പ്രസീത പറയുന്നു. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുൻപ്  സുരേന്ദ്രന്‍ വിളിച്ച ഫോണ്‍ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്. മഞ്ചേശ്വരം കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ വിവാദത്തിലായിരിക്കുന്ന കെ. സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സി കെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയില്‍ സുരേന്ദ്രനെന്ന് കരുതപ്പെടുന്ന വ്യക്തി പറയുന്നു.ആര് അറിയരുതെന്നാണ് പറയുന്നതെന്ന് പ്രസീത എടുത്ത് ചോദിക്കുന്നുണ്ട്. കൃഷ്ണദാസെന്ന് സുരേന്ദ്രന്‍ പറയുമ്പോൾ അവര്‍ അറിയാന്‍ ഇടയില്ലെന്നാണ് പ്രസീതയുടെ മറുപടി.  ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. രാവിലെ ഒൻപത് മണിയോടെ കാണാനെത്താമെന്നും ഇയാള്‍ പ്രസീതയോട് പറയുന്നു. ഇതൊന്നും കൃഷ്ണദാസിനോട് പറയില്ലല്ലോ എന്നുമൊക്കെ ശബ്ദരേഖയില്‍ പറയുന്നുണ്ട്. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖ നേരത്തെയും പ്രസീത പുറത്തുവിട്ടിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ടിക്‌ടോക് താരം അറസ്റ്റില്‍

keralanews tiktok actor arrested for raping minor girl and making her pregnant

തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ ടിക് ടോക് താരം അറസ്റ്റില്‍. ടിക് ടോക് അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ ഷോർട്ട് വീഡിയോ ചെയ്ത് ശ്രദ്ധേയനായ അമ്പിളിയെന്ന വിഘ്നേഷ് കൃഷ്ണയാണ് പിടിയിലായത്. തൃശൂര്‍ വടക്കാഞ്ചേരി കുമ്പളങ്ങാട് പള്ളിയത്ത് പറമ്പില്‍ വിഘ്നേഷ് സഖാവ് അമ്പിളി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇടത് അനുകൂല പോസ്റ്റുകൾ പ്രചരിപ്പിച്ചതിലൂടെയാണ് അമ്പിളിയ്ക്ക് സഖാവ് അമ്പിളി എന്ന പേര് ലഭിച്ചത്.19കാരനായ വിഘ്നേഷ് ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്.സാമൂഹികമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച അമ്പിളി പെണ്‍കുട്ടിയെ നേരില്‍ കാണുകയും ചെയ്തിരുന്നു.ബൈക്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ആഴ്ചകള്‍ക്ക് മുൻപ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ പെണ്‍കുട്ടി പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പരിസരത്ത് നിന്ന് എസ് ഐ ഉദയകുമാര്‍, സിപിഒമാരായ അസില്‍, സജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളേയും പ്രകൃതിയേയും നോവിക്കരുതെന്നും അതിന്റെ കഥകള്‍ പറഞ്ഞ് കരയുകയുമാണ് അമ്പിളിയുടെ പ്രധാന പരിപാടി. മിക്കവീഡിയോകളും പെണ്‍കുട്ടികളെ സഹോദരിമാരായി കാണണമെന്നടക്കം വിഷയങ്ങളായിരുന്നു.ടിക് ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീല്‍സിലും വീഡിയോകളുമായി അമ്പിളി സജീവമായിരുന്നു. സൈബര്‍ ഇടത്തില്‍ വന്‍ താരമായി വിലസവേയാണ് അമ്പിളിയെന്ന വിഘ്‌നേഷ് പീഡന കേസില്‍ വലയിലാകുന്നത്.

ഇനി ഡ്രൈവിംഗ് ടെസ്റ്റ് പാസാകാതെയും ലൈസന്‍സ്;മാനദണ്ഡങ്ങള്‍ ഇങ്ങനെ

keralanews licenses without passing the driving test

ന്യൂഡൽഹി:ഇനി ഡ്രൈവിങ് ടെസ്റ്റ് പാസാകാതെയും ലൈസന്‍സ് എടുക്കാം. മികച്ച രീതിയില്‍ ഡ്രൈവ് ചെയ്യുമെങ്കിലും ഡ്രൈവിംഗ് ടെസ്റ്റിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ ടെസ്റ്റ് പരാജയപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത്തരക്കാര്‍ക്ക് ഗുണകരമാവുന്നതാണ് പുതിയ നിയമം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ ലൈസന്‍സ് നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളില്‍നിന്ന് പരിശീലനം കഴിഞ്ഞവര്‍ക്കാണ് പരീക്ഷ പാസാവാതെ ലൈസന്‍സ് ലഭിക്കുക. ഇത്തരം സെന്ററുകള്‍ക്ക് ബാധകമാകുന്ന ചട്ടങ്ങള്‍ ജൂലായ് ഒന്നിന് നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും. രാജ്യത്ത് കൂടുതല്‍ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം താല്‍പര്യമുള്ളവര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാം.എന്നാല്‍, ഇത്തരം സെന്ററുകള്‍ പൂര്‍ണമായും സര്‍ക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നതു സംബന്ധിച്ചൊന്നും വ്യക്തത വന്നിട്ടില്ല. ഇതുവരെ സര്‍ക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്.അതേസമയം, അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ അപൂര്‍വമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന രീതിയില്‍ മാതൃകാ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് നിലവില്‍ ഉള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണ്. ഒരു സംസ്ഥാനത്ത് കൂടുതല്‍ അക്രഡിറ്റഡ് കേന്ദ്രങ്ങള്‍ അനുവദിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

കോവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; കുട്ടികളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

keralanews covid third wave department of health with warning guidelines have been issued to pay special attention to children

തിരുവനന്തപുരം:കോവിഡ് മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.കുട്ടികളെ സുരക്ഷിതരാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ പ്രായക്കാര്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളെയും മറ്റുള്ളവരുമായുള്ള സമ്പർക്കത്തിൽ നിന്ന് ഒഴിവാക്കണം.

മറ്റു നിര്‍ദേശങ്ങള്‍:

  • പലചരക്കു കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളെ അയയ്ക്കരുത്.
  • ഭക്ഷണം, കളിപ്പാട്ടങ്ങള്‍ എന്നിവ പങ്കുവയ്ക്കരുത്.
  • അയല്‍പക്കത്തെ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക.
  • മുതിര്‍ന്നവര്‍ കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക.
  • ബന്ധുവീടുകളും ആശുപത്രികളും സന്ദര്‍ശിക്കാന്‍ പോകുമ്പോൾ കുട്ടികളെ ഒപ്പം കൂട്ടരുത്.
  • പനി, ഗന്ധം അനുഭവപ്പെടാതിരിക്കുക, ക്ഷീണം എന്നീ അവസ്ഥകളില്‍ കുട്ടികളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുക.
  • മറ്റു വീടുകളില്‍ ട്യൂഷന് അയയ്ക്കാതിരിക്കുക.
  • കുട്ടികള്‍ക്കുള്ള അത്യാവശ്യ മരുന്നുകള്‍ വീടുകളില്‍ കരുതുക.
  • വീട്ടിലെ 18 വയസ്സു കഴിഞ്ഞവരെല്ലാം വാക്‌സീന്‍ സ്വീകരിക്കുക.
  • സമ്പർക്ക പട്ടികയിലുള്ളവര്‍, കോവിഡ് പോസിറ്റീവായവര്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ കുട്ടികളുമായി ഒരുവിധ സമ്പർക്കവും പുലര്‍ത്താതിരിക്കുക.
  • വിവാഹം, മരണം, പൊതുചടങ്ങുകള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്.

സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂർണ്ണ ലോക്ഡൗണ്‍‍; അവശ്യ സർവീസുകൾക്ക് മാത്രം പ്രവര്‍ത്തനാനുമതി

keralanews complete lockdown in the state today and tomorrow permission for essential services only

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളേയും സമ്പൂർണ്ണ ലോക്ഡൗണ്‍‍. ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായി കര്‍ശ്ശന സുരക്ഷ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഈ രണ്ട് ദിവസങ്ങളില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്‌സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല.ശനിയാഴ്ചയും ഞായറാഴ്ചയും സാമൂഹിക അകലം പാലിച്ച്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തടസമില്ല. എന്നാല്‍ ഇക്കാര്യം പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണമെന്നുണ്ട്. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം.നേരത്തെ ഇളവ് നല്‍കിയ സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയില്ല. ഇന്നും നാളെയും കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്.ടിപിആര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്.

സംസ്ഥാനത്ത് 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ്

keralanews health department says more than 25 per cent of people in the state have been vaccinated with the first dose

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് 19 വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്ത് ഇതുവരെ ആകെ 1,09,61,670 ഡോസ് വാക്സിനാണ് നല്‍കിയത്. അതില്‍ 87,52,601 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 22,09,069 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച്‌ 26.2 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 6.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഏറ്റവുമധികം വാക്സിന്‍ നല്‍കിയത് തിരുവനന്തപുരത്താണ്. 10,08,936 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2,81,828 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും ഉള്‍പ്പെടെ 12,90,764 ഡോസ് വാക്സിനാണ് തിരുവനന്തപുരം ജില്ലയില്‍ നല്‍കിയത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച്‌ പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തിനാകെ ഇതുവരെ 1,05,13,620 ഡോസ് വാക്സിനാണ് ലഭ്യമായത്. അതില്‍ 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങിയത്. 86,84,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 9,44,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 96,29,330 ഡോസ് വാക്സിന്‍ കേന്ദ്രം നല്‍കിയതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിന്‍ ലഭ്യമാകുമെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

എ ടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ ബി ഐ യുടെ അനുമതി

keralanews rbi allows banks to increase atm transaction charges

ന്യൂഡൽഹി: എ ടി എം ഇടപാട് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി ആര്‍ ബി ഐ.ഇന്‍റര്‍ചേഞ്ച് ചാര്‍ജും, ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജുമാണ് വര്‍ധിപ്പിക്കാന്‍ ബാങ്ക് അനുമതി നല്‍കിയത്. ഇതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടി. 2022 ജനുവരി ഒന്ന് മുതല്‍ പുതിയ ചാര്‍ജ് നിലവില്‍ വരും. ഇതിനൊപ്പം നികുതിയുമുണ്ടാകും.ഇന്റര്‍ചേഞ്ച് ചാര്‍ജ് 15ല്‍ നിന്ന് 17 രൂപയാക്കി വര്‍ധിപ്പിക്കാനാണ് അനുമതി. എ ടി എം കാര്‍ഡ് നല്‍കുന്ന ബാങ്ക് എ ടി എം സെര്‍വീസ് പ്രൊവൈഡര്‍ക്ക് നല്‍കുന്ന ചാര്‍ജാണിത്. ഉപയോക്താക്കള്‍ ഇതരബാങ്കിന്റെ എ ടി എം ഉപയോഗിച്ച്‌ പണം പിൻവലിക്കുമ്പോഴാണ് ഈ ചാര്‍ജ് ബാങ്കുകള്‍ എ ടി എം പ്രൊവൈഡര്‍മാര്‍ക്ക് നല്‍കുന്നത്. ധനകാര്യേതര ഇടപാടുകളുടെ ചാര്‍ജ് 5 രൂപയില്‍ നിന്ന് 6 രൂപയായും വര്‍ധിപ്പിക്കും. ഇതോടെ എ ടി എമില്‍ നിന്ന് കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഉപയോക്താക്കള്‍ക്ക് ചുമത്തുന്ന ചാര്‍ജും ബാങ്കുകള്‍ വര്‍ധിപ്പിക്കും.നിലവില്‍ പ്രതിമാസം സ്വന്തം ബാങ്കിന്റെ എ ടി എമില്‍ നിന്ന് 5 ഇടപാടുകളും മറ്റ് ബാങ്കുകളില്‍ 3 ഇടപാടുകളും നടത്താനാണ് അനുമതിയുള്ളത്. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ ചാര്‍ജായി നല്‍കണം. ഇത് 21 രൂപയായി ബാങ്കുകള്‍ വര്‍ധിപ്പിക്കും.മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് ബാലന്‍സ് നോക്കുന്നതിന് ഇനി മുതല്‍ ആറ് രൂപ നല്‍കേണ്ടി വരും. നേരത്തെ ഇത് അഞ്ച് രൂപയായിരുന്നു. 2014 ലാണ് ഇതിന് മുമ്ബ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. ചാര്‍ജുകളില്‍ മാറ്റം വരുത്തിയിട്ട് വര്‍ഷങ്ങളായെന്ന വാദം റിസര്‍വ് ബാങ്ക് മുഖവിലക്കെടുക്കുകയായിരുന്നു.

ഓൺലൈൻ പഠനം; ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു

keralanews online learning steps taken to find immediate solutions to the problems faced by the children in the district

കണ്ണൂർ: ഓണ്‍ലൈന്‍ പഠനസൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം ചര്‍ച്ച ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 3605 കുട്ടികളാണ് ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നത്. വൈദ്യുതി, നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍, ഓണ്‍ലൈന്‍ പഠനോപകരണങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അര്‍ഹരായ കുട്ടികളെ കണ്ടെത്തണമെന്ന് ദിവ്യ പറഞ്ഞു. സ്‌കൂളുകളില്‍ നിയമിതരായ നോഡല്‍ ഓഫിസര്‍മാര്‍, പഠന സഹായ സമിതി, വാര്‍ഡ് മെംബര്‍മാരുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡ് ജാഗ്രത സമിതികള്‍ എന്നിവ ചേര്‍ന്ന് പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ച്‌ കുട്ടികളുടെ സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അര്‍ഹതയുള്ള ഒരു കുട്ടിക്ക് പോലും സഹായം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. ക്വാറികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഉപയോഗിച്ച്‌ പഠനസഹായം ഒരുക്കാന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ സാധ്യതകള്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ;കൊച്ചിയിലെത്തിച്ചു

keralanews kochi flat molestation case defendant martin joseph arrested and taken to kochi

കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫ് പിടിയിലായി.പാലക്കാട് മുണ്ടൂരിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പുലിക്കോട്ടിൽ പോലീസ് എത്തിയാണ് പിടികൂടിയത്. നേരത്തെ അറസ്റ്റിലായ സുഹൃത്തുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ഒളിസങ്കേതത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തൃശൂരിലെ കാട്ടിലും ഇന്ന് പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരന്നു. നേരത്തെ അറസ്റ്റിലായ മാർട്ടിന്റെ സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇവർ മൂന്ന് പേരും ചേർന്നാണ് മാർട്ടിന് ഒളിസങ്കേതം ഒരുക്കിക്കൊടുത്തത് എന്നാണ് വിവരം.പിടിയിലായ പ്രതിയെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെ തൃശൂരിൽ നിന്ന് കൊച്ചിയിലെത്തിച്ചു. കണ്ണൂർ സ്വദേശിനിയായ യുവതിയെ ഫ്‌ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചശേഷമാണ് മാർട്ടിൻ ഒളിവിൽ പോയത്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മറൈൻഡ്രൈവിലെത്തിയ യുവതി ക്രൂര പീഡനത്തിന് ഇരയാവുകയായിരുന്നു. ഫ്‌ലാറ്റിൽ നിന്നും രക്ഷപ്പെട്ടോടിയ യുവതി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് അന്വേഷിച്ച് എത്തുമ്പോഴേയ്ക്കും പ്രതി മുങ്ങുകയായിരുന്നു. യുവതിയെ മാർട്ടിൻ പീഡിപ്പിച്ച മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.

വയനാട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ റിട്ടയേർഡ് അധ്യാപകനും ഭാര്യയും മരിച്ചു

keralanews retired teacher and wife killed in attack of masked gang in wayanad

പനമരം: വയനാട്ടില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ റിട്ടയേർഡ് അധ്യാപകനും ഭാര്യയും മരിച്ചു.പനമരം നെല്ലിയമ്പം കവാടത്ത് പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയുമാണ് മരിച്ചത്. കേശവന്‍ മാസ്റ്റര്‍ വ്യാഴാഴ്ച രാത്രി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ വയനാട് മെഡിക്കൽ കോളജില്‍ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാവിലെയായിരുന്നു പത്മാവതിയുടെ മരണം.വീട്ടില്‍ തനിച്ച്‌ താമസിക്കുകയായിരുന്ന ദമ്പതികളെ വ്യാഴാഴ്ച രാത്രി 8 മണിയോടെ മുഖം മൂടി അണിഞ്ഞെത്തിയ സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.പത്മാവതിയുടെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് നാട്ടുകാര്‍ വീട്ടിലേക്ക് എത്തുന്നത് . ഈ സമയം അവര്‍ നിലവിളിച്ച്‌ കൊണ്ട് പുറത്തേക്ക് ഓടി വരികയായിരുന്നു എന്നാണ് പരിസരവാസികള്‍ നല്‍കുന്ന വിവരം. പരിസരവാസികള്‍ ശബ്ദം കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തുമ്പോഴേക്കും രണ്ടു മുഖം മൂടി ധാരികള്‍ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും വ്യക്തമാക്കുന്നു. കവര്‍ച്ചാ ശ്രമമായിരിക്കാം ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.