ബംഗളുരു: കാനറ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് കോടികൾ തട്ടിയെടുത്ത കേസില്‍ കാഷ്യര്‍ പിടിയില്‍. ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് അറസ്റ്റിലായത്. ബംഗളുരുവില്‍ നിന്നാണ് ഇയാൾ പിടിയിലായത്.കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതിക്കൊപ്പം ഭാര്യയും രണ്ടു കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ വിജീഷുമായി പോലീസ് സംഘം പത്തനംതിട്ടയില്‍ എത്തിച്ചേരും. തട്ടിപ്പില്‍ വിജേഷിന് മാത്രമാണ് പങ്കുള്ളതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.8 കോടി പതിമൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ ബാങ്കിൽ നിന്നും വെട്ടിച്ചത്. കാനറ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് ഇയാള്‍. ദീര്‍ഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പ് നടത്തിയത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിലാണ് ബാങ്ക് അധികൃതര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് നടത്തിയ ഓഡിറ്റിലാണ് കോടികളുടെ ക്രമക്കേട് നടന്നതായി വ്യക്തമാകുന്നത്.
ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി;ഇന്ന് വൈകീട്ട് ഗുജറാത്ത് തീരം തൊടും;മുംബൈ വിമാനത്താവളം അടച്ചു
മുംബൈ: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റ് 185 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇന്ന് വൈകീട്ട് ഗുജറാത്ത് തീരം തൊടും.ഇന്ന് രാത്രി എട്ടുമണിക്കും 11 മണിക്കൂം ഇടയില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെ തുടർന്ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.മുംബൈയില്‍ അതിതീവ്രമഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ഇതിന്റെ അടിസ്ഥാനത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മുന്‍കരുതല്‍ നടപടിയെന്നോണം മുംബൈ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളം ഉച്ചയ്ക്ക് രണ്ടുമണി വരെ അടച്ചിടും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മുംബൈയില്‍ നേരിയ തോതില്‍ മഴ ലഭിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ചുഴലിക്കാറ്റിലും കനത്തമഴയിലും മുംബൈയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് മുംബൈ നഗരം.ദേശീയ ദുരന്തനിവാരണ സേന മുംബൈയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. മുംബൈയ്ക്ക് പുറമേ താനെ, പാല്‍ഘര്‍, റായ്ഗഡ് മേഖലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.ചുഴലിക്കാറ്റ് കരയില്‍ തൊടുന്ന ഗുജറാത്തില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞദിവസം കേരളത്തിലും കര്‍ണാടകയിലും ഗോവയിലും വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 32680 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ശതമാനം;29,442 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂർ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂർ 1652, പത്തനംതിട്ട 1119, കാസർഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 296 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2316 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4521, എറണാകുളം 3620, തൃശൂർ 3272, തിരുവനന്തപുരം 3097, പാലക്കാട് 1643, കോഴിക്കോട് 2926, കൊല്ലം 2321, കോട്ടയം 1762, ആലപ്പുഴ 1993, കണ്ണൂർ 1500, പത്തനംതിട്ട 1081, കാസർഗോഡ് 827, ഇടുക്കി 715, വയനാട് 691 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 99 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 30, കാസർഗോഡ് 13, തൃശൂർ, പാലക്കാട്, വയനാട് 9 വീതം, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2912, കൊല്ലം 1765, പത്തനംതിട്ട 976, ആലപ്പുഴ 1509, കോട്ടയം 2190, ഇടുക്കി 691, എറണാകുളം 3065, തൃശൂർ 2742, പാലക്കാട് 3012, മലപ്പുറം 3669, കോഴിക്കോട് 4725, വയനാട് 458, കണ്ണൂർ 1504, കാസർഗോഡ് 224 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,45,334 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 852 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡ് വ്യാപനം;സംസ്ഥാനത്ത് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വെർച്വൽ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്ന് ഐഎംഎ
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായ സാഹചര്യത്തില്‍ പുതിയ സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതില്‍ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍.സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വെര്‍ച്ചുവല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റണമെന്നും ഇത്തരം ഒരു നടപടിയിലൂടെ പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം ജനങ്ങളിലേക്ക് എത്തുമെന്നും ഐഎംഎ പുറത്തിറക്കിയ വാര്‍ത്തക്കുറുപ്പില്‍ വ്യക്തമാക്കുന്നു.തിരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത് ഇപ്പോഴത്തെ കൊറോണ വ്യാപനത്തിന്റെ കാരണങ്ങളിലൊന്നാണ്. പുതിയ സര്‍ക്കാര്‍ ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വല്‍ ആയി സത്യപ്രതിജ്ഞ നടത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു.കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയ സര്‍കാര്‍ നടപടിയെ സംഘടന അഭിനന്ദിച്ചു. ലോക് ഡൗണിന്റെ ഫലപ്രതമായ വിന്ന്യാസവും, വാക്സിനേഷനുമാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. ഈ മാസം 20 നാണ് പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം ചടങ്ങിന് വേദിയാകും. കോവിഡ് പ്രോട്ടോക്കോളുകള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 800 പേര്‍ക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 750 പേരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക.
ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ
തിരുവനന്തപുരം:ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. സംസ്ഥാനത്ത് ഇപ്പോഴുള്ള മഴ ഡെങ്കിപ്പനി പടര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലും ഇനി വരുന്ന കാലവര്‍ഷവും കൂടി കണക്കിലെടുത്ത് വിടും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങേണ്ടതാണ്. ഇതിനായാണ് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. ‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗാതുരത പരമാവധി കുറച്ചു കൊണ്ടുവരുന്നതിനും മരണം പൂര്‍ണമായി ഇല്ലാതാകുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യമായ ലക്ഷ്യം.
ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്.കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പകല്‍ നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗമുണ്ടാക്കുന്നത്. രോഗവാഹകരായ കൊതുക് കടിച്ച ഏകദേശം 3 മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.ആകസ്മികമായി ഉണ്ടാവുന്ന കടുത്ത പനി, തലവേദന, കണ്ണിനുപുറകില്‍ വേദന, പേശികളിലും, സന്ധികളിലും വേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പുകള്‍, എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍.ഇതിനു പുറമെ തുടര്‍ച്ചയായ വയറുവേദന, മൂക്ക്, വായ, മോണ, എന്നിവയില്‍ കൂടിയുള്ള രക്ത സ്രാവം, രക്തത്തോടുകൂടിയോ അല്ലാതെയോയുള്ള ഛര്‍ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡിമിടിപ്പ് കുറയല്‍ എന്നിവ ഗുരുതരമായ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.പനിയും മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങളും കണ്ടാല്‍ രോഗി സമ്പൂർണ്ണ വിശ്രമം എടുക്കേണ്ടതാണ്. വീടുകളില്‍ ലഭ്യമായ പാനീയങ്ങള്‍, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ധാരാളമായി കുടിക്കണം. ഇതോടൊപ്പം ആരോഗ്യ പ്രവര്‍ത്തകരുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.
കണ്ണൂരില്‍ കനത്ത മഴയിൽ വ്യാപക നാശനഷ്ടം; ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു
കണ്ണൂർ:കണ്ണൂരില്‍ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് താലൂക്കുകളില്‍ കണ്ട്രോള്‍ റൂമുകള്‍ തുറന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയില്‍ കനത്ത ജാഗ്രതാ നിർദേശവും നല്‍കിയിട്ടുണ്ട്.അതേസമയം ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ 40 കി.മി.വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രാവിലെ 10 ന് പുറപ്പെടുവിച്ച ദിനാന്തരീക്ഷാവസ്ഥ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
‘അതിജീവനത്തിന്റെ രാജകുമാരൻ’ നന്ദു മഹാദേവ വിടവാങ്ങി
തിരുവനന്തപുരം:അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും നിരവധി പേര്‍ക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ(27) വിടവാങ്ങി.കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചിത്സയിലിരിക്കെ പുലർച്ചെ 3.30 മണിക്കായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതര്‍ക്ക് ആശ്വാസം പകരുന്ന സമൂഹമാദ്ധ്യമ കൂട്ടായ്മകൊണ്ടാണ് നന്ദു ഏറെ ശ്രദ്ധേയനായത്. അര്‍ബുദം ബാധിച്ചശേഷമാണ് താന്‍ ജീവിക്കാന്‍ തുടങ്ങിയതെന്ന നന്ദുവിന്‍റെ വാക്കുകള്‍ കേരളത്തിലെ സമൂഹമാദ്ധ്യമലോകം ഏറ്റെടുക്കുകയായിരുന്നു.തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു ‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ നിരവധിപേര്‍ക്ക് പ്രത്യാശയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ നന്ദു ജീവിതത്തിന്റെ ഓരോ ഘട്ടവും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നയാളായിരുന്നു നന്ദു. അര്‍ബുദത്തോട് പടപൊരുതി നിരാശരായി തളര്‍ന്നുവീഴുന്ന നിരവധി പേർക്ക് നിറചിരിയോടെ നന്ദുനല്‍കിയിരുന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നുവെന്നും ചികിത്സിക്കുന്ന സമയത്ത് അത്തരം ആത്മവിശ്വാസം മരുന്നിനേക്കാള്‍ ഫലം ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാലുമായിബന്ധപ്പെട്ട് ആദ്യം തിരിച്ചറിഞ്ഞ അര്‍ബുദബാധയെ തുടര്‍ന്ന് ഇടതുകാല്‍ മുറിച്ചുമാറ്റിയെങ്കിലും അര്‍ബുദം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ബാധിക്കുകയായിരുന്നു. രണ്ടുമാസം ആയുസ്സ് പറഞ്ഞിടത്തുനിന്ന് രണ്ടു വര്‍ഷം പോരാടിയാണ് നന്ദു മരണത്തിന് കീഴടങ്ങിയത്.
ഇന്ത്യയിലെ കോവിഡ് സാഹചര്യം ആശങ്കാജനകം; വരും ദിവസങ്ങളില്‍ മരണനിരക്കിൽ വന്‍ വര്‍ധനവ് ഉണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപന സാഹചര്യം അതീവ ഗുരുതരമാണെന്നും മരണനിരക്കില്‍ വരും ദിവസങ്ങളില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളിലെ പ്രതിദിന കണക്കുകളും ആശുപത്രികളിലെ അവസ്ഥകളും മരണനിരക്കുകളും എല്ലാം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകമാകുകയാണെന്നാണ് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അധനോം ഗബ്രയേസസ് പറയുന്നത്. ആദ്യ വര്‍ഷത്തെ മഹാമാരിക്കാലത്തേക്കാള്‍ രൂക്ഷമായിരിക്കും രണ്ടാം തരംഗത്തിലേതെന്നും അദ്ദേഹം സൂചിപ്പിച്ചു.ഇത് ഇന്ത്യയില്‍ മാത്രമായി പരിമതിപ്പെടുന്നില്ല. നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കംബോഡിയ, തായ്‌ലാന്‍ഡ്, ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുകയാണ്. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഈ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലോകാരോഗ്യ സംഘടന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യവര്‍ഷത്തേക്കാള്‍ കൂടുതല്‍ മാരകമായ കോവിഡ് രണ്ടാം മഹാമാരിയെയാണ് ലോകം നേരിടുന്നത്. വാക്‌സിന്‍ വിതരണം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ആളുകളുടെ ജീവന്‍ രക്ഷിച്ച് കോവിഡിനെ മറികടക്കാന്‍ പൊതുജനാരോഗ്യ നടപടികള്‍ക്കൊപ്പം വാക്‌സിനേഷന്‍ മാത്രമാണ് ഒരേയൊരു വഴിയെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.
പച്ചക്കറി ലോറിയില്‍ വന്‍ മദ്യക്കടത്ത്;18 പെട്ടി മദ്യവുമായി നാദാപുരം സ്വദേശി എക്‌സൈസ് പിടിയില്‍
കണ്ണൂർ:കര്‍ണാടകത്തില്‍ നിന്നും പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച 18 പെട്ടി മദ്യം എക്സൈസ് സംഘം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവർ നാദാപുരം കല്ലാച്ചി സ്വദേശി സി. സി. രതീഷ് (39) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.മദ്യം കടത്താന്‍ ഉപയോഗിച്ച മിനിലോറിയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൂട്ടുപുഴ എക്സൈസ് സംഘം അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യം പിടികൂടിയത്.വെള്ളിയാഴിച്ച രാവിലെ ഒന്‍പതു മണിയോടെയാണ് കര്‍ണാടകത്തില്‍ നിന്നും മാക്കൂട്ടം ചുരം വഴി പച്ചക്കറി യുമായി എത്തിയ മിനിലോറിയിൽ കിളിയന്തറയിലുള്ള കൂട്ടുപുഴ എക്സൈസ് സംഘം പരിശോധന നടത്തിയത്. പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം. 18 കാര്‍ഡ്ബോര്‍ഡ് പെട്ടികളിലായി 1296 പാക്കറ്റ് മദ്യമാണ് കണ്ടെടുത്തത്.ലോക്ക് ഡൗണിന്റെ ഭാഗമായി കേരളത്തില്‍ മദ്യശാലകള്‍ അടഞ്ഞു കിടക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണ്ണാടകത്തില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന മദ്യം വലിയ വിലക്കാണ് ഇവിടങ്ങളില്‍ വിറ്റഴിക്കുന്നത്. അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതും ഇവര്‍ക്ക് ഇത്തരം വാഹനങ്ങളെ കള്ളക്കടത്തിനായി ഉപയോഗിക്കാന്‍ സഹായകമാകുന്നു. പച്ചക്കറി ഉള്‍പ്പെടെയുള്ള നിരവധി ചരക്ക് വാഹനങ്ങളാണ് ദിനം പ്രതി കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് എത്തിച്ചേരുന്നത്. പിടികൂടിയ മദ്യത്തിന് ഒരു ലക്ഷത്തോളം രൂപ വിലമതിക്കും. 24 മണിക്കൂറും ചെക്ക് പോസ്റ്റില്‍ പരിശോധന നടന്നു വരുന്നതായും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കൂട്ടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ .എ. അനീഷ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ പി. സി. ഷാജി, കെ .സി. ഷിജു, സി. പി. ഷനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി. വി. ശ്രീകാന്ത്, എം.കെ. വിവേക്, പി.ജി. അഖില്‍, ഒ. റെനീഷ്, സി.വി. റിജിന്‍ തുടങ്ങിയവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
കണ്ണൂരിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന;യുവാവ് അറസ്റ്റിൽ
കണ്ണൂർ : കണ്ണൂരിൽ വീട് വാടകക്ക് എടുത്ത് മയക്കു മരുന്ന് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പെരിങ്ങാടി സ്വദേശി ഹിറ മൻസിലിൽ എൻ കെ അശ്മീർ (29) എന്നയാളാണ് പിടിയിലായത്. 8കിലോയോളം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്‌സൈസ് സർക്കിൾ ടീമും, കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഷാഡോ ടീമും, എക്‌സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്ത് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിൽ എത്തിച്ച് വിൽപ്പന ചെയ്യുകയായിരുന്നു പ്രതി.