ന്യൂഡല്‍ഹി: കൊലപാതക കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്ന ഒളിംപിക്‌സ് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ സുശീല്‍ കുമാറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്.രണ്ടാഴ്‌ച മുന്‍പ് മേയ് നാലിന് ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്ബ്യൻ സാഗര്‍ റാണ(23)യുടെ മരണത്തെ തുടര്‍ന്നാണ് സുശീല്‍ കുമാര്‍ ഒളിവില്‍ പോയത്.ന്യൂഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് സാഗറിനും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റത്. ആശുപത്രിയില്‍ വെച്ച് സാഗര്‍ മരിച്ചു. സാഗറിന്‍റെ കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത് സംഭവം നടക്കുമ്പോൾ സുശീല്‍ കുമാര്‍ സ്ഥലത്തുണ്ടായിരുന്നു എന്നാണ്. സുശീല്‍ കുമാറിനെ കുറിച്ച് സാഗര്‍ മോശമായി പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സുശീലിനെ ഇതുവരെ കണ്ടെത്താനായില്ല. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിനെതിരെ ചുമത്തിയത്.സുശീലിനൊപ്പം അന്ന് കുറ്റകൃത്യത്തില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന അജയ് എന്നയാളെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപയും പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.തനിക്കും കൂട്ടുകാർക്കും സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു മേയ് 5ന് സുശീല്‍ പറഞ്ഞത്.കേസിലെ പ്രതികള്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടിട്ടും സുശീല്‍ കുമാറിനെ പിടികൂടാന്‍ കഴിഞ്ഞില്ല. സുശീലിനായി ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹരിദ്വാറിലും ഋഷികേശിലും സുശീലിനെ കണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. സുശീല്‍ കുമാര്‍ ഒളിത്താവളം മാറിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഗുസ്‌തിയില്‍ വെളളി മെഡലും 2016 ബീജിംഗ് ഒളിംപിക്‌സില്‍ വെങ്കല മെഡലും നേടിയ മികച്ച താരമാണ് സുശീല്‍ കുമാര്‍.
മുംബൈ തീരത്ത് ആഞ്ഞടിച്ച് ടൗട്ടേ ചുഴലിക്കാറ്റ്; ഒഎന്‍ജിസി ബാര്‍ജുകള്‍ അപകടത്തില്‍ പെട്ട് 127 പേരെ കാണാതായി
മുംബൈ: മുംബൈ തീരത്ത് കനത്ത നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ്.ചുഴലിക്കാറ്റില്‍ പെട്ട് ഒഎന്‍ജിസി ബാര്‍ജുകള്‍ മുങ്ങി 127പേരെ കാണാതായി. മൂന്നു ബാര്‍ജുകളിലായി നാനൂറിലേറെപ്പേര്‍ ഉണ്ടായിരുന്നപ്പോഴാണ് അപകടമുണ്ടായത്. 147 പേരെ നാവികസേന രക്ഷപ്പെടുത്തി. നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപം തിങ്കളാഴ്ച വൈകീട്ടാണ് ബാര്‍ജുകള്‍ മുങ്ങിയത്. ഗുജറാത്ത് തീരത്ത് 185 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റ് വീശയടിക്കുന്നതിന് തൊട്ടുമുന്‍പാണ് ബാര്‍ജുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്. മൂന്ന് ബാര്‍ജുകളില്‍ ഉണ്ടായിരുന്ന 410 പേരെ രക്ഷിക്കണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാവികസേന മൂന്ന് കപ്പലുകളെയാണ് രക്ഷാദൗത്യത്തിന് നിയോഗിച്ചത്.പി 305 ബാര്‍ജില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് താല്‍വര്‍ എന്നി കപ്പലുകളാണ് വിന്യസിച്ചിരിക്കുന്നത്. 137 പേരുള്ള ഗാല്‍ കണ്‍സ്ട്രക്ടര്‍ എന്ന ബാര്‍ജും അപകടത്തില്‍ പെട്ടിട്ടുണ്ട്. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മുംബൈ തീരത്ത് നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഈ ബാര്‍ജ് അപകടത്തില്‍പ്പെട്ടത്. സാഗര്‍ ഭൂഷണ്‍ ഓയില്‍ റിഗും എസ്‌എസ്- 3 ബാര്‍ജും അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 101 പേരാണ് റിഗില്‍ ഉണ്ടായിരുന്നത്. എസ്‌എസ്-3 ബാര്‍ജില്‍ 196 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരെ രക്ഷിക്കുന്നതിന് ഐഎന്‍എസ് തല്‍വാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്. നാവികസേനയുടെ പി 81 വിമാനം നിരീക്ഷണം നടത്തുന്നുണ്ട്.
ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു; ഗാസ സിറ്റിയിലെ ഹമാസിന്റെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലുകളും ഒന്‍പത് കമാന്‍ഡര്‍മാരുടെ വീടുകളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം
ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍ ഗാസ സിറ്റിയിലെ ഹമാസിന്റെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലുകളും ഒന്‍പത് കമാന്‍ഡര്‍മാരുടെ വീടുകളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഒരാഴ്ച മുന്‍പ് ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ 42പേര്‍ കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ ഇന്നു നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന് പത്തു മിനിറ്റ് മുന്‍പ് മാത്രമാണ് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതെന്ന് പ്രദേശ വാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു.ഗാസ നോര്‍ത്തിലെ വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളാണ് നശിപ്പിച്ചത്. തങ്ങളുടെ 20 കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. എന്നാല്‍ ഇതിലും വലുതാണ് കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ എണ്ണം എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. 54 വിമാനങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 188 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇതില്‍ 55പേര്‍ കുട്ടികളും 33പേര്‍ സ്ത്രീകളുമാണ്. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ചതായി ഗാസ മേയര്‍ യഹഹ്യ സരാജ് പറഞ്ഞു. അതേസമയം, ഗാസ സിറ്റിയില്‍ ഇന്ധന ലഭ്യതക്കുറവ് അടക്കം നിരവധി പ്രശ്‌നങ്ങളുണ്ടെനന് യു എന്‍ വ്യക്തമാക്കി.മേഖലയിലെ പ്രധാന വൈദ്യുത നിലയം വേണ്ടത്ര ഇന്ധനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യു എന്‍ വ്യക്തമാക്കി. നിലവില്‍ എട്ടുമുതല്‍ 12 മണിക്കൂര്‍ വരെയാണ് നഗരത്തില്‍ വൈദ്യുതി മുടങ്ങുന്നത്.
പത്തനംതിട്ട കാനറാ ബാങ്ക് തട്ടിപ്പ്;പ്രതി വിജീഷിന്റെ അക്കൗണ്ട് കാലിയാണെന്ന് പോലീസ്
പത്തനംതിട്ട: കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ പിടിയിലായ പ്രതി വിജീഷിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പോലീസ്.തട്ടിയെടുത്ത എട്ട് കോടിയോളം രൂപ അക്കൗണ്ടില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് പരിശോധന നടത്തിയപ്പോഴാണ് ഈ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. സ്വന്തം പേരിലുള്ള മൂന്ന് അക്കൗണ്ടുകള്‍, ഭാര്യയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകള്‍ എന്നിവ കൂടാതെ മാതാവ്, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് വിജീഷ് വര്‍ഗീസ് വന്‍ തുക നിക്ഷേപിച്ചത്. ആറര കോടി രൂപ ഈ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. എന്നാല്‍ ഈ അക്കൗണ്ടുകളിലൊന്നും ഇപ്പോള്‍ കാര്യമായ പണമൊന്നും അവശേഷിക്കുന്നില്ല. ചിലതില്‍ മിനിമം ബാലന്‍സ് മാത്രമാണുള്ളത്. ചിലത് കാലിയാണ്.തട്ടിപ്പ് സ്ഥിരീകരിച്ചതോടെ ഈ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരുന്നു. എന്നാല്‍ അതിനും ഏറെ മുന്‍പേ പണം പിന്‍വലിക്കപ്പെട്ടുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുടുംബാംഗങ്ങളുടെ അറിവോടെയാണ് പണം പിന്‍വലിക്കപ്പെട്ടതെന്നാണ് സംശയം. പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്ന് ജീവനക്കാരനായ വിജീഷ് വര്‍ഗീസ് 8 കോടി 13 ലക്ഷം രൂപ തട്ടിയെടുത്തതാണ് കേസ്. സംഭവത്തില്‍ ഒളിവില്‍ പോയ വിജീഷിനെ തിങ്കളാഴ്ചയാണ് ബെംഗളൂരിവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.തട്ടിയെടുത്ത പണത്തില്‍ വലിയൊരു നിക്ഷേപം ഓഹരി വിപണിയില്‍ നിക്ഷേപിച്ചതായാണ് മൊഴി. ബന്ധപ്പെട്ട അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ച് ഉടന്‍ ഏറ്റെടുക്കും.
കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടത്തിൽപ്പെട്ടു; ആളപായമില്ല
കണ്ണൂര്‍ : കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം. ദേശീയപാതയില്‍ പുതിയതെരുവിലാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. വാതക ചോർച്ച ഇല്ലാത്തതതിനാൽ അപകടം ഒഴിവായി.ടാങ്കർ ലോറി ഇടിച്ചു കയറിയ ചിറക്കൽ ധനരാജ് ടാക്കീസിന് മുന്നിലെ തലശ്ശേരി ഹോട്ടൽ പൂർണമായും തകർന്നു.കഴിഞ്ഞദിവസം കണ്ണൂർ മേലെ ചൊവ്വയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽ പെട്ടിരുന്നു. ബംഗളൂരുവിൽ നിന്ന് പപാചകവതകവുമായി എറണാകുളത്തേക്ക് പോയ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. റോഡിൽ നിന്ന് തെന്നിനീങ്ങിയ ലോറി തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു.ഇതിനു ഒരാഴ്‌ച മുൻപ് ചാല ബൈപ്പാസ് ജങ്ഷനിലും പാചകവാതകം കയറ്റി വന്ന ലോറി അപകടത്തിൽപ്പെട്ടിരുന്നു.ലോറിയില്‍ വാതക ചോര്‍ച്ചയുണ്ടായെങ്കിലും ഫയര്‍ഫോഴ്സും പൊലിസും നാട്ടുകാരും നടത്തിയ അതീവ സാഹസികമായ രക്ഷാ പ്രവര്‍ത്തനമാണ് നാടിനെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്.
ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ തയ്യാറാകാത്തതാണ് തുടർച്ചയായ അപകടങ്ങൾക്ക് വഴിവെയ്‌ക്കുന്നത്. 2013 ല്‍ നടന്ന ചാല ടാങ്കര്‍ ലോറി ദുരന്തത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷവും ഒട്ടനവധി അപകടങ്ങള്‍ ഇവിടെയുണ്ടായി. ജനവാസ കേന്ദ്രങ്ങളിലൂടെ അമിത വേഗതയിലാണ് ടാങ്കര്‍ ലോറികള്‍ ചീറിപ്പാഞ്ഞു പോകുന്നത്.ഒരു ടാങ്കര്‍ ലോറിയില്‍ ചുരുങ്ങിയത് രണ്ട് ജീവനക്കാരെങ്കിലും വേണമെന്ന് നിയമമുണ്ടെങ്കിലും മിക്ക ടാങ്കറുകളിലും ഡ്രൈവര്‍ മാത്രമേയുണ്ടാകാറുള്ളൂ. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുകയാണ്. രാത്രി കാലങ്ങളില്‍ ഏറെ വൈകിടാങ്കറുകള്‍ സഞ്ചരിക്കരുതെന്ന് റോഡ് സുരക്ഷാ വിഭാഗം നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഇവയും പാലിക്കപ്പെടുന്നില്ല.ഡിവൈഡറിൽ തട്ടിമറിഞ്ഞാണ് 2013 ല്‍ ചാലയിലുണ്ടായ ടാങ്കര്‍ ലോറി അപകടം ഉണ്ടായത്. ഇതിന് സമാനമായ ഡിവൈഡര്‍ തന്നെയാണ് ഇപ്പോള്‍ മേലെചൊവ്വയിലുമുള്ളത്.ദേശീയപാത- പൊതുമരാമത്ത് വിഭാഗം ഇതു മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഇനിയും അപകടങ്ങൾ തുടർക്കഥയാകുമെന്ന് നാട്ടുകാര്‍ പറയുന്നു.
സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ക്ക് മാത്രം പ്രവേശനം;പാസ് നിർബന്ധം;കോവിഡ് പരിശോധന ഫലം ഹാജരാക്കണം
തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രവേശനം 500 പേര്‍ക്ക് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രവേശനം പാസുള്ളവര്‍ക്ക് മാത്രമാണെന്നും 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന ഫലം കൈവശമുണ്ടാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉച്ചയ്ക്ക് 2.45 ന് മുന്‍പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. ടെസ്റ്റ് റിസള്‍ട്ടോ രണ്ട് ഡോസ് വാക്‌സിനും എടുത്ത സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. എംഎല്‍എമാര്‍ക്ക് കോവിഡ് ടെസ്റ്റിന് പ്രത്യേക സൗകര്യമുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തുറസായ സ്ഥലത്താണ് സത്യപ്രതിജ്ഞ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്.ഇത്തരം കാര്യങ്ങള്‍ക്ക് 500 വലിയ സംഖ്യ അല്ല. 140 എംഎല്‍എമാര്‍ ഉണ്ട്. ഇവരെ ഒഴിവാക്കാന്‍ കഴിയില്ല. ന്യായാധിപന്‍മാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നുണ്ട്. ജനാധിപത്യത്തിന്‍റെ മൂന്ന് തൂണുകളെയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയേ മതിയാകു. മാധ്യമപ്രവര്‍ത്തകരെയും ഒഴിവാക്കാന്‍ സാധിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയാണ് 500 പേരെ പങ്കെടുപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ ഓരോരുത്തരുടെയും മനസാണ് സത്യപ്രതിജ്ഞ വേദി. സത്യപ്രതിജ്ഞ വൈകിപ്പിച്ചത് പോലും ജനപങ്കാളിത്തം ഉറപ്പിക്കാനായിരുന്നു. ചടങ്ങ് കാണാന്‍ കടല്‍കടന്ന് വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ പോലുമുണ്ട്. ജനങ്ങളുടെ അടുത്ത് വന്ന് നന്ദി പറയാന്‍ പോലും കഴിഞ്ഞിട്ടില്ല, ജനങ്ങള്‍ക്ക് മഹാമാരി മൂലം വരാനും കഴിയില്ല.എന്നാല്‍ സത്യപ്രതിജ്ഞ അനിശ്ചിതമായി വൈകിപ്പിക്കാന്‍ സാധിക്കില്ല.സര്‍ക്കാരിന്‍റെ ഭരണതുടര്‍ച്ചയില്‍ അകമഴിഞ്ഞ് സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട്. ഈ വിജയം ഉറപ്പിക്കാന്‍ നിസ്വാര്‍ഥമായി അഹോരാത്രം പണിപ്പെട്ടവരുണ്ട്. സ്ഥിതിഗതികള്‍ മാറുമ്പോൾ ഈ വിജയം നമുക്ക് ഒരുമിച്ച് വിപുലമായ തോതില്‍ ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 21402 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 87 മരണം;99,651 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 21,402 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂർ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂർ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസർഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 100 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2858, തിരുവനന്തപുരം 2122, എറണാകുളം 2244, തൃശൂർ 2030, കൊല്ലം 1938, പാലക്കാട് 986, ആലപ്പുഴ 1675, കണ്ണൂർ 1507, കോഴിക്കോട് 1452, കോട്ടയം 1103, കാസർഗോഡ് 586, പത്തനംതിട്ട 469, ഇടുക്കി 442, വയനാട് 200 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.80 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 24, തിരുവനന്തപുരം 12, എറണാകുളം, പാലക്കാട് 7 വീതം, കാസർഗോഡ് 6, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് 5 വീതം, വയനാട് 3, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 99,651 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 16,100, കൊല്ലം 3899, പത്തനംതിട്ട 349, ആലപ്പുഴ 6947, കോട്ടയം 3004, ഇടുക്കി 7005, എറണാകുളം 14,900, തൃശൂർ 17,884, പാലക്കാട് 1257, മലപ്പുറം 4050, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂർ 5722, കാസർഗോഡ് 5903 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 853 ഹോട്ട് സ്പോട്ടുകളാണുള്ളത്
സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎമ്മിനു 12 ഉം സിപിഐക്കു നാലും മന്ത്രിമാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ വരിക 21 അംഗ മന്ത്രിസഭയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. സിപിഎം 12, സിപിഐ 4, ജനതാദള്‍ എസ് 1, കേരള കോണ്‍ഗ്രസ് എം 1, എന്‍സിപി 1 എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന മന്ത്രിമാരുടെ എണ്ണം. ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ ആദ്യത്തെ രണ്ടര വര്‍ഷം മന്ത്രിസ്ഥാനം ലഭിക്കും. തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തില്‍ ഇവര്‍ക്കു പകരമായി കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടികളുടെ പ്രതിനിധികള്‍ മന്ത്രിമാരാകും.സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. സത്യപ്രതിജ്ഞ 20നു നടക്കും. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങാണ് സംഘടിപ്പിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ആളുകള്‍ക്കു പങ്കെടുക്കാവുന്ന തരത്തിലായിരിക്കും ചടങ്ങ്.18നു വൈകിട്ട് അഞ്ചിന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്കുള്ള നടപടിയ്ക്ക് അഭ്യര്‍ഥിക്കും.എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാണു നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ലഭിച്ചത്. ആ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്ന നിലയിലാണ് കാര്യങ്ങളെ കാണുന്നത്.മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിനെ തഴഞ്ഞിട്ടില്ല. ജനതാദള്‍ എസിനു മന്ത്രിസ്ഥാനം കൊടുക്കാനാണ് ഇപ്പോള്‍ എല്‍ഡിഎഫ് കൂട്ടായെടുത്ത തീരുമാനം. ഭരണഘടനാ പരമായി 21 അംഗ മന്ത്രിസഭയേ രൂപീകരിക്കാന്‍ കഴിയൂ. ആ പരിമിതിയില്‍നിന്നു കൊണ്ടേ തീരുമാനം എടുക്കാന്‍ കഴിയൂ. ആര്‍എസ്പി എല്‍ഡിഎഫ് ഘടക കക്ഷി അല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായി ചേരുന്ന എല്‍ഡിഎഫ് യോഗമാണ് ഇത്. നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗം കേക്കു മുറിച്ചാണ് ആഹ്ലാദം പങ്കുവച്ചത്.വിജയത്തിനു സഹായിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് യോഗം നന്ദി പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിച്ചു.രോഗവ്യാപനം കൂടുതലുള്ള തിരുവനന്തപുരം, ഏറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ അതിർത്തികൾ അടച്ചിടും. ജില്ലയിൽ പ്രവേശിക്കാനും പുറത്ത് ഇറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. ട്രിപ്പിൾ ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കാൻ 10000 പോലീസുകാരെയാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ് എന്നിവ തുറക്കും. പാൽ, പത്രം 8 മണിക്ക് മുൻപ് എത്തിക്കണം. ജില്ലയെ സോണുകളായി തിരിച്ച് ഉയർന്ന പോലീസ് ഉദ്യോഗസർക്ക് ചുമതല നൽകിയിട്ടുണ്ട്. ആൾക്കൂട്ടം പരിശോധിക്കാൻ ഡ്രോൺ സംവിധാനം ഉപയോഗിക്കും. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഉണ്ട്.മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. യാത്രാ ഇളവ് ഉള്ള വിഭാഗങ്ങള്‍ പാസോ തിരിച്ചറിയല്‍ കാര്‍ഡോ കൈവശം സൂക്ഷിക്കണം.10 വയസ്സിന് താഴെയുള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടുള്ളതല്ല.ക്വാറന്റൈൻ ലംഘിക്കുന്നവർക്കും അതിനെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവും. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികൾക്ക് വാർഡ് തല സമിതി മേൽനോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കും. ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാവില്ല.ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ കുറച്ച് ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരിക്കും. മറ്റ് വളണ്ടിയര്‍മാര്‍ക്ക് പ്രവര്‍ത്തനപരിധി രേഖപ്പെടുത്തിയ പാസ് തഹസില്‍ദാര്‍ നല്‍കേണ്ടതാണ്. തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപന ഉടമകള്‍ ദിവസവും അണുവിമുക്തമാക്കേണ്ടതാണ്. പൊതു മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനം / പുറത്ത് കടക്കല്‍ എന്നിവ ഒരൊറ്റ വഴിയിലൂടെ ആയി പരിമിതപ്പെടുത്തേണ്ടതാണ്. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസേഷന്‍ എന്നിവക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡെന്‍റ് കമാണ്ടര്‍ / പൊലീസ് / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം.
18 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും;ഗുരുതര രോഗമുള്ളവർക്ക് ആദ്യ പരിഗണന
തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതല്‍ 44 വയസ് വരെയുള്ള മുന്‍ഗണന വിഭാഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്ന് മുതൽ ആരംഭിക്കും.ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസ തേടുന്നവർ, വൃക്ക-കരൾ രോഗികൾ, അവയവ മാറ്റം നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ, അർബുദ ബാധിതർ, എച്ച്. ഐ.വി ബാധിതർ,രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങി 20 രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യ പരിഗണന.പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിനേഷൻ നല്‍കുക. ഇതിന് മാര്‍ഗരേഖയും ഇറക്കി. രോഗവുമായി ബന്ധപ്പെട്ട മറ്റു രേഖകളും സമർപ്പിക്കാമെങ്കിലും സാക്ഷ്യപത്രം നിർബന്ധമാണ്. രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ വാക്സീന്റെ ലഭ്യതയും മുൻഗണനയും അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ സന്ദേശം അയക്കും.വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇവര്‍ക്കു പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തും. അപ്പോയിന്‍മെന്റ് എസ് എം എസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷന്‍ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.ഇന്നലെ വൈകീട്ട് വരെ രേഖകള്‍ സഹിതം നാല്‍പതിനായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. 11,625 പേരുടെ അപേക്ഷ മതിയായ രേഖകളില്ലാത്തതിനാല്‍ നിരസിച്ചതായും 25,511 പേരുടേത് തീര്‍പ്പ് കല്‍പിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അപേക്ഷകൾ നിരസിച്ചവർക്കു വീണ്ടും രേഖകൾ സഹിതം അപേക്ഷിക്കാം.