കണ്ണൂര്‍:പിണറായിയിൽ ഒറ്റമുറി കെട്ടിടത്തില്‍ നിന്നും ഒളിപ്പിച്ചു വച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഉമ്മന്‍ചിറ കുഞ്ഞിപ്പള്ളിക്കു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേങ്ങാക്കൂടയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ച നിലയിൽ എട്ട് വാളുകളും, ഒരു കഠാരയും, ഒരു മഴുവുമാണു കണ്ടെത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ആയുധങ്ങള്‍ എങ്ങനെ ഇവിടെ വന്നുവെന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
ഉടമ മരിച്ചാല്‍ വാഹനം നോമിനിക്ക്; മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി
ഡല്‍ഹി: ഉടമയുടെ മരണ ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. പുതിയ ചട്ടം അനുസരിച്ച് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമയ്ക്ക് നോമിനിയെ നിർദേശിക്കാം. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്.ഐഡന്റിറ്റി പ്രൂഫ് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമ നോമിനിയെ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. ഉടമ മരിക്കുന്ന പക്ഷം നോമിനിയുടെ പേരിലേക്ക് രജിസ്‌ട്രേഷന്‍ മാറുമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്. ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ ഉടമയ്ക്കു പിന്നീടു മാറ്റാനാവും. വിവാഹ മോചനം, ഭാഗം പിരിയല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ നോമിനിയെ മാറ്റാനാവും.നോമിനിയെ നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ നിയമപരമായ പിന്‍ഗാമിയുടെ പേരിലേക്കു വാഹനം മാറ്റുന്നതിനും പുതിയ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.
മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു
കൊട്ടാരക്കര: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960 ല്‍ ഇരുപത്തിയഞ്ചാം വയസില്‍ നിയമസഭയിലെത്തി. എക്സൈസ്, ഗതാഗതം, വൈദ്യുതി വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം.കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935 മാർച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എംജി കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരിക്കെ തന്നെ അദ്ദേഹം രാഷ്ട്രീപ്രവർത്തകനാകാൻ ആഗ്രഹിച്ചിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസീലൂടെയാണ് സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം. തുടർന്ന് 1964ൽ കേരള കോൺഗ്രസിൻറെ സ്ഥാപക ജനറൽ സെക്രട്ടറിയായി. 1976 ൽ കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു.തുടർന്ന് കേരളാ കോൺഗ്രസ് പിളരുകയും 1977 ൽ ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ബി രൂപപ്പെടുകയും ചെയ്തു. പിന്നീട് (1977-1982) കാലയളവിൽ എൽ.ഡി.എഫിനൊപ്പവും (1982-2015) കാലളവിൽ യു.ഡി.എഫിനൊപ്പവും പ്രവർത്തിച്ചു. നിലവിൽ എൽ.ഡി.എഫിനൊപ്പമാണ് കേരള കോൺഗ്രസ് ബി. കൊട്ടാരക്കരയിലെ വീട്ടിലും എന്‍എസ്‌എസ് താലൂക്ക് യൂണിയന്‍ ഓഫീസിലും പൊതുദര്‍ശനത്തിനുവയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വാളകത്തെ വീട്ടുവളപ്പില്‍. ഭാര്യ പരേതയായ ആര്‍.വത്സല. മക്കള്‍: മുന്‍ മന്ത്രിയും ചലച്ചിത്രതാരവും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍, ഉഷ മോഹന്‍ദാസ്, ബിന്ദു ബാലകൃഷ്ണന്‍. മരുമക്കള്‍: ബിന്ദു ഗണേഷ് കുമാര്‍, മോഹന്‍ദാസ്, പി. ബാലകൃഷ്ണന്‍.
മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി; ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറും
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി എൽഡിഎഫ് ഭരണത്തുടർച്ച സ്വന്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്തെത്തും.കണ്ണൂരിലെ വീട്ടില്‍ ആയിരുന്നു അദ്ദേഹം. ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറാനാണ് തിരുവനന്തപുരത്ത് എത്തുന്നത്. പതിനൊന്നരയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കാണുക. തുടർന്ന് രാജിക്കത്ത് കൈമാറും. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാകും പുതിയ സർക്കാർ രൂപീകരണം സംബന്ധിച്ച് ഔദ്യോഗിക നടപടികൾ സ്വീകരിക്കുക. നാളെ സിപിഎം സംസ്ഥാന സെക്രെട്ടരിയേറ്റ് യോഗം ചേർന്നാകും സർക്കാർ രൂപീകരണം സംബന്ധിച്ച് ചർച്ച നടത്തുക. ഇതിന് മുന്നോടിയായി കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കേരളത്തിൽ തുടർഭരണം ഉണ്ടാകുന്നത്. നൂറ് സീറ്റിൽ നിന്നും ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 ൽ ലഭിച്ചതിനേക്കാൾ എട്ട് സീറ്റാണ് ഇത്തവണ ഇടത് പക്ഷത്തിന് ലഭിച്ചത്.
സംസ്ഥാനത്ത് ഇന്ന് 31,959 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ശതമാനം;16,296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 31,959 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസർഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5405 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 266 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,700 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1912 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4137, തൃശൂർ 3916, എറണാകുളം 3459, തിരുവനന്തപുരം 3188, മലപ്പുറം 2895, കോട്ടയം 2612, ആലപ്പുഴ 2437, പാലക്കാട് 853, കൊല്ലം 1588, കണ്ണൂർ 1338, പത്തനംതിട്ട 1016, ഇടുക്കി 976, വയനാട് 741, കാസർഗോഡ് 544 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.81 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 20, തൃശൂർ 15, കോട്ടയം 11, വയനാട് 10, പത്തനംതിട്ട 6, പാലക്കാട് 5, തിരുവനന്തപുരം, കാസർഗോഡ് 4 വീതം, മലപ്പുറം 3, കൊല്ലം, ഇടുക്കി, എറണാകുളം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1899, കൊല്ലം 1052, പത്തനംതിട്ട 828, ആലപ്പുഴ 970, കോട്ടയം 1025, ഇടുക്കി 228, എറണാകുളം 2279, തൃശൂർ 1242, പാലക്കാട് 943, മലപ്പുറം 1758, കോഴിക്കോട് 2660, വയനാട് 188, കണ്ണൂർ 1143, കാസർഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 674 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഫിറോസ് കുന്നുംപറമ്പിലിനെ തോല്‍പ്പിച്ച് തവനൂരില്‍ കെ.ടി. ജലീലിന് ജയം
മലപ്പുറം:യുഡിഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നുംപറമ്പിലിനെ പരാജയപ്പെടുത്തി തവനൂരിൽ കെടി ജലീൽ വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പുറകിലായിരുന്ന കെ.ടി. ജലീൽ അവസാന നിമിഷം മുന്നേറുകയായിരുന്നു.യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിലിനെ 2564 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.2016-ല്‍ 17064 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു ജലീലിന്. എന്നാലിത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. എന്നാല്‍ ബന്ധുനിമയന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീലിന് തവനൂരിലെ ജയം വലിയൊരു ആശ്വസമാണ്. പ്രചാരണത്തിലും വോട്ടിൻറെ എണ്ണത്തിലും ജലീലിനൊപ്പം എത്താൻ ഫിറോസിന് കഴിഞ്ഞെങ്കിലും ഫോട്ടോ ഫിനിഷിൽ മണ്ഡലം ജലീലിനെ പിന്തുണയ്ക്കുകയായിരുന്നു.ലീഗ് പിന്തുണ കൂടിയുള്ള ഫിറോസ് കൈപ്പത്തിയിൽ മത്സരിച്ചതോടെ മണ്ഡലത്തിൽ കടുത്ത മത്സരമായിരുന്നു നടന്നിരുന്നത്.മലപ്പുറത്ത് ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്നത് തവനൂരായിരുന്നു.
അഴീക്കോട് അടിതെറ്റി കെ.എം.ഷാജി; അയ്യായിരത്തിലേറെ വോട്ടുകൾക്ക് എൽഡിഎഫിന്റെ കെ സുമേഷിന് ജയം
കണ്ണൂർ:മൂന്നാമങ്കത്തിൽ അഴീക്കോട് അടിതെറ്റി മുസ്ലിം ലീഗിന്‍റെ കെ.എം. ഷാജി.അയ്യായിരത്തിലേറെ വോട്ടുകൾക്ക് എൽഡിഎഫിന്റെ കെ സുമേഷിന് ജയിച്ചു .കെ.വി. സുമേഷിലൂടെ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.പാര്‍ട്ടിയുടെ ചിട്ടയായ പ്രവര്‍ത്തനവും മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എന്ന പൊതു സ്വീകാര്യതയും സുമേഷിന് വോട്ടായി എന്നാണ് ജനവിധി തെളിയിക്കുന്നത്. വിജിലന്‍സിന്‍റെ ചോദ്യം ചെയ്യല്‍ വരെയെത്തിയ പ്ലസ് ടു കോഴ കേസ്, അനധികൃത സ്വത്ത് സമ്പാദനം എന്നിവയെല്ലാം ഷാജിക്ക് പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.
മട്ടന്നൂരിൽ കെ കെ ഷൈലജയ്ക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയം
കണ്ണൂർ:നിയമസഭാ തിരഞ്ഞെടുപ്പില്‍ മട്ടന്നൂരിൽ കെ കെ ഷൈലജയ്ക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയം.61,035 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആരോഗ്യമന്ത്രി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയയാണ് ശൈലജ തോല്‍പിച്ചിരിക്കുന്നത്. ബിജു ഏളക്കുഴിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ മന്ത്രി ഇ പി ജയരാജന്‍ 43, 381 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് മട്ടന്നൂര്‍.സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടുന്ന് സ്ഥാനമാര്‍ത്ഥി കെ കെ ശൈലജയാണ്. പിണറായിക്ക് ധര്‍മ്മടത്ത് 49061 വോട്ടിന്റെ ലീഡ് .
കണ്ണൂരില്‍ എല്‍ഡിഎഫ് കുതിക്കുന്നു;പതിനൊന്നില്‍ 10 മണ്ഡലങ്ങളിലും എല്‍ഡിഎഫ്
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചപ്പോള്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കണ്ണൂരില്‍ എല്‍ഡിഎഫ് കുതിക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എല്‍ഡിഎഫ് ജില്ലയിലെ 11 മണ്ഡലങ്ങളില്‍ 10 മണ്ഡലങ്ങളിലും മുന്നേറ്റം തുടരുകയാണ്.നിലവിൽ ഇരിക്കൂറിൽ മാത്രമാണ് യുഡിഎഫിന് ലീഡ്.
ലീഡ് നില ഇങ്ങനെ:
പയ്യന്നൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്‍ മുന്നില്‍
തലശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എന്‍ ഷംസീര്‍ മുന്നില്‍
കൂത്തുപറമ്ബ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മോഹനന്‍ മുന്നില്‍
മട്ടന്നൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ മുന്നില്‍
പേരാവൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്‍ മുന്നില്‍
കല്യാശ്ശേരി- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജിന്‍ മുന്നില്‍
തളിപ്പറമ്ബ്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ഗോവിന്ദന്‍ മുന്നില്‍
ഇരിക്കൂര്‍- യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ് മുന്നില്‍
അഴീക്കോട്- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി സുമേഷ് മുന്നില്‍
കണ്ണൂര്‍- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നില്‍
ധര്‍മ്മടം- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിണറായി വിജയന്‍ മുന്നില്‍
തപാല്‍ വോട്ടിനെ ചൊല്ലി തര്‍ക്കം; അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു
കണ്ണൂര്‍: തപാല്‍ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷ് മുന്നിലാണ്.കെ എം ഷാജി 37 വോട്ടുകള്‍ക്ക് പിന്നില്‍ നിൽക്കുമ്പോഴാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മുസ്ലിം ലീഗിലെ കെ എം ഷാജിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപി ഐയ്ക്കു വേണ്ടി കെ കെ അബ്ദുല്‍ ജബ്ബാറും ബിജെപിക്കു വേണ്ടി കെ രഞ്ജിത്തുമാണ് മല്‍സരിക്കുന്നത്.അതേസമയം വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചപ്പോള്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കണ്ണൂരില്‍ എല്‍ഡിഎഫ് കുതിക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എല്‍ഡിഎഫ് ജില്ലയിലെ 11 മണ്ഡലങ്ങളില്‍ 10 മണ്ഡലങ്ങളിലും മുന്നേറ്റം തുടരുകയാണ്.തപാല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഇരിക്കൂറില്‍ മാത്രമാണ് യുഡിഎഫിന് ലീഡ്.