പോലീസ് പാസിന് ഓൺലൈൻ സംവിധാനം ശനിയാഴ്ച നിലവിൽ വരും;എങ്ങനെ അപേക്ഷിക്കാം? ആര്‍ക്കൊക്കെ ലഭിക്കും?

keralanews online system for police pass available from today how to apply who will get it

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് അവശ്യസർവ്വീസ് വിഭാഗത്തിൽപ്പെട്ടവർക്ക് യാത്ര ചെയ്യാന്‍ പൊലിസ് പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ പാസ് ഇന്നു വൈകിട്ട് മുതല്‍ ലഭ്യമായിത്തുടങ്ങും. കേരള പൊലിസിന്റെ www.keralapolice.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്പോൾ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച്‌ സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക.അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒ.ടി.പി. വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും. ഇതുപയോഗിച്ച്‌ മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കുക.മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്കാണ് പാസ് അനുവദിക്കുക. ദിവസ വേതനക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ നേരിട്ടോ, തൊഴിലുടമ വഴിയോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശുപത്രി ജീവനക്കാന്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സേവന വിഭാഗങ്ങള്‍ക്ക് പാസില്ലാതെയും യാത്ര ചെയ്യാം. അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡ് കരുതണം.ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാകുന്നതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയല്‍ കാര്‍ഡുകളോ ഉപയോഗിച്ച്‌ ആളുകള്‍ക്ക് യാത്ര ചെയ്യാം. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച്‌ പാസിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും.

സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും

keralanews free food kits will be distributed in the state from next week

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍.കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗണ്‍ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയും. കഴിഞ്ഞ തവണ ലോക്ക്ഡൗണ്‍ കാലത്ത് സാധനങ്ങളെത്തിക്കാന്‍ ഏറെ പ്രശ്നങ്ങളും തടസങ്ങളുമുണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം. അത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് റേഷന്‍ കാര്‍ഡില്ലാത്ത അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. അടച്ച്‌ പൂട്ടലാണെന്നതിനാല്‍ തിരക്ക് കൂട്ടി സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തി സാധനങ്ങള്‍ വാങ്ങാമെന്നും മന്ത്രി വ്യക്തമാക്കി.

ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ കവർച്ച; 29 ലാപ്‌ടോപ്പുകൾ മോഷണം പോയി

keralanews robbery at iritty higher secondary school 29 laptops stolen

കണ്ണൂർ: ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ കവർച്ച.കമ്പ്യൂട്ടർ ലാബിൽ സൂക്ഷിച്ചിരുന്ന 29 ലാപ്‌ടോപ്പുകൾ മോഷണം പോയി.ഐടി പരീക്ഷ നത്തുന്നതിനായാണ് ഇത്രയും ലാപ്‌ടോപ്പുകൾ റൂമിൽ സജ്ജീകരിച്ചത്.ലാബിലുണ്ടായിരുന്ന മുഴുവൻ ലാപ്‌ടോപ്പുകളും മോഷ്ടാക്കൾ കവർന്നു. സ്‌കൂളിന്റെ പിറക് വശത്തുള്ള ഗ്രിൽസ് തകർത്ത് സ്‌കൂളിനുള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രില്ലിന്റേയും വാതിലിന്റേയും പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. വാക്‌സിനേഷൻ സെന്ററായി നഗരസഭ സ്‌കൂൾ ഏറ്റെടുത്തിരുന്നു. ഇതേ തുടർന്ന് ഓഫീസ് പ്രവർത്തനം അനിശ്ചിത കാലത്തേയ്ക്ക് നിർത്തി വെച്ചിരിക്കുകയായിരുന്നു. ഇന്നലെ സ്‌കൂൾ ജീവനക്കാർ സ്‌കൂളിലെ പ്രധാന മുറികൾ പരിശോധിക്കവെയാണ് ലാപ്‌ടോപ്പുകൾ നഷ്ടമായത് തിരിച്ചറിഞ്ഞത്. പൊതുവിദ്യാഭ്യാസ വകുപ്പ് പല ഘട്ടങ്ങളായി നൽകിയ 25000 രൂപ മുതൽ 28000 രൂപ വരെ വിലമതിയ്ക്കുന്ന ലാപ്‌ടോപ്പുകളാണ് മോഷണം പോയത്. ഇതെല്ലാം കൂടി എട്ട് ലക്ഷത്തോളം രൂപ വിലവരും. കണ്ണൂരിൽ നിന്ന് ഡോഗ് സ്‌ക്വാഡും ഫൊറെൻസിക് വിദഗ്ധരും സ്‌കൂളിലെത്തി പരിശോധന നടത്തും. കഴിഞ്ഞ ലോക്ഡൗൺ സമയത്തും സ്‌കൂളിൽ മോഷണം നടന്നിരുന്നു. അന്ന് രണ്ട് കംപ്യൂട്ടറും രണ്ട് ലാപ്‌ടോപ്പും യുപിഎസുമാണ് മോഷണം പോയത്.

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിലവിൽ വന്നു;ഒൻപത് ദിവസത്തേയ്ക്ക് സംസ്ഥാനം പൂര്‍ണ്ണമായും അടച്ചിടും;അവശ്യ സേവനങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം

keralanews complete lockdown in kerala state completely closed for nine days

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂർണ്ണ ലോക്ഡൗണ്‍.അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനാണ് അനുമതിയുള്ളത്. നിരത്തുകളിൽ പോലീസ് പരിശോധ ശക്തമാക്കിയിട്ടുണ്ട്. കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഒരാഴ്ചത്തെ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്.അടിയന്തിര സംവിധാനത്തില്‍ ഒഴികെയുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.രാവിലെ 6 മുതൽ വൈകീട്ട് 7.30 വരെ കടകൾക്ക് തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറക്കാൻ അനുവാദമുള്ളൂ. ബേക്കറികൾക്കും തുറക്കാം എന്നാൽ ഹോം ഡെലിവറി മാത്രമേ പാടുളളൂ. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണമായും അടച്ചിടും. പൊതുഗതാഗതം പൂർണമായും നിർത്തിവെയ്ക്കും.അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. അവശ്യസാധനങ്ങള്‍ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും.പാഴ്‌സല്‍ നല്‍കാനായി മാത്രം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വാഹന റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ആഴ്ച അവസാനം രണ്ടു ദിവസം തുറക്കാം. ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഹൈവേ പോലീസ് വഴി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ് പാസ് നല്‍കും. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വൈകിട്ടോടെ നിലവില്‍ വരും. 25,000 പോലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍.കേരളത്തിന് പുറമേ ദല്‍ഹി, ഹരിയാന, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, കര്‍ണ്ണാടക, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തമിഴ്‌നാടും അടച്ചിടുകയാണ്.

സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 38460 covid cases confirmed in the state today 26662 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസർഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 370 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,402 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2573 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5238, കോഴിക്കോട് 4067, തിരുവനന്തപുരം 3657, മലപ്പുറം 3615, തൃശൂർ 3711, കണ്ണൂർ 2981, പാലക്കാട് 1332, കൊല്ലം 2411, ആലപ്പുഴ 2153, കോട്ടയം 1981, പത്തനംതിട്ട 1130, വയനാട് 1127, ഇടുക്കി 1091, കാസർഗോഡ് 908 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.115 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 29, വയനാട് 14, തൃശൂർ 13, എറണാകുളം, കാസർഗോഡ് 12 വീതം, കോഴിക്കോട് 9, പത്തനംതിട്ട 7, പാലക്കാട് 6, തിരുവനന്തപുരം, കൊല്ലം 5 വീതം, ഇടുക്കി 3 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2363, കൊല്ലം 1405, പത്തനംതിട്ട 860, ആലപ്പുഴ 1745, കോട്ടയം 3063, ഇടുക്കി 391, എറണാകുളം 2735, തൃശൂർ 1837, പാലക്കാട് 3200, മലപ്പുറം 3224, കോഴിക്കോട് 3194, വയനാട് 277, കണ്ണൂർ 1664, കാസർഗോഡ് 704 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 65 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 788 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കൊവിഡ് ബാധിച്ചു മരിച്ചു

keralanews underworld criminal chhota rajan died due to covid

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. തിഹാര്‍ ജയില്‍ വെച്ച്‌ രോഗം സ്ഥിരീകരിച്ച ഛോട്ടാ രാജനെ ഏപ്രില്‍ 27ന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു ഛോട്ടാ രാജന്‍ അല്‍പം മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെ മുംബൈയിലുള്ളത്. രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്. 61-കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ഛോട്ടാ രാജനെതിരെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം സിബിഐയ്ക്ക് കൈമാറുകയും ഇത് പരിഗണിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ അവസാനം ഛോട്ടാരാജനെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ഇതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഹാജരാക്കാന്‍ കഴിയില്ലെന്നും ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.ഛോട്ടാരാജനെ എയിംസില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു കൊടുംകുറ്റവാളിക്ക് എയിംസില്‍ ചികിത്സ നല്‍കുന്നതിനെ എതിര്‍ത്താണ് വിമര്‍ശനം.

തമിഴ്‌നാട് മുഖ്യമന്ത്രി‍യായി എംകെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

keralanews m k stalin sworn in as chief minister of tamil nadu

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രി‍യായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനില്‍ രാവിലെ ഒൻപത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. സ്റ്റാലിന് ഒപ്പം 34 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളാണ് ഉള്ളത്. ആഭ്യന്തര വകുപ്പിന്റേയും ചുമതല സ്റ്റാലിനാണ്. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലില്ല. ചെക്കോപ്പ്-തിരുനെല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ പേര് മന്ത്രിമാരുടെ പട്ടികയില്‍ ഇല്ല. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരുടേയും അവരുടെ വകുപ്പുകളും ഉള്‍പ്പെട്ട പട്ടിക രാജ്ഭവന് നല്‍കിയത്.റാണിപ്പേട്ടില്‍നിന്നുള്ള എംഎല്‍എ ആര്‍. ഗാന്ധി ഖാദി-ഗ്രാമ വ്യവസായം-ഭൂദാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരിക്കും. ട്രിച്ചി വെസ്റ്റ് എംഎല്‍എ ആയ കെ. എന്‍. നെഹ്‌റു നഗരവികസന മന്ത്രിയാകും.ദുരൈമുരുകനാണ് ജലവിഭവ വകുപ്പ്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനാവും. യുവ എം.എല്‍.എ. അന്‍പില്‍ മഹേഷിന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ലഭിക്കും. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍ ചടങ്ങിനെത്തി.പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്.

ചാല ടാങ്കർ ലോറി അപകടം;ടാങ്കറിൽ നിന്നും വാതകം പൂർണമായും മാറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു

keralanews chala tanker lorry accident gas completely removed from tanker transportation was restored

കണ്ണൂർ:ചാലയിൽ ടാങ്കർ ലോറി മറിഞ്ഞ് പാചക വാതകചോർച്ചയുണ്ടായ ടാങ്കറിൽ നിന്ന് വാതകം പൂർണമായും മാറ്റി.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോഴിക്കോട്ടുനിന്നും മംഗളൂരുവില്‍നിന്നും എത്തിയ വിദഗ്ധര്‍ മറിഞ്ഞ ടാങ്കറിലെ പാചകവാതകം മറ്റ് ടാങ്കറുകളിലേക്ക് മാറ്റിയത്. പ്രശ്‌നം പൂർണമായും പരിഹരിച്ചതിന് പിന്നാലെ പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. അപകടത്തിന് പിന്നാലെ പ്രദേശത്ത് ഒഴിപ്പിച്ച കുടുംബങ്ങളും വീടുകളിൽ തിരികെയെത്തി. കൂടാതെ ഇന്നലെ രണ്ട് മണി മുതൽ നിരോധിച്ച ദേശീയ പാതയിലൂടെയുള്ള ഗതാഗതവും പുനഃസ്ഥാപിച്ചു.അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് പ്രദേശത്ത് നിന്ന് മാറ്റി.മംഗലാപുരത്ത് നിന്നും വാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് ലോറി മറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ടാങ്കറിന്റെ മൂന്നിടങ്ങളിൽ ചോർച്ചയുണ്ടായിരുന്നു.ടാങ്കറില്‍നിന്നുള്ള വാതകം അന്തരീക്ഷത്തില്‍ കലര്‍ന്ന് തീ പിടിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്സ് തുടര്‍ച്ചയായി വെള്ളം ചീറ്റിക്കൊണ്ടിരുന്നു. അതോടൊപ്പം മറിഞ്ഞ ടാങ്കറില്‍നിന്ന് വാതകം പുറത്തേക്ക് വരുന്ന ഭാഗങ്ങളില്‍ മണ്ണിട്ട് ചോര്‍ച്ച തടയുകയുമാണ് ചെയ്തത്.ഇങ്ങനെ ടാങ്കറിന് ചുറ്റും മണല്‍തിട്ട തീര്‍ക്കാന്‍ ഞൊടിയിടയില്‍ മണ്ണ് ചുമന്ന് എത്തിച്ചുനല്‍കിയത് നാട്ടുകാരായ യുവാക്കളാണ്. ഒരുപക്ഷേ, ജീവന്‍പോലും പണയപ്പെടുത്തിയുള്ള ഈ രക്ഷാപ്രവര്‍ത്തനമാണ് വലിയൊരു ദുരന്തം തടയാന്‍ തുണയായത്.വിദഗ്ധര്‍ എത്തുന്നതുവരെ ചോര്‍ച്ച നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയതെന്നും ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ ഉചിതമായ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഐ.ഒ.സിയില്‍നിന്നുള്ള വിദഗ്ധര്‍ പറഞ്ഞു.

സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

keralanews third child who was under treatment after injured in blast in sulthan batheri also died

വയനാട്: സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി.കാരക്കണ്ടി ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസാണ്(13) ഇന്ന് പുലർച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. സ്‌പോടനത്തിൽ പരിക്കേറ്റിരുന്ന മുരളി (16), അജ്മൽ (14) എന്നിവർ കഴിഞ്ഞ 26ന് മരണത്തിന് കീഴടങ്ങിയിരുന്നു.കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ മാസം 22നായിരുന്നു അപകടമുണ്ടായത്.ച്ചയ്ക്ക് ഒരു മണിയോടെ ഷെഡിനുള്ളിൽ നിന്നും സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങിയപ്പോൾ ഷെഡിൽ നിന്നും പൊള്ളലേറ്റ കുട്ടികൾ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്.ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് കുട്ടികളെ ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. ഷെഡിന്റെ അടുക്കള പോലുള്ള ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.

സര്‍ക്കാര്‍ അനുവദിച്ച പല ഇളവുകളും അപ്രായോഗികം;ലോക്ഡൗണ്‍ സമ്പൂര്‍ണമാകണമെങ്കില്‍ ഇളവുകൾ കുറയ്‌ക്കണമെന്നും പോലീസ്

keralanews many concessions granted by government are impractical concessions must be reduced if the lockdown is to be complete

തിരുവനന്തപുരം: ലോക്ഡൗണില്‍ സര്‍ക്കാര്‍ നൽകിയ ഇളവുകളിൽ അതൃപ്തിയുമായി പോലീസ്. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നും നിരത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടാകുമെന്നുമാണ് പൊലിസിന്റെ വിലയിരുത്തല്‍.നിര്‍മ്മാണ മേഖലയില്‍ അടക്കം നല്‍കിയിരിക്കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ അത്തരം ദുരുപയോഗം ധാരാളം ശ്രദ്ധയില്‍പ്പെട്ടതായി പൊലീസ് ആശങ്ക അറിയിച്ചു. അങ്ങനെ തുടര്‍ന്നാല്‍ ലോക്ക്ഡൗണിന്റെ പൂര്‍ണമായ പ്രയോജനം ലഭിക്കില്ലെന്നും പൊലീസ് കരുതുന്നു.ഇക്കാര്യങ്ങള്‍ ഉന്നത പൊലീസ് അധികാരികള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാണ മേഖലയ്ക്ക് പുറമെ സഹകരണ സൊസൈറ്റികള്‍ അടക്കമുള്ളവയ്ക്കും പ്രവര്‍ത്തിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. ഇതും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പ്രവർത്തന സമയം കുറയ്ക്കണം.മുന്‍ ലോക്ക്ഡൗണിന്റെ കാലത്തെ പോലെ കടകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇളവുകള്‍ കൂട്ടിയാല്‍ യാത്രക്കാര്‍ കൂടുമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമാകില്ലെന്നുമാണ് പൊലീസ് നിലപാട്.നാളെ മുതല്‍ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍.കോവിഡ് വ്യാപനത്തിന്റെ രൂക്ഷത വിലയിരുത്തിയ ശേഷം ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന് തീരുമാനിക്കും.