തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ മാര്‍ഗരേഖ പുതുക്കി.മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇവര്‍ യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുൻപ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.നാളെ ചെറിയ പെരുന്നാള്‍ പ്രമാണിച്ച് മാംസവില്‍പ്പനശാലകള്‍ക്ക് മാത്രം ബുധനാഴ്ച രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം.മെയ് 15 ശനിയാഴ്ച ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മറ്റ് പ്രവര്‍ത്തി ദിവസങ്ങളില്‍ മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി ഓഫിസിനും എഫ്എസ്എസ് ആക്ട് 2006ലെ സെക്ഷന്‍ 47 (5) പ്രകാരമുള്ള നാല് സ്വകാര്യ ലബോറട്ടറികള്‍ക്കും മിനിമം ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തിക്കാമെന്നും പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു
റമ്മി കളിക്കാന്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ-പാസിന് അപേക്ഷ നല്‍കി;കണ്ണൂരില്‍ കമ്പ്യൂട്ടർ എന്‍ജിനീയറായ യുവാവ് അറസ്റ്റില്‍
കണ്ണൂർ:റമ്മി കളിക്കാന്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസിന്റെ ഇ-പാസിന് അപേക്ഷ നൽകിയ കമ്പ്യൂട്ടർ എന്‍ജിനീയറായ യുവാവ് അറസ്റ്റില്‍.തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയായ രാഹുല്‍ (24)നെയാണ് ഇന്‍സ്‌പെക്ടര്‍ വി.ജയകുമാര്‍ അറസ്റ്റ്‌ചെയ്തത്. ബംഗളൂരുവില്‍ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പാസായ യുവാവാണ് അത്യാവശ്യമായി റമ്മി കളിക്കാന്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പോലീസിന്റെ വെബ്‌സൈറ്റിലൂടെ ഇ-പാസിന് അപേക്ഷ നല്‍കിയത്.ജില്ലാ പോലീസ് കാര്യാലയത്തില്‍ കഴിഞ്ഞ ദിവസം അപേക്ഷകള്‍ പരിശോധിച്ചപ്പോഴാണ് വിചിത്രമായ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടത്. കണ്ണൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ കഴുത കളിക്കാന്‍ പോകാന്‍ അനുമതി നല്‍കണമെന്നായിരുന്നു അപേക്ഷ. അത്യാവശ്യത്തിന് മാത്രം പുറത്ത് പോകാനുള്ള അപേക്ഷകള്‍ പരിശോധിച്ച് പാസ് അനുവദിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള അപേക്ഷ കണ്ട പോലീസുകാര്‍ വിവരം കണ്ണൂര്‍ പോലീസ് കമ്മിഷണര്‍ക്ക് കൈമാറി.യുവാവിനെ കയ്യോടെ പിടികൂടാന്‍ കമ്മിഷണര്‍ തളിപ്പറമ്പ് പോലീസിന് ഉടന്‍ നിര്‍ദേശവും നല്‍കി. പോലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.അവശ്യകാര്യങ്ങള്‍ക്കു മാത്രം അനുമതി നല്‍കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തെ തമാശയായി കാണുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് രഹസ്യ വില്‍പന; നാദാപുരത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിന് 32,000 രൂപ പിഴ ചുമത്തി
നാദാപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തിയ വസ്ത്ര വ്യാപാര സ്ഥാപനത്തിന് പിഴ ചുമത്തി പോലീസ്.പെരുന്നാള്‍ പ്രമാണിച്ച് കടയുടെ പിന്‍ഭാഗം വഴി വസ്ത്ര വില്‍പന നടത്തിയ സ്ഥാപനത്തിന് 32,000 രൂപയാണ് പിഴ കിട്ടിയത്.കൂടാതെ സ്ഥാപനത്തിലെ പത്തോളം ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.നാദാപുരം കല്ലാച്ചി സംസ്ഥാന പാതയിലെ ഹാപ്പി വെഡ്ഡിങ്ങിലാണ് പോലീസ് പരിശോധന നടത്തിയത്.പൊലീസ് പരിശോധനയ്ക്ക് വരുന്നത് കണ്ട് വസ്ത്രം വാങ്ങാനെത്തിയവരെ ജീവനക്കാര്‍ ഒരു മുറിയിലാക്കി അടച്ചു. എന്നാല്‍ പൊലീസ് ഇവരെ കണ്ടെത്തി. എല്ലാവര്‍ക്കും എതിരെ കേസെടുത്തിട്ടുണ്ട്.നാദാപുരത്ത് ഈറ എന്ന തുണിക്കട ലോക്ക്ഡൗണില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. മുന്‍ഭാഗത്തെ ഷട്ടറുകള്‍ താഴ്ത്തി മാളിന്റെ പിന്നിലൂടെയാണ് കടയ്ക്കുള്ളിലേക്ക് പ്രവേശനം നല്‍കിയിരുന്നത്. കടയില്‍ എത്തിയവര്‍ക്കെതിരേയും നടപടി ഉണ്ടാവും. വരും ദിവസങ്ങളിലും ലോക്ഡൗണ്‍ നിയമം ലംഘിച്ച് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
കൊവാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി;രണ്ടാം ഘട്ടം ഫലം പുറത്തുവന്നശേഷം ക്ലിനിക്കല്‍ ട്രയല്‍ നടത്താം
ന്യൂഡൽഹി:ഇന്ത്യയില്‍ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി. രണ്ട് വയസ്സ് മുതല്‍ 17 വരെയുള്ള കുട്ടികളിൽ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ തീരുമാനം.എന്നാല്‍ നിലവില്‍ നടന്നുവരുന്ന രണ്ടാംഘട്ടത്തിന്റെ ഫലം പുറത്തുവന്നശേഷം മാത്രമേ മൂന്നാംഘട്ടം തുടങ്ങാന്‍ സാധിക്കൂവെന്നും സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടാമത്തെ ട്രയലില്‍ 12 മുതല്‍ 65 വരെ പ്രായമുള്ള 380 പേരിലാകും വാക്സിന്‍ പരീക്ഷിക്കുക. കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിന്റെ ഡോസ് സംബന്ധിച്ചും 2 മുതല്‍ 18 വയസ് വരെയുള്ള എത്ര പേരിലാണ് വാക്സിന്‍ പരീക്ഷിക്കേണ്ടത് സംബന്ധിച്ചും ഇന്ന് തന്നെ അന്തിമ തീരുമാനം കൈക്കൊള്ളും.രാജ്യത്ത് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടില്ല. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം മാത്രമേ അതിനുള്ള നടപടികള്‍ ആരംഭിക്കൂ. അതിനിടെ 12 മുതല്‍ 15 വയസുവരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ കാനഡയ്ക്ക് പുറമെ യുഎസും അനുമതി നല്‍കി. 16 വയസിന് മുകളിലുള്ളവര്‍ക്ക് നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസര്‍ വാക്സിന്‍ നല്‍കിത്തുടങ്ങിയിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള അതേഡോസ് തന്നെയാണ് ഈ രാജ്യങ്ങളും കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളില്‍ 100 ശതമാനവും ഫലപ്രാപ്തി ലഭിച്ചതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയത്.അതേസമയം വാക്‌സീന്‍ ഇന്ത്യയില്‍ ലഭ്യമാക്കാനുള്ള താല്‍പര്യം ഫൈസര്‍ അറിയിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കു നല്‍കാനുള്ള ആലോചനയിലേക്കു കടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. മൂന്നാം കോവിഡ് തരംഗമുണ്ടായാല്‍ അത് ഏറെ ബാധിക്കുക കുട്ടികളെയാണെന്ന മുന്നറിയിപ്പു നിലനില്‍ക്കെയാണിത്. രണ്ടാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുന്നെന്ന ആരോപണം ഇന്നലെയും ആരോഗ്യമന്ത്രാലയം നിഷേധിച്ചു.
സംസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;32,978 പേർ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 37,290 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂർ 3282, പാലക്കാട് 2959, കൊല്ലം 2888, കോട്ടയം 2566, ആലപ്പുഴ 2460, കണ്ണൂർ 2085, പത്തനംതിട്ട 1224, ഇടുക്കി 1056, കാസർഗോഡ് 963, വയനാട് 892 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,287 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീൽ (1) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 125 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇവരിൽ 123 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 79 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5958 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 215 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,256 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2676 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4580, എറണാകുളം 4340, കോഴിക്കോട് 3836, തിരുവനന്തപുരം 3287, തൃശൂർ 3257, പാലക്കാട് 1330, കൊല്ലം 2875, കോട്ടയം 2369, ആലപ്പുഴ 2451, കണ്ണൂർ 1906, പത്തനംതിട്ട 1188, ഇടുക്കി 1035, കാസർഗോഡ് 931, വയനാട് 871 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.143 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 50, കാസർഗോഡ് 18, എറണാകുളം 14, തിരുവനന്തപുരം, പാലക്കാട് 10 വീതം, തൃശൂർ, വയനാട് 9 വീതം, കൊല്ലം 7, കോഴിക്കോട് 6, പത്തനംതിട്ട 5, കോട്ടയം 3, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32,978 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2831, കൊല്ലം 1927, പത്തനംതിട്ട 953, ആലപ്പുഴ 1708, കോട്ടയം 1975, ഇടുക്കി 1164, എറണാകുളം 5200, തൃശൂർ 2161, പാലക്കാഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 810 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.ട് 3620, മലപ്പുറം 3877, കോഴിക്കോട് 4890, വയനാട് 645, കണ്ണൂർ 1917, കാസർഗോഡ് 110 എന്നിങ്ങനേയാണ് രോഗമുക്തിയായത്.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നു; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 14 മുതല്‍ മത്സ്യബന്ധനത്തിനും നിരോധനം
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ലക്ഷദ്വീപിന് സമീപം വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം 16ഓടെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായി മാറിയേക്കും. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം 14 മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ 14ന് മുന്‍പായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് മാറണം. മത്സ്യബന്ധനത്തിന് പോയവരെ വിവരം അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു
ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ല; മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവും കൈയ്യില്‍ കരുതണം
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ഡൗണ്‍ സമയത്തുള്ള ആശുപത്രി യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധമല്ലെന്ന് പോലീസ്.ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പകരം, മെഡിക്കല്‍ രേഖകളും സത്യവാങ്മൂലവുമാണ് കൈയില്‍ കരുതേണ്ടതെന്നും ഒരു വാഹനത്തില്‍ പരമാവധി 3 പേര്‍ക്കു വരെ യാത്ര ചെയ്യാമെന്നും പൊലീസ് അറിയിച്ചു.അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ക്ക് അതാത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട.ലോക്ക് ഡൗണിനോടനുബന്ധിച്ച് പൊലീസ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പാസ് സംവിധാനത്തിലേക്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്.ഇത്രയും പേര്‍ക്കു ഇ-പാസ് നല്‍കിയാല്‍ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും. അതിനാല്‍, തൊട്ടടുത്ത കടയില്‍ നിന്നു മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുന്നവര്‍ പാസ്സിന് അപേക്ഷിക്കേണ്ടതില്ല.അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു പുറത്തിറങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ചില ജില്ലകളിൽ കൊറോണ വ്യാപനം രൂക്ഷം; ലോക് ഡൗൺ നീട്ടുന്നകാര്യം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ കൊറോണ വ്യാപനം രൂക്ഷമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ.നിലവിൽ സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണ്.ലോക്ഡൗൺ നീട്ടണമോയെന്നകാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും ഷൈലജ കൂട്ടിച്ചേർത്തു.സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ആകുമെന്ന് വിദഗ്ധർ അറിയിച്ചിരുന്നു.രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഐസിയുകൾ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്.ഇതിന് പരിഹാരമായി കൂടുതൽ ഐസിയു ബെഡുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുക യാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഓക്‌സിജൻ ഉപയോഗം കൂടിയതിനാൽ മറ്റു സംസ്ഥാനങ്ങൾക്ക് നൽകാൻ കഴിയില്ല. നിലവിൽ ഇപ്പോഴുള്ളത് മതിയാകില്ല. കേന്ദ്ര വിഹിതം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഓക്‌സിജൻ ക്ഷാമമില്ലെന്നും ഷൈലജ വ്യക്തമാക്കി.
ഇന്ത്യയുടെ വിവിഐപി വിമാനം എയര്‍ ഇന്ത്യ വണ്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലെത്തി
കണ്ണൂർ:ഇന്ത്യയുടെ വിവിഐപി വിമാനം എയര്‍ ഇന്ത്യ വണ്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലെത്തി.രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്കായി അമേരിക്കയില്‍ നിന്നു വാങ്ങിയ പ്രത്യേക വിമാനമാണ് എയര്‍ ഇന്ത്യ വണ്‍ എന്ന വിവിഐപി വിമാനം. മിസൈല്‍ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ഈ വിമാനം.പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ വണ്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലും പറന്നിറങ്ങിയത്. ഡല്‍ഹിയില്‍ നിന്നെത്തിയ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്തു 15 മിനിറ്റിനു ശേഷം ഡല്‍ഹിയിലേക്കു തന്നെ തിരികെപ്പോയി. പൈലറ്റുമാര്‍ ഉള്‍പ്പെടെ 9 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.യാത്രാവിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്ന സമയത്തും വിവിഐപി വിമാനങ്ങള്‍ക്കു പ്രത്യേക പരിഗണനകള്‍ ലഭിക്കാറുണ്ടെങ്കിലും തിരക്കേറിയ വിമാനത്താവളങ്ങളില്‍ പരീക്ഷണ പറക്കലിന് അനുമതി ലഭിക്കാന്‍ കാത്തിരിക്കേണ്ടിവരാറുണ്ട്. കൊവിഡ് സാഹചര്യത്തില്‍ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യ വണ്‍ പരീക്ഷണാര്‍ഥം ഇറക്കുന്നുണ്ട്. വിമാന റാഞ്ചലോ മറ്റോ സംഭവിച്ചാല്‍ സുരക്ഷാര്‍ഥം പാര്‍ക്ക് ചെയ്യേണ്ട ഐസലേഷന്‍ പാര്‍ക്കിങ്ങിലും വിമാനം പാര്‍ക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിര്‍വഹിക്കുന്നത്. നിലവില്‍ ‘എയര്‍ ഇന്ത്യ വണ്‍’ എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ സഞ്ചരിക്കുന്നത്. എയര്‍ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങള്‍ പറത്തുന്നത്. പ്രമുഖ നേതാക്കള്‍ക്കു വേണ്ടി സര്‍വീസ് നടത്താതിരിക്കുമ്പോൾ വാണിജ്യ സര്‍വീസുകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് (LAIRCM), സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് (എസ്പിഎസ്), മിസൈല്‍ പ്രതിരോധ സംവിധാനമാണ് ‘എയര്‍ ഇന്ത്യ വണ്‍’ വിമാനത്തിലുള്ളത്. വിമാനത്തിനുളളില്‍ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാര്‍ത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉള്‍പ്പടെയുള്ള ചികിത്സ സൗകര്യങ്ങള്‍, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങള്‍, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പോലും ക്ഷതമേല്‍ക്കില്ല തുടങ്ങി അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തിലുളളത്.
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങളിലേക്ക് നൽകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം:കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഓക്‌സിജൻ മറ്റു സംസ്ഥാനങ്ങളിലേക്ക് നൽകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്നും കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കി.നേരത്തെ രാജ്യത്തെ ഒരേയൊരു ഓക്സിജൻ സർപ്ലസ് സംസ്ഥാനം കേരളമാണെന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്. കൊറോണ കേസുകൾ കുറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.എന്നാൽ കരുതൽ ശേഖരം തീരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളെ സഹായിക്കാനാകുന്ന സ്ഥിതിയല്ല കേരളത്തിന്റെതെന്ന് മുഖ്യമന്ത്രി അയച്ച കത്തിൽ വ്യക്തമാക്കി.കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്‌സിജൻ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.കാസർകോട് സ്ഥിതി രൂക്ഷമാണ്.കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. എട്ട് രോഗികളെയാണ് വേറെ ആശുപത്രികളിലേക്ക് മാറ്റിയത്. ഓക്സിജൻ പ്ലാന്റുകൾ ഇല്ലാത്ത കാസർകോട് ജില്ലയിലേക്ക് കണ്ണൂരിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് ഓക്സിജൻ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഓക്‌സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ശസ്ത്രക്രിയകൾ മാറ്റിവെച്ചിരുന്നു.