തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39,955 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂർ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂർ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസർഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6150 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 217 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4834, എറണാകുളം 4928, തിരുവനന്തപുരം 3803, കൊല്ലം 3725, തൃശൂർ 3562, കോഴിക്കോട് 3237, പാലക്കാട് 1214, കോട്ടയം 2590, ആലപ്പുഴ 2704, കണ്ണൂർ 2130, പത്തനംതിട്ട 1280, ഇടുക്കി 1208, കാസർഗോഡ് 858, വയനാട് 768 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 28, എറണാകുളം, കാസർഗോഡ് 14 വീതം, വയനാട് 11, തിരുവനന്തപുരം, പാലക്കാട് 10 വീതം, പത്തനംതിട്ട 8, തൃശൂർ 7, കൊല്ലം, കോട്ടയം 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേർ 33,733 രോഗമുക്തി നേടി. തിരുവനന്തപുരം 2497, കൊല്ലം 3359, പത്തനംതിട്ട 1166, ആലപ്പുഴ 2996, കോട്ടയം 3491, ഇടുക്കി 1082, എറണാകുളം 3468, തൃശൂർ 2403, പാലക്കാട് 3000, മലപ്പുറം 2908, കോഴിക്കോട് 4242, വയനാട് 490, കണ്ണൂർ 2349, കാസർഗോഡ് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,38,913 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് 102 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 740 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കണ്ണൂരിൽ കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്ക്കരിച്ചതായി പരാതി; വീട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കണ്ണൂര്‍: കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചെന്ന് പരാതിയെ തുടർന്ന് വീട്ടുകാര്‍ക്കെതിരേ കേസെടുത്ത് പൊലീസ്.കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരിയില്‍ കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹമാണ് വീട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെയോ പൊലീസിനെയോ പഞ്ചായത്ത് അധികൃതരയോ അറിയിക്കാതെ സംസ്‌കരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖത്താല്‍ ചികിത്സയ്ക്ക് വിധേയമാക്കിയത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതര്‍ രോഗിയെ അഡ്‌മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടെയുള്ളവര്‍ വിസമ്മതിച്ചു. ആരോഗ്യപ്രവര്‍ത്തകരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കാതെ രോഗിയുമായി വീട്ടിലേക്ക് മടങ്ങി.വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച മരിച്ചു.കോവിഡ് ബാധിച്ചാണ് ഇവര്‍ മരിച്ചത് എന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ വീട്ടുകാർ ചടങ്ങുകള്‍ നടത്തി മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമാണ് ജില്ലാ സെന്റര്‍ വഴി ആരോഗ്യവകുപ്പിന് കോവിഡ് ബാധിതയുടെ വിവരങ്ങള്‍ ലഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തുന്നതിനു മുന്‍പ് സംസ്‌കാര ചടങ്ങുള്‍പ്പെടെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്തധികൃതരും വയോധിക കോവിഡ് ബാധിച്ച മരിച്ചതാണെന്ന വിവരം കൂത്തുപറമ്പ് പൊലീസില്‍ അറിയിക്കുകയായിരുന്നു.കോവിഡ് ബാധിച്ച് മരിച്ച വിവരം മറച്ചുവെച്ച് ശവസംസ്‌കാരം നടത്തിയതിന് വീട്ടുക്കാര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടങ്ങില്‍ പങ്കെടുത്തവരെ അധികൃതര്‍ ഇടപെട്ട് നിരീക്ഷണത്തിലാക്കുകയും ചെയ്തു.
കണ്ണൂർ ചേലേരിയിൽ കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു
കണ്ണൂര്‍: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞു.ചേലേരി വൈദ്യര്‍ കണ്ടിക്ക് സമീപം കോമളവല്ലിയാണ് (45) മരണമടഞ്ഞത്. ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. ശവസംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്പലത്ത് നടന്നു.ഭര്‍ത്താവ്: ഷാജി. സഹോദരങ്ങള്‍: ശ്രീധരന്‍, രജ്ഞിത്ത്, സുരേശന്‍, ഓമന, വനജ, ശോഭ, സീത, പരേതനായ പത്മനാഭന്‍.
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു;24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും; കേരള തീരത്ത് അതീവ ജാഗ്രത
തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ഇന്ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.ഈ സാഹച്യത്തിൽ വ്യാഴാഴ്ചയും, വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശനിയാഴ്ചയോടെ ന്യൂനമർദം ലക്ഷ്വദ്വീപിന് സമീപം ചുഴലിക്കാറ്റായി മാറിയേക്കും. ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരള തീരത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കി.വടക്ക്- വടക്ക് പടിഞ്ഞാറ് മാറിയാകും കാറ്റിന്റെ സഞ്ചാരമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്.കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. എങ്കിലും ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം. കേരളാ തീരത്ത് മണിക്കൂറിൽ 80 കിലോ മീറ്റർ വേഗതയിൽ വീശുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഞായറാഴ്ച കാറ്റിന് ശക്തി കൂടും.മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലേര്‍ട്ട്
മേയ് 14 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
മേയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
മേയ് 16 : കണ്ണൂര്‍, കാസര്‍ഗോഡ്.
യെല്ലോ അലേര്‍ട്ട്
മേയ് 12 : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി
മേയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
മേയ് 14 : തിരുവനന്തപുരം, മലപ്പുറം
മേയ് 15 : തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
മേയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍
കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പ്’ വഴിയും ഇനി യാത്രാ പാസിന് അപേക്ഷിക്കാം
തിരുവനന്തപുരം:കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പ്’ വഴിയും ഇനി യാത്രാ പാസിന് അപേക്ഷിക്കാം.പോൽ-ആപ്പിലെ മുപ്പത്തിയൊന്നാമത്തെ സേവനമായാണ് പോൽ-പാസ് എന്ന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ദിവസവേതന തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഹോംനേഴ്സുമാർ തുടങ്ങിയവർക്ക് ലോക്ഡൗൺ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ഓൺലൈൻ പാസിനായി അപേക്ഷിക്കാവൂവെന്ന് പോലീസ് ആവർത്തിച്ചു.പോൽ-പാസ് സംവിധാനം വഴി ലഭിക്കുന്ന പാസിന്റെ സ്‌ക്രീൻ ഷോട്ട് പരിശോധനാസമയത്ത് കാണിക്കണം. ബുധനാഴ്ച വൈകിട്ട് ഏഴ് മണിവരെ 4,24,727 പേർ പാസിനായി അപേക്ഷിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ എല്ലാവർക്കും പാസ് അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മാത്രമേ നടപടിയുണ്ടാകൂവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.ഇതുവരെ അപേക്ഷിച്ചവരിൽ 53,225 പേർക്ക് മാത്രമാണ് യാത്രാനുമതി നൽകിയിട്ടുളളത്. 3,24,096 പേർക്ക് അനുമതി നിഷേധിച്ചു. 47,406 അപേക്ഷകൾ പരിഗണനയിലാണ്. ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവർ സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതണമെന്നും ഇതിനായി പോലീസിന്റെ ഇ-പാസിന് അപേക്ഷിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; ഉടൻ നാട്ടിലെത്തിക്കും
ഡല്‍ഹി: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇസ്രായേൽ അധികൃതർ മൃതദേഹം ഇന്ത്യൻ എംബസിയ്ക്ക് വിട്ടുകൊടുത്തത്.ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ മൃതദേഹം ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികള്‍ തുടങ്ങും.ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ സൗമ്യയുടെ മൃതദേഹം ടെല്‍ അവിവിലെ ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിരിക്കുകയാണ്.സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ അറിയിച്ചിരുന്നു. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോര്‍ക്ക ബന്ധപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ അകാലവിയോഗത്തില്‍ കുടുംബത്തിന് സഹായകരമാകുന്ന വിധമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി . പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദ്ദേശം നൽകുന്നു.അടിയന്തിരഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മലയാളം അടക്കം നാലുഭാഷകളിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുളളത്. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. നമ്പർ: +972549444120.
ഇസ്രായേല്‍ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായി ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് മരിച്ചത്. ഇസ്രായേലില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുകയാണ് സൗമ്യ. സൗമ്യ ജോലി ചെയ്യുന്ന വീട് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആ സമയത്ത് സൗമ്യ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. സ്‌ഫോടനം നടന്ന സമയത്ത് സൗമ്യക്ക് പെട്ടെന്ന് സുരക്ഷാമുറിയിലേക്ക് മാറാന്‍ കഴിഞ്ഞില്ല. ഇസ്രായേലിന്റെ ആക്രമണത്തിനു പ്രതികരണമെന്ന നിലയിലാണ് ഹമാസ് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണമഴിച്ചുവിട്ടത്. റോക്കറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത് മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തി;കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം
ലക്‌നൗ: ( 13.05.2021) ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത് മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തി. ലക്‌നൗവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഉന്നാവിലാണ് സംഭവം. ഗംഗാ നദിയുടെ തീരത്ത് രണ്ടിടങ്ങളിലായാണ് നിരവധി മൃതദേഹങ്ങള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യുപി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്.പ്രദേശവാസികള്‍ മൃതദേഹങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്താത്തവരുടെ മൃതദേഹങ്ങള്‍ ആയിരിക്കാം ഇതെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.ചിലര്‍ മൃതദേഹം ദഹിപ്പിക്കാറില്ലെന്നും അവര്‍ മൃതദേഹം മണലില്‍ കുഴിച്ചിടാറാണ് പതിവെന്നും ഇവിടെ കണ്ടെത്തിയ മൃതദേഹങ്ങള്‍ കോവിഡ് ബാധിതരുടേതാണെന്ന് ഉറപ്പില്ലെന്നുമാണ് ഉന്നതോദ്യോഗസ്ഥരുടെ പ്രതികരണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു;സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചനകള്‍
കൊച്ചി: കൊവിഡ് പ്രതിദിന വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ കനത്ത ജാഗ്രതയില്‍ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിര്‍ദേശം. ലോക്ഡൗണ്‍ പെട്ടെന്നു പിന്‍വലിക്കുന്നത് വ്യാപനം വീണ്ടും കൂടാനിടയുണ്ടെന്നാണ് വിലയിരുത്തല്‍. രോഗികള്‍ കൂടുന്നത് ഐസിയു, വെന്റിലേറ്ററുകള്‍ എന്നിവയുടെ ക്ഷാമമത്തനിടയായേക്കുമെന്നാണ് മറ്റൊരു ആശങ്ക.എന്നാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടതുന്നത് പലരെയും ബുദ്ധിമുട്ടിലാക്കുമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. ഇക്കാരണത്താല്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മേഖലകളില്‍ മാത്രം പൂര്‍ണ ലോക്ഡൗണും മറ്റിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ മിനി ലോക്ഡൗണും മതിയെന്ന നിര്‍ദേശവും സര്‍ക്കാരിനു മുന്നിലുണ്ട്. അതേസമയം, കേരളത്തില്‍ ഇന്നലെ 43,529 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
ആശങ്ക വർധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 43529 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ശതമാനം; 34,600 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 95 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6053 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 40,133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3010 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6247, മലപ്പുറം 5185, കോഴിക്കോട് 4341, തിരുവനന്തപുരം 3964, തൃശൂര്‍ 3962, പാലക്കാട് 1428, കൊല്ലം 3336, കോട്ടയം 2744, ആലപ്പുഴ 2596, കണ്ണൂര്‍ 2151, പത്തനംതിട്ട 1285, ഇടുക്കി 1277, കാസര്‍ഗോഡ് 943, വയനാട് 674 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.145 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തൃശൂര്‍ 23, എറണാകുളം 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് 10 വീതം, കൊല്ലം 8, കോട്ടയം 2, ആലപ്പുഴ, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 34,600 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2338, കൊല്ലം 2815, പത്തനംതിട്ട 1264, ആലപ്പുഴ 2518, കോട്ടയം 2171, ഇടുക്കി 1287, എറണാകുളം 4474, തൃശൂര്‍ 2319, പാലക്കാട് 3100, മലപ്പുറം 3946, കോഴിക്കോട് 5540, വയനാട് 446, കണ്ണൂര്‍ 1907, കാസര്‍ഗോഡ് 475 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,32,789 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 75 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 740 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ടയിൽ കാനറാ ബാങ്കിന്റെ ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പ്; ജീവനക്കാരന്‍ ഒളിവില്‍, അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
പത്തനംതിട്ട: ജില്ലയിലെ കാനറാ ബാങ്ക് ശാഖയില്‍ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസാണ് വിവിധ സ്ഥിരനിക്ഷേപകരുടെ അക്കൗണ്ടുകളില്‍നിന്ന് 8.13 കോടിയോളം രൂപ തട്ടിയെടുത്തത്. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്ന് ബാങ്ക് നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 14 മാസത്തിനിടെയാണ് ഇത്രയും രൂപ തട്ടിയെടുത്തിരിക്കുന്നത്.പണം പിന്‍വലിക്കാത്ത ദീര്‍ഘകാല നിക്ഷേപ അക്കൗണ്ടുകളില്‍നിന്നാണ് വിജീഷ് വര്‍ഗീസ് പണം തട്ടിയെടുത്തത്.കംപ്യൂട്ടറുകള്‍ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ മാനേജര്‍ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. വിജീഷിനു വേണ്ടി പോലിസ് അന്വേഷണം ശക്തമാക്കി. പത്തനംതിട്ട നഗരത്തിലെ കാനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യര്‍ കം ക്ലര്‍ക്കാണ് കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു.ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടായിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരന്‍ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ബാങ്കിന്റെ കരുതല്‍ അക്കൗണ്ടില്‍നിന്നുള്ള പണം തിരികെ നല്‍കി പരാതി പരിഹരിക്കുകയായിരുന്നു. എന്നാല്‍, ഓഡിറ്റിങ്ങില്‍ കോടികള്‍ നഷ്ടമായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. അതേസമയം, പരാതി ഉയര്‍ന്ന ഫെബ്രുവരി മുതല്‍ വിജീഷ് കുടുംബസമേതം ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫാണ്. നേരത്തെ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.വിജേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.