ബീജിംഗ്: ‘രണ്ടു കുട്ടികള്‍’ എന്ന നയം അവസാനിപ്പിക്കാനൊരുങ്ങി ചൈന. പതിറ്റാണ്ടുകളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തി ദമ്പതികൾക്ക് പരമാവധി മൂന്ന് വരെയാകാമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമാകുന്നു എന്ന സെന്‍സസ് വിവര പ്രകാരമാണ് നയത്തില്‍ മാറ്റം വരുത്തുന്നത്.രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. 40 വര്‍ഷക്കാലം ഒരു കുട്ടി എന്ന നയമാണ് ചൈന പിന്തുടര്‍ന്നത്. 2016ല്‍ ഇത് പിന്‍വലിച്ചു. പ്രായമായവര്‍ വര്‍ധിച്ചുവരുന്നു എന്ന ആശങ്ക പരിഗണിച്ചാണ് അന്ന് നടപടി സ്വീകരിച്ചത്. നയത്തില്‍ വീണ്ടും ഇളവ് വരുത്തി കുട്ടികളുടെ എണ്ണം മൂന്ന് വരെയാകാമെന്ന് ചൈനീസ് പൊളിറ്റ് ബ്യൂറോ യോഗത്തെ ഉദ്ധരിച്ച് സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു.2016 മുതല്‍ 2020 വരെ, തുടര്‍ച്ചയായ നാല് വര്‍ഷമായി രാജ്യത്ത് ജനനനിരക്ക് കുറയുന്നതായി ചൈന രേഖപ്പെടുത്തി. ബീജിംഗിലെ വരാനിരിക്കുന്ന ഡെമോഗ്രാഫിക്‌സും അനുസരിച്ചും നഗരത്തില്‍ ജനസംഖ്യ കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആദ്യം, ചൈനയുടെ ദശകീയ സെന്‍സസിന്റെ കണ്ടെത്തലുകള്‍ പ്രകാരം 1950 കള്‍ക്കുശേഷം രാജ്യത്തെ ജനസംഖ്യ മന്ദഗതിയിലായിരുന്നു.1978 ല്‍ ചൈന ആദ്യമായി ഒരു കുട്ടി നയം നടപ്പിലാക്കിയത്. 2016 ജനുവരി മുതല്‍ ദമ്പതികൾക്ക് രണ്ടു കുട്ടികള്‍ വരെയാകാമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരുന്നു.
ഫസ്റ്റ്ബെല്‍ 2.0; ട്രയല്‍ ക്ലാസുകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.അംഗണവാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’ ജൂണ്‍ ഒന്നു മുതല്‍ നാലു വരെ രാവിലെ 10.30 നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂണ്‍ ഏഴു മുതല്‍ 10 വരെ നടത്തും. പ്ലസ്ടു ക്ലാസുകള്‍ക്ക് ജൂണ്‍ ഏഴു മുതല്‍ 11 വരെയാണ് ആദ്യ ട്രയല്‍. രാവിലെ എട്ടര മുതല്‍ 10 മണി വരെയും വൈകുന്നേരം അഞ്ച് മുതല്‍ ആറ് മണി വരെയുമായി ദിവസവും അഞ്ചു ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂണ്‍ 14 മുതല്‍ 18 വരെ ഇതേ ക്രമത്തില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.
ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ രണ്ട് മുതല്‍ നാല് വരെയായിരിക്കും. ഇതേ ക്ലാസുകള്‍ ജൂണ്‍ ഏഴു മുതല്‍ ഒൻപത് വരെയും ജൂണ്‍ 10 മുതല്‍ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്നു ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 01.30 വരെയാണ്.ഒന്നാം ക്ലാസുകാര്‍ക്ക് രാവിലെ 10 നും രണ്ടാം ക്ലാസുകാര്‍ക്ക് 11 നും മൂന്നാം ക്ലാസുകാര്‍ക്ക് 11.30 നുമാണ് ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍. നാലാം ക്ലാസിന് ഉച്ചക്ക് 1.30 ഉം അഞ്ചാം ക്ലാസിന് ഉച്ചക്ക് 2 മണിക്കും ആറാം ക്ലാസിന് 2.30 നും ഏഴാം ക്ലാസിന് 3 മണിക്കും എട്ടാം ക്ലാസിന് 3.30 നും എന്ന ക്രമത്തില്‍ ട്രയല്‍ ക്ലാസുകള്‍ ഓരോ പീരിയഡ് വീതമായിരിക്കും നടക്കുക. ഒന്‍പതാം ക്ലാസിന് വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെ രണ്ടു ക്ലാസുകളുണ്ടായിരിക്കും.ട്രയല്‍ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടര്‍ക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.കുട്ടികളുടെ സൗകര്യത്തിന് ക്ലാസുകള്‍ പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in ല്‍ ഒരുക്കും. കൈറ്റ് വിക്ടേഴ്‌സ് ലൈവ് ലിങ്കും ടൈംടേബിളും ഇതേ സൈറ്റില്‍ ലഭ്യമാക്കും.
രാജ്യത്ത് പ്രതിദിന കൊവിഡ് മരണങ്ങളും കേസുകളും കുറയുന്നു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിനും താഴെ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളും മരണനിരക്കും കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രാജ്യത്ത് 1.52 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 9ന് ശേഷമുളള ദെെനംദിന വെെറസ് ബാധിതരുടെ എണ്ണത്തിലെ ഏറ്റവും കുറഞ്ഞ വര്‍ദ്ധനവാണിത്. 3128 കൊവിഡ് മരണങ്ങളാണ് പുതിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് ശേഷമുളള ഏറ്റവും താഴ്ന്ന മരണസംഖ്യയാണിത്. കഴിഞ്ഞ ആഴ്ചത്തേക്കാള്‍ അയ്യായിരത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 24000 മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ അതിനു മുന്‍പത്തെ ആഴ്ച 29000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്തെ രോഗമുക്തരുടെ നിരക്ക് 91.60 ശതമാനമായി വര്‍ദ്ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 9.04 ശതമാനവും പ്രതിദിന നിരക്ക് 9.07 ശതമാനവുമാണ്. തുടര്‍ച്ചയായ ഏഴു ദിവസമായി പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെയാണ്.അതേസമയം തമിഴ്നാട് (28,864), കര്‍ണാടക (20,378), കേരളം (19,894), മഹാരാഷ്ട്ര (18,600), ആന്ധ്രപ്രദേശ് (13,400) എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 1.52 ലക്ഷം പുതിയ രോഗികളില്‍ 66.22 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയിലും (814) തമിഴ്നാട്ടിലുമാണ് (493) ഏറ്റവും കൂടുതൽ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.2.56 കോടിയാളുകള്‍ ഇതുവരെ രോഗമുക്തി നേടി. 20.26 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍
തിരുവനന്തപുരം:രോഗികളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയതോടെ സമ്പൂർണ്ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ സര്‍ക്കാര്‍. ഇന്ന് മുതല്‍ വിവിധ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. മെയ് 8നാണ് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത്. പിന്നീട് രണ്ട് തവണയായി ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തിരുന്നു.നിലവിൽ ജൂണ്‍ 9 വരെയാണ് ലോക്ക്ഡൗൺ.രോഗനിരക്ക് കുറയുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇരുപത് ശതമാനത്തിലും താഴെ എത്തിയതോടെയാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ഡൗണ്‍ കേരളത്തില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ ഏറെ ഫലപ്രദമായിരുന്നു എന്ന അഭിപ്രായമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ മരണനിരക്ക് ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതിനാലാണ് ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. ജില്ലവിട്ടുള്ള യാത്രകളിലും അതിനാല്‍ അയവ് വന്നിട്ടില്ല.
ഇളവുകള്‍ ഇങ്ങനെ:
- വ്യാവസായിക സ്ഥാപനങ്ങളും ഉല്‍പാദന കേന്ദ്രങ്ങളും കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. 50 ശതമാനത്തിലധികം ജീവനക്കാർക്ക് ജോലിക്ക് എത്താനാവില്ല.
- വ്യവസായങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ ജീവനക്കാരെ വച്ച് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കാം.
- വ്യാവസായിക മേഖലകളില്‍ ആവശ്യമനുസരിച്ച് കുറഞ്ഞ അളവില്‍ ബസുകള്‍ സര്‍വീസ് നടത്താന്‍ കെഎസ്‌ആര്‍ടിസിക്ക് അനുമതി നൽകി.
- ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.
- വിവാഹങ്ങള്‍ കണക്കിലെടുത്ത് തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവ വില്‍ക്കുന്ന കടകളും ജ്വല്ലറികളും തിങ്കളാഴ്ച, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കുറഞ്ഞ ജീവനക്കാരുമായി രാവിലെ ഒൻപത് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാന്‍ അനുമതി.
- വിദ്യാര്‍ത്ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ കുറഞ്ഞ ജീവനക്കാരെ വച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.
- കള്ള് ഷാപ്പുകളില്‍ പാര്‍സല്‍ അനുവദിക്കും.
- ദേശീയ സേവിംഗ്സ് സ്കീമിലെ ആര്‍ ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് ആഴ്ചയിലൊരിക്കല്‍ പണം അയയ്ക്കാന്‍ അനുവാദമുണ്ട്. ഇതിനായി എല്ലാ തിങ്കളാഴ്ചയും യാത്ര ചെയ്യാന്‍ അവരെ അനുവദിക്കും.
- സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി നിയമിതരായവര്‍ക്ക് പിഎസ്‌സി ശുപാര്‍ശ പ്രകാരം ജോലിയില്‍ പ്രവേശിക്കാനായി ഓഫീസിലേക്ക് യാത്ര ചെയ്യാം.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒൻപത് വരെ നീട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒൻപത് വരെ നീട്ടി.നിലവില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നാളെ അവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാണ് സാധ്യത. ഇളവുകള്‍ സംബന്ധിച്ച തീരുമാനം കൊവിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സ്വര്‍ണക്കടകള്‍, ടെക്‌സ്‌റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയേക്കും.വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അൻപത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനവുമുണ്ട്. സ്‌പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും സാധ്യതയുണ്ട്. വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആര്‍. നേരത്തെ ട്രിപിള്‍ലോക്ക് ഡൗണ്‍ ഏര്‍പെടുത്തിയ നാല് ജില്ലകളിലും ടിപിആര്‍ കൂടുതലാണ്. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. തീവ്രരോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്.
ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി മുതൽ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് കെഎസ്‌ഇബി
തിരുവനന്തപുരം:1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്‌ഇബി. ആയിരം രൂപയ്ക്ക് താഴെയുള്ള വൈദ്യതി ബില്ലുകള്‍ മാത്രമേ ഇനി ക്യാഷ് കൗണ്ടറില്‍ സ്വീകരിക്കുകയുള്ളൂ എന്നും കെഎസ്‌ഇബി അറിയിച്ചു. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ചോ ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബില്‍ അടയ്ക്കാം.2021 ജൂലൈ 31 വരെ കെഎസ്‌ഇബിയുടെ കസ്റ്റമര്‍ കെയര്‍ പോര്‍ട്ടലായ wss.kseb.in വഴിയും കെഎസ്‌ഇബി എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വൈദ്യുതി ബില്‍ അടയ്ക്കുമ്പോൾ ട്രാന്‍സാക്ഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും വൈദ്യുത ബോര്‍ഡ് അറിയിച്ചു.
കായംകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 5 വയസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം
ഹരിപ്പാട്: ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് 5 വയസുകാരന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം.കാറിലുണ്ടായിരുന്ന ആയിഷ ഫാത്തിമ(25), റിയാസ്(27), ബിലാൽ(5), ഉണ്ണിക്കുട്ടൻ(20) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 3.50-ഓടെയാണ് ദാരുണമായ അപകടം നടന്നത്. കാറില്‍ ആറുപേരുണ്ടായിരുന്നെന്നാണ് വിവരം.പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കായംകുളം കരിയിലക്കുളങ്ങര പോലീസ് സ്‌റ്റേഷന് സമീപത്തെ സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്നോവ കാറും മണൽ കയറ്റിപോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിമുട്ടിയത്. ഇന്ന് വെളുപ്പിന് മഴയുള്ള സമയത്താണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു.കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍;അന്തിമ തീരുമാനം ഇന്ന്
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ തുടരണമെന്ന അഭിപ്രായം ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ജനജീവിതം ദുസ്സഹമാകുന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയാലും കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ചില കടകളും സ്ഥാപനങ്ങളും പ്രത്യേക ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കും. മൊബൈല്‍, ടെലിവിഷന്‍ റിപ്പയര്‍ കടകളും കണ്ണട കടകളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 മുതല്‍ തുടങ്ങുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കിയേക്കും. അതോടൊപ്പം വിവിധ പരീക്ഷകളുടെ മൂല്യനിര്‍ണയം ആരംഭിക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയെങ്കിലും പൊതുഗതാഗതത്തിനും അനുമതി നല്‍കേണ്ടിവരും. അടിസ്ഥാന, നിര്‍മാണ് മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ലോക്ക്‌ഡൌണ്‍ നീട്ടാനാണ് സാധ്യത.
കോവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ല;പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് മുടങ്ങിയ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് ആരോഗ്യ മന്ത്രി
കണ്ണൂര്‍: ഗവ.മെഡിക്കല്‍ കോളേജില്‍ മെഷീന്‍ തകരാറിലായതിനെത്തുടര്‍ന്നാണ് ഡയാലിസിസ് മുടങ്ങിയ സംഭവത്തില്‍ അടിയന്തരമായി ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. തകരാറിലായ ആര്‍.ഒ. വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് രോഗികള്‍ക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് പ്രിന്‍സിപ്പാളും അറിയിച്ചതായി മന്ത്രി പറഞ്ഞു.ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ക്ക് ചികിത്സ മുടങ്ങാതെ നടന്നുവരുന്നുണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. സ്വതന്ത്രമായ ചെറിയ ആര്‍.ഒ. പ്ലാന്റ് സഹായത്തോടെയാണ് ഇത് തുടര്‍ന്നു വരുന്നത്. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സി.എച്ച്. സെന്ററിലേക്കും, തളിപ്പറമ്പ, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഫില്‍ട്ടര്‍ മെമ്ബ്രൈൻ തകരാറിലായതാണ് നിലവിലെ പ്രശ്നം. സാങ്കേതിക വിദഗ്ധര്‍ എറണാകുളത്തു നിന്നുമാണ് എത്തേണ്ടത്. വൈകുന്നേരത്തോടെ തകരാര്‍ പരിഹരിക്കും.മൂന്നാഴ്ച മുൻപ് പഴയ പ്ലാന്റിന്റെ ഒരു മോട്ടോർ കേടായത് ഡയാലിസിസ് മുടങ്ങാതെ തന്നെ പരിഹരിച്ചിരുന്നു.സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടവരും, അടിയന്തര ഡയാലിസിസ് ചികിത്സ ആവശ്യമുള്ള ഒ.പി.യിലെത്തുന്ന രോഗികളുടെ ചികിത്സയുൾപ്പെടെയായി 20 ഡയാലിസിസ് മെഷീനുകളാണ് 24 മണിക്കൂറും ഇവിടെ പ്രവർത്തിപ്പിക്കുന്നത്. ഇതിനുപുറമേ 2 മെഷീനുകൾ കോവിഡ് രോഗികൾക്കായി പ്രത്യേകവും പ്രവർത്തിക്കുന്നു. ദിവസത്തിന്റെ മുഴുവൻ സമയവും മെഷീനുകൾ പ്രവർത്തിക്കുന്നത് കാരണം പുതിയ ആർ.ഒ. പ്ലാന്റ് പ്രവര്ത്തനസജ്ജമാക്കുന്നതിനുള്ള നടപടി ഇതിനോടകം സ്വീകരിക്കുകയും പുതിയത് വാങ്ങുന്നതിനുള്ള സപ്ലൈ ഓർഡർ നല്കുകയും ചെയ്തിട്ടുണ്ട്.
പിപിഇ കിറ്റും എൻ95 മാസ്ക്കും ഉള്‍പ്പെടെ കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വിലകൂട്ടി നിശ്ചയിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം:പിപിഇ കിറ്റും എൻ95 മാസ്ക്കും ഉള്‍പ്പെടെ കോവിഡ് സുരക്ഷാ ഉപകരണങ്ങളുടെ വിലകൂട്ടി നിശ്ചയിച്ച് സംസ്ഥാന സർക്കാർ.മെഡിക്കല്‍ ഉപകരണ വിതരണക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനം. കോവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് വില 30 ശതമാനം വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.പി പി ഇ കിറ്റിന് 328 രൂപയും പള്‍സ് ഓക്സീ മീറ്ററിന് 1800 രൂപയും N95 മാസ്കിന് 26 രൂപയുമാണ് പുതിയ വില. നേരത്തെ പള്‍സ് ഓക്സി മീറ്ററിന് 1500 രൂപയാക്കി കുറച്ചിരുന്നു. പിപിഇ കിറ്റിന് 273 രൂപയും എന്‍95 മാക്സിന് 22 രൂപയുമായിട്ടായിരുന്നു നേരത്തെ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരുന്നത്.ട്രിപ്പിള്‍ ലെയര്‍ മാസ്കിന് 5 രൂപയാക്കി. സാനിറ്റൈസര്‍ 500 മില്ലി ബോട്ടിലിന് 192ല്‍ 230 ആയും കൂട്ടി.ഫേസ് ഷീൽഡിന് 25 രൂപയും ഏപ്രണ് 14 രൂപയുമാണ് പുതിയ വില.സർജിക്കൽ ഗൗണിന്റെ വില 65-ൽ നിന്ന് 78 ആയി. പരിശോധനാ ഗ്ലൗസ്-7 രൂപ, സ്റ്റിറൈൽ ഗ്ലൗസ്-18 രൂപ, എൻ.ആർ.ബി. മാസ്‌ക്-96, ഓക്സിജൻ മാസ്‌ക്-65, ഫ്ളോമീറ്റർ-1824 എന്നിങ്ങനെയാണ് പുതുക്കിയ വില. മാസ്കിനും പിപിഇ കിറ്റിനും ബിഐഎസ് നിഷ്കര്‍ഷിക്കുന്ന ഗുണമേന്മ ഉണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.നേരത്തെ കൊറോണ സാമഗ്രികൾക്ക് അന്യായമായ വില ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചതോടെയാണ് സർക്കാർ ഇടപെട്ട് അത് കുറച്ചത്.വില കുറച്ചതോടെ മൊത്ത വിതരണക്കാര്‍ കേരളത്തിലേക്ക് വിതരണം കുറച്ചിരുന്നു. തുടര്‍ന്നാണ് വില പുതുക്കി നിശ്ചയിച്ചത്.