കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിൽ സിപിഎം എംഎൽഎ എ.എൻ ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകാൻ നീക്കം നടക്കുന്ന സംഭവത്തിൽ വിസിയോട് വിശദീകരണം തേടി ഗവർണർ. സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. യൂണിവേഴ്‌സിറ്റി എച്ച് ആർഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്കാണ് എംഎൽഎയുടെ ഭാര്യ ഡോ. സഹലയെ നിയമിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി ഷംസീറിന്റെ ഭാര്യ ഡോ.സഹലയെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന സ്ഥിരം തസ്തികയിലേക്ക് നിയമിക്കാന്‍ ശ്രമം നടന്നു എന്നാണ് പരാതി.സെന്ററിലെ തസ്തികകൾ യുജിസി മാനദണ്ഡ പ്രകാരം താത്കാലികമാണെങ്കിലും അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാർ സർവ്വകലാശാലയ്ക്ക് അനുമതി കൊടുത്തിരുന്നു. ഇതിലേക്കാണ് സഹലയെ സർവ്വകലാശാല പരിഗണിച്ചിരിക്കുന്നത്. അതേസമയം ഡയറക്ടറുടെ തസ്തികയിൽ ഇതുവരെ നിയമനം നടത്തിയിട്ടില്ല. ഈ തസ്തികയിലെ ഒഴിവ് നികത്താതെയാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്താനായുള്ള സർവ്വകലാശാല നീക്കം. തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് അപേക്ഷകരായ 30 പേർക്ക് സർവ്വകലാശാല അറിയിപ്പ് ഇ മെയിൽ ആയി അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ അക്കാദമിക് മെരിറ്റോ ഗവേഷണപരിചയമോ അദ്ധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനായിരുന്നു നീക്കം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗവര്‍ണര്‍ പരിശോധിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ നിലപാട് അറിയുന്നതിനായി വി.സിയുടെ മറുപടി ഗവര്‍ണര്‍ തേടിയിരിക്കുന്നത്.
രാജ്യം ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെ ഡൽഹിയിലെ ഒരു വീട്ടിൽ നിന്നും പൂഴ്ത്തിവെച്ച 48 സിലിണ്ടറുകൾ പിടികൂടി;വീട്ടുടമ പിടിയിൽ
ന്യൂഡൽഹി: രാജ്യം ഓക്സിജൻ ക്ഷാമം നേരിടുന്നതിനിടെ ഡൽഹിയിലെ ഒരു വീട്ടിൽ നിന്നും പൂഴ്ത്തിവെച്ച 48 സിലിണ്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു.32 വലിയ സിലിണ്ടറുകളും 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയത്. സ്ഥിരം പട്രോളിംഗിനിറങ്ങുന്ന പോലീസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഓക്സിജന്‍ വിതരണം ചെയ്യുന്ന അനില്‍ കുമാര്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് സിലിണ്ടറുകള്‍ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, ഇയാള്‍ക്ക് വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഓക്സിജന്‍ വില്‍ക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.വലിയ ഓക്സിജന്‍ സിലിണ്ടറുകളില്‍ നിന്ന് ചെറിയതിലേക്ക് മാറ്റിയാണ് ഇയാള്‍ ഓക്സിജന്‍ വില്‍പന നടത്തിയിരുന്നത്. സിലിണ്ടറൊന്നിന് 12,500 രൂപ വരെ ഈടാക്കിയിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യക്കാര്‍ക്ക് പിടിച്ചെടുത്ത ഓക്സിജന്‍ വിതരണം ചെയ്യുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. മായാപുരിയിൽ പ്രത്യേകം സംഭരണശാല അനിലിനുണ്ടെന്നും അവിടെ റെയ്ഡ് നടത്തുമെന്നും പോലീസ് അറിയിച്ചു.
സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍;ആവശ്യസർവീസുകൾക്ക് അനുമതി; സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധി
തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്ക് തുടക്കമായി. ശനി, ഞായര്‍ ദിവസങ്ങളില്‍ അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം.വീടുകളില്‍ മത്സ്യമെത്തിച്ച് വില്‍ക്കാം. വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കണം. ഹോട്ടലുകളില്‍ പാഴ്‌സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമാകും. ഇന്ന് നടക്കേണ്ട ഹയർസെക്കന്ററി പരീക്ഷകൾ മാറ്റിവയ്ക്കാത്തതിനാൽ തലസ്ഥാന നഗരി അടക്കം പ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സി സേവനം നൽകുന്നുണ്ട്. അറുപതു ശതമാനം സർവ്വീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്. ട്രെയിന്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ്.ഓട്ടോ ടാക്‌സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം. എന്നാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും, പ്ലസ്ടു പരീക്ഷയ്ക്കും ഇളവുണ്ട്.നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്തുന്നുണ്ട്. അടഞ്ഞ സ്ഥലങ്ങളില്‍ 75 പേര്‍ക്കും തുറസായ ഇടങ്ങളില്‍ 150 പേര്‍ക്കുമാണ് പരമാവധി പ്രവേശനം.വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകള്‍ക്കും അവധിയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ഓഫീസില്‍ പോകാം. അതേസമയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഇളവുണ്ട്.
തൃശ്ശൂര്‍ പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടി വീണ് തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു
തൃശൂർ:തൃശ്ശൂര്‍ പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടി വീണ് തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു.തിരുവമ്പാടി ദേവസ്വം ആഘോഷകമ്മറ്റി അംഗം പൂച്ചെട്ടി സ്വദേശിയായ രമേഷ്, പൂരം എക്സിബിഷൻ കമ്മറ്റി അസി സെക്രട്ടറി പൂങ്കുന്നം സ്വദേശിയായ രാധാകൃഷ്ണമേനോൻ എന്നിവരാണ് മരിച്ചത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വീഴുകയായിരുന്നു.അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്.രാത്രി പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ പഞ്ചവാദ്യം എഴുന്നള്ളിപ്പ് പുരോഗമിക്കവേ 12:55 നാണ് അപകടം ഉണ്ടാകുന്നത്. ബ്രഹ്മസ്വം മഠത്തിലെ ആൽമരത്തിന്റെ വലിയ കൊമ്പ് എഴുന്നള്ളിപ്പിനിടയിലേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ രക്ഷാ പ്രവർത്തനവും ആരംഭിച്ചു.ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈത്യുതി ആഘാതമേറ്റതായും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഇരു വിഭാഗങ്ങളും ഉപേക്ഷിച്ചു. വെടിക്കെട്ടിനായായി തയാറാക്കിയ വെടിക്കൊപ്പുകൾ കത്തിച്ച് നശിപ്പിച്ചു.വെടിക്കോപ്പുകള്‍ കുഴികളില്‍ നിറച്ചതിനാല്‍ പൊട്ടിക്കുന്നത് ഒഴിവാക്കാനാവില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്. അപകടം ഇല്ലാതിരിക്കാന്‍ പല തവണ വെടിക്കെട്ട് സാമഗ്രികള്‍ പൊലീസ് പരിശോധിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തിയപ്പോള്‍ പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞിരുന്നു.കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ശനിയും ഞായറും സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ നിയന്ത്രണം;നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം; ദീര്‍ഘദൂര യാത്ര പരമാവധി ഒഴിവാക്കണം
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ആയിരിക്കും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള യോഗത്തില്‍ തീരുമാനിക്കും.കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. പ്രധാനമന്ത്രിയുടെ യോഗത്തിൽ രോഗവ്യാപനത്തെ ചെറുക്കാൻ കേരളം സ്വീകരിക്കുന്ന നടപടികൾ അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.നാളെയും മറ്റെന്നാളും അവശ്യസർവ്വീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. രണ്ട് ദിവസവും വീട്ടിൽ തന്നെ നിൽക്കണം. നാളെയും മറ്റെന്നാളും അനാവശ്യയാത്രകൾ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹമുൾപ്പെടെയുള്ള ചടങ്ങളുകൾ നടത്താം. അടച്ചിട്ട ഹാളുകളിൽ പരമാവധി 75പേർക്കും, തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കുമാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദീർഘ ദൂരയാത്രകൾ പരമാവധി ഒഴിവാക്കണം. തീവണ്ടി, വിമാന സർവ്വീസുകൾ സാധാരണ പോലെ ഉണ്ടാകും. പോലീസ് പരിശോധനാ സമയത്ത് ബന്ധപ്പെട്ട രേഖകൾ കാണിക്കാം.ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല.ഇതിനായി യാത്ര ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനുമതി ലഭിക്കും. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്ന മാതാപിതാക്കള്‍ ഉടന്‍ തിരിച്ചു മടങ്ങണം. പരീക്ഷ കഴിഞ്ഞു മാത്രമേ തിരിച്ചെത്താവൂ. സ്‌കൂള്‍ പരിസരത്ത് കൂട്ടംകൂടി നില്‍ക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം.വളരെ അത്യാവശ്യ ഘട്ടത്തില്‍ പൊതുജനത്തില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താവന കൈയില്‍ കരുതണം.ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇളവ് നൽകും. വീടുകളില്‍ മത്സ്യമെത്തിച്ച് വില്‍പന നടത്തുന്നതിന് തടസ്സമില്ല, വില്‍പനക്കാര്‍ മാസ്‌കടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ശതമാനം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,617 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5055 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4477, കോഴിക്കോട് 3860, തൃശൂര്‍ 2920, മലപ്പുറം 2529, തിരുവനന്തപുരം 1950, കണ്ണൂര്‍ 1812, കോട്ടയം 1858, പാലക്കാട് 809, ആലപ്പുഴ 1231, പത്തനംതിട്ട 1099, കാസര്‍ഗോഡ് 1061, കൊല്ലം 1067, ഇടുക്കി 838, വയനാട് 792 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 13, കണ്ണൂര്‍ 12, തൃശൂര്‍ 11, വയനാട് 9, കാസര്‍ഗോഡ് 7, കൊല്ലം, കോഴിക്കോട് 6 വീതം, എറണാകുളം, പാലക്കാട് 3 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5663 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 711, കൊല്ലം 158, പത്തനംതിട്ട 153, ആലപ്പുഴ 127, കോട്ടയം 538, ഇടുക്കി 227, എറണാകുളം 572, തൃശൂര്‍ 614, പാലക്കാട് 221, മലപ്പുറം 529, കോഴിക്കോട് 1012, വയനാട് 219, കണ്ണൂര്‍ 335, കാസര്‍ഗോഡ് 247 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 523 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: വോട്ടെണ്ണൽ ദിവസം സംസ്ഥാനത്ത് ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മെയ് ഒന്ന് അർദ്ധ രാത്രി മുതൽ രണ്ടാം തീയതി രാത്രി വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തണം എന്ന് ആശ്യപ്പെട്ട് കൊല്ലത്ത് അഭിഭാഷകൻ ആയ അഡ്വ. വിനോദ് മാത്യു വിൽസൺ ആണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണൽ പ്രമാണിച്ച് 48 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നും ആഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ.എസ്.ഗണപതിയും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി
ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനുളള നടപടികള്‍ക്കൊപ്പം തുടര്‍ വിതരണവും യോഗത്തില്‍ ചര്‍ച്ചയാകും.സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍, ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമുണ്ടോ തുടങ്ങി കാര്യങ്ങളെല്ലാം യോഗത്തില്‍ ചര്‍ച്ച ആയേക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിമാരുമായുളള യോഗം കഴിഞ്ഞശേഷം പന്ത്രണ്ട് മണിയ്‌ക്ക് ഓക്‌സിജന്‍ നിര്‍മ്മാണ കമ്പനി മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയാണ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ നിന്ന് ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുന്നത്. ഇന്നോ നാളെയോ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
ഓക്സിജൻ ക്ഷാമം;ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു
ദില്ലി: ഓക്സിജൻ പ്രതിസന്ധിയെത്തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികൾ മരിച്ചതായി ആശുപത്രി അധികൃതർ.60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ. എത്രയും വേഗം ഓക്സിജൻ എത്തിക്കണമെന്നും മെഡിക്കൽ ഡയറക്ടർ ആവശ്യപ്പെട്ടു. തലസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളില്‍ ഒന്നാണ് സര്‍ ഗംഗാറാം ആശുപത്രി.മരിച്ച രോഗികളുടെയെല്ലാം അവസ്ഥ ഗുരുതരമായിരുന്നെന്നും എല്ലാവരും കൂടുതല്‍ ഓക്സിജന്‍ വേണ്ട നിലയിലായിരുന്നെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ബുധനാഴ്ച രാത്രി ആശുപത്രിക്ക് ഓക്സിജന്‍ ലഭ്യമാക്കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ മാത്രമേ ഇത് നീണ്ടു നില്‍ക്കുകയുള്ളൂവെന്ന് അധികൃതര്‍ അപ്പോള്‍ തന്നെ അറിയിച്ചിരുന്നു.”ഐനോക്സില്‍ നിന്നുള്ള ട്രക്കുകള്‍ ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവര്‍ എത്തുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കുകയാണ്. തടസ്സമില്ലാത്തതും സമയബന്ധിതമായി ഓക്സിജന്‍ വിതരണം ചെയ്യാനാകുന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക് ആവശ്യം,” ആശുപത്രി ചെയര്‍മാന്‍ അറിയിച്ചു.
സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് കൊറോണ വാക്സിൻ കൂടി എത്തി;സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് കൊറോണ വാക്സിൻ കൂടി എത്തി. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം, കൊച്ചി , കോഴിക്കോട് മേഖലകൾക്ക് ഒന്നര ലക്ഷം വീതം എന്നിങ്ങനെയാണ് വാക്‌സിൻ എത്തിയത്.ഇതോടെ സംസ്ഥാനത്ത് നാളെ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അതേ സമയം കേന്ദ്രത്തിൽ നിന്നും കിട്ടുന്നതിന് മാത്രമായി കാത്തുനിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിൻ വേഗത്തിൽ തന്നെ വാങ്ങാനുള്ള നടപടികളിലേക്ക് സംസ്ഥാനം കടക്കുകയാണ് അതുമായി ബന്ധപ്പെട്ട് വാക്സിൻ കമ്പനികളുമായി ചർച്ചകൾ നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനം വാങ്ങുന്ന വാക്സിന് ആവശ്യം വരുന്ന പണം കേന്ദ്ര സർക്കാർ പിന്നീട് നൽകിയാലും മതി. അതുകൊണ്ട് വാക്സിൻ വാങ്ങാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാനം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നുള്ള തീരുമാനം പ്രതീക്ഷിക്കുന്നു. എന്നാല്‍ കേന്ദ്രം തരുന്നതും നോക്കി കാത്തിരിക്കില്ല. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ വാക്സിന്‍ വാങ്ങാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാക്സിന്‍റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കും. 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് മെയ് ഒന്ന് മുതല്‍ വാക്സിന്‍ കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഈ വിഭാഗത്തില്‍പ്പെട്ട 1.65 കോടിയാളുകള്‍ കേരളത്തിലുണ്ട്. അതിനാല്‍ തന്നെ വാക്സിന്‍ നല്‍കുന്നതില്‍ ക്രമീകരണം വേണം. അനാവശ്യ ആശങ്ക ഒഴിവാക്കാന്‍ സംവിധാനം കൊണ്ടു വരും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന്‍ നല്‍കാനാണ് ആലോചിക്കുന്നത്. അസുഖമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും. ഇതിനുള്ള സംവിധാനമൊരുക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.