എടിഎമ്മില്‍ സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ച് കാര്‍ഡ് വിവരങ്ങളും പിൻനമ്പരും ചോര്‍ത്തി ഉടമകളറിയാതെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങള്‍ തട്ടി; രണ്ട് എഞ്ചിനീയറിങ് ബിരുദധാരികള്‍ അറസ്റ്റില്‍

keralanews lakhs were stolen from the account by leaking the card details and pin number by installing a skimmer and a secret camera in the atm two engineering graduates arrested

കോഴിക്കോട്: എടിഎമ്മില്‍ സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ച് കാര്‍ഡ് വിവരങ്ങളും പിൻനമ്പരും ചോര്‍ത്തി ഉടമകളറിയാതെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് എഞ്ചിനീയറിങ് ബിരുദധാരികള്‍ അറസ്റ്റില്‍.വില്യാപ്പളളി സ്വദേശി ജുബൈര്‍, കായക്കൊടി സ്വദേശി ഷിബിന്‍ എന്നിവരാണ് അറസ്റ്റിലായത്.കേസില്‍ ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പ്രധാന പ്രതികളെ പിടികൂടാനുണ്ട്. ഇരുപത്തിഅഞ്ച് പേരുടെ അക്കൗണ്ടില്‍ നിന്നായി അഞ്ച് ലക്ഷത്തി പതിനായിരം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.വടകര ബൈപ്പാസില്‍ എആര്‍എ ബേക്കറിക്ക് സമീപത്തെ എസ്ബിഐ എടിഎം കൗണ്ടര്‍, പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പിഎന്‍ബി ബാങ്ക് എടിഎം കൗണ്ടര്‍ എന്നിവിടങ്ങളിലെ എടിഎം യന്ത്രത്തില്‍ സ്‌കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുമ്പോൾ സ്‌കിമ്മര്‍ വഴി ഡാറ്റകള്‍ ശേഖരിക്കും. പുറത്ത് ഘടിപ്പിച്ച ക്യാമറ വഴി പിന്‍ വിവരം കൂടി ശേഖരിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്.ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പേരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. ഇവര്‍ക്ക് സഹായം ചെയ്തുവന്ന രണ്ട് പേരാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായ ജുബൈര്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിലും ഷിബിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലും ബിടെക് ബിരുദധാരികളാണ്. ഇരുവരും വടകരയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു.വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഉത്തരേന്ത്യന്‍ തട്ടിപ്പു സംഘവുമായി ബന്ധം സ്ഥാപിച്ചത്. എടിഎം കൗണ്ടറുകളില്‍ സ്‌കിമ്മര്‍ ഉപയോഗിച്ച്‌ ചോര്‍ത്തുന്ന വിവരങ്ങള്‍ ഡീ കോഡ് ചെയ്ത് കൊടുത്തിരുന്നത് ഇവരാണെന്ന് കണ്ടെത്തി. ഇതിന് പകരമായി തട്ടുന്ന പണത്തിന്റെ ഒരു വിഹിതം ഇവര്‍ക്ക് ലഭിക്കും. ഗൂഗിള്‍ പേ വഴി ഇവര്‍ക്ക് പണം ലഭിച്ചതിന്റെ തെളിവും പൊലീസിന് ലഭിച്ചു.ഇവര്‍ കൊടുക്കുന്ന വിവരങ്ങള്‍ വെച്ച്‌ ഉത്തരേന്ത്യന്‍ സ്വദേശികള്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നിര്‍മ്മിച്ച്‌ അവിടെ വെച്ചു തന്നെയാണ് പണം പിന്‍വലിച്ചുകൊണ്ടിരുന്നത്. ഒരാഴ്ച കൊണ്ട് ഒട്ടേറെ പേരുടെ എടിഎം കാര്‍ഡ് വിവരങ്ങള്‍ ഇവര്‍ ചോര്‍ത്തിയതായാണ് സൂചന.ഉത്തരേന്ത്യയില്‍ നിന്നുള്ള മുഖ്യ പ്രതികള്‍ തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതിന് ഫെബ്രുവരി പത്ത് മുതല്‍ വടകരയില്‍ വന്ന് താമസിച്ചിരുന്നു.ഫെബ്രുവരി 10 മുതല്‍ ഇവിടെ ഇടപാടുകള്‍ നടത്തിയവര്‍ പിന്‍ നമ്പർ മാറ്റണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് പാചകവാതക സിലിണ്ടറിന് പത്തുരൂപ കുറച്ചു

keralanews 10 rupees reduced for coking gas cylinder

ന്യൂഡൽഹി:ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ച് രാജ്യത്തെ എണ്ണകമ്പനികള്‍. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയില്‍ പത്തുരൂപയാണ് കുറച്ചത്. ഇതോടെ നിലവിലെ 819 രൂപയിൽ നിന്ന് 809 രൂപയായി വില കുറയും.കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വർധിച്ചിരുന്നു. ജനുവരിയിൽ 694 രൂപയും ഫെബ്രുവരിയില്‍ 719 രൂപയുമായിരുന്നു. ഫെബ്രുവരി 15ന് ഇത്769 രൂപയായും 25ന് 794 രൂപയായും വര്‍ധിപ്പിച്ചു. മാർച്ചിൽ 819 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില.തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പെട്രോൾ-ഡീസൽ വിലയിലും എണ്ണകമ്പനികള്‍ നേരിയ കുറവ് വരുത്തിയിരുന്നു.

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി

keralanews last date for connecting aadhaar and pan card extended to june 30

ഡൽഹി:ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. 2021 ജൂൺ 30 വരെയാണ് നീട്ടിയത്. ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി.രണ്ടും ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്‍റെ പുതിയ തീരുമാനം വന്നത്.1961 ലെ ആദായ നികുതി നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് പുതിയ നടപടി. ഇത് ഒൻപതാം തവണയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടി നല്‍കുന്നത്.ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ കാര്‍ഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കി. ആദായ നികുതി നിയമത്തിലെ 139 AA (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള എല്ലാവരും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല.ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു പാൻ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും.ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതു മുതൽക്കുള്ള നിരവധി സേവനങ്ങൾക്ക് അനിവാര്യമാണ് നിലവിൽ പാൻ കാർഡ്. കാർഡ് റദ്ദാവുകയാണെങ്കിൽ വാഹനങ്ങളുടെ വാങ്ങൽ, വില്‍പ്പന, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഡിമാറ്റ് അക്കൗണ്ട് എന്നിവയടക്കം നിരവധി സാമ്പത്തിക ഇടപാടുകൾക്ക് തടസം നേരിടും.

45 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും

keralanews covid vaccination for those over 45 years of age will start today

ന്യൂഡൽഹി:രാജ്യത്ത് 45 വയസ്സിനു മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഇന്ന് ആരംഭിക്കും.ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍, നാഷണല്‍ ഹെല്‍ത്ത് അഥോറിറ്റി സിഇഒ ഡോ. ആര്‍ എസ് ശര്‍മ, തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമിതി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച അവസാന തയ്യാറെടുപ്പുകളും ഒരുക്കങ്ങളും നടത്തി.വാക്സിനേഷന്റെ ഭാഗമായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈനായും ആശുപത്രികളില്‍ നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. www.cowin.gov.in എന്ന വെബ് സൈറ്റിലൂടെ വേണം രജിസ്റ്റര്‍ ചെയ്യാന്‍. ആശുപത്രികളില്‍ നേരിട്ടെത്തി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൂടാതെയും വാക്സിന്‍ സ്വീകരിക്കാമെങ്കിലും തിരക്ക് ഒഴിവാക്കാന്‍ രജിസ്ട്രേഷന്‍ ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ച സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യമുണ്ടാകും. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരില്‍ 4,84,411 ആദ്യഡോസ് വാക്‌സിനും 3,15,226 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളില്‍ 1,09,670 പേര്‍ ആദ്യ ഡോസും 69230 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 3,22,548 പേര്‍ ആദ്യ ഡോസും 12,123 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60നു മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള രോഗബാധിതര്‍ എന്നിവരില്‍പ്പെട്ട 21,88,287 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു.

സംസ്ഥാനത്തെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

keralanews opposition leader ramesh chennithala released the list of dual voters in the state

തിരുവനന്തപുരം:സംസ്ഥാനത്തെ ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.’ഓപ്പറേഷൻ ട്വിൻസ്’ എന്ന വെബ്സൈറ്റിലാണ് ഇരട്ടവോട്ടുകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. 4.34 ലക്ഷം ഇരട്ടവോട്ടുകളുടെ വിവരമാണ് പുറത്ത് വിട്ടത്.ഓരോ മണ്ഡലത്തിലെയും വോട്ടുകൾ പ്രത്യേകമായി സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഫോട്ടോ ഉപയോഗിച്ച് വിവിധ മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുടെ വിവരങ്ങളും വെബ്സൈറ്റിലുണ്ട്. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. ഇതുവഴി ഇരട്ടവോട്ട് തടയാനാകുമെന്ന പ്രതീക്ഷയും പ്രതിപക്ഷത്തിനുണ്ട്.38,000 ഇരട്ടവോട്ടര്‍മാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 4.34 ലക്ഷം ഇരട്ടവോട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. എന്നാല്‍ പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിട്ടത്.വെബ്‌സൈറ്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. പുതിയ അപ്ഡേഷനൊപ്പം ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് അവസാനിക്കും വരെ ഈ വിവരങ്ങള്‍ ലഭ്യമായിരിക്കും. കള്ളവോട്ടിനുള്ള സാധ്യതകള്‍ തടയണമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.