തിരുവനന്തപുരം:ര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നാളെ നേമത്ത് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. ഏതാനും ദിവസം ഐസൊലേഷനില്‍ ആയിരിക്കുമെന്ന് പ്രിയങ്ക അറിയിച്ചു. കോവിഡ് ബാധിച്ചയാളുമായി സമ്പർക്കത്തിൽ ആയതിനാല്‍ ഏതാനും ദിവസം ഐസൊലേഷനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചതായി പ്രിയങ്ക അറിയിച്ചു. കോവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആണ്. എന്നാല്‍ ഐസലേഷനില്‍ കഴിയണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം. ഇതനുസരിച്ച് പ്രചാരണപരിപാടികള്‍ റദ്ദാക്കുകയാണെന്നും അസൗകര്യത്തില്‍ ഖേദിക്കുന്നതായും പ്രിയങ്ക അറിയിച്ചു.കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ പ്രിയങ്കയ്ക്ക് നേമത്തെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ഇക്കാര്യത്തില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. ബിജെപിയുമായി കോണ്‍ഗ്രസ് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ പ്രിയങ്ക പ്രചാരണത്തിന് എത്താത്തത് ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു ആക്ഷേപം. പിന്നീട് മുരളീധരന്‍ നേരിട്ട് അഭ്യര്‍ഥിച്ചതു പ്രകാരമാണ് പ്രിയങ്ക നാളെ നേമത്ത് എത്താമെന്ന് അറിയിച്ചത്.ഇന്ന് അസമിലും നാളെ തമിഴ്‌നാട്ടിലും മറ്റന്നാൾ കേരളത്തിലുമാണ് പ്രിയങ്കയുടെ റാലി നിശ്ചയിച്ചിരുന്നത്.
പോസ്റ്റല്‍ ബാലറ്റ്; കണ്ണൂർ ജില്ലയിൽ 93.9% പേര്‍ വോട്ട് ചെയ്തു
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് എത്തിച്ചേരാന്‍ സാധിക്കാത്ത അവശ്യ സര്‍വ്വീസ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ജില്ലയില്‍ 93.9% പേര്‍ വോട്ട് രേഖപ്പെടുത്തി.പോസ്റ്റല്‍ ബാലറ്റിനായി വരണാധികാരികള്‍ക്ക് ഫോറം 12ഡിയില്‍ അപേക്ഷ സമര്‍പ്പിച്ച 3896 പേരില്‍ 3657 പേരാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി വോട്ട് ചെയ്തത്. മണ്ഡലം കേന്ദ്രങ്ങളില്‍ പ്രത്യേകമായി ഒരുക്കിയ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തിയാണ് തപാല്‍വോട്ടിന് അപേക്ഷ നല്‍കിയവര്‍ പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്. 12ഡി ഫോറത്തില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കി വോട്ട് ചെയ്യാതിരുന്ന 239 പേര്‍ക്ക് ഇനി ബൂത്തിലെത്തി വോട്ട് ചെയ്യാനാവില്ല.ആരോഗ്യം, പൊലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, ജയില്‍, മില്‍മ, വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെഎസ്‌ആര്‍ടിസി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍, ബിഎസ്‌എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍- ടെലിഗ്രാഫ്, ഏവിയേഷന്‍, ആംബുലന്‍സ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇത്തവണ പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭ്യമാക്കിയത്.
അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തി;സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.അദാനി ഗ്രൂപ്പിൽ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കുകയും, ഇതുവഴി കോടികളുടെ അഴിമതി നടത്തുകയും ചെയ്‌തെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.അദാനിക്ക് 1000 കോടിയോളം രൂപ അധികലാഭം ഉണ്ടാക്കുന്ന 8850 കോടി രൂപയുടെ 25വര്‍ഷത്തേക്കുള്ള കരാറിലാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെടുന്നത്. അഞ്ച് ശതമാനം വൈദ്യുതി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളില്‍ നിന്നും വാങ്ങണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ മറവിലാണ് വൈദ്യുതികൊള്ള നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കാറ്റില്‍നിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് രണ്ട് രൂപ മാത്രമായിരിക്കെ അദാനിയില്‍നിന്നും സംസ്ഥാനം യൂണിറ്റിന് 2.82 രൂപയ്ക്കാണ് വാങ്ങുന്നത്. ഇതിലൂടെ 1000 കോടി രൂപയുടെ അധിക ലാഭമാണ് അദാനിക്ക് ലഭിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജലവൈദ്യുത പദ്ധതികളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാമെന്നിരിക്കേ എന്തിനാണ് അദാനിയിൽ നിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കാറ്റിൽ നിന്നുള്ള വൈദ്യുതിയുടെ പ്രധാന ഉത്പാദകർ അദാനിയാണ്. അതുകൊണ്ടു തന്നെ കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങാനുള്ള തീരുമാനം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎം ബിജെപി ഒത്താശയോടെയുള്ള ഈ കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മയ്യിൽ പാമ്പുരുത്തിയിൽ മുസ്‍ലിം ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം
കണ്ണൂർ: മയ്യിൽ പാമ്പുരുത്തിയിൽ മുസ്‍ലിം ലീഗ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം.തളിപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്‍റെ പ്രചാരണ പരിപാടി നടന്നതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.സംഘർഷത്തിൽ അഞ്ച് സി.പി.എം പ്രവർത്തകർക്കും മൂന്ന് ലീഗ് പ്രവർത്തകർക്കും പരിക്കേറ്റു.പ്രചാരണ ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണാര്‍ക്കാട് ഗ്യാസ് ടാങ്കര്‍ ലോറി ചരക്കുലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കര്‍ ലോറി ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഒരാള്‍ മരിച്ചു. ചരക്ക് ലോറി ഡ്രൈവറാണ് മരണപ്പെട്ടത്. വെളളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് ചരക്കുലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചരക്ക് ലോറിയുടെ ഡീസല്‍ ടാങ്ക് പൊട്ടി തീപടരുകയായിരുന്നു. ചരക്കുലോറി പൂര്‍ണമായും കത്തിനശിച്ചു. 18 ടണ്‍ പാചകവാതകം ടാങ്കറില്‍ ഉണ്ടായിരുന്നു.ഗ്യാസ് ടാങ്കര്‍ ലോറിയില്‍ തീപിടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടാങ്കറിലെ ഗ്യാസ് ചോരാതിരിക്കാന്‍ നടപടി സ്വീകരിച്ചതായും അഗ്‌നിശമന സേന അറിയിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കോങ്ങാട് വഴി കറങ്ങി പോകേണ്ടതാണെന്നും എന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1835 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍ഗോഡ് 187, മലപ്പുറം 170, തിരുവനന്തപുരം 163, പത്തനംതിട്ട 127, ഇടുക്കി 123, പാലക്കാട് 113, ആലപ്പുഴ 98, വയനാട് 66 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 54,347 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4632 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 416, കണ്ണൂര്‍ 290, എറണാകുളം 306, തൃശൂര്‍ 234, കൊല്ലം 205, കോട്ടയം 185, കാസര്‍ഗോഡ് 169, മലപ്പുറം 156, തിരുവനന്തപുരം 115, പത്തനംതിട്ട 107, ഇടുക്കി 118, പാലക്കാട് 44, ആലപ്പുഴ 93, വയനാട് 63 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, എറണാകുളം 2 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 180, കൊല്ലം 145, പത്തനംതിട്ട 55, ആലപ്പുഴ 193, കോട്ടയം 138, ഇടുക്കി 53, എറണാകുളം 157, തൃശൂര്‍ 181, പാലക്കാട് 49, മലപ്പുറം 197, കോഴിക്കോട് 264, വയനാട് 48, കണ്ണൂര്‍ 137, കാസര്‍ഗോഡ് 38 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
രാത്രിയാത്രയില്‍ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ ചാർജ് ചെയ്യുന്നത് വിലക്കി റെയില്‍വെ
ന്യൂഡൽഹി:ട്രെയിനിൽ സഞ്ചരിക്കുമ്പോൾ രാത്രികാലങ്ങളിൽ മൊബൈൽ ഫോൺ, ലാപ്ടോപ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി റെയില്‍വെ. സമീപകാലത്ത് ട്രെയിനുകളിലുണ്ടായ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് വിലക്ക്. ഈ സമയത്ത് ചാർജിങ് പോയിന്‍റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കും. പടിഞ്ഞാറൻ റെയിൽവെ മാർച്ച് 16 മുതൽ തന്നെ ഇതു നടപ്പാക്കിയിരുന്നു. ഇത് എല്ലാ സോണുകളിലും നടപ്പാക്കണമെന്നാണ് ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം.2014ൽ ബാംഗ്ലൂർ- ഹസൂർ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടുത്തതിനു പിന്നാലെ തന്നെ രാത്രി ചാർജിങ് ഒഴിവാക്കണമെന്ന് റെയിൽവെ സേഫ്റ്റി കമ്മിഷണർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല. തീപിടുത്തത്തിന് കാരണമാകുന്ന ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും റെയില്‍വെ തീരുമാനിച്ചു.
ആശ്വാസ വാർത്ത;എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇനി മുതൽ എല്ലാ മാസവും വില കുറയും
ന്യൂഡല്‍ഹി: തുടര്‍ച്ചയായ വില വര്‍ദ്ധനയ്‌ക്ക് ശേഷം പാചകവാതക വില ഇന്ന് 10 രൂപ കുറഞ്ഞു.സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിനാണ് വിലക്കുറവുണ്ടായത്. വരും ദിവസങ്ങളിലും പാചകവാതക വില വീണ്ടും കുറയുമെന്നാണ് സൂചന. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ നേരിയ കുറവാണ് രാജ്യത്ത് 10 രൂപ കുറയ്‌ക്കാന്‍ കാരണമായത്. മാര്‍ച്ച് മാസത്തില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 125 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. 2020 നവംബര്‍ മുതല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കുതിച്ചുയരുകയാണ്. ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലില്‍ ഏറെ ഇന്ത്യ ആശ്രയിക്കുന്നതിനാല്‍ രാജ്യത്തെ ആഭ്യന്തര വിപണിയിലും പെട്രോളിയം വില വലിയ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ ഏഷ്യയിലും യൂറോപ്പിലും രണ്ടാംഘട്ട കൊവിഡ് രോഗവ്യാപനം ശക്തമായതോടെ അന്താരാഷ്‌ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില മാര്‍ച്ച് രണ്ടാം പകുതിയോടെ കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെട്രോളിന്റെയും ഡീസലിന്റയും ചില്ലറ വില്‍പന വില പെട്രോളിയം കമ്പനികൾ രാജ്യത്ത് കുറച്ചു.എല്‍പിജി വിലക്കുറവ് വരുത്തിയതോടെ 14.2 കിലോ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡല്‍ഹിയിലും മുംബയിലും 809 രൂപയായി. കൊല്‍ക്കത്തയില്‍ 835.50 രൂപയായി. ചെന്നൈയില്‍ 825 രൂപയായി. രാജ്യത്ത് പാചകവാതക വില നിര്‍ണയിക്കുന്നത് ഓരോ മാസം കൂടുമ്പോഴാണ്. എല്‍പിജിയുടെ അന്താരാഷ്‌ട്ര മാര്‍ക്കറ്റ് അനുസരിച്ചും ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറിനെതിരെ നില മെച്ചപ്പെടുത്തുമ്പോഴോ ആണ് വിലക്കുറവ് ഉണ്ടാകുക.
അവധി ദിവസങ്ങളിലും വാക്‌സിന്‍ വിതരണം നടത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശം
ന്യൂഡൽഹി:രാജ്യത്ത് പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്‌സിന്‍ വിതരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒരു ദിവസവും വാക്‌സിന്‍ വിതരണം തടസ്സപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.നാല്‍പ്പത്തിയഞ്ചു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന, വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തോട് അനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. നിലവില്‍ അവധി ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നില്ല.പുതിയ നിർദേശം അനുസരിച്ച് അവധി ദിവസങ്ങളായ ദുഃഖ വെള്ളി, ഈസ്റ്റര്‍, വിഷു, മഹാവീര ജയന്തി എന്നീ ദിവസങ്ങളിലും വാക്സീന്‍ ലഭ്യമാകും. നിയന്ത്രണാതീതമായി രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ പരമാവധി ആളുകള്‍ക്ക് അതിവേഗം വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.വാക്‌സിനേഷന്‍ ലഭിക്കുന്നതിനും വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനും www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ലഭിക്കുന്ന വാക്‌സിന്‍ കേന്ദ്രവും തീയതിയും തെരഞ്ഞെടുക്കുക. മുന്‍ഗണനാ ക്രമമനുസരിച്ച് എല്ലാവര്‍ക്കും അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകും.
വാളയാര്‍ കേസ്;അന്വേഷണം സിബിഐ ഏറ്റെടുത്തു
കൊച്ചി: വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. പ്രതികൾക്കെതിരെ കൊലക്കുറ്റമടക്കം ചുമത്തി പാലക്കാട് പോക്സോ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു.ജനുവരി 2 നാണ് വാളയാർ കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. എന്നാൽ സി.ബി.ഐ കേസ് ഏറ്റെടുക്കാൻ വൈകിയിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് കേസ് ഏറ്റെടുത്തത്. ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസിന്റെ അന്വേഷണ ചുമതല.പാലക്കാട് പ്രത്യേക പോക്സോ കോടതിയിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രണ്ട് കുട്ടികളുടെ മരണത്തിലും പ്രത്യേക എഫ്ഐആര്‍ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ബലാത്സംഗം, പോക്സോ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. നിലവിൽ അനേഷണം നടത്തുന്ന പ്രത്യേക സംഘത്തിൽ നിന്നും കേസിന്റെ എല്ലാ രേഖകളും ഏറ്റെടുക്കും. കൊലപാതക സാധ്യത ഉൾപ്പടെ ഉള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് സാധ്യത. പെൺകുട്ടികളുടെ അമ്മ ഉൾപ്പടെ ധർമ്മടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഉള്ളത്. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കുടുംബാംഗങ്ങളുടെ മൊഴി എടുക്കുക.പോലീസിന്റെ അന്വേഷണത്തില്‍ നഷ്ടമായ തെളിവുകള്‍ കണ്ടെത്തി കേസ് തെളിയിക്കുകയാണ് സി.ബി.ഐയ്ക്ക് മുന്നിലെ വലിയ വെല്ലുവിളി.വാളയാര്‍ കേസ് അന്വേഷിച്ച പോലീസ് സംഘവും പ്രോസിക്യൂഷനും വരുത്തിയ വീഴ്ചകള്‍ മൂലം വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് അനുകൂല നിലപാട് എടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.2017 ജനുവരിയിലും മാര്‍ച്ചിലുമാണ് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്.