ഭോപ്പാല്‍: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നാലെ രാജസ്ഥാനിലും നിയന്ത്രണങ്ങൾ കർശനമാക്കി.നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടൊപ്പം 1 മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകളും ജിംനേഷ്യം, മള്‍ട്ടിപ്ലക്സ് എന്നിവ അടച്ചുപൂട്ടാനും തീരുമാനമായി. ഇന്ന് മുതല്‍ ഏപ്രില്‍ 19വരെയാണ് നിയന്ത്രണം.പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് കുമാറാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പരിപാടികള്‍ക്ക് ഒരുമിച്ച് കൂടുന്ന ആളുകളുടെ എണ്ണം 100ആക്കി. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമെ കോളജുകളില്‍ ക്ലാസുകള്‍ ഉള്ളു.മുന്‍കൂര്‍ അനുമതിയോടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താം. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള യാത്രക്കാർ 72 മണിക്കൂറിന് മുന്‍പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെയാണ് രാത്രി കര്‍ഫ്യൂ. ഈസമയത്ത് ഭക്ഷണ ഡെലിവറി അനുവദിക്കും. മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നിയമസഭാ തെരെഞ്ഞെടുപ്പ്;കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
തിരുവനന്തപുരം:തിരുവനന്തപുരം: ഒരു മാസം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദപ്രചാരണം.രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികളെല്ലാം അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഇത്തവണ വീറും വാശിയും ഏറെയാണ്.ഇനിയുള്ള മണിക്കൂറുകള്‍ നിർണായകമാണ്. വോട്ടിങ് സ്ലിപ്പും അഭ്യർഥനയുമായി അവസാനവട്ട സ്ക്വാഡ് പ്രവർത്തനങ്ങളിലുമായിരിക്കും നേതാക്കളും പ്രവർത്തകരും.കൊവിഡ് സാഹചര്യത്തില്‍ കലാശക്കൊട്ടിന് കമ്മിഷന്റെ വിലക്ക് ഉണ്ടായിരുന്നെങ്കിലും റോഡ് ഷോകളും വാഹന പര്യടനങ്ങളും പദയാത്രകളുമായി പ്രചാരണത്തിന്റെ അവസാനമണിക്കൂറുകള്‍ ആവേശകരമായാണ് സമാപിച്ചത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷന്‍മാരും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ 290 പേരും അടങ്ങുന്നതാണ് വോട്ടര്‍ പട്ടിക. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുളളത്. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. വിവിധ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്.കൺട്രോൾ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്‌സ് സ്ലിപ്പ്, സ്റ്റേഷനറി സാമഗ്രികൾ തുടങ്ങി വോട്ടിങ് കേന്ദ്രത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും വിതരണം ചെയ്യും. കോവിഡ് പ്രോട്ടോകോൾ, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സാമഗ്രികളുടെ വിതരണം.എന്നാൽ പലയിടത്തും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉദ്യോഗസ്ഥരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉളളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 44,779 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4658 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2261 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 161 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 545, എറണാകുളം 257, കണ്ണൂര്‍ 213, കൊല്ലം 209, തൃശൂര്‍ 191, മലപ്പുറം 181, തിരുവനന്തപുരം 130, കാസര്‍ഗോഡ് 115, കോട്ടയം 120, പാലക്കാട് 44, ആലപ്പുഴ 75, വയനാട് 72, പത്തനംതിട്ട 62, ഇടുക്കി 47 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, തൃശൂര്‍ 2, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 142, പത്തനംതിട്ട 63, ആലപ്പുഴ 79, കോട്ടയം 174, ഇടുക്കി 88, എറണാകുളം 176, തൃശൂര്‍ 163, പാലക്കാട് 54, മലപ്പുറം 173, കോഴിക്കോട് 202, വയനാട് 34, കണ്ണൂര്‍ 92, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 27,274 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 357 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മംഗളുരു വിമാനത്താവളത്തില്‍ നിന്നും ഒരു കോടിയിലേറെ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
മംഗളൂരു:മംഗളൂരു വിമാനത്താവളത്തിൽ നിന്നും ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.രാസവസ്തു ചേര്‍ത്തു പശ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.സംഭവത്തിൽ രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേർ പിടിയിലായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കടത്താന്‍ ശ്രമിച്ച 1,18,71,430 രൂപ വില വരുന്ന 2.569 കിലോ സ്വര്‍ണമാണു പിടികൂടിയത്.വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍നിന്ന് എത്തിയ മംഗളൂരു ഉള്ളാള്‍ സ്വദേശി മുഹമ്മദ് ആഷിഫില്‍ (28) നിന്ന് 92,27,590 രൂപ വില വരുന്ന 1.993 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.രാസവസ്തു ചേര്‍ത്തു പശ രൂപത്തിലാക്കിയ സ്വര്‍ണം പ്രത്യേകം തയാറാക്കിയ അടിവസ്ത്രം, ജീന്‍സ്, കാല്‍മുട്ട് കവചം (നീ പാഡ്) തുടങ്ങിയവയില്‍ ഒളിപ്പിച്ചാണു കടത്തിയത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണര്‍ അവിനാശ് കിരണ്‍ റൊങ്കാലിയുടെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ശ്രീകാന്ത്, സതീഷ്, ഇന്‍സ്പെക്ടര്‍ പ്രഫുല്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അറസ്റ്റിലായത്.ഷാര്‍ജയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ അബ്ദുല്‍ സലാം മാണിപ്പറമ്ബ്, ദുബായില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷ്‌റഫ് എന്നിവരാണു പിടിയിലായ മലയാളികള്‍. കാസര്‍കോട് സ്വദേശികളായ ഇവര്‍ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് എത്തിയത്. ജീന്‍സിന്റെയും ഷര്‍ട്ടിന്റെയും ബട്ടണ്‍, ഷൂസിനകത്ത് ഒളിപ്പിച്ച ചെയിന്‍ എന്നീ രൂപങ്ങളിലാണ് സ്വര്‍ണം കടത്തിയത്.26,43,840 രൂപ വില വരുന്ന 576 ഗ്രാം സ്വര്‍ണം ഇവരില്‍നിന്നു പിടികൂടി. കസ്റ്റംസ് സൂപ്രണ്ടുമാരായ രാകേഷ്, സി.എം.മീണ, ആശിഷ് വര്‍മ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
നിയമസഭാ തെരെഞ്ഞെടുപ്പ്;ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിർദേശം നൽകി
കണ്ണൂർ:നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന 72 മണിക്കൂറില്‍ വോട്ടര്‍മാരെ പണവും മദ്യവും മറ്റും നല്‍കി സ്വാധീനിക്കുന്നത് തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ അന്തര്‍ സംസ്ഥാന-അന്തര്‍ ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശങ്ങളിലും ഉള്‍പ്പെടെ നിരീക്ഷണവും പരിശോധനയും കര്‍ക്കശമാക്കിയിട്ടുണ്ട്.ജില്ലയിലേക്ക് നിയോഗിക്കപ്പെട്ട മൂന്ന് ചെലവ് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വിവിധ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ യോഗത്തിലാണ് തീരുമാനം.തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍, സര്‍വെയ്‌ലന്‍സ് ടീമുകള്‍ എന്നിവയ്ക്ക് പുറമെ, പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, കസ്റ്റംസ്, ജിഎസ്ടി, ആദായ നികുതി തുടങ്ങിയ വിഭാഗങ്ങളും ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിമാനത്താവളം വഴിയുള്ള പണത്തിന്റെയും സ്വര്‍ണത്തിന്റെയും കടത്ത് തടയുന്നതിന് കസ്റ്റംസ്, പൊലിസ് നടപടികള്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. മദ്യത്തിന്റെ കടത്തും സംഭരണവും തടയുന്നതിന് പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ് വിഭാഗങ്ങള്‍ സംയുക്ത പരിശോധനകള്‍ നടത്തണം. കര്‍ണാടകത്തോട് ചേര്‍ന്ന വനാതിര്‍ത്തികളിലെ ഊടുവഴികളിലൂടെ മദ്യവും പണവും കടത്താനുള്ള സാധ്യത കണക്കിലെടുത്ത് അവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. മലയോര മേഖലകളിലും വന പ്രദേശങ്ങളിലും ഉള്‍പ്പെടെ വ്യാജവാറ്റ് തടയുന്നതിനും നടപടി സ്വീകരിക്കും.ചെലവ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംശയാസ്പദമായ ബാങ്ക് ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഒരു കോടിയിലേറെ രൂപയുടെ സംശയാസ്പദമായ പണമിടപാടുകള്‍ പരിശോധനയില്‍ കണ്ടെത്തിയതായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു. ഇവയുടെ നിയമസാധുതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമവിരുദ്ധ പണമിടപാടുകള്‍, മദ്യത്തിന്റെ വിതരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങള്‍ക്കായി കലക്ടറേറ്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.ചെലവ് നിരീക്ഷകര്‍ക്കു പുറമെ, പൊലീസ്, എക്‌സൈസ്, വനം, ആദായ നികുതി, ജിഎസ്ടി, ബാങ്കിംഗ് ഏജന്‍സികള്‍, കസ്റ്റംസ്, ഇന്‍കം ടാക്‌സ് തുടങ്ങിയ വകുപ്പ് തലവന്മാര്‍ യോഗത്തിൽ പങ്കെടുത്തു.
കെ.എസ്.ഇ.ബിയും അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍: കെ.എസ്.ഇ.ബിയും അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീര്‍ത്തും വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് രമേശ് ചെന്നിത്തല പറയുന്നത് ശരിയല്ല. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബി കരാര്‍ ഒപ്പിട്ടത്. അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ.എസ്.ഇ.ബിക്ക് നോക്കേണ്ടതില്ല. പച്ചക്കള്ളമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിച്ചത് കോൺഗ്രസാണ്. കെഎസ്ഇബി, അദാനിയുമായി കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ, ഉണ്ട് എന്ന് പറയാതെ പ്രതിപക്ഷ നേതാവ് പുറത്ത് വിടട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനിയുമായി വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.കരാറിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആനുകൂല്യം സർക്കാരിന് ലഭിച്ചിട്ടുണ്ട്. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും അധിക വൈദ്യുതി ഉണ്ടായിട്ടും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു. കരാറുണ്ടാക്കാൻ കെഎസ്ഇബി ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ടെന്നും വിശദ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി
ന്യൂഡൽഹി:കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു.കോവിഡ് പ്രതിദിന കേസുകൾ കഴിഞ്ഞ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ് ഇപ്പോള്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്നും നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.കേരളമടക്കം 11 സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പോലീസ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്രയിൽ സ്ഥിതി ആശങ്കജനകമെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ജനിതക മാറ്റം വന്ന വൈറസ് വ്യാപനമാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് എയിംസ് ഡയറക്ടർ രൻദീപ് ഗുലേറിയ പറഞ്ഞു. ജാഗ്രത കൈവിട്ടാൽ വലിയ അപകടത്തിലേക്ക് കാര്യങ്ങൾ പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനം നിലനില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നത് തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.രാജ്യത്ത് ഏപ്രില്‍ പകുതിയോടെ കോവിഡ് കേസുകള്‍ പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് 2508 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;2287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2508 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂർ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസർഗോഡ് 184, കോട്ടയം 184, തൃശ്ശൂർ 182, കൊല്ലം 158, പത്തനംതിട്ട 111, പാലക്കാട് 103, ആലപ്പുഴ 75, ഇടുക്കി 71,വയനാട് 69 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51783 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4646 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 132 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2168 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 198 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 359, എറണാകുളം 250, കണ്ണൂർ 215, മലപ്പുറം 213, തിരുവനന്തപുരം 146, കാസർഗോഡ് 169, കോട്ടയം 163, തൃശ്ശൂർ 175, കൊല്ലം 150, പത്തനംതിട്ട 90, പാലക്കാട് 41, ആലപ്പുഴ 74, ഇടുക്കി 63, വയനാട് 60 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.10 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.കണ്ണൂർ 4, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2287 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 141, കൊല്ലം 201, പത്തനംതിട്ട 116, ആലപ്പുഴ 141, കോട്ടയം 190, ഇടുക്കി 48, എറണാകുളം 393, തൃശൂർ 184, പാലക്കാട് 57, മലപ്പുറം 160, കോഴിക്കോട് 178, വയനാട് 44, കണ്ണൂർ 275, കാസർഗോഡ് 159 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 363 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കണ്ണൂര്‍ താഴെചൊവ്വയില്‍ നിന്നും ഉഗ്രസ്‌ഫോടക വസ്തുക്കള്‍ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനടുത്തെ താഴെചൊവ്വയില്‍ ഉഗ്രസ്‌ഫോടക ശക്തിയുള്ള സ്ഫോടകവസ്തുക്കൾ പിടികൂടി. രഹസ്യവിവരം ലഭിച്ചതനുസരിച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സി.ജി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. താഴെചൊവ്വ സ്വദേശി സാന്ത്വനംവീട്ടില്‍ ബിജു (45) വിന്റെ വീടിനു സമീപത്തുനിന്നാണ് ഉല്‍സവങ്ങള്‍ക്കും മറ്റും വെടിക്കെട്ടുകള്‍ക്ക് ഉപയോഗിക്കുന്ന ഉഗ്ര സ്‌ഫോടകശേഷിയുള്ള 20 ഗുണ്ടു പടക്കങ്ങൾ പിടികൂടിയത്.പ്രതി സ്‌ഫോടക വസ്തുക്കള്‍ അനധികൃത വില്‍പ്പനക്കായി കൊണ്ടു വച്ചതാണെന്ന് പൊലീസ് പറഞ്ഞു. റെയ്ഡിനെത്തിയ പൊലീസിനെ കണ്ട പ്രതി സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. എസ് ഐ സീതാറാം, എ എസ് ഐ റഷീദ്, ബാബു, എസ് സി പി ഓ ബിനീഷ്, സി പി ഓ സജീഷ്, ഗഫൂര്‍, തുടങ്ങിയവരും റെയിഡില്‍ പങ്കെടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടകവസ്തു നിരോധന പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
ഇരട്ട വോട്ട്;രമേശ് ചെന്നിത്തലയ്‌ക്കെതിരെ പരാതിയുമായി കണ്ണൂരിൽ നിന്നുള്ള ഇരട്ട സഹോദരങ്ങളും രംഗത്ത്
കണ്ണൂർ:രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്ത്.കണ്ണൂര്‍ കുറ്റിയാട്ടൂരിലെ ജിതിനും ജിഷ്ണുവും കയരളത്തെ സ്‌നേഹയും ശ്രേയയും ആണ് ചെന്നിത്തലക്കെതിരെ പരാതി നല്‍കിയത്. വ്യാജ വോട്ടറെന്ന പേരില്‍ അപമാനിച്ചതിന് ചെന്നിത്തലക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പാലക്കാട് ഒറ്റപ്പാലം തോട്ടക്കര സ്വദേശി അരുണും പോലീസിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. അരുണിന്റെയും ഇരട്ട സഹോദരന്റെയും വോട്ട് കള്ളവോട്ട് ചെയ്യാനായുണ്ടാക്കിയ ഇരട്ട വോട്ടാണെന്ന തരത്തില്‍ വെബ്‌സൈറ്റ് വഴിയും സമൂഹ മാധ്യമം വഴിയും വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ തോട്ടക്കരയിലെ 135-ാം നമ്പർ പോളിംഗ് ബൂത്തില്‍ 642-ാം നമ്പർ വോട്ടറാണ് അരുണ്‍. അരുണിന്റെ ഇരട്ട സഹോദരന്‍ വരുണ്‍ ഇതേ പോളിംഗ് ബൂത്തിലെ 641-ാം നമ്പർ വോട്ടറാണ്. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വെബ് സൈറ്റ് വഴി പുറത്തു വിട്ട പട്ടികയില്‍ അരുണിന്റെയും വരുണിന്റെയും പേരുകള്‍ ഇരട്ട വോട്ടാണെന്ന രീതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.