വയനാട്:വയനാട്ടില്‍ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു.നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ കുട്ടിയാണ് മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടി മരിച്ചത്.തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗല്ലയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജലീകരണം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങള്‍.ജലത്തിലൂടെയും മോശം ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലോസിസ് പകരുന്നത്.മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചു.
ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക അക്രമം; വെടിവെപ്പില്‍ അഞ്ചുപേർ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: നാലാംഘട്ട വോട്ടെടുപ്പിനെ പശ്ചിമ ബംഗാളില്‍ പരക്കെ ആക്രമം. കൂച്ച് ബിഹാറില്‍ വോട്ടെടുപ്പിനെയുണ്ടായ വെടിവെയ്പില്‍ പതിനെട്ടുകാരന്‍ ഉള്‍പ്പടെ 5 പേര്‍ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാനെത്തിയവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.ബി.ജെ.പി സ്ഥാനാർഥി ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായി.സ്ത്രീകള്‍ ഉള്‍പ്പടേയുള്ളവര്‍ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനം തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമത്തില്‍ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തന്‍റെ വിന്‍ഡോ ഗ്ലാസ് തകര്‍ന്നു.കൊല്ലപ്പെട്ടവര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് അവകാശപ്പെട്ട് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു.പ്രതിഷേധക്കാര്‍ക്ക് നേരെ സിഐഎസ്‌എഫ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് സൂചന. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായി. ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഗോവിന്ദ് നഗര്‍ ഏരിയയില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി പൊലീസ് നിര്‍വീര്യമാക്കി. തിരഞ്ഞെടുപ്പിനെ ഹൂഗ്ലിയിലും വിവിധ ഭാഗങ്ങളില്‍ ആക്രമം നടന്നു. അതേസമയം നാലാം ഘട്ടത്തില്‍ 11 മണിവരെ 16.65 ശതമാനം പോളിങാണ് ബംഗാളില്‍ നടന്നത്. 44 സീറ്റുകളിലേക്ക് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാര്‍, അലിപൂര്‍ദുര്‍ ജില്ലകളിലും ദക്ഷിണ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി ജില്ലകളിലും വ്യാപിച്ചുകിടക്കുന്ന സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ കാര്‍ തടഞ്ഞ് അജ്ഞാതസംഘം 100 പവന്‍ സ്വര്‍ണം കവര്‍ന്നു
തിരുവനന്തപുരം:തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയുടെ കാര്‍ തടഞ്ഞ് അജ്ഞാതസംഘം 100 പവന്‍ സ്വര്‍ണം കവര്‍ന്നു.പോത്തന്‍കോട് പള്ളിപ്പുറം ടെക്നോസിറ്റി പ്രധാന കവാടത്തിന് മുന്നില്‍ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നെയ്യാറ്റിന്‍കര കേരള ഫാഷന്‍ ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും (47) കാര്‍ ഡ്രൈവര്‍ അരുണിനെയുമാണ് എട്ടംഗസംഘം ആക്രമിച്ചത്.രണ്ടുകാറുകളിലായെത്തിയ അക്രമിസംഘം ഇവരെ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണം കവരുകയായിരുന്നു.ജില്ലയിലെ ജ്വല്ലറികള്‍ക്ക് ആവശ്യമായ സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് നല്‍കുന്ന മൊത്ത വ്യാപാരിയാണ് സമ്പത്ത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ലക്ഷ്മണയെ സംഘം തട്ടിക്കൊണ്ടുപോയതായും പരാതിയുണ്ട്. കാറിലുള്ളവരെ വെട്ടിയശേഷം ഡ്രൈവര്‍ അരുണിനെ മര്‍ദിച്ച് അവശനാക്കി. തുടര്‍ന്ന് മോഷണസംഘം അവര്‍ വന്ന കാറില്‍ കയറ്റി അരുണിനെ വാവറയമ്പലം ജങ്ഷനുസമീപം ഉപേക്ഷിച്ചെന്നാണ് മൊഴി. അവിടെ നിന്ന് ഓട്ടോയിലാണ് അരുൺ മംഗലപുരം സ്‌റ്റേഷനില്‍ എത്തിയത്.ആറ്റിങ്ങല്‍ ഭാഗങ്ങളിലെ ജ്വല്ലറികള്‍ക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണമാണ് കവര്‍ന്നതെന്ന് സമ്പത്ത് മംഗലപുരം പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മുന്നിലും പിന്നിലും കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാര്‍ നിര്‍ത്തിയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞത്. വെട്ടുകത്തി ഉപയോഗിച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാനൂർ വധക്കേസ്;രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:പാനൂരിൽ ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പുല്ലൂക്കര സ്വദേശി കൊയിലോത്ത് രതീഷി (36)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെക്യാട് അരൂണ്ട കൂളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ഇയാളെ മരിച്ച ഇലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം നാലുമണിയോടെ പറമ്പിലൂടെ പോവുകയായിരുന്ന സ്ത്രീയാണ് മരത്തില്‍ യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് വളയം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വളയം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയിലാണ് മരിച്ചത് കൊലക്കേസ് പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. നാദാപുരം ഡിവൈഎസ്പി പി.എ. ശിവദാസ്, വളയം എസ്‌ഐ പി.ആര്‍. മനോജ് എന്നിവര്‍ സ്ഥലത്തെത്തുകയും മരിച്ചത് രതീഷ് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഇയാളുടെ ബന്ധുകളോട് അരൂണ്ടയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മൻസൂറിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ രതീഷിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.വെല്‍ഡിംങ് തൊഴിലാളിയായ രതീഷ് സജീവ സി.പി.എം പ്രവര്‍ത്തകനാണ്.
പാനൂർ കൊലപാതകം;മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയിലായതായി സൂചന
കണ്ണൂർ:പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തില്‍ മുഖ്യ സൂത്രധാരൻ പിടിയിലായെന്ന് സൂചന. ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഇയാളാണ് കൊലപാതകത്തിന്‍റെ മുഖ്യ പങ്കുവഹിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇയാള്‍ കസ്റ്റഡിയിലായതായി പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.ഇന്നലെ വൈകുന്നേരമാണ് തലശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയില്‍വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാത്രിയോടെ തന്നെ ഇയാളെ ചൊക്ലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.ഇന്ന് രാവിലെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഇയാളെ ചോദ്യം ചെയ്യും. അതിന് ശേഷം 10 മണിയോട് കൂടി അറസ്റ്റ് രേഖപ്പെടുത്തും. അപ്പോള്‍ മാത്രമേ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിടൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്. പ്രതിപ്പട്ടികയിലുളള മിക്കവരും സി പി എം നേതാക്കളും പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സി പി എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈല്‍ ഡി വൈ എഫ് ഐ പാനൂര്‍ മേഖല ട്രഷററുമാണ്.നേരത്തെ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. രതീഷിന്റെ മൃതദേഹം ഇന്ന് കാലിക്കുളമ്പിൽ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇന്നലെ വൈകിട്ടാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സി പി എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യു ഡി എഫ് പാനൂരില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാകും സംഗമത്തില്‍ പങ്കെടുക്കുക.
സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5063 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍കോട് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 691, എറണാകുളം 578, കണ്ണൂര്‍ 372, തിരുവനന്തപുരം 295, കോട്ടയം 376, തൃശൂര്‍ 408, മലപ്പുറം 332, കൊല്ലം 249, പത്തനംതിട്ട 240, പാലക്കാട് 96, കാസര്‍കോട് 219, ഇടുക്കി 231, ആലപ്പുഴ 232, വയനാട് 144 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 187, കൊല്ലം 308, പത്തനംതിട്ട 74, ആലപ്പുഴ 105, കോട്ടയം 250, ഇടുക്കി 48, എറണാകുളം 126, തൃശൂര്‍ 207, പാലക്കാട് 170, മലപ്പുറം 330, കോഴിക്കോട് 228, വയനാട് 60, കണ്ണൂര്‍ 291, കാസര്‍കോട് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 369 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂർ കൂത്തുപറമ്പിൽ ബാങ്കിനുള്ളില്‍ മാനേജറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കൂത്തുപറമ്പിൽ ബാങ്കിനുള്ളില്‍ മാനേജരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജര്‍ കെ .സ്വപ്നയെയാണ്(38) മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മണ്ണുത്തി സ്വദേശിയാണ്. രാവിലെ ഒന്‍പതോടെ ബാങ്കിലെത്തിയ സഹ ജീവനക്കാരിയാണ് സ്വപ്നയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി തലശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൂത്തുപറമ്പ് പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി.കൂത്തുപറമ്പിനടുത്ത് നിര്‍മലഗിരിയിലായിരുന്നു സ്വപ്ന താമസിച്ചിരുന്നത്. ഭര്‍ത്താവ് രണ്ട് വര്‍ഷം മുൻപ് മരിച്ചിരുന്നു. രണ്ട് മക്കളുണ്ട്.
അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി;ഇരിട്ടി പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും
ഇരിട്ടി:പുതിയ പാലവുമായി ബന്ധപ്പെട്ട അന്തിമ പരിശോധനകൾ പൂർത്തിയായതോടെ ഇരിട്ടി പുതിയ പാലം നാളെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മറ്റ് ആഘോഷങ്ങളൊന്നു മില്ലാതെ ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ യാത്രക്കാര്‍ക്ക് ആശ്വാസമേകി കൊണ്ടാണ് ഇരിട്ടി പുതിയ പാലം നാളെ പൊതു ജനഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്.336 കോടി ചെലവില്‍ നവീകരണം പൂര്‍ത്തിയാവുന്ന 55 കിലോമീറ്റര്‍ തലശ്ശേരി – വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ 7 ഫലങ്ങളില്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്ന ഏറ്റവും വലുതും അഞ്ചാമത്തെ പാലവുമാണ് ഇരിട്ടി പാലം.ഇരിട്ടി പാലത്തിന് പുറമെ ഉളിയില്‍, കളറോഡ് , കരേറ്റ , മെരുവമ്പായി പാലങ്ങള്‍ നേരത്തേ പൂര്‍ത്തിയായതോടെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. പദ്ധതിയില്‍ അവശേഷിക്കുന്ന കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളുടെ നിര്‍മ്മാണവും കാലവര്‍ഷത്തിന് മുൻപ് തന്നെ പൂര്‍ത്തിയാക്കുമെന്ന് കെ എസ് ടി പി അധികൃതര്‍ അറിയിച്ചു. ബ്രിട്ടീഷുകാര്‍ 1933 ല്‍ നിര്‍മ്മിച്ച പാലത്തിന് സമാന്തര മായാണ് ഇരിട്ടി പുതിയ പാലവും നിര്‍മ്മിച്ചിരിക്കുന്നത്. 48 മീറ്റര്‍ നീളത്തില്‍ മൂന്ന് സ്പാനുകളായി നിര്‍മ്മിച്ച പാലത്തിന് ആകെ 144 മീറ്റര്‍ നീളവും 12മീറ്റര്‍ വീതിയും 23 മീറ്റര്‍ ഉയരവുമാണ് ഉള്ളത്. പാലം നിര്‍മ്മാണം തുടങ്ങിയ സമയത്തുണ്ടായ പ്രളയത്തില്‍ പെട്ട് പാലത്തിന്റെ പൈലിങ് അടക്കം ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായി. രണ്ടു തവണയായുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയിലെ മികച്ച പാലം വിദഗ്തര്‍ പ്രദേശം സന്ദര്‍ശിച്ച് പൈലിംങ്ങിന്റെ എണ്ണവും ആഴവും വര്‍ധിപ്പിച്ചാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്ക് കഴിഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയായ ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തിലാകെയുള്ള പ്രചാരണവേദികളില്‍ സജീവമായിരുന്നു.തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മുഖ്യമന്ത്രി കോവിഡ് ടെസ്റ്റിന് വിധേയനായത്. പിന്നാലെ ഫലം വന്നതോടെ പിണറായിക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോ മറ്റ് അസ്വസ്ഥതകളോ മുഖ്യമന്ത്രിക്ക് ഇല്ല.കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. പ്രാഥമിക പരിശോധനയില്‍ മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി. സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്കായുള്ളത്. മെഡിക്കല്‍ കോളജിലെ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകനും കൊവിഡ് സ്ഥിരീകരിച്ചു. മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരും കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
കോഴിക്കോട് ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി;രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.ഡൽഹിയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിൽ നിന്നുമാണ് 30 കിലോ തൂക്കം വരുന്ന സ്വർണം പിടികൂടിയത്.സംഭവത്തിൽ രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോഴിക്കോട് വെച്ച് റെയിൽവേ പ്രൊട്ടക്ഷൻ വിഭാഗമാണ് നികുതിയടക്കാതെ കൊണ്ടുവന്ന സ്വർണം പിടികൂടിയത്. എൺപതു ലക്ഷത്തോളം രൂപ നികുതി വെട്ടിച്ചാണ് സ്വർണം കൊണ്ടുവന്നത്. തൃശൂരിലേക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. ആര്‍റ്റിഎഫിന്‍റെ ക്രൈം ഡിറ്റാച്ച്മെന്‍റ് സംഘത്തിന് ലഭിച്ച വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി ട്രെയിനില്‍ കൊണ്ടുപോകുന്ന സ്വര്‍ണം കണ്ടെത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍വെച്ചാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട് എത്തുന്നതിന് മുമ്പായി രണ്ടുപേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായവരെ ജിഎസ്ടി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.