ന്യൂഡൽഹി:കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളം അടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്നാണ് ഇതിന് പണം അനുവദിക്കുക. രാജ്യത്തെ നൂറിലധികം ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ളാന്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ, 50,000 ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. കേരളത്തെ കൂടാതെ, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ചത്തിസ്ഗഡ്, കര്‍ണാടക, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.
സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും ഉടന്‍ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും ഉടന്‍ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്.അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമീഷന്‍ ഉത്തരവിറക്കി.അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിലവില്‍ പഠിച്ചു വരുന്ന കുട്ടികള്‍ക്ക് തുടര്‍ പഠനം സാധ്യമാക്കുന്നതിനായി മറ്റ് സർക്കാർ, എയ്ഡഡ്, അംഗീകൃത സ്‌കൂളുകളില്‍ പ്രവേശനം ഉറപ്പു വരുത്തേണ്ടതാണ്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിൽ പെട്ട അംഗീകാരമുളള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കി നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതും പൊതുജനങ്ങളുടെ അറിവിലേക്കായി പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തേണ്ടതുമാണെന്നും കമ്മീഷൻ നിർദേശിച്ചു.സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയും അനധികൃതമായും സംസ്ഥാനത്ത് അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ, സംസ്ഥാന സര്‍ക്കാര്‍ സിലബസുകള്‍ പഠിപ്പിക്കുന്ന പല അണ്‍ എയ്ഡഡ് സ്ഥാപങ്ങള്‍ക്കും അഫിലിയേഷനോ അംഗീകാരമോ ഇല്ലെന്നും കമ്മീഷന്‍ കണ്ടെത്തി.സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മെയ് 31ന് മുന്‍പായി കമ്മീഷന് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവില്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസ്;കെ എം ഷാജി എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
കണ്ണൂർ:അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജി എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.വിജിലന്‍സ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ചോദ്യം ചെയ്യൽ.വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കാണിക്കാന്‍ ഷാജിക്ക് ഇത് വരെ സാധിച്ചിട്ടില്ല .അതിനാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍ .കെ എം ഷാജിയുടെ കണ്ണൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നും 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് കണ്ടെടുത്തു.വിജിലന്‍സ് പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്ന് ഷാജി അവകാശപ്പെട്ടിരുന്നുവെങ്കിലും ഒന്നും ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.പരിശോധനയ്‌ക്കിടെ വീട്ടില്‍ നിന്ന് രേഖകളില്ലാതെ പിടികൂടിയ പണം ആരില്‍ നിന്നാണ് ലഭിച്ചത്, അനധികൃത സ്വത്തായി കണ്ടെത്തിയ 1.47 കോടിരൂപയുടെ സ്രോതസ്, 28 തവണ വിദേശ യാത്ര നടത്തിയത് എന്തിന് എന്നതടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സിന് അറിയാനുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ചോദ്യാവലി ഉദ്യോഗസ്‌ഥര്‍ തയാറാക്കിയിട്ടുണ്ട്.ഷാജിയുടെ കണ്ണൂരിലെ വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയില്‍ നിന്ന് രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വര്‍ണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് 491 ഗ്രാം സ്വര്‍ണാഭരണവും 30,000 രൂപയും രണ്ട് വീട്ടില്‍ നിന്നുമായി 77 രേഖകളുമാണ് വിജിലന്‍സ് കണ്ടെടുത്തിരുന്നത്. ഷാജിയുടെയും ഭാര്യ ആശയുടെയും പേരിലുള്ള ഭൂമി, വീടുകള്‍, വീട്ടിലെ ആഡംബര ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയടക്കമുള്ളവയുടെ മൂല്യമുള്‍പ്പെടെ കണക്കാക്കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നിക്ഷേപങ്ങള്‍, ബിസിനസ് പങ്കാളിത്തം എന്നിവയും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ ഷാജിക്ക് തിരികെ നല്‍കിയിട്ടുണ്ട്.
കതിരൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റു
കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം.കതിരൂർ നാലാം മൈലിലാണ് സംഭവം.അപകടത്തിൽ കതിരൂർ സ്വദേശി നിജീഷിന്റെ രണ്ടു കൈപ്പത്തികളും അറ്റു.ബുധനാഴ്ച്ച രാത്രിയാണ് സംഭവം.നാലാം മൈലിലെ ഒരു വീടിനു പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഇരുകൈപ്പത്തികളും അറ്റുപോയ നിജേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. നിജേഷിന്റെ അറ്റുപോയ വിരലുകളുടെ ഭാഗങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. മദ്യപിച്ച ശേഷം ബോംബ് ഉണ്ടാക്കുന്നതിനിടെയാകാം അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിനു പിന്നാലെ പ്രദേശത്ത് നിന്നും പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ക്ഷേത്ര ഉത്സവത്തിനിടെ തര്‍ക്കം; ആലപ്പുഴയില്‍ 15കാരനെ കുത്തിക്കൊന്നു
ആലപ്പുഴ: വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 15 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി.പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളികുമാറിന്റെ മകൻ അഭിമന്യു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാഷ്ട്രീയ കാരണങ്ങളല്ല കൊലപാതകത്തിന് പിന്നിലെന്നും പൂര്‍വവൈരാഗ്യമാണെന്നും പോലീസ് പറഞ്ഞു.വള്ളിക്കുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അഭിമന്യു.അഭിമന്യുവിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവമെന്ന് പോലിസ് വ്യക്തമാക്കി.ഉത്സവപ്പറമ്പിൽ വെച്ച് മരിച്ച അഭിമന്യു ഉള്‍പ്പെട്ട സംഘവും മറ്റൊരു സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയായിരുന്നു. സംഘര്‍ഷത്തിനിടെ അഭിമന്യുവിന് കുത്തേല്‍ക്കുകയായിരുന്നു. വയറിനു കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനെ തെരഞ്ഞെത്തിയ അക്രമിസംഘം അഭിമന്യുവിനെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നും ഇയാളാണ് മുഖ്യ പ്രതിയെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അഭിമന്യുവിന്റെ സഹോദരൻ അനന്തു. അനന്തുവും ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്. സ്ഥലത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍പൊലീസ് സംഘത്തെ നിയാേഗിച്ചിട്ടുണ്ട്.
വിജിലൻസ് റെയ്‌ഡിൽ കെ.എം ഷാജിയുടെ വീട്ടിൽ നിന്ന് അൻപത് ലക്ഷം രൂപ പിടിച്ചെടുത്തു
കണ്ണൂർ: ലീഗ് എംഎൽഎ കെ.എം ഷാജിയുടെ വീട്ടിൽ വിജിലൻസ് ഇന്നലെ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അൻപത് ലക്ഷം രൂപ പിടികൂടി.കണ്ണൂർ ചാലാട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.രാവിലെ മുതൽ തുടങ്ങിയ റെയ്ഡിനൊടുവിലാണ് പണം പിടിച്ചെടുത്തത്.ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലും കണ്ണൂരിലെ വീട്ടിലുമായിരുന്നു പരിശോധന നടന്നത്. 2012 മുതൽ 2021 വരെയുളള കാലഘട്ടത്തിൽ കെ.എം ഷാജി അനധികൃതമായി വൻ തോതിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് വിജിലൻസ് നടപടി.പിടിച്ചെടുത്ത പണം ഏത് ഇനത്തിൽ നിന്നാണെന്ന് വ്യക്തമായിട്ടില്ല. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കെ.എം ഷാജിയിൽ നിന്ന് ഉദ്യോഗസ്ഥർ വിവരം തേടും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷിച്ച പണമാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്.രാവിലെ തുടങ്ങിയ പരിശോധന വൈകിട്ട് ഏഴ് മണിയോടെ പൂർത്തിയാകുമെന്നായിരുന്നു വിജിലൻസ് അറിയിച്ചിരുന്നത്. എന്നാൽ രാത്രി വൈകിയും പരിശോധന തുടർന്നു.അഭിഭാഷകനായ ഹരീഷ് ആണ് കെ.എം ഷാജിക്കെതിരേ പരാതി നൽകിയത്. 2012 മുതൽ 21 വരെ ഷാജിയുടെ സ്വത്തുക്കളിൽ 166 ശതമാനം വർദ്ധന വന്നതായും വഴിവിട്ട രീതിയിൽ സ്വത്ത് സമ്പാദിച്ചുവെന്നുമായിരുന്നു പരാതി.
മൻസൂർ വധം;കൊലപാതകത്തിന് മിനിറ്റുകള്‍ മുന്‍പ് പ്രതികൾ ഒത്തുകൂടി;സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍ : പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികള്‍ കൊലപാതകത്തിന് മുന്‍പ് ഒരുമിച്ചു കൂടിയെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൊല നടന്നതിന് 100 മീറ്റര്‍ അകലെ മുക്കില്‍ പീടികയില്‍ വെച്ചാണ് പ്രതികള്‍ ഒരുമിച്ച് കൂടിയത്. പ്രതികള്‍ ഇവിടേക്ക് വരുന്നത് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.കൊല നടക്കുന്നതിന് ഏതാണ്ട് 15 മിനിറ്റ് മുന്‍പാണ് പ്രതികള്‍ ഒത്തുചേര്‍ന്നത്. ഗൂഢാലോചന നടത്തിയത് ഇവിടെ വച്ചായിരിക്കാം എന്നാണ് അന്വേഷണം സംഘം സംശയിക്കുന്നത്. ഈ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ഇടത്തുനിന്ന് കേവലം അഞ്ചുമിനിറ്റ് ദൂരം മാത്രമാണ് മന്‍സൂറിന്റെ വീട്ടിലേക്കുള്ളത്.അതേസമയം കേസുമായി ബന്ധപ്പെട്ട് ഒളിവിലായ പ്രതികളെ കണ്ടെത്താനുള്ള തെരച്ചിലടക്കം അന്വേഷണം ഊര്‍ജ്ജിതമായി നടക്കുകയാണ്. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതിയായിരുന്ന രതീഷിന്‍റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്‍റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ദൂരൂഹതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രതീഷിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരനടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. അതിനിടെ രതീഷിന്റെ മരണത്തിന് കാരണം പൊലീസ് കള്ളക്കേസില്‍ കുടുക്കിയതിന്റെ മനോവിഷമമാണെന്നാണ് അമ്മ പത്മിനി പറയുന്നത്. മകന്റെ മരണത്തിനിടയാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം;രണ്ട് ലക്ഷം വാക്സിൻ ഡോസുകൾ ഇന്ന് സംസ്ഥാനത്തെത്തും
തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. രണ്ട് ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്നെത്തും.ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ ഡോസുകളാണ് എത്തുക. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വാക്‌സിനുകൾ നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വാക്‌സിൻ എത്തിക്കുന്നത്. തിരുവനന്തപുരം 68000,എറണാകുളം 78000, കോഴിക്കോട് 54000 ഡോസ് വീതം വാക്സിനാണ് എത്തിക്കുക. 50 ലക്ഷം വാക്‌സിൻ ഡോസുകളാണ് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധനോട് ആവശ്യപ്പെട്ടിരുന്നത്.വാക്‌സിൻ എത്തുന്നതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കിൽ നിന്നും സംസ്ഥാനത്തിന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ;കടകൾ രാത്രി 9 വരെ; പൊതുപരിപാടിയിൽ 200 പേർ
തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ.ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് ഉത്തരവിറക്കും. കടകളും ഹോട്ടലുകളും രാത്രി ഒൻപത് മണിക്കകം അടയ്ക്കും. പൊതുപരിപാടികൾ നടത്തുന്നതിനും ഇന്ന് മുതൽ നിയന്ത്രണമുണ്ടായിരിക്കും. തുറന്ന വേദികളിലെ പരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. രണ്ട് മണിക്കൂറിനുള്ളിൽ പരിപാടികൾ പൂർത്തിയാക്കണം. ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ 100 പേർക്ക് പങ്കെടുക്കാം. കൂടുതൽ പേരെ പങ്കെടുപ്പിക്കണമെങ്കിൽ ആർടി പിസിആർ പരിശോധനാ റിപ്പോർട്ട് വേണം. അതേ സമയം കൊറോണ വാക്‌സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് പരിപാടികളിൽ പങ്കെടുക്കാൻ നിയന്ത്രണങ്ങൾ ഉണ്ടാകില്ല.ഇന്ന് മുതൽ പാഴ്‌സലുകൾ നൽകുന്നത് വർദ്ധിപ്പിക്കണമെന്നാണ് ഹോട്ടലുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പൊതുപരിപാടികളിൽ സദ്യയ്ക്ക് പകരം ഫുഡ് പായ്ക്കറ്റ് നൽകണം.പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്.
കോവിഡ് വ്യാപനം;സംസ്ഥാനത്ത് പ്രാദേശികമായി ലോക്ക്ഡൗണ്‍ വേണ്ടിവന്നേക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
കണ്ണൂർ:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.തെരഞ്ഞെടുപ്പിന് ശേഷം എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. രോഗവ്യാപനം കൂടിയാല്‍ പ്രാദേശികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.കോവിഡ് പ്രതിരോധം തീരുമാനിക്കാന്‍ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ സമിതികള്‍ ശക്തമാക്കും. വാര്‍ഡു തലത്തിലും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂട്ടം ചേര്‍ന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കരുതല്‍ നടപടി സ്വീകരിക്കും.വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുക്കണമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പൂരം വേണ്ടന്ന് വയ്ക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.