കാസർകോട്:കാസര്‍കോട് അതിര്‍ത്തിയില്‍ വാഹന പരിശോധനയില്‍ കര്‍ണാടക ഇളവ് വരുത്തി. കോവിഡ് സർട്ടിഫിക്കറ്റ് പരിശോധിക്കാതെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇന്ന് മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് കർണാടക നേരത്തെ അറിയിച്ചിരുന്നു.കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിന്ന് കര്‍ണാടകയിലേക്ക് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ദിവസേന പോയി വരാറുണ്ട്. ഇന്ന് രാവിലെ മുതല്‍ തലപ്പാടിയില്‍ വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നെങ്കിലും വാഹനങ്ങള്‍ പരിശോധിക്കാതെയാണ് കടത്തിവിട്ടത്. ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും അതിര്‍ത്തിയില്‍ നിന്ന് കടത്തി വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ കര്‍ശനമായ പരിശോധന ആളുകളെ പ്രതിസന്ധിയിലാക്കുന്നത് കേരളത്തില്‍ തെരഞ്ഞെടുപ്പടുക്കുന്ന വേളയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി കര്‍ശന പരിശോധനയില്‍ ഇളവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.
സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇ ഡി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇ ഡി സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ ശിവശങ്കര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടര്‍ ജിതേന്ദ്ര കുമാര്‍ ഗോഗിയ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കാന്‍ ശിവശങ്കര്‍ ശ്രമിക്കുന്നുവെന്നാണ് ഇഡിയുടെ പരാതി.ശിവശങ്കറിന് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇഡി കഴിഞ്ഞ മാസവും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആണ് ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അന്ന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇഡിയുടെ ആവശ്യം സുപ്രിം കോടതി നിരസിച്ചിരുന്നു.ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ച ശിവശങ്കര്‍ കഴിഞ്ഞ മാസം 3നാണ് ജയില്‍മോചിതനായത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയായിരുന്നു ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.
ശതാബ്ദി എക്സ്പ്രസില്‍ വൻ തീപിടിത്തം; ആളപായമില്ല
ഗാസിയാബാദ്:ശതാബ്ദി എക്സ്പ്രസില്‍ വൻ തീപിടിത്തം.ഡല്‍ഹി ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ശതാബ്ദി എക്സ്പ്രസിന്‍റെ ജനറേറ്റര്‍ കാറിൽ തീപിടുത്തമുണ്ടായത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു തീപിടിത്തം.ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു തീപിടിച്ചത്. തുടര്‍ന്ന് ബോഗി വേർപെടുത്തി തീയണച്ചു. തീ പടര്‍ന്നതോടെ കോച്ചിന്‍റെ വാതിലുകള്‍ തുറക്കാന്‍ സാധിക്കാതായതോടെ വാതിലുകള്‍ തകര്‍ത്തു.ആറു ഫയര്‍ ഫോഴ്സ് വാഹനങ്ങളെത്തിയാണ് തീയണച്ചത്. മറ്റു അപകടങ്ങളില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
ഐ ഫോണ്‍ കേസ്;ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്
തിരുവനന്തപുരം:ഐ ഫോണ്‍ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ് അയച്ചു.ഈ മാസം 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ മേല്‍വിലാസത്തില്‍ ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു.പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ മേല്‍വിലാസത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കസ്റ്റംസ് കണ്ടെത്തല്‍. ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.1,13,900 രൂപ വിലവരുന്ന ഐ ഫോണാണിത്. ലൈഫ് മിഷന്‍ പദ്ധതിക്ക് കോഴ നല്‍കാന്‍ 6 ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയത്. ഇതില്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെ അഞ്ച് ഐഫോണുകള്‍ ഉപയോഗിക്കുന്നവരെ അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ആറാമത്തെ ഐഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിനോദിനി ബാലകൃഷ്ണനിലെത്തിയത്. വിനോദിനിയുടെ നമ്പറിൽ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാമ്പിങ് കമ്പനി യു.എ എഫ്.എക്‌സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്.സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ പിന്നീട് ഉപയോഗിക്കാതായി. നിലവില്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നത് മറ്റൊരാളാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഫോണ്‍ എങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കൈവശമെത്തിയത് എന്നതില്‍ വ്യക്തതയുണ്ടാക്കുന്നതിനാണ് ചോദ്യം ചെയ്യല്‍.
സി.പി.ഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യന്‍ അന്തരിച്ചു
മൂന്നാർ: സി.പി.ഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യന്‍(88) അന്തരിച്ചു.മൂന്നു തവണ പീരുമേട് മണ്ഡലത്തിലെ എം.എല്‍.എയായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മൂന്നാറിലാണ് അന്ത്യം.കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.ബിരുദ കോഴ്സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1960 മുതൽ ജോലി രാജി വച്ച് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി. 27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965 -66 കാലത്ത് വിയ്യൂർ ജയിലിലായിരുന്നു. 1977, 1980, 1996 വര്‍ഷങ്ങളിലാണ് പീരുമേടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. പത്താം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. നിലവില്‍ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമാണ്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;1965 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1756 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 125 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍കോട് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,184 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.73 ആണ്.കോഴിക്കോട് 252, തൃശൂര്‍ 191, എറണാകുളം 178, കണ്ണൂര്‍ 139, കൊല്ലം 163, മലപ്പുറം 147, പത്തനംതിട്ട 123, ആലപ്പുഴ 123, തിരുവനന്തപുരം 88, കോട്ടയം 122, കാസര്‍കോട് 95, പാലക്കാട് 43, വയനാട് 50, ഇടുക്കി 42 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട് 3, തിരുവനന്തപുരം, കൊല്ലം, എറണാകുളം, വയനാട്, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1965 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 166, കൊല്ലം 125, പത്തനംതിട്ട 120, ആലപ്പുഴ 108, കോട്ടയം 156, ഇടുക്കി 46, എറണാകുളം 190, തൃശൂര്‍ 244, പാലക്കാട് 85, മലപ്പുറം 147, കോഴിക്കോട് 249, വയനാട് 56, കണ്ണൂര്‍ 130, കാസര്‍കോട് 143 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 25,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയില്ല. നിലവില്‍ ആകെ 359 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; 40 ലക്ഷം തൊഴിലവസരങ്ങള്‍;വമ്പൻ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം:വമ്പന്‍ പ്രഖ്യാപനങ്ങളുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.ക്ഷേമ പെന്‍ഷന്‍ 2,500 രൂപയായി ഉയര്‍ത്തും. അഞ്ച് വര്‍ഷം കൊണ്ട് 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍, 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍,വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.മുഴുവന്‍ പട്ടിക ജാതി, ആദിവാസി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. കടലിന്‍റെ അവകാശം പൂര്‍ണമായും മത്സ്യ തൊഴിലാളികള്‍ക്ക് ഉറപ്പാക്കും. തീരദേശ വികസനത്തിനാണ് 5000 കോടിയുടെ പാക്കേജ് ചിലവഴിക്കുക. ജനക്ഷേമവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുമെന്നാതായിരിക്കും സര്‍ക്കാരെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന്‍ പറഞ്ഞു.രണ്ട് ഭാഗമായാണ് പ്രകടന പത്രികയുള്ളത്. ആദ്യഭാഗത്ത് 50 ഇന പരിപാടികൾ പ്രഖ്യാപിക്കും. 50ഇന പരിപാടികൾ നടപ്പിലാക്കുന്നതിന് 900 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ക്ക് അവസരം സൃഷ്‌ടിക്കും. സൂക്ഷ്മ,ഇടത്തരം വ്യവസായങ്ങള്‍ 1.4 ലക്ഷത്തില്‍ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങള്‍ക്ക് സഹായം നല്‍കും. 60,000 കോടിയുടെ പശ്ചാത്തല വികസന പദ്ധതി നടപ്പാക്കും. ദാരിദ്ര നിര്‍മ്മാര്‍മ്മാര്‍ജനത്തിന് 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം തൊട്ട് 15 ലക്ഷം വികസന സഹായ വായ്‌പ നല്‍കും. പ്രവാസികള്‍ക്കായുളള പദ്ധതികള്‍ തയ്യാറാക്കും. റബ്ബറിന്റെ താങ്ങുവില ഘട്ടംഘട്ടമായി 250 രൂപ ആക്കും. തീരദേശ വികസനത്തിന് 5000 കോടി വിലയിരുത്തും, ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നല്‍കും. വയോജന ക്ഷേമത്തിന് പ്രത്യേക പരിഗണന, ഉന്നത വിദ്യാഭ്യാസരംഗം വിപുലമാക്കും. 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലാതാക്കാന്‍ പദ്ധതി. കേരളബാങ്ക് വിപുലീകരിച്ച് എന്‍ആര്‍ഐ നിക്ഷേപം സ്വീകരിക്കാവുന്ന തരത്തിലാക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ നിയമനം പി.എസ്.സിക്ക് വിടും. ഓട്ടോ ടാക്‌സി തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ തയ്യാറാക്കും. സംസ്ഥാനത്ത് മതനിരപേക്ഷത ഉറപ്പുവരുത്താവുന്നതെല്ലാം ചെയ്യുമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ വ്യക്തമാക്കി.
പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവെച്ചു; നടപടി അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിന്
കോട്ടയം: പി.ജെ ജോസഫും മോന്‍സ് ജോസഫും എം.എല്‍.എ സ്ഥാനം രാജിവെച്ചു. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പാണ് രാജി സമര്‍പ്പിച്ചത്.അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനും പുതിയ പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് നടപടി.രാജിവെക്കാന്‍ ഇരുവര്‍ക്കും നിയമോപദേശവും ലഭിച്ചിരുന്നു. കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തെ തുടര്‍ന്നാണ് തീരുമാനം. നേരത്തെ കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധികളായിട്ടാണ് ഇരുവരും വിജയിച്ചത്.അതേസമയം ചിഹ്നത്തിനായി പി സി തോമസ് നല്‍കിയ അപേക്ഷ തെരഞ്ഞെടുപ്പ് കമീഷന്‍ പരിഗണിച്ചില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചത്.
മുഖ്യമന്ത്രിയെ കുടുക്കാന്‍ ഗൂഢാലോചന; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കള്ള മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.സ്വപ്ന സുരേഷിന്റെ ശബ്ദ രേഖയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന കുറ്റമടക്കം ചുമത്തി ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാമെന്ന് നേരത്തെ സര്‍ക്കാരിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ പ്രേരിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയുള്ള എഫ്‌ഐആര്‍ ആണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.പ്രാഥമിക അന്വേഷണത്തില്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി എഫ്‌ഐആറില്‍ പറയുന്നു. സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടുകയും ആ നിയമോപദേശം കൂടി പരിശോധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും എഫ്‌ഐആറില്‍ പറയുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.നേരത്തെ ക്രൈംബ്രാഞ്ച് ഇതുസംബന്ധിച്ച് ഒരു പ്രാധമിക അന്വേഷണം നടത്തിയിരുന്നു. സ്വപ്ന സുരേഷ് അടക്കം 18 പേരുടെ മൊഴി ഈ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇഡിക്കെതിരെ രണ്ട് വനിതാ പൊലീസുകാര്‍ നല്‍കിയ മൊഴിയും കേസെടുക്കുന്നതിലേക്ക് നയിച്ചു.
ധർമടത്ത് കോൺഗ്രസ്സിലെ തർക്കത്തിന് അവസാനം;സി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു
കണ്ണൂർ: ധർമടത്ത് കോൺഗ്രസ്സിലെ തർക്കത്തിന് അവസാനമായി.ധര്‍മ്മടത്തെ സ്ഥാനാര്‍ഥി സി. രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിച്ചു.ഇന്ന് രാവിലെയാണ് കെ.പി.സി.സി പ്രസിഡന്റ് അദ്ദേഹത്തിന് ചിഹ്നം അനുവദിച്ച് കത്ത് നല്‍കിയത്.കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ആളാണ് രഖുനാഥ്. അദ്ദേഹം ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ ഇത് അംഗീകരിച്ചിരുന്നില്ല.കെ. സുധാകരനെ ആണ് മണ്ഡലത്തിലേക്ക് ആദ്യം പരിഗണിച്ചത്. എന്നാല്‍ അദ്ദേഹം ഇതില്‍ നിന്ന് പിന്മാറിയപ്പോള്‍ രഘുനാഥനെ പകരക്കാരനായി ജില്ലാ നേതൃത്വം തീരുമാനിച്ചു. എന്നാല്‍ തനിക്ക് രഘുനാഥ് പത്രിക കൊടുത്തകാര്യം അറിയില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പളി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കുകയും അദ്ദേഹത്തിന് ചിഹ്നം അനുവദിക്കുകയും ചെയ്തു.വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ ധര്‍മടത്ത് യുഡിഎഫ് പിന്തുണയ്ക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്.ഇത് പ്രാദേശിക നേതൃത്വം തള്ളിയതിലുള്ള അമര്‍ഷമാണ് നേരത്തെ രഘുനാഥിന് കൈപ്പത്തി ചിഹ്നം അനുവദിക്കാതിരുന്നത് എന്നാണ് സൂചന.അതേസമയം പാർട്ടി അറിയിച്ചത് അനുസരിച്ചാണ് ധര്‍മടത്ത് നാമനിര്‍ദേശ പത്രിക നല്‍കിയതെന്ന് സി രഘുനാഥ് പറഞ്ഞു. ചിഹ്നം അനുവദിക്കാനായി തന്‍റെ വിശദാംശങ്ങള്‍ കെപിസിസി ശേഖരിച്ചിരുന്നുവെന്നും പാർട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാണെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.