ന്യൂഡൽഹി:രാജ്യം കോവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു.ഏപ്രില്‍ 1 മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിച്ച് കോവിഡ് പ്രതിരോധം നേടാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പ്രകാശ് ജാവ്ദേകര്‍ ആവശ്യപ്പെട്ടു.നാലാമത്തെയും എട്ടാമത്തെയും ആഴ്ചക്കിടയിലാണ് കോവിഷീല്‍ഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.കൊ-വിന്‍ എന്ന സര്‍ക്കാര്‍ ആപ്പ് വഴിയോ, വെബ്സെറ്റ് വഴിയോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താലോ, സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്താലോ ആണ് വാക്സിനെടുക്കാന്‍ സാധിക്കുക.ഒരു മൊബൈല്‍ ഫോണ്‍ നമ്പറിൽ നിന്നും നാല് അപ്പോയിന്റ്മെന്റുകള്‍ വരെ എടുക്കാം. കൂടാതെ വാക്സിനേഷന്റെ തിയതി, സൗകര്യപ്രദമായ ആശുപത്രി എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആരോഗ്യസേതു ആപ്പില്‍ നിന്നും കൊ വിന്‍ രജിസ്ട്രേഷന്‍ നടത്താനും സാധിക്കും. രജിസ്ട്രേഷനായി ആദ്യം കൊ-വിന്‍ ആപ്പോ അല്ലെങ്കില്‍ cowin.gov.in എന്ന വെബ്സെെറ്റിലോ രജിസ്റ്റര്‍ ചെയ്യുക. മൊബൈല്‍ നമ്പറോ, ആധാര്‍ നമ്പറോ നല്‍കി എന്റര്‍ ചെയ്യുക. ഇതുവഴി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതോടെ ഒരു ഒടിപി ലഭിക്കും.ഇതില്‍ കുടുംബാംഗങ്ങളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് ആദ്യ ഡോസ് വാക്സിന്‍ എടുക്കാനുളള തിയതിയും ചെല്ലേണ്ട സമയവും ഇതിനായി എത്തേണ്ട കേന്ദ്രവും ലഭിക്കും. ആ സമയത്ത് പോയി വാക്സിന്‍ എടുക്കാവുന്നതാണ്. രാജ്യത്ത് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മറ്റ് രോഗികള്‍ക്കുമാണ് കോവിഡ് വാക്സിന്‍ നല്‍കിയത്.
അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ എം ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
കണ്ണൂർ:അഴീക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് 166 ശതമാനം വർധനവ് കണ്ടെത്തിയത്. ഇക്കാലയളവിൽ 88,57,452 രൂപയാണ് വരുമാനം. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്. ഇത് വരവിനെക്കാൾ 166 ശതമാനം അധികമാണ്. കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കെ.എം ഷാജിക്കെതിരെ കേസടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് പൊതുപ്രവർത്തകനായ അഡ്വ. എം.ആർ ഹരീഷ് നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് എസ്‌പി എസ്.ശശീധരന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തിയത്.കെ.എം. ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്‌റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹര്‍ജിക്കാരന്‍.തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഷാജി നല്‍കിയ സത്യവാങ്‌മൂലത്തിലെ വരുമാനവും ആഡംബര വീട് നിര്‍മാണത്തിന് ചെലവഴിച്ച തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പ്രധാന ആരോപണം. അനധികൃതമായി നിര്‍മിച്ച ആഡംബര വീടിന് 1.62 കോടി രൂപ വിലമതിക്കുമെന്നാണ് കോര്‍പറേഷന്‍ അധികൃതരും, നാലുകോടി രൂപയെങ്കിലും വരുമെന്ന് നിര്‍മാണ മേഖലയിലെ വിദഗ്‌ധരും പറയുന്നു.
ബിജെപി സ്ഥാനാര്‍ത്ഥി ഇല്ല;അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി ഒഴിവാക്കി
കണ്ണൂര്‍:ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി ജെ പിയിലെ മുതിര്‍ന്ന നേതാവുമായ അമിത് ഷായുടെ തലശ്ശേരിയിലെ പ്രചാരണ പരിപാടി ഒഴിവാക്കി.അമിത് ഷായുടെ ആദ്യ പൊതു പരിപാടി ബുധനാഴ്ച രാവിലെ തൃപ്പൂണിത്തുറയില്‍ നടക്കും. എന്‍ ഡി എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചൊവ്വാഴ്ച രാത്രി അമിത് ഷാ കൊച്ചിയിലെത്തും.രാത്രി ഒൻപത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്നും ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തും. പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംഗ്ഷനിലേക്കുള്ള റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.2.30 ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. തുടര്‍ന്ന് കഞ്ചിക്കോട്ടെ എത്തുന്ന അദ്ദേഹം 4.55 ന് കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോയിൽ പങ്കെടുക്കും.തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് പോകും.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് കണ്ണൂരിൽ;പഴയങ്ങാടിയിലും ശ്രീകണ്ഠാപുരത്തും തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കും
കണ്ണൂര്‍: എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ജില്ലയിലെത്തും. വൈകിട്ട് നാലുമണിക്ക് കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയിലും 5.30ന് ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠപുരത്തും ചേരുന്ന തെരഞ്ഞെടുപ്പ് റാലികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സി.പി.ഐ പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി 26ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും. രാവിലെ 10- ഉളിയില്‍, 11- മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡ്, 3- ചെറുപുഴ, 4.30- മയ്യില്‍, 5.30- എളയാവൂര്‍ മുണ്ട എന്നിങ്ങനെയാണ് പരിപാടി.
ഐഫോണ്‍ വിവാദം;വിനോദിനി ബാലകൃഷ്ണൻ ഇന്നും കസ്റ്റംസിന് മുൻപാകെ ഹാജരാകില്ല
കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സിപിഎം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി ഇന്നും കസ്റ്റംസിന് മുൻപാകെ ഹാജരാകില്ല. ഇന്നു ഹാജരാകണമെന്നു കാണിച്ച് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ പത്തിനു കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താന്‍ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടര്‍ന്നാണു വീണ്ടും നോട്ടീസ് അയച്ചത്.ഇതോടെ വിനോദനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനുള്ള നിയമപരമായ നടപടികള്‍ കസ്റ്റംസ് തുടങ്ങും.വട്ടിയൂര്‍ക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താന്‍ മടങ്ങി. ഇ മെയില്‍ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ വാദം. അതിനാല്‍, ഇത്തവണ കണ്ണൂരിലെ വിലാസത്തിലാണു നോട്ടീസ് അയച്ചത്. എകെജി സെന്റര്‍ ഫ്‌ളാറ്റിന്റെ വിലാസത്തിലും അയച്ചു.രണ്ടും കിട്ടിയില്ലെന്നാണ് വിനോദിനി പറയുന്നത്.യു.എ.ഇ. കോണ്‍സുല്‍ ജനറലിന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈയില്‍ എത്തിയെന്നതില്‍ വ്യക്തതയുണ്ടാക്കാനാണു ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയിരുന്നത്. ഇതില്‍ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഐ ഫോണ്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ചോദ്യം ചെയ്യലിന് കഴിഞ്ഞ ആഴ്ച ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. തനിക്ക് നോട്ടീസ് ലഭിച്ചിരുന്നില്ല എന്നാണ് അവര്‍ വ്യക്തമാക്കിയത്. ഇതേതുടര്‍ന്നാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ എ.കെ.ജി ഫ്‌ളാറ്റിന്റെ വിലാസത്തില്‍ അടക്കം കസ്റ്റംസ് നോട്ടീസ് നല്‍കിയത്.വിനോദിനി ഇന്ന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
മധ്യപ്രദേശില്‍ വാഹനാപകടത്തിൽ 13 മരണം
ഗ്വാളിയോര്‍: മധ്യപ്രദേശില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഗ്വാളിയോര്‍ ജില്ലയില്‍ ഇന്ന് രാവിലെ എഴിനാണ് അപകടമുണ്ടായത്. മൊറേനയിലേക്ക് പോകുകയായിരുന്ന ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.പുരാനി ചഹവാനി പ്രദേശത്താണ് അപകടം സംഭവിച്ചത്. 13 യാത്രക്കാരില്‍ പത്ത് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടുന്നു.അംഗന്‍വാടി കേന്ദ്രത്തില്‍ ജോലിക്ക് പോയി മടങ്ങുകയായിരുന്ന സ്ത്രീകളാണ് മരണപ്പെട്ടതെന്ന് ഗ്വാളിയാര്‍ എസ്.പി അമിത് സാങ്കി പറഞ്ഞു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ ആഴ്ച്ച മദ്ധ്യപ്രദേശിലുണ്ടായ ട്രക്ക് അപകടത്തില്‍ അഞ്ചു പേര്‍ മരിക്കുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിയിരുന്നു. അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു;ആകെ 957 സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം:പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു.957 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.ചിത്രം വ്യക്തമായതോടെ മുന്നണികൾ പ്രചരണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു.2180 പേരാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇത് സൂഷ്മപരിശോധനയിൽ 1061 ആയും, നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ 957 ആയും കുറഞ്ഞു.നേമം, പാലാ, മണ്ണാർക്കാട്, തൃത്താല, കൊടുവള്ളി, പേരാവൂർ എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്. മൂന്ന് സ്ഥാനാർഥികളുള്ള ദേവികുളത്താണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത്. തിരൂരിലും കൊടുവള്ളിയിലുമാണ് ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിക്കപ്പെട്ടത്- 25 വീതം. 8 പത്രിക സമര്‍പ്പിക്കപ്പെട്ട കൊല്ലത്തായിരുന്നു ഏറ്റവും കുറവ്. ചില മണ്ഡലങ്ങളിൽ പ്രധാനപ്പെട്ട മുന്നണികൾ വിമത ഭീഷണി നേരിടുന്നുണ്ട്. മിക്ക മണ്ഡലങ്ങളിലും പ്രധാനപ്പെട്ട മുന്നണികൾക്ക് പുറമെ മൂന്നും നാലും സ്ഥാനാർത്ഥികൾ അധികമായുണ്ട്. മൂന്ന് മുന്നണികൾക്കും വേണ്ടി ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ പ്രചരണത്തിനെത്തും. രാഹുലും, പ്രിയങ്കയും യു.ഡി.എഫിന് വേണ്ടി എത്തുമ്പോൾ, സീതാറാം യെച്ചൂരി, അടക്കമുള്ള നേതാക്കളാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചരണം നയിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും ബി.ജെ.പി പ്രചരണത്തിന് നേതൃത്വം നൽകും.
സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്; 1766 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4507 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 106 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 115, കണ്ണൂര്‍ 95, കോഴിക്കോട് 106, കൊല്ലം 108, എറണാകുളം 98, ആലപ്പുഴ 100, ഇടുക്കി 86, തൃശൂര്‍ 87, മലപ്പുറം 80, കോട്ടയം 66, പാലക്കാട് 20, പത്തനംതിട്ട 43, കാസര്‍ഗോഡ് 39, വയനാട് 24 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, തിരുവന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 92, കൊല്ലം 170, പത്തനംതിട്ട 132, ആലപ്പുഴ 126, കോട്ടയം 115, ഇടുക്കി 17, എറണാകുളം 102, തൃശൂര്‍ 215, പാലക്കാട് 96, മലപ്പുറം 154, കോഴിക്കോട് 264, വയനാട് 18, കണ്ണൂര്‍ 214, കാസര്‍ഗോഡ് 51 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,081 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;’മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മികച്ച ചിത്രം
ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മനോജ് ബാജ്‌പെ (ബോണ്‍സലെ) ധനുഷ് (അസുരന്‍) എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. പങ്ക, മണികര്‍ണിക സിനിമകളിലെ അഭിനയത്തിന് കങ്കണ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.വിജയ് സേതുപതിയാണ് സഹനടന്‍. കള്ളനോട്ടം ആണ് മികച്ച മലയാളം സിനിമ. രാഹുല്‍ റിജി നായര്‍ ആണ് ഇതിന്റെ സംവിധായകന്‍.സ്‌പെഷ്യല്‍ എഫക്‌ട്‌സിനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശനും (മരക്കാര്‍: അറബിക്കടലിന്റെ സിംഹം) ഗാനരചനക്കുള്ള പുരസ്‌കാരം പ്രഭാവര്‍മക്കും (കോളാമ്പി) ക്യാമറ- ജെല്ലിക്കെട്ടിന്റെ ഗിരീഷ് ഗംഗാധരനുമാണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക പരാമാര്‍ശം ലഭിച്ചു.മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള പുരസ്കാരം ഹെലന്‍ എന്ന ചിത്രത്തിന് രഞ്ജിത്ത് സ്വന്തമാക്കി. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. കഥേതര വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ശരണ്‍ വേണുഗോപാലിന്‍റെ ഒരു പാതിരാ സ്വപ്നം പോലെ നേടി.
ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: തലശ്ശേരിയിലെയും,ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.പത്രിക തള്ളിയ സംഭവത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് വിഷയത്തില്‍ ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ ഹൈക്കോടതിയും നിലപാട് വ്യക്തമാക്കിയതോടെ ഇനി രണ്ട് മണ്ഡലങ്ങളിലും എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളുണ്ടാവില്ലെന്നത് ഉറപ്പായി.തലശ്ശേരിയിൽ എൻ ഹരിദാസിന്‍റെയും ദേവികുളത്ത് ആർ എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും അത് തിരുത്താന്‍ അവസരം തന്നില്ലെന്നുമാണ് ഹരജിക്കാര്‍ കോടതിയെ അറിയിച്ചത്.സൂക്ഷ്മപരിശോധനാ സമയത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യം അറിയിക്കാമായിരുന്നു. കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളില്‍ ഇത്തരം അവസരം സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി. സംസ്ഥാനത്ത് ഇരട്ട നീതിയാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ ഹൈക്കോടതി ഈ ഹരജികളില്‍ ഇടപെടരുതെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാവൂ. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നത് നീതിയുക്തമായ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയുണ്ടായി.തലശേരിയിലെ പത്രികയോടൊപ്പം നല്‍കിയ ഫോറം എയില്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്‍കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തളളിയത്.