തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയിൽ കുറവ്

keralanews petrol and diesel prices decreased for the second day

തിരുവനന്തപുരം:തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയിൽ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.05 രൂപയും, ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില.ഇന്നലെ പെട്രോളിനും, ഡീസലിനും 18 പൈസ വീതം കുറഞ്ഞിരുന്നു. സെപ്തംബറിന് ശേഷം ആദ്യമായാണ് വില കുറയുന്നത്. കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇന്ധന വില കുതിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ മാത്രം 16 തവണയാണ് വില കൂട്ടിയത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇവിടെ വില കുറഞ്ഞത്.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ;കേരളത്തെ ബാധിക്കില്ല

keralanews bharat bandh announced by agricultural organisations tomorrow will not affect kerala

ന്യൂഡൽഹി:കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ.സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കുന്നത്. സംസ്ഥാനത്ത് പ്രത്യേക സാഹചര്യമാണെന്നും ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്നും കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് കെ കെ രാഗേഷ് എം പി വ്യക്തമാക്കി.  കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ വൈകുന്നേരം ബൂത്തു കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. തെരഞ്ഞെടുപ്പിനു ശേഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇരട്ട വോട്ട് ആരോപണം;പട്ടിക പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

keralanews double vote chief electoral officer tikaram meena has directed the collectors to check the list

തിരുവനന്തപുരം:സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം. മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് ജില്ല വരണാധികാരികളായ കലക്ടർമാർക്ക് നിര്‍ദ്ദേശം നല്‍കിയത്. വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കണം.ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം. ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിട്ടുകാണുകയും വിവരം അറിയിക്കുകയും വേണം. ഈ മാസം തന്നെ പുതിയ പട്ടിക വരാണാധികാരികൾക്ക് കൈമാറണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുളളവരുടെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഒഴിച്ചുള്ളത് നശിപ്പിക്കും. വോട്ട് ചെയ്താല്‍ മഷി ഉണങ്ങുംവരെ ബൂത്തില്‍ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇത്തരത്തില്‍ 1,09,693 വോട്ടുകളുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.

യൂ ട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച്‌ മുടി വെട്ടുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം

keralanews 12 year old boy dies after burning while cutting hair imitating youtube video

തിരുവനന്തപുരം: യൂ ട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച്‌ മുടി വെട്ടുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണനാണ് മരിച്ചത്.തീ ഉപയോഗിച്ച്‌ മുടിവെട്ടുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഗ്‌നിനാളങ്ങള്‍ ഉപയോഗിച്ച്‌ മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ കണ്ട ശിവനാരായണന്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു. കുളിമുറിയില്‍വച്ചാണ് അനുകരണശ്രമം നടന്നതെന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.സംഭവസമയത്ത് കുട്ടിയുടെ ജ്യേഷ്ഠനും അമ്മൂമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. യു ട്യൂബ് നോക്കി കുട്ടി അനുകരിക്കുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല. ഉടന്‍ തന്നെമെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും രാത്രി പത്തര മണിയോടു കൂടി മരിക്കുകയായിരുന്നു.വെങ്ങാനൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനാരായണന്‍. സ്ഥിരമായി യൂട്യൂബ് വീഡിയോകള്‍ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കുട്ടി മരിച്ചത് തീകൊളുത്തി മുടിവെട്ടുന്ന വീഡിയോ അനുകരിച്ചല്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഗെയിമില്‍ തോറ്റതിലെ വിഷമം മൂലമാണ് തീകൊളുത്തിയതെന്ന് കുട്ടി ചികിത്സിച്ച ഡോക്ടര്‍ക്ക് മൊഴി നല്‍കിയതായി വിവരം. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ കുട്ടി തലയിലൊഴിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ മരണമൊഴി രേഖപ്പെടുത്തുകയായിരുന്നു. യുട്യൂബ് അനുകരിച്ചു മുടി വെട്ടുമ്പോഴല്ല അപകടം ഉണ്ടായതെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മരണ മൊഴി എന്നാണ് സൂചന. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.അതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നവമാധ്യമങ്ങളിലെ പ്രവൃത്തികള്‍ കുട്ടികള്‍ അനുകരിക്കാതിരിക്കാന്‍ മാതാപിതാക്ഖള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു. കുട്ടികളുടെ ജീവന്‍ അപകടത്തിലാകും വിധത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.

നിയമസഭാ തെരെഞ്ഞെടുപ്പ്;പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി

keralanews assembly election amith sha arrived cochi to participate in election campaign

കൊച്ചി: നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി യുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി.ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലെത്തിയ അമിത് ഷാ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും.രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തുന്ന ആഭ്യന്തര മന്ത്രി കിഴക്കേക്കോട്ട ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്ക് റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി ഡോ. കെഎസ് രാധാകൃഷ്ണനൊപ്പം പങ്കെടുക്കും. അമിത്ഷായെ സ്വീകരിക്കുന്നതിനായി വന്‍ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയോട് കൂടിയാണ് അമിത്ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. തെയ്യം, സ്ത്രീകളുടെ ശിങ്കാരിമേളം, പഞ്ചവാദ്യം, കാവടി തുടങ്ങിവിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റോഡ്‌ഷോയാണ് സജ്ജമാക്കിയിരിക്കുന്നത്. അതിനുശേഷം പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലെത്തുന്ന അദ്ദേഹം പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും.മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോടാണ് അടുത്ത പരിപാടി. കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം വൈകിട്ട് 5.45ന് ഷാ കോയമ്പത്തൂരിലേക്ക് പോകും. അതേസമയം എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തിൽ തലശ്ശേരിയില്‍ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടി അമിത് ഷാ റദ്ദാക്കിയിരുന്നു.

മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമായിരുന്നുവെന്ന് കെ. സുധാകരന്‍

keralanews if get three months delay should compete in dharmadam against pinarayi vijayan said k sudhakaran

കണ്ണൂർ: മൂന്ന് മാസത്തെ സാവകാശം കിട്ടിയിരുന്നെങ്കില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുമായിരുന്നുവെന്ന് കോൺഗ്രസ്സ് നേതാവ് കെ. സുധാകരന്‍.മത്സരിക്കാന്‍ പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കില്‍ താന്‍ തയ്യാറായിരുന്നു. മത്സരിക്കുകയും ചെയ്യും, മണ്ഡലത്തില്‍ നല്ല ചലനം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ യാതൊരു വിധ സൂചനയും നേരത്തെ ലഭിച്ചിരുന്നില്ല.കോണ്‍ഗ്രസ് തന്‍റെ ജീവനും ജീവിതവുമാണ്.കോണ്‍ഗ്രസ് നിലനില്‍ക്കുന്ന കാലം വരെ മറ്റൊരു ആലോചനയില്ലെന്നും കഥകള്‍ ചമക്കേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ സുധാകരന്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മുന്നൊരുക്കത്തിന് സമയം ലഭിച്ചില്ലെന്ന് പറഞ്ഞ് അദ്ദേഹം പിന്‍മാറിയിരുന്നു. ഡിസിസി സെക്രട്ടറി സി രഘുനാഥാണ് ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി.

ഐ ഫോൺ വിവാദം;കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും നോട്ടീസ് അയച്ച്‌ കസ്റ്റംസ്

keralanews i phone controversy customs sent third notice to vinoini balakrishnan

തിരുവനന്തപുരം: ഐ ഫോൺ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും നോട്ടീസ് അയച്ച്‌ കസ്റ്റംസ്.ഈ മാസം 30ന് ചോദ്യം ചെയ്യലിനായി എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.ഇതിനു മുൻപ് രണ്ട് തവണ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന് കാണിച്ച് കസ്റ്റംസ് നോട്ടീസ് അയച്ചെങ്കിലും വിനോദിനി ഹാജരായില്ല. ഈ മാസം അവസാനവും എത്തിയില്ലെങ്കില്‍ കോടതി വഴി വാറണ്ട് അയയ്ക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ എറ്റവും വിലയേറിയ ഫോണാണ് വിനോദിനി ഉപയോഗിച്ചിരുന്നത്. ഫോണിന്റെ ഐഎംഇഐ സിംകാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്.എന്നാല്‍ സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറിയില്ലെന്നുമാണ് വിനോദിനി പ്രതികരിച്ചത്.

സംസ്ഥാനത്ത് ഒരുലക്ഷത്തിലധികം ഇരട്ട വോട്ടർമാർ; വോട്ടര്‍ പട്ടികയിലെ പുതിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

keralanews more than one lakh dual voters in the state ramesh chennithala pointed out latest irregularities in voter list

തിരുവനന്തപുരം:സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 1,09,693 ഇരട്ട വോട്ടർമാരെ കണ്ടെത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമാണ്. ഒരു മണ്ഡലത്തില്‍ താമസിക്കുന്നവര്‍ക്ക് മറ്റു പല മണ്ഡലങ്ങളിലും വോട്ടുകളുണ്ട്. ഇത്തരം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.ജനവിധി അട്ടിമറിക്കാൻ സി.പി.എമ്മിന്റെ അറിവോടെ ഭരണകൂടം കൃത്രിമമായി ഇടപെടൽ നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇരട്ടവോട്ടിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു. ഇരട്ടവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ഇരട്ടവോട്ടുളളവരെ നീക്കം ചെയ്യേണ്ടതും അവർ വോട്ടുചെയ്യാതിരിക്കേണ്ടതും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അനിവാര്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി.ഇരട്ടവോട്ടുളള 537 പേരെ ഇരിക്കൂർ മണ്ഡലത്തിലും 711 പേരെ അഴീക്കോടും 1205 പേരെ ചേർത്തലയിലും 729 പേരെ അരൂരിലും കണ്ടെത്താൻ കഴിഞ്ഞതായി ചെന്നിത്തല ആരോപിച്ചു.കണ്ണൂർ ജില്ലയിലെ കല്യാശേരിയിലെ 91 പേര്‍ക്ക് ഇരിക്കൂറില്‍ വോട്ടുണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. ഇരിക്കൂറില്‍ 537 അന്യ മണ്ഡല വോട്ടര്‍മാരുണ്ട്. പൂഞ്ഞാര്‍, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചേര്‍ത്തലയില്‍ വോട്ടുണ്ട്. ആകെ 1205 ഇരട്ട വോട്ടുകളാണ് ചേര്‍ത്തലയിലുള്ളത്. ഇന്ന് തന്നെ മുഴുവന്‍ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫിന് വേണ്ടി ചില ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വോട്ടര്‍ പട്ടികയില്‍ കത്രിമം നടത്തുകയായിരുന്നെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘സ്പീക്കർക്ക് വിദേശത്ത് നിക്ഷേപം’;​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രാ​യ സ്വ​പ്ന​യു​ടെ മൊ​ഴി പു​റ​ത്ത്

keralanews speaker has investment abroad statement of swapna against sreeramakrishnan is out

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരായി കസ്റ്റംസിന് നല്‍കിയ മൊഴി പുറത്ത്.സ്പീക്കർക്ക് വിദേശത്ത് നിക്ഷേപമുണ്ട്.അദ്ദേഹം വിദേശത്ത് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജിന്‍റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.ഷാർജയിലെ മിഡിൽ ഈസ്റ്റ് കോളജ് പദ്ധതിക്ക് പിന്നിൽ സ്പീക്കറും ശിവശങ്കറും അടങ്ങുന്ന സംഘമാണെന്നാണ് സ്വപ്നയുടെ മൊഴി.പൊന്നാനി സ്വദേശി ലസീറിന്റെ ഉടമസ്ഥതയിലുള്ളതാണ് മിഡില്‍ ഈസ്റ്റ് കോളേജ്. തിരുവനന്തപുരം സ്വദേശിയായ ഹിരണ്‍ എന്നയാള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ശ്രീരാമകൃഷ്ണനും ഇതില്‍ നിക്ഷേപമുള്ളതായി മൊഴിയിലുണ്ട്.  ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടു.സൗജന്യമായി ഭൂമി ലഭിക്കാന്‍ ഷാര്‍ജാ ഭരണാധികാരിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരം സന്ദർശിക്കുമ്പോൾ പി.ശ്രീരാമകൃഷ്ണന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് കോളജിനു ഷാര്‍ജയില്‍ സ്ഥലം നല്‍കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. അദ്ദേഹം ഭൂമി നല്‍കാമെന്ന് വാക്കാല്‍ ഉറപ്പു നല്‍കിയതായും മൊഴിയിലുണ്ട്. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന മൊഴിയില്‍ പറയുന്നു. മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ഭൂമിയുടെ ആവശ്യത്തിനായാണ് യുഎഇയിലേക്ക് നിരന്തരം യാത്ര നടത്തിയതെന്നും സ്പീക്കർ പറഞ്ഞെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്.സ്വപ്ന എന്‍ഫോഴ്സ്മെന്‍റിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്. ക്രൈംബ്രാഞ്ചിനെതിരെ ഇ.ഡി കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് മൊഴിയുടെ വിവരങ്ങളുള്ളത്. പൊലീസ് ഇ.ഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് സ്പീക്കര്‍ക്കെതിരായ സ്വപ്നയുടെ മൊഴിയുള്ളത്.

കണ്ണൂരില്‍ കൊവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പിന് തുടക്കമായി

keralanews covid vaccination mega camp started in kannur

കണ്ണൂർ: കൊവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പിന് ജില്ലയിൽ തുടക്കമായി.കണ്ണൂര്‍ ജൂബിലി ഓഡിറ്റോറിയം, പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ ആഴ്ചയില്‍ ആറു ദിവസമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് പ്രവൃത്തി സമയം.ഓരോ സെന്ററിലും ഒരു ഡോക്ടര്‍, നാല് നഴ്‌സ് ഒരു പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒരു ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ എന്നിവര്‍ ഉള്‍പ്പെടെ 27 ജീവനക്കാരാണ് ഉള്ളത്. കണ്ണൂരിലെ ക്യാമ്പിന്റെ നോഡല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിനും പയ്യന്നൂരിലേത് ഡോ. സുനിതയുമാണ്. നിലവില്‍ അറുപത് വയസ്സിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കും 45 വയസ്സിനു മുകളില്‍ പ്രായമുള്ള മാരക അസുഖങ്ങള്‍ ഉള്ളവര്‍ക്കും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് വാക്‌സിന്‍ നല്‍കുന്നത്. ജില്ലാ ഭരണകൂടം, കണ്ണൂര്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ മേല്‍ നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. www.cowin.gov.in വഴി രജിസ്റ്റര്‍ ചെയ്‌തോ ക്യാമ്ബില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിന്‍ സ്വീകരിക്കാം.