കോഴിക്കോട്:വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പിന് ഇരയായ 11 പേരുടെ അക്കൗണ്ടിൽ നിന്ന് 1,85,000 രൂപയാണ് നഷ്ടമായത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എഞ്ചിനീയറിങ് വിദ്യാര്‍ഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണക്ക് സ്‌കോളര്‍ഷിപ് തുകയായ 20,000 രൂപയാണ് നഷ്ടമായത്. എസ്ബിഐ അകൗണ്ടില്‍ നിന്ന് 10,000 രൂപ വീതം രണ്ട് തവണയായാണ് അജ്ഞാതന്‍ പിന്‍വലിച്ചത്.വടകര പുതിയാപ്പ്മലയില്‍ തോമസിന്റെ എസ്ബിഐ അകൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടു. 10,000 രൂപ വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റുള്ളവരുടെയും പണം നഷ്ടപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
മുംബൈയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 2 മരണം
മുംബൈ:മുംബൈയിലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. രണ്ടു രോഗികള്‍ മരിച്ചു. ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് തീപിടിത്തമുണ്ടായത്.സംഭവസമയം 70ൽ അധികം രോഗികൾ ഇവിടെയുണ്ടായിരുന്നുവെന്നും രണ്ടുപേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി ഇരുപത്തിരണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തില്‍ ആരും മരിച്ചില്ലെന്നും കോവിഡ് ബാധിച്ചു മരിച്ചവരാണ് ഇവിടെയുണ്ടായിരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മാളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ആദ്യമായി കാണുകയാണെന്നും ഇക്കാര്യത്തില്‍ ഗൗരവകരമായ നടപടി സ്വീകരിക്കുമെന്നും മുംബൈ മേയര്‍ കിഷോരി പണ്ഡേക്കര്‍ പറഞ്ഞു.സണ്‍റൈസേഴ്സ് ആശുപത്രിയുടെ കോവിഡ് യൂണിറ്റാണ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്.കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഒരു മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 301, കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍ഗോഡ് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1746 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 292, കണ്ണൂര്‍ 150, തിരുവനന്തപുരം 160, മലപ്പുറം 185, എറണാകുളം 182, കോട്ടയം 132, കൊല്ലം 137, ആലപ്പുഴ 107, പത്തനംതിട്ട 75, തൃശൂര്‍ 92, കാസര്‍ഗോഡ് 85, ഇടുക്കി 86, പാലക്കാട് 22, വയനാട് 41 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, കൊല്ലം 3, തിരുവനന്തപുരം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 175, കൊല്ലം 135, പത്തനംതിട്ട 104, ആലപ്പുഴ 111, കോട്ടയം 128, ഇടുക്കി 59, എറണാകുളം 171, തൃശൂര്‍ 185, പാലക്കാട് 45, മലപ്പുറം 185, കോഴിക്കോട് 296, വയനാട് 43, കണ്ണൂര്‍ 147, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 353 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പള്ളിക്കുന്നില്‍ ചരക്ക് ലോറിയിടിച്ച് വൈദ്യുതി തൂണുകളും സ്‌കൂള്‍ മതിലും തകർന്നു
കണ്ണൂര്‍:കണ്ണൂർ- കാസര്‍കോട് ദേശീയപാതയിൽ പള്ളിക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം നിയന്ത്രണം വിട്ടലോറി ഇടിച്ച് രണ്ട് വൈദ്യുതി തൂണും സ്‌കൂളിന്റെ മതിലും തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 1.45ഓടെയാണ് അപകടം നടന്നത്.കണ്ണൂര്‍ ഭാഗത്തു നിന്നും പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് ഇരുമ്പ് തൂണുകളും മതിലും തകര്‍ത്താണ് ലോറി നിന്നത്. കണ്ണൂര്‍ ടൗണ്‍ പോലിസ് സ്ഥലത്തെത്തി. കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂർ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 689 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.സംഭവത്തിൽ കൂത്തുപറമ്പ് സ്വദേശി നൗഷാദിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു.അര്‍ധരാത്രി ദുബായിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു നൗഷാദ്. കസ്റ്റംസിന്‍റെ ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലാക്കി മല ദ്വാരത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദന ഭട്ട്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ കെ.ഹബീവ്, ദിലീപ് കൗശല്‍, ജോയി സെബാസ്റ്റ്യന്‍, മനോജ് യാദവ്, ഹവില്‍ദാര്‍ കെ.ടി.എം.രാജന്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
കള്ളവോട്ട് തടയാൻ കൂടുതൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ;പരാതി ഉയർന്ന ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും
തിരുവനന്തപുരം:കള്ളവോട്ട് തടയാൻ കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.പരാതി ഉയർന്ന രണ്ട് ജില്ലകളായ കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു.കഴിഞ്ഞ തവണ പത്ത് ശതമാനമായിരുന്ന വൈബ് കാസ്റ്റിംഗാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷൻ അൻപത് ശതമാനമായി ഉയർത്തിയിരിക്കുന്നത്. കള്ളവോട്ട് നടക്കുന്നതായി പരാതി ഉയരുന്ന എല്ലാ ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. ഇരട്ടവോട്ടുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ബിഎൽഒമാർ പരിശോധന പൂർത്തിയാക്കി കഴിയുമ്പോൾ കള്ളവോട്ടിനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കരുതുന്നത്.
കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിയേറ്റ് ഒരാള്‍ മരിച്ചു
കണ്ണൂർ:ചെറുപുഴയിൽ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു.കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാണ് (ബേബി) മരിച്ചത്. അയല്‍വാസി ടോമിയാണ് വെടിവച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സെബാസ്റ്റ്യനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ടോമി മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണെന്നും ഇത് സെബാസ്റ്റ്യന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് ഇടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാല്‍ ഇവിടെ കള്ളത്തോക്കുകള്‍ വ്യപകമാണ്. ടോമിയുടെ കൈയിലുള്ളതും കള്ളത്തോക്കാണെന്നാണ് കരുതുന്നത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി
തിരുവനന്തപുരം:നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും എന്നാല്‍ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.
കേരളത്തിലെ 11 ജില്ലകളിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി
തിരുവനന്തപുരം:കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി.പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍440കെ എന്ന ഈ വകഭേദം. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സാകോഗ്(INSACOG-ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്‌സ്) ആണ് ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനകം കോവിഡ്-19 ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലുംപോലും പുതിയ രോഗം ഉണ്ടായേക്കാം. പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുന്‍ വൈറസിനെതിരേ ആര്‍ജിച്ച പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല. കഴിഞ്ഞവര്‍ഷം കോവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന അതിജാഗ്രത തുടര്‍ന്നും പാലിക്കണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.കേരളത്തിലെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എന്‍440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104-ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു. ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനവും അന്വേഷണവും ഈ ഘട്ടത്തില്‍ ആവശ്യമാണെന്ന് ‘ഇന്‍സാകോഗ്’ വിലയിരുത്തി.
രാജ്യത്തെ 18 സംസ്ഥാനങ്ങളിലും വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം;മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ 18 സംസ്ഥാനങ്ങളിലും വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം കണ്ടെത്തി.ഇതേ തുടർന്ന് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങളിലും സ്ഥിതി മോശമാണ്.സജീവ കോവിഡ് കേസുകൾ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളിൽ ഒൻപതും മഹാരാഷ്ട്രയിലാണ്.10,787 സാമ്പിളുകളിൽ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയത്. ഇതിൽ 736 എണ്ണം ബ്രിട്ടണിൽ കണ്ടെത്തിയതിനും 34 എണ്ണം ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ വൈറസുകൾക്കും ഒരെണ്ണം ബ്രസീലിൽ കണ്ടെത്തിയ വൈറസുകൾക്കും സമാനമാണ്.സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വൻസിംഗും എപ്പിഡെമോളജിക്കൽ പഠനങ്ങളും തുടരുകയാണ്.