കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ആറ് ബോംബുകൾ കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെവിടയിലെ റെയിൽവേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നുമാണ് ഒരു സ്റ്റീൽ ബോംബും അഞ്ച് നാടൻ ബോംബുകളും കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ പറമ്പിലെ നാഗത്തറയിൽ വിളക്ക് കത്തിയ്ക്കാൻ എത്തിയപ്പോഴാണ് ബോംബ് ശ്രദ്ധയിൽപ്പെടുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ബോംബ് സ്വാഡും സ്ഥലത്തെത്തി ബോംബുകൾ കസ്റ്റഡിയിലെടുത്തു.ആളൊഴിഞ്ഞ സ്ഥലമായതിനാൽ രാത്രികാലങ്ങളിൽ അപരിചിതർ സ്ഥലത്ത് എത്താറുണ്ടെന്ന് പ്രദേശവാസികൾ പോലീസിനോട് പറഞ്ഞു. വലിയ ഗ്രൗണ്ട് അടക്കമുള്ള പ്രദേശം രാത്രി കാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടു.
സ്‌പെഷല്‍ അരി വിതരണം തടഞ്ഞതിനെതിരെ നിയമനടപടിക്ക് ഒരുങ്ങി സർക്കാർ; വിഷുകിറ്റ് ഏപ്രില്‍ ഒന്ന് മുതല്‍
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌പെഷല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞതിനെ നിയമപരമായി നേരിടാന്‍ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. വെള്ള, നീല കാര്‍ഡുകാര്‍ക്ക് കിലോയ്‌ക്ക് 15 രൂപ നിരക്കില്‍ സ്‌പെഷല്‍ അരി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് അരി വിതരണം ചെയ്യുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. വിഷു കിറ്റ് നേരത്തെ നല്‍കുന്നതിനെതിരെയും ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനോട് പരാതിപ്പെട്ടിട്ടുണ്ട്. കിറ്റ് വിതരണവും അരി വിതരണവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.അതേസമയം ഭക്ഷ്യകിറ്റ് വിതരണം ഏപ്രില്‍ ഒന്ന് മുതല്‍ തുടങ്ങും. എല്ലാ കാര്‍ഡുകാര്‍ക്കും കിറ്റ് ലഭിക്കും. ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ അവധിയാണെങ്കില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക ഉത്തരവിറക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായിരിക്കും കിറ്റ് ആദ്യം വിതരണം ചെയ്യും.ഭക്ഷ്യക്കിറ്റ് വിതരണം തടയാനുള്ള നീക്കത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സങ്കുചിത മനസിന് ഉടമയായതുകൊണ്ടാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ചെന്നിത്തല ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.എന്നാല്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. ഭക്ഷ്യസാധനങ്ങള്‍ പൂഴ്‌ത്തിവച്ച് തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്‌ത് അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല തിരിച്ചടിച്ചു.
എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ട്
കണ്ണൂര്‍: എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ടെന്ന് കണ്ടെത്തല്‍. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി. ജയരാജനാണ് ഷമയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഷമയ്ക്ക് രണ്ടു വോട്ടുകളും ഒരു ബൂത്തിലാണ്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 89ാം ബൂത്തിലാണിത്. 89-ാം ബൂത്തിലെ 532-ാം നമ്പർ വോട്ടറായ ഷമാ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്.എന്നാല്‍ ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമാ മുഹമ്മദാണ്. ഇവിടെ വിലാസത്തില്‍ ഭര്‍ത്താവ് കെ. പി സോയ മുഹമ്മദിന്റെ പേരാണ് നല്‍കിയിരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു. ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഷമ മുഹമ്മദിനെതിരെ നടപടിയെടുക്കുമോയെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ചോദിച്ചു. ജില്ലയില്‍ ഇത്തരത്തില്‍ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും വ്യാപകമായി വോട്ടുചേര്‍ത്തതിന്റെ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ജയരാജന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് ഇരട്ട വോട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഇരട്ടവോട്ടുകള്‍ ഉള്ളതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്.ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റു എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു. ഇതിനായി അപേക്ഷ നൽകിയിരുന്നു എന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിൽ എന്നും ചെന്നിത്തല പറഞ്ഞു. ഇരട്ട വോട്ട് വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് യു.ഡി.എഫിനുള്ളിലും ഇരട്ട വോട്ട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിന്നാലെ ഇരട്ട വോട്ട് പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
നിയമസഭാ തെരെഞ്ഞെടുപ്പ്;സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ട് ആരംഭിച്ചു;ആദ്യദിനം കോവിഡ് രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി പോസ്റ്റല്‍ വോട്ടുകള്‍ ആരംഭിച്ചു. ഭിന്നശേഷിക്കാര്‍, 80 വയസ്സ് കഴിഞ്ഞവര്‍, കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കുള്ള തപാല്‍ വോട്ടെടുപ്പാണ് ഇന്നലെ തുടങ്ങിയത്. ദിവസവും സമയവും മുന്‍കൂട്ടി അറിയിച്ച ശേഷമാണ് പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയത്. സൂക്ഷ്മ നിരീക്ഷകര്‍, 2 പോളിങ് ഉദ്യോഗസ്ഥര്‍, വിഡിയോഗ്രഫര്‍, പൊലീസ് എന്നിവരുള്‍പ്പെട്ടതാണു സംഘം.വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതി വയ്ക്കണം.പോളിങ് സംഘം വോട്ടറുടെ വീട്ടിലെത്തി ആദ്യം തിരിച്ചറിയല്‍ രേഖ പരിശോധിക്കും. തുടര്‍ന്ന് തപാല്‍ വോട്ട് പ്രക്രിയ വിശദീകരിക്കും. ഇതിനു ശേഷം ബാലറ്റ് പേപ്പര്‍, കവര്‍, പേന, പശ തുടങ്ങിയവ കൈമാറും.പോസ്റ്റല്‍ വോട്ടിങ് കംപാര്‍ട്ട്മെന്റില്‍ വച്ച് വോട്ടര്‍ ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തണം. മറ്റാരും കാണരുത്. വോട്ടു ചെയ്യുന്നത് വിഡിയോയില്‍ പകര്‍ത്തില്ല. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ കവറിനുള്ളിലാക്കി ഒട്ടിച്ച് അപ്പോള്‍ത്തന്നെ പോളിങ് ടീമിനെ തിരികെ ഏല്‍പ്പിക്കണം. തിരികെ ഏല്‍പ്പിക്കുന്നത് വിഡിയോയില്‍ ചിത്രീകരിക്കും. സ്ഥാനാര്‍ത്ഥിക്കോ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള അംഗീകൃത പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് തപാല്‍ വോട്ടെടുപ്പ് നിരീക്ഷിക്കാം. കാഴ്ചപരിമിതിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാത്ത വിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്നയാളുടെ സഹായത്തോടെ വോട്ടു ചെയ്യാം. ഈ മാസം 17 വരെയുള്ള സമയത്തിനിടെ 4.02 ലക്ഷം പേരാണ് തപാല്‍ വോട്ടിന് അപേക്ഷിച്ചത്. ഇവര്‍ക്കെല്ലാം അനുവദിച്ചു. ഇവര്‍ക്ക് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാനാകില്ല. തപാല്‍ വോട്ടുകള്‍ അതതു ദിവസം തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മടക്കി നല്‍കണം.
തിക്കോടിയിൽ ഷിഗെല്ല രോഗം പിടിപെട്ട് അഞ്ചുവയസ്സുകാരി മരിച്ചു;കനത്ത ജാഗ്രത നിർദേശം
കോഴിക്കോട്:പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡില്‍ ഷിഗെല്ല രോഗം പിടിപെട്ട് അഞ്ചുവയസ്സുകാരി മരിച്ചു.സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.പയ്യോളിയില്‍നിന്ന് വിതരണം ചെയ്ത സിപ്അപ്പില്‍നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭ പരിധിയില്‍ സിപ്അപ് വിൽപ്പനയും നിര്‍മാണവും താല്‍ക്കാലികമായി നിരോധിച്ചു. നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ‘ഐസ് പാര്‍ക്ക്’ എന്ന സ്ഥാപനം അടച്ചുപൂട്ടി.കൊയിലാണ്ടി ഫുഡ് ഇന്‍സ്പെക്ടര്‍ ഫെബിന സ്ഥാപനം പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ച് സര്‍ക്കാര്‍ ലാബിലേക്ക് പരിശോധനക്കയച്ചു. അതോടൊപ്പം ഗുണനിലവാരമില്ലാത്ത ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതും ഉപ്പിലിട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നതും നിരോധിക്കുമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് അറിയിച്ചു.ഗുണനിലവാരം പരിശോധിക്കാതെയുള്ള വെള്ളമുപയോഗിച്ചുള്ള ജ്യൂസ് വില്‍പനക്ക് അനുമതി നല്‍കില്ല. കൂടാതെ എല്ലാ കൂള്‍ബാറുകളിലും പാതയോരങ്ങളിലെ തട്ടുകടകളിലും പരിശോധന കർശനമാക്കും.ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് നമ്പൂതിരിപ്പാട് പയ്യോളി നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന് നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരം നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
എക്‌സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: മാധ്യമങ്ങളിലെ എക്‌സിറ്റ് പോൾ സർവ്വേയ്ക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. മാർച്ച് 27 രാവിലെ ഏഴ് മുതൽ ഏപ്രിൽ 29 രാത്രി 7.30 വരെ എക്‌സിറ്റ് പോളുകൾ നടത്തരുത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ മറ്റു മാധ്യമങ്ങളിലൂടെയോ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് വിലക്ക്.1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി. അസം, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.1951ലെ ജനപ്രാതിനിധ്യ നിയമം 126 എ വകുപ്പിന്റെ ഉപവകുപ്പ് 1 പ്രകാരമാണ് നടപടി.
സംസ്ഥാനത്ത് ഇന്ന് 1825 പേര്‍ക്ക് കോവിഡ്; 1917 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1825 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 262, കണ്ണൂർ 245, കൊല്ലം 173, എറണാകുളം 171, തിരുവനന്തപുരം 150, തൃശൂർ 137, ആലപ്പുഴ 117, കോട്ടയം 111, കാസർകോട് 104, മലപ്പുറം 103, പത്തനംതിട്ട 87, പാലക്കാട് 65, ഇടുക്കി 60, വയനാട് 40 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 52,252 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4553 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 71 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1612 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 251, കണ്ണൂർ 191, കൊല്ലം 171, എറണാകുളം 165, തിരുവനന്തപുരം 106, തൃശൂർ 131, ആലപ്പുഴ 115, കോട്ടയം 97, കാസർകോട് 91, മലപ്പുറം 98, പത്തനംതിട്ട 76, പാലക്കാട് 27, ഇടുക്കി 57, വയനാട് 36 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.12 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 6, കോട്ടയം, കോഴിക്കോട്, കാസർകോട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1917 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 128, കൊല്ലം 155, പത്തനംതിട്ട 114, ആലപ്പുഴ 95, കോട്ടയം 145, ഇടുക്കി 58, എറണാകുളം 326, തൃശൂർ 139, പാലക്കാട് 74, മലപ്പുറം 220, കോഴിക്കോട് 243, വയനാട് 32, കണ്ണൂര് 140, കാസര്ഗോഡ് 48 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 354 ഹോട്ട് സ്പോട്ടുകളാണുള്ളത്.
‘നമുക്കും പ്രകൃതിയിലേക്കു മടങ്ങാം,ഹൃദയപൂര്‍വം കലക്ടര്‍’;തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കി കണ്ണൂർ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്
കണ്ണൂർ:ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി കത്ത് നൽകി കല്കട്ടർ ടി വി സുഭാഷ്.’പ്രിയ ഓഫീസര്‍, എന്റെ ഭക്ഷണം എന്റെ പാത്രത്തില്‍ എന്ന ക്യാമ്പയിൻ നടപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകുമ്പോൾ ഒരു സ്റ്റീല്‍ പാത്രവും ഗ്ലാസ്സും സ്പൂണും കരുതാന്‍ മറക്കരുത്..’ കലക്റ്റർ നല്‍കിയ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്. തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇത്തരത്തിലൊരു കത്ത് നല്‍കിയത്.പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടു തെരഞ്ഞെടുപ്പ് നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് തീരുമാനം. പച്ച ഇലയുടെ മാതൃകയില്‍ വേറിട്ട രീതിയിലാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. ‘നമുക്കും പ്രകൃതിയിലേക്കു മടങ്ങാം. ഹൃദയപൂര്‍വം ജില്ലാ കലക്ടര്‍.. ‘കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിക്കൊണ്ടാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് കത്ത് പ്രകാശനം ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥര്‍ നാലുനേരം ഭക്ഷണം കഴിക്കുന്നതിനായി ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പാത്രങ്ങളും കപ്പുകളും മറ്റും കണക്കു കൂട്ടിയാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായേക്കാവുന്നത് 5426 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യമാണ്. അതില്‍ നിന്നും ഓരോരുത്തരും തങ്ങളുടെ പങ്ക് കുറച്ച് ക്യാമ്പയിനിന്റെ ഭാഗമാകണമെന്നാണ് കലക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. മാസ്‌കുകളും കൈയുറകളും നിക്ഷേപിക്കാന്‍ ഓരോ ബൂത്തിലും പ്രത്യേകം ചവറ്റുകൊട്ടകളും ഒരുക്കും.കൊവിഡ് കാലത്ത് പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെയും ഡിസ്‌പോസിബിള്‍ പാത്രങ്ങളുടെയും കപ്പുകളുടെയും ഉപയോഗം വ്യാപകമായതോടെയാണ് തെരഞ്ഞെടുപ്പില്‍ ‘സീറോ വേസ്റ്റ്’ എന്ന ആശയം സ്വീകരിച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടപ്പാക്കിയ ‘എന്റെ ഭക്ഷണം എന്റെ പാത്രത്തില്‍’ ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ പി എം രാജീവ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ ബി ജെ ധനഞ്ജയന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ ആര്‍ അജയകുമാര്‍, ഇ മോദനന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.
നിയമസഭാ തെരെഞ്ഞെടുപ്പ്;സംസ്ഥാനത്ത് തപാല്‍ വോട്ട് ഇന്ന് മുതല്‍
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് ചെയ്യാൻ കഴിയാത്തവര്‍ക്കുള്ള തപാല്‍ വോട്ട് ഇന്നു മുതല്‍ ആരംഭിക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി ഇവരുടെ വോട്ട് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക പോളിംഗ് ടീമിനെ കമ്മീഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.80 വയസു പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍ , കോവിഡ് ബാധിതര്‍, ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ എന്നിവരെയാണ് ആബ്‌സന്‍റീ വോട്ടര്‍മാരായി പരിഗണിക്കുന്നത്. ഇവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാം. തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ച്ച് 17നു മുന്‍പ് നല്‍കിയവര്‍ക്കുമാണ് ഈ സൗകര്യം ലഭിക്കുക.