തിരുവനന്തപുരം:ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക്.ബി എം എസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും.ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങള്‍, ചരക്കുകടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി. ബസ് തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം,. ആംബുലന്‍സ്, പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അതേസമയം, പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. എസ്‌എസ്‌എല്‍സി, പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ നടക്കുകയാണ്. ഇതും മാറ്റിവെക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.
പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു;5 ദിവസത്തിനിടെ കൂടിയത് 50 രൂപ
തിരുവനന്തപുരം:പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു.ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി.നാല് ദിവസം മുന്‍പാണ് പാചകവാതക വില ഒടുവില്‍ വര്‍ധിച്ചത്. അന്ന് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് കൂട്ടിയത്. ഫെബ്രുവരിയില്‍ മൂന്ന് തവണ പാചകവാതകത്തിന്‍റെ വില വര്‍ധിപ്പിച്ചിരുന്നു. എണ്ണയ്ക്കും പ്രകൃതി വാതകത്തിനും രാജ്യാന്തര തലത്തിലുണ്ടായ വില വർധനയാണ് വിലക്കയറ്റത്തിന് ആധാരമായി എണ്ണക്കമ്പനികള്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു.ഡല്‍ഹി എയിംസില്‍ നിന്നാണ് മോദി വാക്‌സിന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനാണ് മോദി സ്വീകരിച്ചതെന്ന് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയുടെ ട്വീറ്റില്‍ പറയുന്നു.പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്.അതേസമയം കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്.
രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ ഇന്ന് മുതൽ;വാക്‌സിൻ നൽകുക 60 വയസ്സിന് മുകളിലുള്ളവർക്ക്
ന്യൂഡൽഹി: രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ ഇന്ന് മുതൽ.60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്.കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം.പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോട്ടോ ഐഡി കാര്‍ഡിലെ വിവരങ്ങള്‍ നല്‍കണം. രജിസ്ട്രേഷന്‍ സമയത്ത് കോവിഡ് വാക്സിനേഷന്‍ സെന്‍ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണും. അതനുസരിച്ച് സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാല് ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ നടത്താം. ഓരോ ഗുണഭോക്താവിന്‍റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും.വാക്സിനെടുക്കാനായി പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായാണ് വാക്സിനേഷന്‍ നടക്കുക. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികൾ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും.