കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ വിദ്യാര്‍ത്ഥിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിച്ചതായി പരാതി. ചെണ്ടയാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിക്ക് ഒപ്പം നടക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. മുത്താറപ്പീടിക ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ജിനീഷാണ് കുട്ടിയെ തല്ലിയത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. സ്ഥിരമായി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് വരുന്നത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ ഒപ്പം നടക്കുന്നു എന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ ജിനീഷ് വിദ്യാർത്ഥിയെ മര്‍ദിച്ചത്. തല്ലുന്നത് പ്രദേശവാസികളുടെ മുന്നില്‍ വച്ചായിരുന്നെങ്കിലും ആരും ആദ്യം ഇത് തടയാന്‍ ശ്രമിച്ചില്ല. കുറച്ച് നേരത്തിന് ശേഷമാണ് ചിലര്‍ വന്ന് ജിനീഷിനെയും വിദ്യാര്‍ത്ഥിയെയും പിടിച്ച് മാറ്റിയത്.കൂട്ടുകാരിക്കൊപ്പം നടന്ന് വരുമ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ ജിനീഷ് തന്നെ അടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോള്‍ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും മര്‍ദ്ദനത്തിനിരയായ കുട്ടി പറയുന്നു. മര്‍ദനമേറ്റ സംഭവം വിദ്യാര്‍ത്ഥി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ജിനീഷിനെതിരെ പൊലീസ് കേസെടുത്തു.
ഇരിട്ടി പുതിയ പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു
ഇരിട്ടി:ഇരിട്ടി പുതിയപാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു.ഇരിട്ടി ടൗണിൽ പാലം ഭാഗത്തെ റോഡിൽ അവസാന ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന പുതിയ പാലം രണ്ടുമണിക്കൂർ നേരത്തേക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു.വാഹന പണിമുടക്ക് ആയതിനാൽ വാഹനങ്ങളുടെ എണ്ണം കുറവായതിനാലും ഭാരവാഹനങ്ങൾ ഇല്ലാത്തതിനാലും വളരെ കുറച്ച് സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടന്നു പോയത്.രാവിലെ എട്ടുമണിയോടെ തുറന്ന പാലം 10 മണിയോടെ വീണ്ടും അടച്ചു.പാലത്തിലെ പ്രവൃത്തികൾ പൂർത്തിയാകണമെങ്കിൽ ഇനിയും രണ്ടാഴ്ചകൂടി എടുക്കുമെന്ന് പാലം നിർമാണവുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
മാർച്ചിൽ ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും
തിരുവനന്തപുരം: മാര്‍ച്ച് 17ന് ആരംഭിക്കാനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും. ഏപ്രിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രധാന അദ്ധ്യാപക സംഘടനയായ സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി.കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലും തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് കെഎസ്ടിഎയുടെ ആവശ്യം. അദ്ധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉള്ളതിനാല്‍ പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായ പിന്തുണ നല്‍കുന്നതിന് പരിമിതികളുണ്ടെന്നാണ് കെഎസ്ടിഎ ചൂണ്ടിക്കാണിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ പറഞ്ഞു.
സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി;പൊതു ഗതാഗതം നിശ്ചലം
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.പാൽ, പത്രം, വിവാഹം, ആംബുലൻസ്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.സ്വകാര്യ ബസുകളും ടാക്‌സികളും ഓട്ടോകളും പണിമുടക്കുന്നുണ്ട്. ഭൂരിഭാഗം കെ.എസ്.ആര്‍.ടി.സിയും ഓടുന്നില്ല. കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളും പണിമുടക്കിലാണ്.ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി മോഡൽ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ഈ മാസം എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എംജി, കണ്ണൂർ സർവകലാശാല പരീക്ഷകളും മാറ്റി. കെടിയും കാലടി സംസ്‌കൃത സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. എം.എ മ്യൂസിയോളജി പ്രവേശന പരീക്ഷയാണ് മാറ്റിവച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.വാഹന പണിമുടക്കിന് കേരളത്തിലെ വ്യാപാരികളുടെ ധാർമ്മിക പിന്തുണ ഉണ്ടാകുമെന്നും എന്നാൽ വ്യാപാര സ്ഥാപനങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3475 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 45,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4210 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 124 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 361, മലപ്പുറം 237, എറണാകുളം 229, കണ്ണൂര്‍ 175, ആലപ്പുഴ 133, കൊല്ലം 125, തിരുവനന്തപുരം 74, തൃശൂര്‍ 104, കോട്ടയം 93, കാസര്‍ഗോഡ് 53, പത്തനംതിട്ട 53, വയനാട് 57, പാലക്കാട് 17, ഇടുക്കി 32 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 5, എറണാകുളം 3, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 171, കൊല്ലം 244, പത്തനംതിട്ട 488, ആലപ്പുഴ 417, കോട്ടയം 256, ഇടുക്കി 40, എറണാകുളം 500, തൃശൂര്‍ 272, പാലക്കാട് 135, മലപ്പുറം 377, കോഴിക്കോട് 341, വയനാട് 27, കണ്ണൂര്‍ 158, കാസര്‍ഗോഡ് 49 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 47,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 711 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ സംസ്ഥാനത്ത് ആകെ 367 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
കണ്ണൂർ:മുഖ്യമന്ത്രിയും മന്ത്രിമാരും ഉടന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത് വളരെ സന്തോഷകരമായ കാര്യമാണ്. വാക്സിന്‍ സ്വീകരിക്കാന്‍ നേരത്തെ ഞങ്ങള്‍ തയ്യാറായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്സിന്‍ എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്പോൾ എടുത്താല്‍ മതി എന്ന് പ്രധാനമന്ത്രിയുടെ മീറ്റിങ്ങില്‍ നിര്‍ദേശം വന്നിരുന്നു. അതുകൊണ്ടാണ് വാക്സിന്‍ സ്വീകരിക്കാതിരുന്നത്.വാക്സിന്‍ സ്വീകരിക്കുന്നതില്‍ മറ്റാര്‍ക്കും മടിയുണ്ടാകാതിരിക്കാന്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ ആദ്യം വാക്സിന്‍ എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഊഴം വരാന്‍ കാത്തുനിന്നതാണാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.വാക്‌സിനേഷനായി ആയിരത്തോളം കേന്ദ്രങ്ങള്‍ തയ്യാറാണ്. കൂടുതല്‍ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വാഹന പണിമുടക്ക്; നാളെ നടത്താനിരുന്ന എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം:ഇന്ധന വിലയില്‍ പ്രതിഷേധിച്ച് നടക്കുന്ന മോട്ടോർ വാഹന പണിമുടക്കിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കാണ് മാറ്റിയത്.എം. ജി. സര്‍വകലാശാല, കേരള സര്‍വകലാശാല, എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു.), കാലടി സംസ്കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ബി.എം.എസ്. ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി. യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി നീട്ടി നല്‍കി
ന്യൂഡൽഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സമയം നീട്ടി നല്‍കി സുപ്രീം കോടതി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഇപ്പോഴത്തേത് അവസാനത്തെ നീട്ടലാണെന്നും ഇതില്‍ കൂടുതല്‍ സമയം നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യവാരം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിശ്ചിത സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നു.
എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സെക്രെട്ടറിയേറ്റിനു മുൻപിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു; സിപിഒ സമരം തുടരും
തിരുവനന്തപുരം:എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സെക്രെട്ടറിയേറ്റിനു മുൻപിൽ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു.മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമുണ്ടായെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്ന് ഉറപ്പ് ലഭിച്ചു. ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയോടെ ഉത്തരവിറക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.അതേസമയം സിപിഒ ഉദ്യോഗാര്‍ഥികള്‍ സമരം തുടരും. രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാണ് അവരുടെ ആവശ്യം.എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 34ആം ദിവസത്തിലേക്കും സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരം 22ആം ദിവസത്തിലേക്കും കടന്നതോടെയാണ് മന്ത്രി എ കെ ബാലന്‍റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി നിയമനം നടത്തുക തുടങ്ങി ആവശ്യങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ചത്. സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടായ സാഹചര്യത്തിലാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്.രാവിലെ 11 മണി മുതൽ വൈകിട്ട് 3 വരെ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുപ്രവർത്തകർ ഉൾപ്പെടെ ശ്രദ്ധിക്കണം.നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം.ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം.65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണമെന്നും നിർദേശിക്കുന്നു.നിര്ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്‌റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. ഒ.ആര്‍.എസ്, ലെസ്സി, ബട്ടര്‍ മില്‍ക്ക്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്‌ത്രങ്ങള്‍ ധരിക്കുക.ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം.ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്‌ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്‌ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‌പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങി പുറം വാതില്‍ ജോലിയില്‍ ഏര്‍പ്പെടുന്നവരും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്. പി.എസ്.സി പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം.ക്ലാസുകള്‍ ആരംഭിച്ച വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കഠിനമായ ചൂട് മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്.