ന്യൂഡൽഹി:മുതിർന്ന നേതാവ് പി.സി. ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലെ കടുത്ത അതൃപ്തിയാണ് ചാക്കോയുടെ രാജിക്ക് കാരണം. ഇക്കാര്യം വ്യക്തമാക്കി ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും രാജിക്കത്ത് നല്‍കുകയായിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിന്നടക്കം തന്നെ ഒഴിവാക്കിയെന്നും പാര്‍ട്ടി അവഗണിച്ചുവെന്നുമാണ് ചാക്കോയുടെ പരാതി. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ പരിഗണിച്ചില്ലെന്നും ചാക്കോ പറഞ്ഞു. പ്രദേശ് സെലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ഥികളുടെ പേര് റിപ്പോര്‍ട്ട് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല.കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് കടുത്ത അപചയമാണ്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിലുള്ള പേരുകളാണ് സ്ക്രീനിങ് കമ്മിറ്റിയിലേക്ക് നല്‍കിയിട്ടുള്ളത്. മെറിറ്റുള്ളവരെ അംഗീകരിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനു ഹൈക്കാമാന്‍ഡ് ഒത്താശ ചെയ്‌തെന്നും ചാക്കോ ആരോപിച്ചു.കേരളത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്ല. രണ്ടു ഗ്രൂപ്പുകളുടെ ഏകോപനസമിതി മാത്രമേയുള്ളൂ. കോണ്‍ഗ്രസുകാരനായിരിക്കാന്‍ കേരളത്തില്‍ ഇനി സാധിക്കില്ല. ഗ്രൂപ്പുകാരനായിരിക്കാന്‍ മാത്രമേയാകൂ. അത്തരമൊരു സംവിധാനത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനാവാത്തതിനാലാണ് രാജിയെന്നും പി.സി ചാക്കോ വ്യക്തമാക്കി. നാളെ എങ്ങോട്ടുപോകുമെന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ചാക്കോ പറഞ്ഞു.
ഐ ഫോണ്‍ വിവാദം;വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല
കൊച്ചി:സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല. രാവിലെ 11 മണിക്കാണ് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് കാട്ടി കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നല്‍കിയത്. വിനോദിനി ബാലകൃഷ്ണന്‍ ഹാജരാകില്ലെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് പ്രതികരിച്ചിരുന്നു. കസ്റ്റംസിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റും വിനോദിനിയെ ചോദ്യം ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചേക്കും.ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മാണക്കരാര്‍ കിട്ടുന്നതിനാണ് സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണുകള്‍ വാങ്ങി സ്വപ്‌ന സുരേഷിനെ ഏല്‍പ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനി ബാലകൃഷ്ണന്റെ കയ്യില്‍ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതില്‍ വിശദീകരണം നല്‍കാനാണ് വിനോദിനിയോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.
മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;അമ്മ പൊലീസ് കസ്റ്റഡിയില്‍
കൊല്ലം:മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യ(24)യെയാണു കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.മൂന്നര മാസം പ്രായമുള്ള മകള്‍ അനൂപയെയാണ് മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ താഴ്ത്തി കൊലപ്പെടുത്തിയത്. വീട്ടിലാരുമില്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. ഓട്ടോറിക്ഷാ തൊഴിലാളിയായ കുട്ടിയുടെ മുത്തച്ഛന്‍ വീട്ടിലെത്തി വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വാതില്‍ തുറന്നപ്പോള്‍ സംശയം തോന്നിയ അച്ഛന്‍ കുഞ്ഞിനെ എടുത്തു. ഈ സമയം കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രസവത്തെ തുടര്‍ന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നതായും ഒരു തവണ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ദിവ്യ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കുഞ്ഞിന്റെ സംരക്ഷണത്തിന് ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. തന്റെ അസുഖം മാറിയെന്നും ഇനി സഹായിയെ ഒഴിവാക്കണമെന്നുമുള്ള ദിവ്യയുടെ അഭ്യര്‍ത്ഥനമാനിച്ച് പിതാവ് ആഴ്ചകള്‍ക്കു മുൻപ് ഇവരെ പറഞ്ഞുവിടുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
കൂത്തുപറമ്പിൽ കാറിന് തീപിടിച്ച് യുവാവ് മരിച്ചനിലയില്‍
കണ്ണൂര്‍: കൂത്തുപറമ്പ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മാലൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപം ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം.കത്തിയ കാറിന് പുറത്താണ് കരിഞ്ഞ നിലയില്‍ സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്. കാറ് അഗ്നിക്കിരയാകുന്നത് കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഓമ്നിവാനില്‍ വന്ന യുവാവ് വാഹനമടക്കം സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് സൂചന. എന്നാല്‍ മരിച്ചത് ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല.കല്ലെടുത്ത് തീര്‍ന്നതിനാല്‍ കഴിഞ്ഞ കുറെക്കാലമായി ഉപക്ഷേിച്ചിരിക്കുകയായിരുന്നു ക്വാറി. സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
ഐ ഫോൺ വിവാദം;വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുമ്പിൽ ഹാജരായേക്കും
കൊച്ചി:ലൈഫ് മിഷന്‍ കേസിലെ ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണന്‍ കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാനാണ് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്. എന്നാല്‍ ഹാജരാകുന്നത് സംബന്ധിച്ച് കസ്റ്റംസിന് അറിയിപ്പ് ലഭിച്ചിട്ടില്ല. യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കോഴയായി നൽകിയ മൊബൈൽ ഫോണിൽ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. എങ്ങനെയാണ് വിനോദിനിയുടെ പക്കൽ ഈ ഫോൺ എത്തിയത് എന്നാകും കസ്റ്റംസ് ആദ്യം അന്വേഷിക്കുക.ലൈഫ് മിഷൻ ഇടപാടിൽ കോഴ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ നിർദേശ പ്രകാരം താന് ആറ് ഐ ഫോണുകൾ വാങ്ങി നൽകിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അഞ്ച് ഫോണുകൾ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങൾ കസ്റ്റംസിന് നേരത്തെ ലഭിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, പത്മനാഭ ശർമ, ജിത്തു, പ്രവീൺ എന്നിവരാണ് ഫോൺ ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു. എന്നാൽ ഇതിൽ 1.13 രൂപ വില വരുന്ന ഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ ഉപയോഗം നിർത്തി. ഐഎംഇഐ നമ്പർ ഉപയോഗിച്ച് സിം കാർഡ് കണ്ടെത്തിയെന്നും ഫോണിൽ നിന്ന് യൂണിടാക് കമ്പനി ഉടമയെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു. അതേസമയം, സന്തോഷ് ഈപ്പനില്‍ നിന്ന് താന്‍ ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നുമാണ് വിനോദിനി നേരത്തെ പ്രതികരിച്ചത്. കസ്റ്റംസിന്റെ നോട്ടീസ് ഒന്നും തനിക്ക് വന്നില്ലെന്നും വിനോദിനി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ, വിനോദിനി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിനോദിനിക്ക് താൻ ഫോൺ നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പറഞ്ഞു. ഐ ഫോൺ സ്വപ്‌ന സുരേഷിനാണ് നൽകിയത്. സ്വപ്‌ന ആർക്കെങ്കിലും ഫോൺ നൽകിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.
പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാന്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി
ന്യൂഡല്‍ഹി: പെട്രോളും ഡീസലും ഉള്‍പ്പെടുന്ന ഇന്ധനങ്ങളെ നിലവിലെ ടാക്സ് സമ്പ്രദായത്തിൽ നിന്നും ജിഎസ്ടിയിലേക്ക് കൊണ്ടുവരാന്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍. രാജ്യസഭയില്‍ ഒരു അംഗത്തിന്റെ എഴുതിത്തയ്യാറാക്കിയ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടിയിലേക്ക് കൊണ്ടുവരുന്നത് വളരെ അത്യാവശ്യമാണ്.സിജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 9 (2) അനുസരിച്ച് ജിഎസ്ടിയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശ ആവശ്യമാണ്.പക്ഷേ, അത്തരമൊരു പരാമര്‍ശം ഇതുവരെ ജിഎസ്ടി കൗണ്‍സിലില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.രാജ്യസഭാ അംഗങ്ങളായ ബിജെപിയിലെ ഉദയന്‍രാജെ ഭോന്‍സ്ലെ, എസ് പിയിലെ വിശ്വംഭര്‍ പ്രസാദ് നിഷാദ് കോണ്‍ഗ്രസ്സിലെ സുഖ്‌റാം സിങ് യാദവ് തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ മറുപടി.
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4386 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 65,906 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.51 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4328 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 147 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 259, കോഴിക്കോട് 253, തൃശൂര്‍ 238, എറണാകുളം 230, കൊല്ലം 210, പത്തനംതിട്ട 185, കണ്ണൂര്‍ 139, തിരുവനന്തപുരം 112, മലപ്പുറം 134, ആലപ്പുഴ 96, ഇടുക്കി 81, പാലക്കാട് 34, കാസര്‍ഗോഡ് 68, വയനാട് 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, കോഴിക്കോട് 6, കൊല്ലം 2, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4386 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 238, കൊല്ലം 1065, പത്തനംതിട്ട 512, ആലപ്പുഴ 219, കോട്ടയം 175, ഇടുക്കി 70, എറണാകുളം 500, തൃശൂര്‍ 272, പാലക്കാട് 266, മലപ്പുറം 246, കോഴിക്കോട് 446, വയനാട് 112, കണ്ണൂര്‍ 151, കാസര്‍ഗോഡ് 114 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,150 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 352 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സ്വപ്നയുടെ രഹസ്യ മൊഴി വെളിപ്പെടുത്തി;കസ്റ്റംസ് കമ്മീഷണര്‍ക്ക് എ.ജിയുടെ നോട്ടീസ്
കൊച്ചി:സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയുടെ രഹസ്യ മൊഴി വെളിപ്പെടുത്തിയെന്ന് കാട്ടി കസ്റ്റംസ് കമ്മീഷ്ണര്‍ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറല്‍ നോട്ടീസയച്ചു.കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സി.പി.എം നേതാവ് കൂടിയായ കെ.ജെ ജേക്കബ് ഒരു സാങ്ഷന്‍ പെറ്റീഷന്‍ എ.ജിക്ക് മുമ്പാകെ നല്‍കിയിരുന്നു. തുടര്‍ന്നാണ് എ.ജി കസ്റ്റംസ് കമ്മീഷ്ണര്‍ക്ക് നേട്ടീസ് അയച്ചിരിക്കുന്നത്.സ്വപ്നയുടെ രഹസ്യ മൊഴി വെളിപ്പെടുത്തിയെന്നത് തന്നെയാണ് നോട്ടീസിലെ പ്രധാന വിഷയം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നല്‍കാമെന്ന നിബന്ധനിയിലാണ് മൊഴിപ്പകര്‍പ്പ് നല്‍കിയത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ നല്‍കിയത് കോടതിയലക്ഷ്യമാണ്. അതുകൊണ്ട് കസ്റ്റംസ് കമ്മീഷ്ണര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സാങ്ഷന്‍ പെറ്റീഷന്‍ നല്‍കിയത്. ഇതിലാണ് ഇപ്പോള്‍ എ.ജി കസ്റ്റംസ് കമ്മീഷ്ണര്‍ക്ക് നോട്ടീസയച്ചത്.
ആരോപണങ്ങളില്‍ തെളിവില്ല;ബാര്‍ക്കോഴ കേസില്‍ കെ ബാബുവിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന് ക്ലീന്‍ ചീറ്റ് നല്‍കി വിജിലന്‍സ്. കേസില്‍ ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ബാബുവിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനും ബാറുകള്‍ക്ക് സമീപമുളള മദ്യവില്‍പ്പന ശാലകള്‍ പൂട്ടുന്നതിനുമായി എക്സൈസ് മന്ത്രിയായിരുന്ന ബാബു 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍ കെ ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന മൂന്നു കോടി 79 ലക്ഷം രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.2016ലാണ് ബാബുവിനെതിരായ അന്വേഷണം ആരംഭിച്ചത്.കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റും പാലക്കാട് സ്വദേശിയുമായ വി.എം. രാധാകൃഷ്ണന്റെ പരാതിയിലാണ് കെ. ബാബുവിനെതിരേ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തിയത്.ബാര്‍ലൈസന്‍സിനുള്ള ചില അപേക്ഷകള്‍ മാസങ്ങളോളം പിടിച്ചുവെച്ചപ്പോള്‍ ചിലതില്‍ ഉടന്‍ തീരുമാനമെടുത്ത് ലൈസന്‍സ് നല്‍കി, കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുത്തു,സുഹൃത്തുക്കളുടെയും ബിനാമികളുടെയും പേരിലുള്ള ബാറുകള്‍ക്കു സമീപമുള്ള മദ്യവില്‍പ്പന ശാലകള്‍ പൂട്ടാന്‍ തീരുമാനമെടുത്തു, ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ മുഖാന്തരം കോടിക്കണക്കിനുരൂപ ഓരോ വര്‍ഷവും പിരിച്ചെടുത്തു, തന്റെ അനുമതിയോടെയേ ബാര്‍ ലൈസന്‍സ് അനുവദിക്കാവൂ എന്ന് ഉത്തരവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ബാബുവിനെതിരേ ഉന്നയിച്ചത്. ഓരോ ആരോപണങ്ങളും പ്രത്യേകം അന്വേഷിച്ച് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ന്യൂസിലന്റില്‍ വീണ്ടും ഭൂമി കുലുക്കം;റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തി
ന്യൂസിലാൻഡ്:കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂകമ്പങ്ങളുടെ പരിഭ്രാന്തി മാറും മുൻപ് ന്യൂസിലാൻഡിൽ വീണ്ടും ഭൂചലനം.ചൊവ്വാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ കെട്ടിടങ്ങള്‍ കുലുങ്ങി വിറച്ചു. നാലുദിവസം മുൻപാണ് ഇവിടെ ശക്തമായ മറ്റൊരു ഭൂകമ്പം ഉണ്ടായത്. അന്ന് സുനാമി മുന്നറിയിപ്പും നല്‍കിയതിനെ തുടര്‍ന്ന് തീരപ്രദേശത്തിന് 100 കിലോമീറ്റര്‍ അകലെയുള്ളവരെ വരെ ഒഴിപ്പിച്ചിരുന്നു.ന്യൂസിലന്റ് സമയം രാവിലെ 8.35ഓട് കൂടിയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതിന് പിന്നാലെ 4.9 രേഖപ്പെടുത്തിയ മറ്റൊരു ചലനം കൂടി ഉണ്ടായി. ന്യൂസിലന്റിന്റെ വടക്ക് കെര്‍മാഡിക് ദ്വീപിലാണ് ഇന്നും ഭൂകമ്പം ഉണ്ടായത്. അതേസമയം ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഭൂകമ്പം അനുഭവപ്പെട്ടതായി നിരവധി സ്ഥലങ്ങളില്‍ നിന്നാണ് ജനം ന്യൂസിലന്റിന്റെ ഒഫീഷ്യല്‍ ജിയോളജിക്കല്‍ സഥാപനമായ ജിയോനെറ്റില്‍ വിളിച്ചറിയിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങള്‍ കുലുങ്ങി വിറക്കുകയും ജനങ്ങള്‍ ഭയചകിതരാകുകയും ചെയ്തു. പുലര്‍ച്ചെ 2.27ഓടെ 7.3 മാഗ്നിറ്റിയൂഡിലും തൊട്ടു പിന്നാലെ 7.4 മാഗ്നിറ്റിയൂഡിലുമാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.