ന്യൂഡൽഹി:നാളെ മുതൽ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും.മാര്‍ച്ച് 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച് 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കാണ്.അത്യാവശ്യ ഇടപാടുകള്‍ നടത്താനുള്ളവര്‍ ഇന്നു തന്നെ നടത്തണം. ഇന്ന് പ്രതിഷേധ മാസ്‌ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒൻപത് യൂണിയനുകളുടെ ദേശീയ ഐക്യവേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊതുമേഖല, സ്വകാര്യ, വിദേശ, ഗ്രാമീണ ബാങ്കുകളെ പണിമുടക്ക് ബാധിക്കും.മാര്‍ച്ച് 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും മാര്‍ച്ച് 18ന് എല്‍ഐസി ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു; നിര്‍ണായക വെളിപ്പെടുത്തലുമായി സന്ദീപ് നായര്‍
കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് കേസിലെ പ്രതി സന്ദീപ് നായര്‍.ഇക്കാര്യം ചൂണ്ടിക്കാണിച്ച് സന്ദീപ് നായർ കോടതിക്ക് കത്തയച്ചു.ജയില്‍ നിന്നും തന്റെ കൈപ്പടയില്‍ എഴുതിയ കത്താണ് കോടതിക്ക് അയച്ചിരിക്കുന്നത്.കേസില്‍ മുഖ്യമന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവർക്കെതിരെ നല്‍കിയാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാം എന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്കാണ് സന്ദീപ് നായരുടെ കത്ത്. ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് പോലെ മൊഴി നല്‍കിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കത്തില്‍ പറയുന്നുണ്ട്.മന്ത്രിമാരുടേയും ഒരു മന്ത്രിയുടെ മകന്റേയും പേര് പറയാന്‍ നിര്‍ദേശിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട്. ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ പേരാണ് സന്ദീപ് നായര്‍ ഉന്നയിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായര്‍ കോടതിയെ അറിയിച്ചു.അന്വേഷണം വഴി തെറ്റിക്കാണ് ഇവര്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരെ കുറിച്ച് അറിയാന്‍ ശ്രമിച്ചിട്ടില്ല ഇതുവരെ. അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ചതെന്നും കത്തില്‍ പറയുന്നു.
എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകൾ മാറ്റി
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി , വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷകൾ മാറ്റി. ഏപ്രിൽ 8 നാണ് പരീക്ഷകൾ ആരംഭിക്കുക. പരീക്ഷ മാറ്റണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകുകയായിരുന്നു.റമദാൻ തുടങ്ങുന്നതിനു മുൻപ് ഏപ്രിൽ 8, 9,12 തിയതികളിൽ രാവിലെയും വൈകിട്ടുമായായിരിക്കും പരീക്ഷ നടത്തുക. പിന്നീട് രാവിലെ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 30ന് പരീക്ഷ അവസാനിക്കും.ഇങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരിഗണിച്ച് മാർച്ച് 17 ന് തുടങ്ങേണ്ട പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ കത്തു നൽകിയിരുന്നു. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ജോലികളും അനുബന്ധ പരിശീലനവുമുള്ളതിനാല്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തുനൽകിയത്. എന്നാൽ, പരീക്ഷ മാറ്റിവയ്ക്കരുതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി വൈകുന്ന സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി ലഭിക്കുന്നതും, അഞ്ചു ദിവസം ശേഷിക്കെ, പരീക്ഷ നീട്ടാൻ സർക്കാർ തീരുമാനമെടുക്കുന്നതും.
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ കേരള-കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഐഫോൺ വിവാദം; വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ് അയയ്ക്കാനൊരുങ്ങി കസ്റ്റംസ്
കൊച്ചി: ഐ ഫോൺ വിവാദത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയ്ക്ക് വീണ്ടും നോട്ടീസ് അയക്കാനൊരുങ്ങി കസ്റ്റംസ്. ഡോളർകടത്ത്, സ്വർണക്കടത്ത് തുടങ്ങിയ വിവാദ കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാവിലെ 11ന് കൊച്ചിലെ കസ്റ്റംസ് ഓഫീസിലെത്താൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരാകാഞ്ഞ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയക്കുന്നത്.ലൈഫ് മിഷന്റെ കരാർ ലഭിക്കുന്നതിനായി സ്വപ്‌ന സുരേഷിന്റെ നിർദ്ദേശ പ്രകാരം ആറ് ഐഫോണുകൾ വാങ്ങി നൽകി എന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിൽ ഒരു ഫോണിൽ വിനോദിനി ബാലകൃഷ്ണന്റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തി. ഇതേത്തുടർന്നാണ് ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
കണ്ണൂരിൽ മയക്കുമരുന്നുമായി രണ്ടു വിദ്യാർഥികൾ അറസ്റ്റിൽ
കണ്ണൂർ:കണ്ണൂരിൽ മയക്കുമരുന്നുമായി രണ്ടു വിദ്യാർഥികൾ അറസ്റ്റിൽ.കച്ചേരിക്കടവ് പാലത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാംഗ്ലൂർ – കണ്ണൂർ സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്ത ബാംഗ്ലൂർ ഐടി വിദ്യാർത്ഥികളെ മയക്ക് മരുന്നുമായി പിടികൂടിയത്.കണ്ണൂർ ചിറക്കൽ റെഡ് റോസ് വീട്ടിൽ അഭിഷേക് സത്യൻ, ഇടുക്കി ജില്ലയിൽ അടിമാലി സ്വദേശി സ്വദേശി പാറക്കൽ വീട്ടിൽ അനൂപ് സണ്ണി എന്നിവരെ 15ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്ത് കേസെടുത്തു. ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ ഷാബു സി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കര്‍ഷക സമരം;മാര്‍ച്ച് 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ മാര്‍ച്ച് 26 ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഭാരത് ബന്ദ് ആസൂത്രണം ചെയ്യുന്നതിനായി ട്രേഡ് യൂണിയനുകളും മറ്റ് ബഹുജന സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.മാർച്ച് 28ന് കർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.നവംബര്‍ 26 ന് ആരംഭിച്ച ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധം മാര്‍ച്ച് 26ന് നാലുമാസം പൂര്‍ത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകര്‍ ഒരു ട്രാക്ടര്‍ റാലി നടത്തിയിരുന്നു. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിന്റെ അടിത്തറ വിശാലമാക്കാനുള്ള കര്‍ഷകരുടെ പദ്ധതിയുടെ ഭാഗമാണ് ട്രേഡ് യൂണിയനുകളുമായും മറ്റ് ബഹുജന സംഘടനകളുമായും ഉള്ള സഹകരണം. കര്‍ഷക സമരം 100 ദിവസം പിന്നിടുന്ന മാർച്ച് 15ന് കോർപറേറ്റ് വിരുദ്ധ ദിനമായി ആചരിക്കും. ഭഗത് സിങ് രക്തസാക്ഷി ദിനമായ മാർച്ച് 23ന് ഡൽഹി അതിർത്തികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കള്‍ അണിനിരക്കും.
എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പില്‍ തീരുമാനമായില്ല;വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍
തിരുവനന്തപുരം : നിയസഭാ തെരഞ്ഞെടുപ്പ് സമയത്തെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള അനിശ്ചിതത്വം ഇതുവരെ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ എസ്‌എസ്‌എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ 17ന് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ തുടങ്ങാനായി ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാല്‍ പരീക്ഷകള്‍ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ ബാധിക്കാതെ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന വിധത്തില്‍ പരീക്ഷ ക്രമീകരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഇതുസംബന്ധിച്ച് ഇനിയും തീരുമാനമാകാത്തതിനാലാണ് വിദ്യാര്‍ത്ഥികളില്‍ ആശങ്ക ഉണ്ടായത് .നിലവിലെ ടൈം ടേബിള്‍ പ്രകാരം മാര്‍ച്ച് 17 മുതല്‍ 30 വരെയാണ് പരീക്ഷകള്‍ നടക്കേണ്ടത്. ഇതനുസരിച്ചുള്ള സംസഥാനത്തെ എസ്‌എസ്‌എല്‍സി പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് എട്ടിന് അവസാനിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്ത് നിന്ന് ഇതുവരെ ഇതിന് ഒരു അറിയിപ്പ് ലഭിക്കാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ്.മാര്‍ച്ച് 17 ന് തന്നെ പരീക്ഷ ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ സ്കൂളുകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പരീക്ഷാ തീയതിയുടെ കാര്യത്തില്‍ വ്യക്തത വരാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ആശങ്കയാണുള്ളത്. പരീക്ഷ മാറ്റിവയ്ക്കേണ്ട എന്നാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ്;കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രൻ പ്രചാരണം തുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി.എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്ന പള്ളിയെയും ആനയിച്ചു കൊണ്ട് കണ്ണൂര്‍ നഗരത്തില്‍ നടത്തിയ പടുകൂറ്റന്‍ പ്രകടനത്തോടെയാണ് ഔപചാരികമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വന്‍ ജനാവലിയോടൊപ്പം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നഗരവാസികളോട് വോട്ടഭ്യര്‍ത്ഥിച്ചു. തന്റെ അഞ്ചു വര്‍ഷത്തെ വികസന നേട്ടങ്ങളും പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം കണ്ണൂരിൽ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. യു.ഡി.എഫിനായി സതീശന്‍ പാച്ചേനിയും എന്‍.ഡി.എയ്ക്കായി കെ.ജെ ബാബുവും കളത്തിലിറങ്ങുമെന്ന് പ്രതീക്ഷ.
സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4192 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂര്‍ 195, കോട്ടയം 180, തിരുവനന്തപുരം 178, ആലപ്പുഴ 171, കണ്ണൂര്‍ 123, കാസര്‍ഗോഡ് 121, ഇടുക്കി 85, വയനാട് 63, പാലക്കാട് 57 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 331, മലപ്പുറം 272, എറണാകുളം 234, പത്തനംതിട്ട 218, കൊല്ലം 194, തൃശൂര്‍ 182, കോട്ടയം 172, തിരുവനന്തപുരം 112, ആലപ്പുഴ 166, കണ്ണൂര്‍ 85, കാസര്‍ഗോഡ് 106, ഇടുക്കി 82, വയനാട് 62, പാലക്കാട് 19 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 6, എറണാകുളം, കണ്ണൂര്‍ 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,486 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.96 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4342 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4192 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 250, കൊല്ലം 250, പത്തനംതിട്ട 362, ആലപ്പുഴ 139, കോട്ടയം 281, ഇടുക്കി 90, എറണാകുളം 1000, തൃശൂര്‍ 264, പാലക്കാട് 130, മലപ്പുറം 211, കോഴിക്കോട് 519, വയനാട് 248, കണ്ണൂര്‍ 348, കാസര്‍ഗോഡ് 100 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.