ന്യൂഡല്‍ഹി: കേരളം, കര്‍ണാടക , ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ പത്ത് ഇടങ്ങളില്‍ തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പരിശോധന നടത്തി. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി(ഐഎസ്) ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യുവാക്കളെ സ്വാധീനിച്ച് റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ മുന്‍പ് ഇതുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏറെ നാളുകളായി ആറോ ഏഴോ പേര്‍ അടങ്ങുന്ന ഈ സംഘത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയ്ഡില്‍ അഞ്ചുപേര്‍ പിടിയിലായതായി ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
സസ്‌പെന്‍സ് അവസാനിക്കുന്നു;നേമത്ത് മത്സരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു
ന്യൂഡല്‍ഹി: നേമത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ മത്സരിക്കുമെന്ന് റിപ്പോർട്ട്. നേമത്ത് മത്സരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നേമത്ത് മത്സരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി തീരുമാനിക്കട്ടെയെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. നേമത്തിന് പുറമെ സ്വന്തം മണ്ഡലമായ പുതുപ്പളളിയിലും ഉമ്മന്‍ ചാണ്ടി മത്സരിക്കും.ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. ഏറ്റവും മികച്ച , ജനസമ്മിതി ഉള്ള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നത്.ഇന്ന് രാവിലത്തെ വൈകാരിക പ്രകടനങ്ങള്‍ക്ക് നടുവില്‍ പുതുപ്പളളിയില്‍ തന്നെ മത്സരിക്കാമെന്നും മണ്ഡലം മാറില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ ഉള്‍പ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിലൂടെ ബി ജെ പി ആദ്യമായി സംസ്ഥാനത്ത് നിയമസഭാ അക്കൗണ്ട് തുറന്നതോടെയാണ് ഇരുമുന്നണികള്‍ക്കും നേമം അഭിമാന പോരാട്ടമാകുന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജഗോപാല്‍ ആദ്യമായി നിയമസഭയിലെത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;3256 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍കോട് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 58344 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1807 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 245, എറണാകുളം 228, കൊല്ലം 218, കണ്ണൂര്‍ 141, മലപ്പുറം 160, കോട്ടയം 154, തിരുവനന്തപുരം 108, തൃശൂര്‍ 151, ആലപ്പുഴ 132, കാസര്‍ഗോഡ് 76, പാലക്കാട് 41, പത്തനംതിട്ട 64, വയനാട് 52, ഇടുക്കി 37 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, എറണാകുളം, കാസര്‍ഗോഡ് 2, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3256 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 191, കൊല്ലം 361, പത്തനംതിട്ട 82, ആലപ്പുഴ 198, കോട്ടയം 263, ഇടുക്കി 67, എറണാകുളം 747, തൃശൂര്‍ 436, പാലക്കാട് 56, മലപ്പുറം 243, കോഴിക്കോട് 330, വയനാട് 69, കണ്ണൂര്‍ 108, കാസര്‍ഗോഡ് 105 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,53,859 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തളിപ്പറമ്പിലെ വസ്ത്രാലയത്തില്‍ വന്‍ തീപിടുത്തം; പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ വസ്ത്രാലയത്തിൽ വന്‍ തീപിടുത്തം.പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. മെയിന്‍ റോഡിലെ വീ ടെക്‌സ് എന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത് . ഇന്ന് പുലര്‍ച്ചെ അഞ്ചിന് പള്ളിയിലേക്ക് നിസ്‌ക്കാരത്തിനായി പോകുന്ന വ്യാപാരി സംഘടനാ പ്രവര്‍ത്തകന്‍ അന്‍വറാണ് കടയ്ക്കുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിനെയും പൊലീസിനേയും വിവരമറിയിച്ചു. തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാലകൃഷ്ണൻ,സീനിയര്‍ ഫയര്‍ ഓഫീസര്‍ സജീവന്‍, ഫയര്‍ ഓഫീസര്‍മാരായ ദയാല്‍, രഞ്ജു, രാജേഷ്, ഡ്രൈവര്‍ ദിലീപ്, ഹോംഗാര്‍ഡുമാരായ മാത്യു, രാജേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.തൊട്ടടുത്ത മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ലിവാസ് എന്ന ഫാന്‍സി കടയിലേക്കും തീ പടര്‍ന്നുവെങ്കിലും ഫയര്‍ ഫോഴ്സിന്റെ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി.പുതുതായി എത്തിച്ച സ്‌റ്റോക്കുകള്‍ ഉള്‍പ്പെടെയാണ് കത്തിനശിച്ചത്. അതിലുമേറെ തുണിത്തരങ്ങളാണ് തീയണക്കുന്നതിനിടെ വെള്ളത്തില്‍ കുതിര്‍ന്ന് നശിച്ചതെന്ന് വീ ടെക്‌സ് ഉടമസ്ഥനായ കുറ്റിക്കോലിലെ ബി. ഷബീര്‍ പറഞ്ഞു.നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി. മുഹമ്മദ് നിസാര്‍,തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. റിയാസ്, ജനറല്‍ സെക്രട്ടറി വി. താജുദ്ദീന്‍, കുട്ടി കപ്പാലം എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി തീപിടുത്തമുണ്ടായ കട സന്ദര്‍ശിച്ചു.
ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെതിരെ പുതുപ്പള്ളിയില്‍ വ്യാപക പ്രതിഷേധം;ആത്മഹത്യ ഭീഷണി മുഴക്കി പ്രവര്‍ത്തകന്‍
പുതുപ്പള്ളി:ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുന്നതിനെതിരെ പുതുപ്പള്ളിയില്‍ വ്യാപക പ്രതിഷേധം.ഉമ്മന്‍ ചാണ്ടിയെ നേമത്ത് മത്സരിക്കാന്‍ വിട്ടുനല്‍കില്ലെന്ന വാദവുമായാണ് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം.നേമത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന ഹൈക്കമാന്‍ഡിന്റെ ആവശ്യം ഉമ്മന്‍ ചാണ്ടി അംഗീകരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെ വീടിന് മുന്നിലേക്ക് എത്തിയത്.’വിട്ടു തരില്ല, വിട്ടു തരില്ല, നേമത്തേക്ക് വിട്ടുതരില്ല’ എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരക്കുന്നത്.അൻപത് വര്‍ഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് വനിതാ പ്രവര്‍ത്തകരടക്കമുള്ള പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.സീറ്റു ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് രാവിലെയോടെയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെത്തിയത്. ഉമ്മന്‍ ചാണ്ടിയെത്തിയ കണ്ടതോടെ പ്രതിഷേധം അണപൊട്ടി. വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.അതിനിടെ ഒരു പ്രവര്‍ത്തകന്‍ വീടിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിയും മുഴക്കി.കേരളത്തില്‍ ബിജെപിയുടെ ഏകസീറ്റായ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഒരു പ്രമുഖ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. ഉമ്മന്‍ ചാണ്ടി തന്നെ നേമത്ത് ബിജെപിയെ നേരിടുന്നത് സംസ്ഥാനത്താകെ അനുകൂല പ്രതികരണമുണ്ടാക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.
ജെസ്‌നയെ തീവ്രവാദികള്‍ വിദേശത്തേക്ക് കടത്തിയതായി സംശയം;അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും സിബിഐ റിപ്പോർട്ട്
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിനെ തീവ്രവാദികള്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഐ എഫ്‌ഐആര്‍. തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജെസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതില്‍ അന്തര്‍ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കി. എഫ്‌ഐആറിലെ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തിയാല്‍ സുഗമമായ അന്വേഷണത്തെ ബാധിക്കും. സംശയിക്കപ്പെടുന്ന വ്യക്തികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്‌ഐആറിലുണ്ട്.2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നു പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്‌ന പിന്നെ മടങ്ങിയെത്തിയിട്ടില്ല. 2018 മുതല്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാൻ സാധിക്കാത്ത കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് 2021 ഫെബ്രുവരി 19ന് ഹൈക്കോടതിയില്‍ സിബിഐ അറിയിക്കുകയായിരുന്നു. കേസന്വേഷണത്തില്‍ പോലീസും ക്രൈംബ്രാഞ്ചും നിഷ്‌ക്രിയത്വം പാലിക്കുന്നതിനാല്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജെയിസ് ജോണ്‍ ജെയിംസും അഡ്വ. സി. രാജേന്ദ്രന്‍ വഴി ക്രിസ്ത്യന്‍ ഫോറവും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയോട് നിലപാടറിയിക്കാന്‍ ഉത്തരവിട്ടിരുന്നു.സിബിഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രാഥമിക തെളിവുകള്‍ ശേഖരിച്ച് കേസെടുക്കാന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ്; സുരേഷ് ഗോപിയേയും ശോഭ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം
തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയേയും ശോഭ സുരേന്ദ്രനെയും മത്സരിപ്പിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. 115 സീറ്റുകളിലാണ് സംസ്ഥാനത്ത് ബിജെപി മത്സരിക്കുക.തൃശ്ശൂരിലോ തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.ശോഭ സുരേന്ദ്രന്റെ പേര്‍ ചാത്തന്നൂരും മറ്റു ചില മണ്ഡലങ്ങളിലുമുണ്ട്.കെ.സുരേന്ദ്രന്‍ കോന്നിയിലാകുമെന്നാണു സൂചന. കുമ്മനം രാജശേഖരന്‍ മത്സരിക്കാനിടയുള്ള നേമത്തിനു പുറമേ കഴക്കൂട്ടത്തും സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഹരിപ്പാട് ബി.ഗോപാലകൃഷ്ണനും പുതുപ്പള്ളിയില്‍ എന്‍. ഹരിയും പട്ടികയിലുണ്ട്. ധര്‍മടത്ത് സി.കെ. പത്മനാഭന്‍ മത്സരിച്ചേക്കും. കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. എം.ടി. രമേശിന്റെ പേര് കോഴിക്കോട് നോര്‍ത്തിലും പി.കെ. കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥിപട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങൾക്ക് ഇന്ന് തുടക്കം
ന്യൂഡൽഹി:നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങൾക്ക് ഇന്ന് മുതൽ തുടക്കം.കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യര്‍ത്ഥിക്കാനാണ് കര്‍ഷകരുടെ തീരുമാനം. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് റാലി നടത്തും.നാളെ കൊല്‍ക്കത്തയിലും മറ്റന്നാള്‍ സിംഗൂരിലും അസന്‍സോളിലും കര്‍ഷക സംഘടനകള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണ പരിപാടികള്‍ നടത്തും. ബിജെപിയെ തോല്‍പ്പിക്കണമെന്നു മാത്രമേ ജനങ്ങളോട് അഭ്യര്‍ഥിക്കുകയുള്ളൂവെന്നും ഏതെങ്കിലും പ്രതിപക്ഷ പാര്‍ട്ടിക്കായി വോട്ട് ചോദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം ഇന്ന് 107ാം ദിവസത്തിലേക്ക് കടന്നു.മാര്‍ച്ച് 26ന് കര്‍ഷകര്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുകയാണ്. നവംബര്‍ 26 ന് ഡല്‍ഹി അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധം മാര്‍ച്ച് 26ന് നാലുമാസം പൂര്‍ത്തിയാകും. ജനുവരി 26 ന് പ്രതിഷേധം രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഈ മാസം 15ന് കര്‍ഷകര്‍ “കോര്‍പറേറ്റ് വിരുദ്ധ ദിനം”, “സര്‍ക്കാര്‍ വിരുദ്ധ ദിനം” എന്നിവ ആചരിക്കാനും തീരുമാനിച്ചു.ഭഗത് സിങ്ങിന്റെ രക്തസാക്ഷി ദിനമായ മാര്‍ച്ച് 23 ന് ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ പങ്കുചേരും. 28 ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ കത്തിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി
കൊച്ചി:താത്കാലിക സര്‍കാര്‍ ജീവനക്കാരുടെ സ്ഥിരപ്പെടുത്തലില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ഹൈക്കോടതി. പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി പരാമര്‍ശം. അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്പെഷ്യല്‍ റൂള്‍ പ്രകാരം പി എസ് സിക്ക് വിടാത്ത തസ്തികകളിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതിനെ തുടര്‍ന്ന് സ്പെഷ്യല്‍ റൂള്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ ഏപ്രില്‍ 8നകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി സർക്കാരിനോട് നിര്‍ദേശിച്ചു.
നിയമസഭയിലെ കൈയ്യാങ്കളി കേസിൽ സര്‍ക്കാരിന് തിരിച്ചടി;പരാതി പിന്‍വലിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി:2015 ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കൈയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിന്‍വലിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ തുടങ്ങിയവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി അറിയിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും സമാനമായ ഹര്‍ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ സ്പീക്കറുടെ ചേംബറില്‍ കയറി കസേര അടക്കം മറിച്ചിട്ടു നടത്തിയ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എംഎല്‍എ മാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.