ന്യൂഡൽഹി:രാജ്യത്ത് 2019 മുതൽ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ നോട്ടുകൾ ലഭിക്കുന്നത്.ഡിമാൻഡ് അടിസ്ഥാനമാക്കി മാത്രമാണ് കറൻസികളുടെ അച്ചടി. ആർബിഐയുമായി സർക്കാർ കൂടിയാലോചിച്ചതിന് ശേഷമാണ് നോട്ടുകൾ രാജ്യത്ത് അച്ചടിക്കുന്നത്. 2,000 രൂപയുടെ നോട്ടുകളുടെ പ്രചാരത്തിൽ കുറവുണ്ടായതായും മന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.
രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും
ന്യൂഡൽഹി: രാജ്യത്ത് ഏപ്രില്‍ 1 മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും.മറ്റ് ബാങ്കുകളുമായി ലയിച്ച ആന്ധ്ര ബാങ്ക്, ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണിവ.ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം.ഒപ്പം മാറിയ ഐഎസ്‌എഫ്‌ഇ കോഡും ചോദിച്ചറിയണം. 2019 ഏപ്രില്‍ ഒന്നിനാണ് ഈ ബാങ്കുകള്‍ മറ്റ് ബാങ്കുകളുമായി ലയിച്ചത്. ലയനം ഈ മാര്‍ച്ച് 31 ഓടെ സാധുവാകുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. അതെ സമയം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചു. ആന്ധ്ര ബാങ്കിന്റെയും കോര്‍പറേഷന്‍ ബാങ്കിന്റെയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ ഐഎഫ്‌എസ്‌ഇ കോഡ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അറിയാനാവും. അല്ലെങ്കില്‍ 18002082244, 18004251515,18004253555 എന്നീ നമ്പറുകളിലോ ബന്ധപ്പെട്ടാലും വിശദ വിവരങ്ങള്‍ അറിയാം .
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ;മെട്രോമാന്‍ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടം
പാലക്കാട്: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ.പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മെട്രോ മാന്‍ ഇ ശ്രീധരന് പിന്തുണയുമായി പാലക്കാട് രൂപത രംഗത്തെത്തി.ബിഷപ്പ് ഹൗസിലെത്തി ഇ ശ്രീധരന്‍ രാവിലെ പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടത്തെ നേരില്‍ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന് പിന്തുണ പ്രഖ്യാപിക്കുന്നതായി പാലക്കാട് ബിഷപ്പ് പ്രഖ്യാപിച്ചത്. അഴിമതി ഇല്ലാത്ത വ്യക്തിത്വമാണ് ശ്രീധരനെന്നും അദ്ദേഹത്തിന് എല്ലാ പിന്തുണയും അനുഗ്രഹവും നല്‍കുമെന്നും ബിഷപ്പ് മനത്തോട്ടത്തില്‍ പറഞ്ഞു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ നല്‍കുന്നത്.ഒരുപാട് കേട്ട ഒരു ജീവിതമാണ് ഇ.ശ്രീധരന്റേത്. യുവാക്കള്‍ക്ക് മാതൃകയാക്കാന്‍ പറ്റിയ ജീവിതമാണ് അദ്ദേഹത്തിന്റേത് എന്ന് മുന്‍പേ പറഞ്ഞിരുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും ഈ ഘട്ടത്തില്‍ നല്‍കുകയാണ് – ശ്രീധരനൊപ്പം മാധ്യമങ്ങളെ കണ്ട പാലക്കാട് ബിഷപ്പ് പറഞ്ഞു.മൂന്നാം തവണ പാലക്കാട് നിന്നും ജനവിധി തേടുന്ന ഷാഫി പറമ്പിലിനെതിരെ മെട്രോമാന്‍ ഇ .ശ്രീധരനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. പ്രചരണത്തിനിടെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ എത്തിയ ഈ ശ്രീധരന്‍ നിര്‍മ്മാണത്തിലെ കാല താമസത്തെ വിമര്‍ശിച്ചു.എല്ലാവരും ബഹുമാനിക്കുന്ന ഇ. ശ്രീധരന്‍ ബിജെപി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് താഴരുതെന്നാണ് ഇതിനെതിരെ ഷാഫി പറമ്പിൽ പ്രതികരിച്ചത്.നിലവില്‍ ഒരു നിയമസഭാംഗം മാത്രമുള്ള ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണ് പാലക്കാട്.പാലക്കാട് ജില്ലയെ മൊത്തമായി പരിഗണിച്ചാല്‍ എല്‍ഡിഎഫാണ് കൂടുതല്‍ ശക്തം.ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് യുവസ്ഥാനാര്‍ത്ഥിയായ സി പി പ്രമോദിനെയാണ് സിപിഎം രംഗത്തിറക്കുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതെ സിപിഎം നീക്കിവെച്ച പാലക്കാട് മണ്ഡലത്തില്‍ അഖിലേന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധർമടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക.വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്‍റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹം നടത്തുകയാണ് കുട്ടികളുടെ അമ്മ. തെരഞ്ഞെടുപ്പ് പ്രഖ്യപനത്തിനു മുമ്പ് പൊലീസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്കിറങ്ങുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാലക്കാട് സമരപ്പന്തലില്‍ വച്ച് ഇവര്‍ തലമുണ്ഡനം ചെയ്തിരുന്നു. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളും ചെരിപ്പും പാദസരവും നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ടാണ് അമ്മ തല മുണ്ഡനം ചെയ്യാനായി ഇരുന്നത്. ഒരുമാസമായി വാളയാറില്‍ താന്‍ സത്യാഗ്രഹം ഇരിക്കുന്നു. എന്നാല്‍ തന്റെ കണ്ണീര്‍ സര്‍ക്കാര്‍ കണ്ടില്ലെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.
കല്‍പ്പറ്റക്കടുത്ത് വെള്ളാരംകുന്നില്‍ ചരക്കുലോറി ഇടിച്ചുകയറി കെട്ടിടം തകര്‍ന്നു
വയനാട്:കല്‍പ്പറ്റക്കടുത്ത് വെള്ളാരംകുന്നില്‍ ചരക്കുലോറി ഇടിച്ചുകയറി കെട്ടിടം തകര്‍ന്നു.ദേശീയപാതയോരത്തുള്ള വിന്‍ഡ്‌ഗേറ്റ് ലോഡ്‌ജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് സിമെന്റ് കയറ്റിയെത്തിയ 10 ചക്രമുള്ള ലോറി ഇടിച്ചു കയറിയത്. തിങ്കളാഴ്‌ച പുലര്‍ച്ചെ നാലുമണിയോടെയാണു സംഭവം. ലോറി ഇടിച്ചതിന്റെ അഘാതത്തില്‍ കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കെട്ടിടം റോഡിലേക്കു ചെരിഞ്ഞത്. ഏതു നിമിഷവും കെട്ടിടം ദേശീയപാതയിലേക്ക് നിലംപൊത്തുമെന്ന സംശയത്തെത്തുടര്‍ന്ന് പോലീസ് ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ച് വാഹനങ്ങള്‍ തിരിച്ചുവിട്ടു.ഇന്നലെ ഉച്ചകഴിഞ്ഞ് കെട്ടിടം പൊളിച്ചു നീക്കാന്‍ ശ്രമം തുടങ്ങി. അപകടത്തില്‍ ഈ മേഖലയിലെ വൈദ്യുതി ലൈനുകളും തകര്‍ന്നു. അപകട സമയത്ത് ലോഡ്‌ജില്‍ ജീവനക്കാരും താമസക്കാരനായി ഒരാളും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കു പരുക്കില്ല. സിമെന്റുമായി വൈത്തിരി ഭാഗത്തുനിന്നു വന്ന ലോറി എതിരേ വന്ന ടെമ്പോ ട്രാവലറില്‍ ഇടിച്ചശേഷമാണ് വൈദ്യുതി തൂണ്‍ തകര്‍ത്ത് കെട്ടിടത്തിലേക്കു പാഞ്ഞു കയറിയത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ കോഴിക്കോട് നല്ലളം പാലാട്ട് വീട്ടില്‍ ഗൗത(69)മിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.സ്‌റ്റിയറിങ് വീലിനും സീറ്റിനും ഇടയില്‍ കുടുങ്ങിപ്പോയ ഇയാളെ സ്‌റ്റിയറിങ് റാഡ് മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്.
എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷ സമയക്രമത്തില്‍ മാറ്റം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റിവച്ച എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷ സമയക്രമത്തില്‍ വീണ്ടും മാറ്റം വരുത്തി സര്‍ക്കാര്‍.റമദാന്‍ ആരംഭിക്കുന്നതും ജെഇഇ പരീക്ഷകള്‍ നടക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പരീക്ഷ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. റമദാന്‍ കാലത്ത് പകല്‍ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.ഏപ്രില്‍ 15 മുതല്‍ നടത്താനിരുന്ന പരീക്ഷകളിലാണ് മാറ്റം. 15ന് നടക്കേണ്ട എസ്‌എസ്‌എല്‍സി സോഷ്യല്‍ സയന്‍സ് പരീക്ഷ 27 ലേക്ക് മാറ്റി. 27 ന് നടക്കേണ്ട കണക്കു പരീക്ഷ 19 ലേക്കും അന്നേ ദിവസത്തെ മലയാളം സെക്കന്റ് 29 ലേക്കും മാറ്റി. ഫിസിക്‌സ് 15നും, കെമിസ്ട്രി 21 നുമാണ് നടക്കുക.അതേസമയം ഹയര്‍ സെക്കന്റഡറി പരീക്ഷ 26 ന് അവസാനിക്കും. പതിനഞ്ചാം തീയതിക്ക് ശേഷമുള്ള പരീക്ഷകള്‍ രാവിലെയാണ് നടക്കുക.
എസ്.എസ്.എല്‍.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം ഇങ്ങനെ:
ഏപ്രില്‍ 8- വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് ഒന്ന് – ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ
ഏപ്രില്‍ 9 – വെള്ളിയാഴ്ച – തേര്‍ഡ് ലാംഗ്വേജ് – ഹിന്ദി/ ജനറല്‍ നോളേജ് – ഉച്ചയ്ക്ക് 2.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 12- തിങ്കളാഴ്ച – ഇംഗ്ലീഷ് – ഉച്ചയ്ക്ക് 1.40 മുതല്‍ 4.30 വരെ
ഏപ്രില്‍ 15- വ്യാഴാഴ്ച – ഫിസിക്‌സ് – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 19- തിങ്കളാഴ്ച – കണക്ക് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 21 – ബുധനാഴ്ച – കെമിസ്ട്രി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 27 – ചൊവാഴ്ച – സോഷ്യല്‍ സയന്‍സ് – രാവിലെ 9.40 മുതല്‍ 12.30 വരെ
ഏപ്രില്‍ 28 – ബുധനാഴ്ച – ബയോളജി – രാവിലെ 9.40 മുതല്‍ 11.30 വരെ
ഏപ്രില്‍ 29 – വ്യാഴാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് രണ്ട് – രാവിലെ 9.40 മുതല്‍ 11.30 വരെ
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി; സ്ഥാനാർഥി നിർണയത്തിൽ രൂക്ഷ വിമർശനവുമായി കെ സുധാകരൻ
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍ എം.പി.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വളരെ മോശമായിരുന്നു. സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.’കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ അത്ര മോശമായിരുന്നു. ഹൈക്കമാന്‍ഡിനെ കേരളത്തിലെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാന്‍ഡിന്റെ പേരില്‍ കെസി വേണുഗോപാലും ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി.ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും അവസരം നല്‍കിയത്’- സുധാകരൻ ആരോപിച്ചു. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റെന്ന സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ തുറന്നടിച്ചു. ആലങ്കാരിക പദവികള്‍ ആവശ്യമില്ല. സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരിക്കൂര്‍ സീറ്റുമായി ബന്ധപ്പെട്ടുള്ള ധാരണകള്‍ ലംഘിക്കപ്പെട്ടു. ഇരിക്കൂറുകാര്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ കാരണമാക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ആണ് താന്‍. താന്‍ നല്‍കിയ രണ്ട് ലിസ്റ്റിലെയും വലിയ ഭാഗവും ഒഴിവാക്കപ്പെട്ടു. അതിന്റെ കാരണം എന്താണെന്ന് പോലും പറഞ്ഞിട്ടില്ല. ഹൈക്കമാന്‍ഡിനെ നേതാക്കള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ എല്ലാവര്‍ക്കും നിരാശ ആണെന്നും സുധാകരന്‍ വ്യക്തമാക്കി.
തൃശൂര്‍ കരാഞ്ചിറയിൽ ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി
തൃശൂര്‍: കരാഞ്ചിറ കാട്ടൂര്‍ക്കടവില്‍ ഗുണ്ടാസംഘം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാട്ടൂര്‍ക്കടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടിലെത്തിയ ഗുണ്ടാസംഘം പന്നിപ്പടക്കം എറിഞ്ഞു. ശബ്ദം കേട്ട് പേടിച്ചോടിയ ലക്ഷ്മിയുടെ പിന്നാലെയെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുള്‍പ്പെട്ടയാളാണ് ഹരീഷ്. കാട്ടൂര്‍ സ്വദേശി ദര്‍ശനും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഹരീഷുമായി പ്രതികള്‍ക്കുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കഴിഞ്ഞദിവസം കോളനിയിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകം. ഹരീഷിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്;മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്‍റ് ഡെവലപ്പ്‌മെന്‍റ് കമ്മീഷണര്‍ മുൻപാകെയാണ് അദ്ദേഹം പത്രിക നല്‍കുക.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം അദ്ദേഹം കളക്‌ട്രേറ്റിലെത്തും. കണ്ണൂര്‍ ജില്ലയിലെ മറ്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തിങ്കളാഴ്ചയും ബുധനാഴ്ചയുമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും;പ്രഖ്യാപനം ഇന്ന് വൈകിട്ട്
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും.ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടായേക്കും.ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന.തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനി സീറ്റ് നല്‍കാമെന്ന് പറഞ്ഞാലും മത്സരിക്കാനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് കെപിസിസി അധ്യക്ഷനെ അടക്കം വിളിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും ഫോണ്‍ പോലും എടുത്തില്ല. സ്ത്രീകള്‍ക്കു വേണ്ടിയാണ് മുന്നോട്ടുപോകുന്നത്. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ പങ്കുണ്ട്. അതിനാലാണ് ഇത്തരമൊരു നിലപാട് എടുത്തതെന്നും ലതികാ സുഭാഷ് പറഞ്ഞു. ഒരു ജില്ലയില്‍ ഒരു വനിതയ്ക്ക് എങ്കിലും കോണ്‍ഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാല്‍ അതുപോലും ഉണ്ടായിട്ടില്ലെന്നും അതിന് എന്ത് വിശദീകരണമാണ് പാര്‍ട്ടിക്ക് നല്‍കാനുള്ളതെന്നും അവര്‍ ചോദിച്ചു.അതേസമയം ഏറ്റുമാനൂര്‍ സീറ്റ് ആണ് ലതിക സുഭാഷ് ആവശ്യപ്പെട്ടതെന്നും അത് ഒരു ഘടകകക്ഷിക്ക് നല്‍കാന്‍ തീരുമാനിച്ചതിനാലാണ് അവര്‍ക്ക് സീറ്റ് നല്‍കാതിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലതിക സുഭാഷിനെ വൈപ്പിന്‍ മണ്ഡലത്തില്‍ പരിഗണിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പട്ടിക വന്നപ്പോള്‍ ദീപക് ജോയിയാണ് വൈപ്പിന്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായത്.