കണ്ണൂർ:സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം നടത്തുന്ന പി എസ്.സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഉമ്മന്‍ചാണ്ടി.അവരെ കേള്‍ക്കാതെയാണ് മുഖ്യമന്ത്രി തന്നെ ആക്ഷേപിക്കുന്നത്.അധിക്ഷേപത്തില്‍ പരാതിയില്ല.മുൻപും നിരവധി അധിക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്.കല്ലെറിഞ്ഞപ്പോഴും പ്രതിഷേധിക്കാന്‍ നിന്നിട്ടില്ല.സമരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.ഉദ്യോഗാര്‍ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സര്‍ക്കാരാണ്. പകരം റാങ്ക് പട്ടിക നിലവില്‍ വരാതെ ഒറ്റ പി.എസ്.സി റാങ്ക് പട്ടികയും യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പി.എസ്.സിയുടെ ഒരു റാങ്ക്പട്ടികയുടെ കാലാവധി പരമാവധി മൂന്നു വര്‍ഷമാണ്. പുതിയ പട്ടിക വന്നിട്ടില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി കാലാവധി നീട്ടാന്‍ സര്‍ക്കാറിന് സാധിക്കും. ഇത്തരത്തില്‍ എല്ലാ റാങ്ക് പട്ടികകളും തന്‍റെ ഭരണകാലത്ത് നീട്ടിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.പി.എസ്.സി പരീക്ഷ എഴുതി റാങ്ക് പട്ടികയില്‍ കടന്നുകൂടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇപ്പോള്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയത് യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസില്‍ പ്രതികളായ സി.പി.എമ്മിന്‍റെ വിദ്യാര്‍ഥി സംഘടനാ നേതാക്കളായിരുന്നു.ഒരു ലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ പഠിക്കാന്‍ സമര്‍ഥരല്ലാത്ത ഈ നേതാക്കള്‍ക്കാണ് ആദ്യ രണ്ട് റാങ്കുകള്‍ കിട്ടിയത്. സംഭവം വിവാദമായതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി. പൊലീസിന്‍റെ നിരീക്ഷണത്തില്‍ വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ ഈ നേതാക്കള്‍ക്ക് പൂജ്യം മാര്‍ക്കാണ് ലഭിച്ചത്.ഇതോടെ പി.എസ്.സി അവരെ അയോഗ്യരാക്കി. കേസില്‍ പ്രതികളായ മൂന്ന് പേരുടെ ജോലി നഷ്ടമായതിന്റെ പ്രതികാരമായാണ് മറ്റുള്ളവര്‍ക്കും ജോലി നല്‍കാത്തത്.ഇതാണ് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ തന്നോട് കരഞ്ഞു പറഞ്ഞത്. തട്ടിപ്പ് പുറത്തായതോടെ റാങ്ക് പട്ടിക ആറു മാസം മരവിപ്പിച്ചു. കിട്ടേണ്ട നീതി കിട്ടിയില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്. ഉദ്യോഗാര്‍ഥികളോട് സംസാരിക്കാതെ മുഖ്യമന്ത്രിക്ക് ഇത് എങ്ങനെ മനസിലാകും. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളോട് മുഖ്യമന്ത്രി സംസാരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി
ലക്നോ: സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായി.പത്തനംതിട്ട ജില്ലയിലെ പന്തളം സ്വദേശി അന്‍സാദ് ബദറുദീന്‍,കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍ എന്നിവരെയാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.അന്‍സാദിനെ കാണ്‍മാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം ഭാര്യ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ഓര്‍ഗനൈസറാണ്.യുപിയിലെ വിവിധ മേഖലകളില്‍ ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ എത്തിയവരാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നിന്നും 250 കിലോ പഴകിയ മത്സ്യങ്ങള്‍ പിടികൂടി
കോഴിക്കോട്: കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യം പിടികൂടി.പഴകിയ 250 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ തെര്‍മോകോള്‍ ബോക്‌സുകളിലും കേടുവന്ന ഫ്രീസറുകളിലുമായാണ് മത്സ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്.വി പി ഇസ്മയില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റാളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ പിഴയും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 4,937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5439 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4,937 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍കോട് 126, ഇടുക്കി 66 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂര്‍ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം 250, മലപ്പുറം 322, പാലക്കാട് 118, കണ്ണൂര്‍ 143, വയനാട് 131, കാസര്‍കോട് 109, ഇടുക്കി 58 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.29 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, തൃശൂര്‍, പാലക്കാട് 3 വീതം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5439 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 368, കൊല്ലം 331, പത്തനംതിട്ട 589, ആലപ്പുഴ 214, കോട്ടയം 699, ഇടുക്കി 113, എറണാകുളം 486, തൃശൂര്‍ 494, പാലക്കാട് 185, മലപ്പുറം 570, കോഴിക്കോട് 866, വയനാട് 150, കണ്ണൂര്‍ 267, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 2 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട്‌സ്‌പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടില്ല.
ഡോളർ കടത്ത് കേസില്‍ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് ജാമ്യം
കൊച്ചി:ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം നല്‍കാമെന്ന് കസ്റ്റംസ് അറിയിച്ചു.വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. സന്തോഷ് ഈപ്പനെ മെഡിക്കല്‍ പരിശോധനയ്ക്ക് അതിന് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ മറ്റു പ്രതികള്‍ക്ക് കമ്മീന്‍ തുക നല്‍കിയിരുന്നു. ഈ തുക ഡോളറാക്കി മാറ്റിയതിന് പിന്നില്‍ സന്തോഷ് ഈപ്പനാണെന്ന് കസ്റ്റംസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.നിലവില്‍ നാല് പേരാണ് ഡോളര്‍ കടത്ത് കേസില്‍ പ്രതികളായിട്ടുള്ളത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്‍. സരിത്ത്, സ്വപ്ന, സന്ദീപ്, ശിവശങ്കര്‍ എന്നിവരാണ് ആദ്യം പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്.
ദിഷ രവിയെ അറസ്റ്റ് ചെയ്തത് നിയമാനുസൃതം; നിയമത്തിന് ഇരുപത്തിരണ്ടുകാരിയെന്നോ അന്‍പതുകാരിയെന്നോ ഇല്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്‌എന്‍ ശ്രീവാസ്തവ
ന്യൂഡല്‍ഹി: നിയമത്തിന് ഇരുപത്തിരണ്ടുകാരിയെന്നോ അന്‍പതുകാരിയെന്നോ ഇല്ലെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്‌എന്‍ ശ്രീവാസ്തവ.ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദഹം.ഇരുപത്തിരണ്ടുകാരിയെ അറസ്റ്റ് ചെയ്തതില്‍ പൊലീസിനു വീഴ്ച പറ്റിയെന്നൊക്കെ ആളുകള്‍ പറയുന്നതില്‍ ഒരു കാര്യവുമില്ല.ദിഷ രവിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.കര്‍ഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ ട്വീറ്റാണ് ദിഷയ്ക്കെതിരായ കേസിന് ആധാരം. ജനുവരി 26ന് നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് രേഖയില്‍ കര്‍ഷകസമരങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.വിവാദമായ ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് കേന്ദ്രത്തിന്റെയും പൊലീസിന്റെയും വാദം. ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു.ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ ദിഷ ടൂള്‍കിറ്റ് സമര പരിപാടികള്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ടൂള്‍കിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.
മധ്യപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു
ഭോപ്പാൽ:മധ്യപ്രദേശില്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി. സിദ്ധി ജില്ലയിലാണ് സംഭവം. ഇന്ന് രാവിലെ 8.30 തോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സിദ്ധിയില്‍ നിന്നും സത്‌നയിലേയ്ക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. 60 പേര്‍ സഞ്ചരിച്ച ബസ് കനാലിലേയ്ക്ക് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ മുഴുവനും പ്രദേശത്തുള്ളവരാണെന്നാണ് വിവരം.യാത്രാമധ്യേ നിയന്ത്രണം വിട്ട വാഹനം കനാലിലേക്ക് പതിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ സേന ഉടന്‍ തന്നെ സ്ഥലത്തെത്തി ക്രെയിനിന്‍റെ സഹായത്തോടെ ബസ് പുറത്തെത്തിച്ചു. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ സമീപത്തെ ബന്‍സാഗര്‍ ഡാമിലെ ജലമൊഴുക്കും നിര്‍ത്തി വച്ചിട്ടുണ്ട്. 32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍ അമിത തിരക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏകദേശം 54 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതില്‍ ഏഴ് പേരെ രക്ഷാസംഘം രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാദൗത്യം തുടരുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.ചുയ്യ താഴ്വര വഴി പോകേണ്ടിയിരുന്ന ബസ് അവസാന നിമിഷം റൂട്ട് മാറ്റി ഇതുവഴി പോയതാണെന്നാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഡ്രൈവറുടെ വാക്കുകള്‍ അനുസരിച്ച് ട്രാഫിക് ജാം ഒഴിവാക്കുന്നതിനായാണ് ഈ വഴി തെരഞ്ഞെടുത്തതെന്നാണ് സൂചന.മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സമരം ശക്തമാക്കി ഉദ്യോഗാർത്ഥികൾ; സെക്രെട്ടറിയേറ്റിലേക്ക് ശവമഞ്ചം ചുമന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്
തിരുവനന്തപുരം:ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റ് പടിയ്ക്കലേക്ക് ശവമഞ്ചവും ചുമന്നുകൊണ്ടാണ് ഇന്ന് ഉദ്യോഗാര്‍ത്ഥികളുടെ സമരം.’ഓരോ ഫയലിലും ഓരോ ജീവിതമാണ്, ഇനിയൊരു അനു കേരളത്തിലുണ്ടാവില്ല’ തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താണ് പ്രതിഷേധ മാര്‍ച്ച്. പത്ത് ദിവസത്തിലേറെയായി നിരാഹാര സമരം കിടന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ ഉള്ളവരാണ് ശവമഞ്ചം ചുമന്ന് പ്രതിഷേധിക്കുന്നത്.സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടിലിഴഞ്ഞും യാചന നടത്തിയുമാണ് ഉദ്യോഗാർഥികൾ ഇന്നലെ നീതിയ്ക്കായി സമരം ചെയ്തത്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ അടക്കമുള്ള ഉദ്യോഗാർഥികൾ വിവിധ ജില്ലകളിൽ നിന്ന് സമര പന്തലിൽ എത്തുന്നത്. തസ്തിക സൃഷ്ടിക്കലിലൂടെ മാത്രമേ തങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന് എൽജിഎസ് ഉദ്യോഗാർഥികൾ വ്യക്തമാക്കുമ്പോൾ അത് പ്രയോഗികമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ.
അതേസമയം ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരപ്പന്തലില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എത്തി.ലാസ്റ്റ് ഗ്രേഡ് സര്‍വീസ് റാങ്ക് ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടണം. സി.പി.ഒ പട്ടികയുടെ കാലാവധി കഴിഞ്ഞതിനാല്‍ ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി കോടതിയില്‍ എത്തുമ്പോൾ സര്‍ക്കാര്‍ അതിനെ പിന്തുണയ്ക്കണം. കോടതി അനുമതിയോടെ ഒരു വര്‍ഷം കൂടി നീട്ടണം. നാഷണല്‍ ഗെയിംസ് ജേതാക്കള്‍ക്കും ജോലി നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.എല്‍.ഡി.എഫ് സര്‍ക്കാര്‍ 134 റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കിയെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഓരോ വകുപ്പുകള്‍ തിരിച്ചുള്ള പട്ടിക വൈകാതെ പുറത്തുവിടും. 33 ലിസ്റ്റ് ഒന്നര വര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 200ല്‍ ഏറെ ആളുകള്‍ക്ക് കൂടി ജോലി കിട്ടിയേനെ. മുഴുവന്‍ ലിസ്റ്റുകളും പരിശോധിക്കുമ്പോൾ ആയിരത്തിലേറെ പേര്‍ക്ക് ജോലി കിട്ടുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്വകാര്യ വിപണിയില്‍ കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം; അടുത്ത ഘട്ട വിതരണവും സൗജന്യമാകാന്‍ സാധ്യത
ന്യൂഡൽഹി:സ്വകാര്യ വിപണിയില്‍ കോവിഡ് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം.വ്യാജ വാക്‌സിന്‍ എത്താനുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.അതിനിടെ വാക്‌സിന്റെ അടുത്ത ഘട്ട വിതരണവും സൗജന്യമാകാന്‍ സാധ്യത. ഇതുസംബന്ധിച്ച് ചര്‍ച്ച തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. മൂന്നാം ഘട്ടത്തില്‍ 50 വയസ്സിനും അതിന് മുകളിലുള്ളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ആലോചിക്കുന്നത്.ഏതാണ്ട് 26 കോടി പേര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനാകുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. സംസ്ഥാനങ്ങളുമായി കൂടി കൂടിയാലോചിച്ച ശേഷമായിരിക്കും സൗജന്യ വാക്‌സിനേഷനില്‍ തീരുമാനമെടുക്കുക എന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.രാജ്യത്ത് തിങ്കളാഴ്ച വരെ 85 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും അദ്ദേഹം പറഞ്ഞു.98,118 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. അടുത്ത മുന്‍ഗണനാ പട്ടികയില്‍പ്പെട്ടവര്‍ക്ക് മാര്‍ച്ചില്‍ വാക്‌സിന്‍ നല്‍കാനാകുമെന്നും കേന്ദ്രആരോഗ്യമന്ത്രി വ്യക്തമാക്കി.
തളിപ്പറമ്പിലെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; ആഭരണങ്ങളും കൗണ്ടറിലുണ്ടായിരുന്ന അയ്യായിരം രൂപയും കവര്‍ന്നു
കണ്ണൂര്‍:തളിപ്പറമ്പിലെ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ശ്രീകോവില്‍ കുത്തിതുറന്ന് ആഭരണങ്ങളും കൗണ്ടറിലുണ്ടായിരുന്ന അയ്യായിരം രൂപയും കവര്‍ന്നു. തളിപ്പറമ്പ് മഴൂര്‍ ബലഭദ്രസ്വാമി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണം നടന്നതായി ശ്രദ്ധയില്‍ പെട്ടത്.സ്വര്‍ണം പൂശിയ അമ്പത്തിരണ്ട് വെള്ളി മോതിരങ്ങള്‍ മോഷണം പോയി. അതേസമയം,പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായില്ല. മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ടു ഇരുമ്പ് ദണ്ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് എസ് ഐ എ.കെ സജീഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.