കൊച്ചി:ആഴക്കടല്‍ മത്സ്യബന്ധന കരാറിന് പിന്നിൽ അഴിമതി ആരോപിച്ച് വിജിലന്‍സില്‍ പരാതി.കളമശേരി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്. കരാറില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താല്‍പര്യപത്രം ക്ഷണിക്കുകയോ ചെയ്തിട്ടില്ല. മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതിയാണിതെന്നും പരാതിയില്‍ പറയുന്നു.വിദേശ കുത്തകകളെ ഇങ്ങോട്ടേക്ക് ക്ഷണിക്കുന്നതുവഴി പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഇത് ബാധിക്കും. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താത്പര്യപത്രം ക്ഷണിക്കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. നടപടി ക്രമങ്ങളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയത്.കരാര്‍ എടുത്ത കമ്പനി ഉപകമ്പനി രൂപീകരിച്ചു. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള പത്ത് ലക്ഷം മൂലധനമുള്ള കമ്പനിയാണിത്. ഇത് സംശയദൃഷ്ടിയോടെ കാണണമെന്നും വലിയ അഴിമതിയാണ് നടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തിയ നടപടി വ്യവസായ വകുപ്പാണ് നടപ്പിലാക്കിയത്. ഫിഷറീസ് വകുപ്പിന്റെ അനുമതിയില്ലാതെ നയത്തില്‍ മാറ്റം വരുത്താനാകില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വലിയ കരാര്‍ ഇത്ര രഹസ്യമായി നടന്നതെങ്ങനെയെന്നും പരാതിക്കാരൻ ചോദിക്കുന്നു.
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 67,574 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.67 ആണ്. ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4061 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 288 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 493, കോഴിക്കോട് 483, മലപ്പുറം 461, ആലപ്പുഴ 435, കൊല്ലം 408, പത്തനംതിട്ട 365, കോട്ടയം 378, തൃശൂര്‍ 328, തിരുവനന്തപുരം 257, കണ്ണൂര്‍ 148, പാലക്കാട് 82, വയനാട് 115, ഇടുക്കി 92, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് 4 വീതം, പാലക്കാട് 3, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 387, കൊല്ലം 427, പത്തനംതിട്ട 566, ആലപ്പുഴ 305, കോട്ടയം 378, ഇടുക്കി 93, എറണാകുളം 537, തൃശൂര്‍ 430, പാലക്കാട് 107, മലപ്പുറം 578, കോഴിക്കോട് 590, വയനാട് 142, കണ്ണൂര്‍ 202, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 67 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 368 ഹോട്ട് സ്പോട്ടുകളാണുള്ളത്.
ഇന്ധനവില വർദ്ധനവ്; സര്‍വീസ് നിർത്തിവെയ്ക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍
കൊച്ചി: ഇന്ധനവില വർദ്ധനവിനെ തുടർന്ന് സര്‍വീസ് നിർത്തിവെയ്ക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍.എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇന്ധന വില ഇനിയും കൂടിയാല്‍ ബാക്കിയുള്ള സര്‍വീസുകള്‍ കൂടി നിര്‍ത്തേണ്ട അവസ്ഥയിലാണ് ബസ് ഉടമകള്‍.കോവിഡിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. നഷ്ടത്തില്‍ നിന്ന് കര കയറാനുള്ള ശ്രമത്തിനിടെ ആണ് ഇന്ധന വില കുതിച്ചുയര്‍ന്നത്. നഷ്ടം സഹിക്കാനാകാതെ ഒരു മാസത്തിനിടെ എറണാകുളം ജില്ലയില്‍ മാത്രം 50 ബസുകള്‍ സര്‍വീസ് നിര്‍ത്തി. ഇപ്പോഴത്തെ വിലയ്ക്ക് ഡീസല്‍ അടിച്ചു സര്‍വീസ് നടത്താനാകില്ല എന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്.ഇന്ധന വിലയുടെ പേരിലുള്ള കൊള്ളക്കെതിരെ ഈ മാസം 25ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രശ്‌നങ്ങള്‍ ഗവർണറെ ബോദ്ധ്യപ്പെടുത്തി; ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയതായി ഉദ്യോഗാര്‍ത്ഥികള്‍
തിരുവനന്തപുരം:സെക്രെട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ കൂടിക്കാഴ്‌ച പൂര്‍ത്തിയായി. പ്രശ്‌നങ്ങളെല്ലാം ഗവര്‍ണറെ ബോദ്ധ്യപ്പെടുത്താനായി.ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഹരിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചര്‍ച്ചയ്‌ക്ക് ശേഷം പ്രതികരിച്ചു. വിഷയത്തില്‍ തന്നാലാകുന്നതെല്ലാം ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചതായി ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ 48 മണിക്കൂര്‍ ഉപവാസം നടത്തിയിരുന്നു. ശോഭാ സുരേന്ദ്രന്‍ അവസരമൊരുക്കിയപ്പോഴാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗവര്‍ണറെ കാണാന്‍ സാധിച്ചത്. സമരത്തെ ആര് പിന്തുണച്ചാലും തളളിക്കളയില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ ചര്‍ച്ചയ്‌ക്ക് മദ്ധ്യസ്ഥതയ്‌ക്കെത്തിയപ്പോഴും ശോഭാ സുരേന്ദ്രന്‍ ഗവര്‍ണറെ കാണാന്‍ അവസരം നല്‍കിയപ്പോഴും അതുകൊണ്ടാണ് സഹകരിച്ചതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുകയാണ്. ഉപവാസമുള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങിയ ഉദ്യോഗാര്‍ഥികള്‍ ഇന്ന് പ്രതീകാത്മക മീന്‍ വില്‍പന നടത്തിയും പ്രതിഷേധിച്ചിരുന്നു.
പാലക്കാട് നഗരത്തില്‍ വൻ തീപിടിത്തം;ഹോട്ടല്‍ പൂര്‍ണമായി കത്തിനശിച്ചു
പാലക്കാട് : നഗരത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസിനടുത്തുള്ള നൂര്‍ജഹാന്‍ ഓപ്പണ്‍ ഹില്ലിലാണ് തീപിടിത്തം. റസ്റ്ററന്റ് പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചെറിയ രീതിയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ ആളുകള്‍ പുറത്തിറഞ്ഞിയത് വലിയ ഒരു അപകടമാണ് ഒഴിവായത്.ഹോട്ടലില്‍നിന്ന് എല്ലാവരെയും രക്ഷപെടുത്തിയതായി ജില്ലാ ഫയര്‍ ഓഫിസര്‍ പറഞ്ഞു. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.മൂന്ന് നിലകളിലായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉച്ചക്ക് ശേഷമാണ് തുറന്ന് പ്രവര്‍ത്തിക്കുകയെന്നതിനാല്‍ ജീവനക്കാര്‍ മാത്രമേ അപകടസമയത്തുണ്ടായിരുള്ളു. തീപ്പിടുത്തത്തിന്റെ ശബ്ദം കേട്ട് എല്ലാവരും പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.മൂന്ന് നില കെട്ടിടങ്ങളിലായി ഓരോന്ന് വീതം അടുക്കളയുമുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. തീപ്പിടുത്തത്തില്‍ ഹോട്ടലിലുണ്ടായിരുന്ന ഫര്‍ണീച്ചറുകളും അടുക്കള സാമഗ്രികളും അടക്കം പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്.സമീപമുള്ള അറേബ്യന്‍ ഗ്രില്‍ ഹോട്ടലിലെ ജീവനക്കാരും നൂര്‍ജഹാന്‍ ഹോട്ടലില്‍ തീപിടിക്കുന്നത് കണ്ട് പുറത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ഹോട്ടലിലെ തീ ഫയര്‍ ഫോഴസ് ഉടനെ തീ അണച്ചതിനാല്‍ ഭാഗികമായാണ് കത്തി നശിച്ചത്. ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് മണിയോടെയാണ് ഹോട്ടലുകളിലെ തീ പൂര്‍ണ്ണമായും അണച്ചത്. തീപ്പിടത്തത്തെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതവും മണിക്കൂറോളം സ്തംഭിച്ചു.
ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല
കൊച്ചി:ആഴക്കടല്‍ മത്സ്യ ബന്ധനം നടത്താന്‍ അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ വൻ അഴിമതി നടന്നതായി രമേശ് ചെന്നിത്തല.ഇഎംസിസി എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുമായി നടന്ന കരാറില്‍ വന്‍ അഴിമതി നടന്നെന്നാണ് ചെന്നിത്തലയുടെ ആരോപണം.കരാറിന് പിന്നില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ഐശ്വര്യകേരള യാത്രയ്ക്കിടെ പറഞ്ഞു. കേരളത്തിലെ മത്സ്യമേഖലയെ സര്‍ക്കാര്‍ കുത്തകകള്‍ക്ക് തീറെഴുതിക്കഴിഞ്ഞു.മന്ത്രി മേഴ്സിക്കുട്ടിയമ്മ ഗൂഡാലോചന നടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.10 ലക്ഷം രൂപ മാത്രം മൂലധനമുള്ള 2 വര്‍ഷം മുൻപ് മാത്രം തുടങ്ങിയ കമ്പനിയായ ഇഎംസിസിയുമായി 5000 കോടി രൂപയുടെ കരാറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഒപ്പിട്ടത്. സ്പ്രിംകളറിനെക്കാളും ഇ മൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണ്. ഇഎംസിസി പ്രതിനിധികളുമായി 2018 ല്‍ ന്യൂയോര്‍ക്കില്‍ മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച നടത്താതെയാണ് കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം ആരോപിച്ചു. കരാറിന് മുൻപ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചില്ല. എക്സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് വിളിച്ചില്ല.400 ട്രോളറുകളും 2 മദര്‍ ഷിപ്പുകളും കേരള തീരത്ത് മല്‍സ്യ ബന്ധനം നടത്താന്‍ പോവുകയാണ്. നമ്മുടെ മത്സ്യസമ്പത്ത് നശിക്കുമെന്നും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന കരാറാണിതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരാറിനെപ്പറ്റി അന്വേഷണം വേണം. കരാറിനെ പറ്റി അറിഞ്ഞിട്ടുണ്ടോ എന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും കേരളത്തിലെ കടലുകളില്‍ മത്സ്യബന്ധനം നടത്തും. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ അമേരിക്കന്‍ കമ്പനി കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കി വന്‍ കൊള്ള നടത്തുമെന്നും ചെന്നിത്തല ആരോപിച്ചു. കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പനികൾ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സോളാര്‍ വൈദ്യുതി പാര്‍ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നാടിന് സമര്‍പ്പിക്കും
കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ സോളാര്‍ വൈദ്യുതി പാര്‍ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നാടിന് സമര്‍പ്പിക്കും.ഓണ്‍ലൈന്‍ വഴിയാണ് പ്രധാനമന്ത്രി പദ്ധതി കമീഷന്‍ ചെയ്യുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും ഓണ്‍ലൈനില്‍ പങ്കെടുക്കും.സോളാര്‍ പാര്‍കിലെ രണ്ടാമത്തെ പദ്ധതിയാണ് പൈവളിഗെയിലേത്. കൊമ്മംഗളയില്‍ സംസ്ഥാന സര്‍കാര്‍ നല്‍കിയ 250 ഏക്കർ ഭൂമിയിലാണ് പദ്ധതി സ്ഥാപിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടിഎച്ഡിസി ഇന്ത്യാ ലിമിറ്റഡും കെഎസ്‌ഇബിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് നടപ്പിലാക്കുന്നത്. 50 വാട് ശേഷിയുള്ള പദ്ധതിയാണിത്. 240 കോടി രൂപയോളം മുതല്‍ മുടക്കിലാണ് കേന്ദ്ര പൊതുമേഖലാ കമ്പനിയായ തെഹരി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പൈവളിഗെയിലെ സോളാര്‍ പ്ലാന്റ് സജ്ജമാക്കിയത്. പദ്ധതി നടപ്പിലാവുന്നതോടെ ഉത്തരമലബാറിലെ വൈദ്യുതി ഉപയോഗത്തിന്റെ ഒരു പങ്ക് ഇവിടെ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള വൈദ്യുതി നല്‍കുവാനും സാധിക്കും.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷത്തി അറുപത്തയ്യായിരം പാനലുകള്‍ സ്ഥാപിച്ചാണ് വൈദ്യുതോത്പാദനം. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ്‌ഇബിയുടെ കുബനൂര്‍ സബ്സ്റ്റേഷനിലെത്തിച്ചാണ് വിതരണം ചെയ്യുക.
ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി:ടൂള്‍ കിറ്റ് കേസില്‍ ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി ഡല്‍ഹി പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് ദിഷ രവിയുടെ ആരോപണം.ഇന്നലെ ഡല്‍ഹി പൊലീസിനും മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കും ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ കോടതി നോട്ടിസ് നല്‍കിയിരുന്നു. സ്വകാര്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഹര്‍ജി എന്നുമാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്.ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി പൊലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ച ദിഷ രവിയെ പൊലീസ് ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും. ദിഷ സമര്‍പ്പിച്ച ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.അതേസമയം ദിഷ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ലെന്നും ദില്ലി പൊലീസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും അമിത് ഷാ പ്രതികരിച്ചു. ദിഷയുടെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പ്രതികരണം.
കോഴിക്കോട്ട് വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി
കോഴിക്കോട്: വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. അരൂര്‍ എളയിടത്ത് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നമ്പർപ്ലേറ്റ് ഇല്ലാത്ത ഒരു ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാദാപുരത്ത് കഴിഞ്ഞദിവസം ഒരു വ്യവസായിയെയും തട്ടിക്കൊണ്ടുപോയിരുന്നു.
രാജ്യത്ത് തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്; പച്ചക്കറി ഉൾപ്പെടെ വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട്
ന്യൂഡൽഹി:രാജ്യത്ത് തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്.പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 92.07 രൂപയും ഡീസലിന് 86.61 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും, ഡീസലിന് 85.05 രൂപയുമായി വില ഉയര്‍ന്നു.അതേസമയം ഇന്ധവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നിലവില്‍ ചെറിയുള്ളിയുടെ വില കിലോക്ക് നൂറു രൂപക്ക് മുകളിലാണ്. ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്നത് തങ്ങളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കുകയാണെന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വച്ചാണ് കൂടിയത്. ഈ വാടക വര്‍ധന പച്ചക്കറി വിലയില്‍ വരുദിവസങ്ങളില്‍ പ്രതിഫലിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിലവില്‍ പച്ചക്കറി വില പതിയെ കൂടിവരുന്നുണ്ട്.