ഇടുക്കി:ഇടുക്കി പള്ളിവാസലിൽ പ്ലസ് ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് 150 മീറ്റര്‍ അകലെ ആളൊഴിഞ്ഞ വീടിന് മുന്നിലെ മരത്തിലാണ് പെൺകുട്ടിയുടെ ബന്ധുവായ അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളാണ് അരുൺ.നേരത്തെ ഇവിടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രി അരുണ്‍ ഇവിടെയെത്തി ആത്മഹത്യാ ചെയ്തതാകാനാണ് സാധ്യത.പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പൈപ്പ്ലൈനിനടുത്ത് വാടകക്ക് താമസിക്കുന്ന വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മയെ (17) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വള്ളക്കടവ്-പവര്‍ഹൗസ് റോഡരികിലെ കുറ്റിക്കാട്ടില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. ബൈസണ്‍വാലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് രേഷ്മ.രേഷ്മയുടെ പിതാവിന്റെ അര്‍ധസഹോദരനാണ് നീണ്ടപാറ സ്വദേശിയായ വണ്ടിത്തറയില്‍ അരുണ്‍.ഇയാള്‍ രേഷ്മക്കൊപ്പം നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്ന് രേഷ്മയുടെ സ്കൂള്‍ ബാഗും അരുണിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണിന്റെ കവറും ബാറ്ററിയും ലഭിച്ചു. സംഭവശേഷം അരുണിനെ കാണാതാവുകയായിരുന്നു. അരുണ്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി സൂചനയുണ്ട്. ഇയാള്‍ രാജകുമാരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനാണ്.അരുണ്‍ ആത്മഹത്യക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. രാജകുമാരിയില്‍ വാടകക്ക് താമസിക്കുന്ന മുറിയില്‍നിന്നാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്.തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും കത്തില്‍ പറയുന്നു. രേഷ്മയോട് അടങ്ങാത്ത പ്രണയമാണെന്നും ആദ്യനാളുകളില്‍ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്നും എഴുതിയിട്ടുണ്ട്.കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അരുണിന്‍റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. അരുണിനായി ഡ്രോണ്‍ ഉൾപ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
പല തവണ സ്വര്‍ണം കടത്തിയിട്ടുണ്ട്;മന്നാറില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവതിയുടെ വെളിപ്പെടുത്തല്‍
പാലക്കാട്: പല തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മന്നാറില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ യുവതിയുടെ വെളിപ്പെടുത്തല്‍. ഒടുവില്‍ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വര്‍ണമാണെന്നും, ഇത് വഴിയില്‍ ഉപേക്ഷിച്ചെന്നും യുവതി പോലീസിന് മൊഴി നല്‍കി.എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വര്‍ണം കടത്തിയെന്നും യുവതി പോലീസിനോട് സമ്മതിച്ചു. അതേസമയം തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് പ്രാദേശിക സഹായം കിട്ടിയെന്നും അന്വേഷണസംഘം അറിയിച്ചു.മാന്നാര്‍ കുരട്ടിക്കാട് വിസ്മയ ഭവനത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ അജ്ഞാത സംഘം വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് ജില്ലയിലെ വടക്കുംചേരിയില്‍ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.ഈ മാസം 19 നാണ് ബിന്ദു ദുബൈയിൽ നിന്നും അവസാനമായി മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വർണം ഗൾഫിൽ നിന്നും കടത്തി. എന്നാലിത് എയർപോർട്ടിൽ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പൊലീസിന് നൽകിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വർണക്കടത്ത് സംഘത്തോട് സ്വർണം ഉപേക്ഷിച്ച വിവരം പറഞ്ഞു. ഇവർ മടങ്ങിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ വീടാക്രമിച്ച് ബിന്ദുവിനെ കടത്തുകയായിരുന്നു.ക്വാറന്‍റൈനില്‍ കഴിയുന്നതിനിടയിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍.തട്ടിക്കൊണ്ടുപോയ സംഘം തന്നെ ദേശീയപാതയോരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ബിന്ദു പോലീസിനോട് പറഞ്ഞിരിക്കുന്നത്.നാലംഗ സംഘമാണ് കടത്തിയത്. ഇവരെക്കുറിച്ചുള്ള വിവരം യുവതി പൊലീസിന് കൈമാറി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കര്‍ണാടകയില്‍ ജെലാറ്റിൻ സ്റ്റിക്കുകൾ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം;ആറുപേർ മരിച്ചു
ബംഗലൂരു : കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.കര്‍ണാടകയില്‍ അനധികൃത ക്വാറികള്‍ക്കും സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുമെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ പൊലീസിനെ ഭയന്ന് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടയാണ് അപകടം നടന്നത്. അതേസമയം നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി സുധാകര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആർടിസി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു;ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സൂചനാ പണിമുടക്ക് തുടങ്ങി. സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഇന്നലെ രാത്രി 12മണിക്ക് സമരം തുടങ്ങിയതിനാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ പലതും വൈകിട്ടോടെ മുടങ്ങി. സമാധാനപരമായാണ് സമരമെന്നും ബസുകള്‍ തടയില്ലെന്നും യൂണിയനുകള്‍ അറിയിച്ചു.ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനും (ടിഡിഎഫ്) ബിഎംഎസ് നേതൃത്വം നല്‍കുന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സിഐടിയു സമരത്തില്‍ പങ്കെടുക്കുന്നില്ല.
സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ഷാഫി പറമ്പിലിന്റെയും ശബരിനാഥിന്റേയും ആരോഗ്യനില മോശമായി;ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചു നിരാഹാര സമരം നടത്തുന്ന കോണ്‍ഗ്രസ് എംഎല്‍എ മാരായ ഷാഫി പറമ്പിലിന്റെയും ശബരിനാഥിന്റെയും ആരോഗ്യനില മോശമായി.ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇന്ന് ഉച്ചയോടെ സമരപ്പന്തലിലെത്തി ഇരുവരേയും പരിശോധിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയത്. നിരാഹാരം ഒൻപത് ദിവസം കഴിഞ്ഞതോടെയാണ് എംഎല്‍എമാരുടെ ആരോഗ്യനില മോശമായത്. ഇരുവരെയും വൈകീട്ടോടെ സമരപ്പന്തലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ട്.ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധനം; വിവാദ കരാര്‍ റദ്ദാക്കി; അന്വേഷണം നടത്താൻ തീരുമാനം
തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) ഒപ്പുവച്ച ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. കോര്‍പ്പറേഷന്‍ എംഡി എന്‍.പ്രശാന്ത് ഒപ്പിട്ട കരാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്.2,950 കോടി രൂപയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 400 ട്രോളറുകളും അഞ്ച് മദർ വെസ്സലുകളും നിർമിക്കാൻ ഇഎംസിസിയുമായി കെഎസ്ഐഎൻസി ഉണ്ടാക്കിയ ധാരണാപത്രമാണ് റദ്ദാക്കിയത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ധാരണപത്രം ഒപ്പിട്ടതെന്നാണ് സർക്കാർ വിശദീകരണം.സർക്കാരിന്‍റെ മത്സ്യ നയത്തിന് വിരുദ്ധമായ ധാരണാപത്രം ഒപ്പിട്ടിട്ടും അറിയിച്ചില്ല എന്നതും ഗൗരവമായിട്ടാണ് സർക്കാർ കാണുന്നത്. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടായെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്. കരാര്‍ റദ്ദാക്കിയതിന് പുറമേ കരാറിലേക്കെത്തിയ സാഹചര്യം അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല. കെഎസ്ഐഎൻസി എംഡി എൻ പ്രശാന്തിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ആലോചന സർക്കാർ തലത്തിലുണ്ട്. ഉദ്യോഗസ്ഥ തല അന്വേഷണം നടത്തി ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാണ് നീക്കം.
യുവമോർച്ച പ്രവർത്തകർ സെക്രെട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം;പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു;നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് കെട്ടിയ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രവര്‍ത്തകരില്‍ ചിലര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരിപ്പുകളും കമ്പുകളും പ്രവര്‍ത്തകര്‍ എറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവിശിയ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.ബാരിക്കേട് ലംഘിക്കാനുള്ള ശ്രമം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായതിനെ തുടര്‍ന്നാണ് പൊലീസ് ജല പീരങ്കി പ്രയോഗിച്ചത്. നാല് തവണയാണ് ജല പീരങ്കി പ്രയോഗിച്ചത്.കണ്ണീര്‍ വാതകത്തെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് മുദ്രാവാക്യം വിളിക്കുകയും പൊലീസ് നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്തു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം നിയമന വിവാദത്തില്‍ ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട്,തൃശൂര്‍ പി.എസ്.സി ഓഫീസുകളിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോഴിക്കോട് പി.എസ്.സി ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. ഒരു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ ഓഫീസിനുള്ളില്‍ കുടുങ്ങി കിടന്നു. തൃശൂര്‍ പി.എസ്.സി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചു. രണ്ടിടത്തും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കൊടുങ്ങല്ലൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കുന്നു
തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്കുന്നു.ശമ്പള പരിഷ്ക്കരണത്തിന്‍റെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. കെ.എസ്.ആര്‍.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക്. ടി.ഡി.എഫ്, ബി.എം.എഫ് എന്നീ യൂണിയനുകളാണ് നാളെ സൂചന പണിമുടക്ക് നടത്തുക.
രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി:രണ്ടില ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരെയാണ് പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പിജെ ജോസഫിന്‍റെ ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. ഈ അപ്പീലാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണ് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി അംഗീകരിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സിംഗിള്‍ ബെഞ്ച് ജോസ് കെ. മാണിക്ക് അനുകൂലമായി ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഇപ്പോള്‍ ജോസ് കെ. മാണിക്ക് അനുകൂലമായ ഡിവിഷന്‍ ബെഞ്ച് വിധിയും ഉണ്ടായിരിക്കുന്നത്.ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നേരത്തേ അംഗീകരിച്ചിരുന്നില്ല. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എല്‍ഡിഎഫില്‍ എത്തിയ ജോസ് കെ മാണി വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്. ഈ നിലപാട് തന്നെയാണ് ഹൈക്കോടതിയും ഇപ്പോള്‍ സ്വീകരിച്ചത്.സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് പി.ജെ ജോസഫ് അപ്പീല്‍ നല്‍കിയിരുന്നത്.
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തലശേരിയില്‍ തിരി തെളിയും
കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അക്കാഡമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്. കെയുടെ തലശേരി പതിപ്പിന് നാളെ തിരിതെളിയും. തലശേരി ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകിട്ട് ആറിന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അക്കാഡമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 27 വരെയാണ് മേള. കഥാകൃത്ത് ടി. പത്മനാഭന്‍ മുഖ്യാതിഥിയാകും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.എന്‍. ഷംസീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. നോവലിസ്റ്റ് എം. മുകുന്ദന്‍, ചലച്ചിത്ര സംവിധായകരായ ടി.വി. ചന്ദ്രന്‍, കെ.പി. കുമാരന്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ആശംസ നേരും.ആറ് തിയേറ്ററുകളില്‍ അഞ്ചു ദിവസങ്ങളിലായി 80 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രമായ ക്വാ വാഡിസ് ഐഡ പ്രദര്‍ശിപ്പിക്കും.മത്സര വിഭാഗത്തില്‍ ആദ്യം ബഹ്‌മെന്‍ തവോസി സംവിധാനം ചെയ്ത ‘ദി നെയിംസ് ഒഫ് ദി ഫ്ലവേഴ്‌സാ”ണ് പ്രദര്‍ശിപ്പിക്കുക. ആഫ്രിക്കന്‍ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ‘ദിസ് ഈസ് നോട്ട് എ ബറിയല്‍”, ഇറ്റ്‌സ് എ റെസ്രക്ഷന്‍, റഷ്യന്‍ ചിത്രമായ ഇന്‍ ബിറ്റ്‌വീന്‍ ഡൈയിംഗ്, ഇറാനിയന്‍ ചിത്രം മുഹമ്മദ് റസോള്‍ഫിന്റെ ദെയ്ര്‍ ഈസ് നോ ഈവിള്‍ എന്നീ മത്സരചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്.ലോക സിനിമാ വിഭാഗത്തില്‍ യെല്ലോ ക്യാറ്റ്, സമ്മര്‍ ഒഫ് 85 എന്നിവയും പ്രദര്‍ശിപ്പിക്കും. ഫിലിപ്പ് ലാക്കേറ്റ് സംവിധാനം ചെയ്ത നൈറ്റ് ഒഫ് ദി കിംഗ്സ്, ഷൂജന്‍ വീയുടെ സ്‌ട്രൈഡിങ് ഇന്റു ദി വിന്‍ഡ്, നീഡില്‍ പാര്‍ക്ക് ബേബി, ഫെബ്രുവരി, മാളു, ഇസ്രയേല്‍ ചിത്രം ലൈല ഇന്‍ ഹൈഫ എന്നിവയും പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും. വാര്‍ത്താസമ്മേളത്തില്‍ വി.കെ. ജോസഫ്, പ്രദീപ് ചൊക്ളി എന്നിവരും സംബന്ധിച്ചു.