കോഴിക്കോട്: നാദാപുരത്തിനടുത്ത ചെക്യാട് കായലോട്ട് വീട്ടിനുള്ളില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ട നാലംഗ കുടുംബത്തിലെ അച്ഛന് പിന്നാലെ മകനും മരിച്ചു. ഭാര്യയും മറ്റൊരു മകനും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഇന്നലെ പുലര്‍ച്ചെയോടെയാണ് ചെക്യാട് കായലോട്ട് രാജു (48), ഭാര്യ റീന (40), മക്കളായ സ്റ്റാലിഷ് (17), സ്റ്റഫിന്‍ (14) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ ഉച്ചയോടെ രാജു മരിച്ചിരുന്നു. ഇന്ന് രാവിലെ മൂത്ത മകനും മരിച്ചു. മറ്റുള്ളവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വീട്ടിലെ ബെഡ്റൂമിലാണ് നാലുപേരെയും തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കൂട്ടനിലിവിളി കേട്ട് എത്തിയ അയല്‍വാസികള്‍, തീയാളുന്ന നിലയിലാണ് വീട്ടുകാരെ കണ്ടത്. പാനൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇരിട്ടി പാലത്തിന് സമാന്തരമായി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു
ഇരിട്ടി: 1933ല്‍ ബ്രിട്ടീഷുകാര്‍ നിർമിച്ച 88 വര്‍ഷത്തെ പഴക്കമുള്ള ഇരിട്ടി പാലത്തിന് സമാന്തരമായി പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. തലശ്ശേരി -വളവുപാറ റോഡ് പ്രവൃത്തിയോടനുബന്ധിച്ചു ആറു പാലങ്ങളാണ് പുതുതായി നിര്‍മിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇരിട്ടി പാലം പ്രവൃത്തി മൂന്നുവര്‍ഷം മുൻപാണ് ആരംഭിച്ചത്. ഈ കാലയളവില്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.നിലവിലുള്ള പാലത്തിന് സമാന്തരമായാണ് 144 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി മൂന്നു സ്പാനുകളില്‍ പുതിയ പാലം നിര്‍മിച്ചത്. പാലം നിര്‍മാണത്തിനിടെ പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ കുത്തൊഴുക്കില്‍ ടെസ്റ്റിങ് പൈല്‍ ഒഴുകിപ്പോയിരുന്നു. ഇത് വലിയ ആശങ്കയും വിവാദവും സൃഷ്ടിച്ചു. തുടര്‍ന്നുവന്ന കാലവര്‍ഷവും നിര്‍മാണ പ്രവൃത്തിയെ തടസ്സപ്പെടുത്തി. ഇതേത്തുടര്‍ന്ന് രാജ്യത്തെ നാല് പ്രമുഖ പാലം നിര്‍മാണ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിക്കുകയും പൈലുകളുടെ എണ്ണവും ആഴവും വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് പണി ആരംഭിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ പാലം പ്രവൃത്തി വീണ്ടും നീണ്ടുപോകാന്‍ ഇടയാക്കി. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പ്രവൃത്തി ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.നിലവിലുള്ള പാലത്തിലൂടെ രണ്ട് വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഒരേസമയം പോവുന്നത്. പാലത്തിലൂടെയുള്ള കാല്‍നട പോലും ദുസ്സഹമായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകുമ്പോൾ പാലത്തില്‍ കുരുങ്ങിയുള്ള ഗതാഗതക്കുരുക്കും പതിവാണ്. ടാറിങ് പണി പൂര്‍ത്തിയാക്കി പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വര്‍ഷങ്ങളായി ഇരിട്ടി ടൗണ്‍ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും.
കോവിഡ് വ്യാപനം;കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ
തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തി നാല് സംസ്ഥാനങ്ങൾ.കർണാടക, ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണകന്നഡ അധികൃതര്‍ അറിയിച്ചു. ഒരിക്കല്‍മാത്രം യാത്രചെയ്യുന്നവര്‍ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോര്‍ട്ടാണ് ഹാജരാക്കേണ്ടത്. നിത്യേന യാത്രചെയ്യുന്നവര്‍ 15 ദിവസത്തിലൊരിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ടും മംഗളൂരുവിലെ എവിടേക്കാണ് പോകുന്നതെന്നു തെളിയിക്കുന്ന രേഖയും കൈയില്‍ കരുതണം. ആംബുലന്‍സില്‍ രോഗികളുമായി വരുന്നവര്‍ ആശുപത്രിയിലെത്തിയാല്‍ ഉടന്‍ രോഗിയെയും കൂടെ വന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍,ദില്ലി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് വേണം. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കിലേ കര്‍ണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഒഡിഷയില്‍ പുറത്തുനിന്നെത്തുന്ന 55 വയസ്സിന് മുകളിലുള്ള എല്ലാവരും എത്തിയാലുടന്‍ കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.80 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4119 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 454, പത്തനംതിട്ട 392, കൊല്ലം 407, കോട്ടയം 353, തൃശൂര്‍ 376, കോഴിക്കോട് 345, മലപ്പുറം 333, ആലപ്പുഴ 270, തിരുവനന്തപുരം 190, കണ്ണൂര്‍ 153, പാലക്കാട് 82, കാസര്‍ഗോഡ് 128, വയനാട് 126, ഇടുക്കി 65 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4823 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 367, കൊല്ലം 342, പത്തനംതിട്ട 581, ആലപ്പുഴ 381, കോട്ടയം 377, ഇടുക്കി 327, എറണാകുളം 746, തൃശൂര്‍ 351, പാലക്കാട് 124, മലപ്പുറം 272, കോഴിക്കോട് 521, വയനാട് 168, കണ്ണൂര്‍ 190, കാസര്‍ഗോഡ് 76 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കമിതാക്കള്‍ മരിച്ചു
കണ്ണൂർ:പയ്യന്നൂരില്‍ വാടക കെട്ടിടത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കമിതാക്കള്‍ മരിച്ചു.ചിറ്റാരിക്കല്‍ എളേരിയാട്ടിലെ ശിവപ്രസാദ് ( 28 ), ഏഴിലോട് പുറച്ചേരിയിലെ ആര്യ ( 21) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 19-നാണ് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ വാടക കെട്ടിടത്തില്‍ ഇരുവരെയും പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്.19-ാം തീയതി പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് കാറിലെത്തി വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.തുടര്‍ന്ന് ഇരുവരും തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ രണ്ടു പേരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരിച്ചു.പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാര്‍ എതിര്‍പ്പറിയിച്ചതോടെയാണ് ആത്മഹത്യക്ക് മുതിര്‍ന്നത്. ആര്യയുടെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു സംഭവം.
മാദ്ധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം;എൻ പ്രശാന്ത് ഐ എ എസ് നെതിരെ നടപടിയെടുക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും അശ്ലീലചുവയോടെ പ്രതികരിക്കുകയും ചെയ്ത ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രശാന്തിനെതിരെ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.ആഴക്കടല്‍ മത്സ്യ ബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം തേടിയ ലേഖികയ്ക്ക് അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ തരംതാഴ്ന്ന മറുപടി നല്‍കുകയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്ത പ്രശാന്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. താല്‍പര്യമില്ലെങ്കില്‍ പ്രതികരിക്കാതിരാക്കാം. എന്നാല്‍, അശ്ലീല ചുവയുള്ള ചിത്രങ്ങള്‍ നല്‍കി അപമാനിക്കാന്‍ ശ്രമിച്ചത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല. പ്രശാന്തിന്റെ ഭാര്യ ലക്ഷ്മി പ്രശാന്തും മാദ്ധ്യമ പ്രവര്‍ത്തകരെ ഒന്നാകെ അപമാനിക്കുന്ന പ്രതികരണമാണ് നടത്തിയിരിക്കുന്നത്.വിവാദ സംഭവങ്ങളില്‍ ആ വിഷയവുമായി ബന്ധപ്പെട്ട അധികൃതരില്‍നിന്നു പ്രതികരണം തേടുന്നത് കേരളത്തില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതിയാണ്.ഫോണില്‍ വിളിച്ചു കിട്ടാതിരുന്നപ്പോള്‍ ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാരാഞ്ഞ് അയച്ച വളരെ മാന്യമായ സന്ദേശത്തിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശ്ലീലച്ചുവയുള്ള ഇമോജികളിലൂടെ പ്രതികരിച്ചത്. ഇത് വനിതകള്‍ക്കെതിരെ എന്നല്ല, മുഴുവന്‍ മാധ്യമസമൂഹത്തോടും പൗരസമൂഹത്തോടുമുള്ള വെല്ലുവിളിയും അധിക്ഷേപവുമാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്ക്കും നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.അതേസമയം ചാറ്റ് വിവാദമായതോടെ പ്രശാന്തിന്റെ രക്ഷയ്ക്കായി ഭാര്യ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. മാധ്യമ പ്രവര്‍ത്തകയോട് സംസാരിച്ചത് താനാണെന്നും പ്രശാന്തിനെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം ആയിരുന്നുവെന്നാണ് ഭാര്യ മറുപടി നല്‍കിയിരിക്കുന്നത്.
ടൂൾകിറ്റ് കേസ്;അറസ്റ്റിലായ ദിഷ രവിക്ക് ജാമ്യം
ന്യൂഡൽഹി :ടൂൾകിറ്റ് കേസിൽ സാമൂഹ്യ പ്രവർത്തക ദിഷ രവിക്ക് ജാമ്യം. ഒരു ലക്ഷം രൂപ വീതം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് ദിഷക്ക് ജാമ്യം ലഭിച്ചത്. ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ദിഷ പുറത്തിറങ്ങുന്നത്.കഴിഞ്ഞ 13നാണ് ദിഷ അറസ്റ്റിലായത്.കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നാണ് ദല്‍ഹി പോലീസ് കോടതിയില്‍ അറിയിച്ചത്.റിപബ്ലിക് ദിനത്തിലെ അക്രമത്തിലേക്ക് നയിച്ചതില്‍ ടൂള്‍കിറ്റ് പങ്കുവഹിച്ചിട്ടുണ്ട് എന്നതില്‍ തെളിവുകളുണ്ടോ എന്നാണ് കോടതി ഡല്‍ഹി പൊലീസിനോട് ചോദിച്ചത്. മറുപടി ഹാജരാക്കാന്‍ ഡല്‍ഹി പൊലീസിന് കഴിഞ്ഞിരുന്നില്ല.നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിഷക്ക് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. അതേസമയം നിഖിത ജേക്കബിനെയും ഷന്തനും മുളുക്കിനെയും കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചൊവ്വാഴ്ചയും ചോദ്യം ചെയ്തു.കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയാണ് ഈ ടൂള്‍കിറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നിലെന്നാണ് ഡല്‍ഹി പൊലീസിന്‍റെ പ്രാഥമിക നിഗമനം. എങ്ങനെ സമരം ചെയ്യണമെന്നത് വിശദീകരിച്ചുകൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലിങ്കിനെ ടൂള്‍കിറ്റ് എന്ന് വിശേഷിപ്പിച്ച് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ്;സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കം
തിരുവനന്തപുരം:സംസ്ഥാനത്ത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വാക്‌സിനേഷന് തുടക്കമായി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആദ്യ വാക്‌സിന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും.സി ഇ ഒ ഓഫീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇന്ന് വാക്‌സിന്‍ നല്‍കുമെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ദ്രുതഗതയില്‍ പുരോഗമിക്കുന്നുവെന്നും ടികാറാം മീണ പറഞ്ഞു.15730 അധിക പോളിംഗ് ബൂത്തുകളാണ് വേണ്ടത്. ഇത് സജ്ജമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രശ്‌നബാധിത പോളിംഗ് ബൂത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടിയും ആരംഭിച്ചതായും 150 കമ്പനി കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പക്ഷപാതപരമായ പ്രവര്‍ത്തനമുണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകും. കള്ള വോട്ടിന് ശ്രമിക്കുന്നവര്‍ക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേസുകള്‍ ഉണ്ടെങ്കില്‍ അവര്‍ അതിന്റെ വിശദാംശങ്ങള്‍ 3 തവണ പരസ്യപ്പെടുത്തണമെന്നും എന്ത് കൊണ്ട് ഇതിലും നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിക്കൂടെ എന്ന ചോദ്യവും ഇത്തവണ പാര്‍ട്ടികളോട് ചോദിക്കുമെന്നും ടികാറാം മീണ പറഞ്ഞു.
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു
ന്യൂഡൽഹി:കാർഷിക ബില്ലിനെതിരെ ഡല്‍ഹി അതിര്‍ത്തികളിൽ നടത്തുന്ന കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു.പ്രക്ഷോഭത്തിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ വ്യാപകമായി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുകയാണ്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് രാജസ്ഥാനിലെ രണ്ട് കര്‍ഷക മഹാ കൂട്ടായ്മകളെ ഇന്ന് അഭിസംബോധന ചെയ്യും. ആള്‍ക്കൂട്ടമുണ്ടാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശം കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.വിളവെടുപ്പ് സമയമായതിനാല്‍ സമരത്തില്‍ കര്‍ഷകരുടെ പങ്കാളിത്തത്തിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കര്‍ഷകന്‍ ഗ്രാമത്തിലേക്ക് പോകുമ്പോൾ പകരം കര്‍ഷകര്‍ ആ ഗ്രാമത്തില്‍ നിന്ന് സമരഭൂമിയിലെത്തും. വിളകള്‍ നശിപ്പിക്കരുതെന്നും, ആത്മഹത്യക്ക് തുനിയരുതെന്നും കര്‍ഷക നേതാക്കള്‍ തുടര്‍ച്ചയായി അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. എത്ര സമയമെടുത്താലും ശരി, കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ഈ മാസം 28ന് സിംഗുവില്‍ യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും.
കോവിഡ് വാക്‌സിൻ എടുത്ത ശേഷം വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ കുടുംബം പോലീസിൽ പരാതി നൽകി
കോഴിക്കോട്: കോവിഡ് വാക്‌സിൻ എടുത്തതിനു ശേഷം ബിഡിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം.പരിയാരം മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.പരിയാരം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായ കോഴിക്കോട് മാത്തോട്ടം അരക്കിണര്‍ കൃഷ്ണമോഹനത്തില്‍ മോഹനന്റെ മകള്‍ മിത മോഹന്‍ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.വാക്‌സിൻ എടുത്തതിനു ശേഷം തലവേദനയും ഛര്‍ദിയും തുടങ്ങി. കൂടെ വാക്സീന്‍ എടുത്ത പലര്‍ക്കും സമാന ലക്ഷണങ്ങളുണ്ടായിരുന്നു. രോഗം മാറാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ മിതയെ ഐസലേഷനിലേക്കു മാറ്റി. വാക്സീന്‍ എടുത്ത ശേഷമുള്ള പ്രത്യാഘാതങ്ങളെ മെഡിക്കല്‍ കോളജ് അധികൃതര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നെന്നും ഇതാണു മരണത്തിലേക്കു നയിച്ചതെന്നും കുടുംബം പറയുന്നു.ആശുപത്രിയുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചത്. കോളജിലെ വിദ്യാര്‍ഥിനിയായതിനാല്‍ പ്രത്യേക പരിചരണം നല്‍കിയിരുന്നതായും അധികൃതര്‍ പറയുന്നു.