തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ കുട്ടികളെ കൊണ്ടുവന്നാല്‍ 2000 രൂപ പിഴ ചുമത്താന്‍ തീരുമാനമായി. ഷോപ്പിംഗ് മാളുകളും ബീച്ചുകളും ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ഇനിമുതല്‍ കുട്ടികളെ കൊണ്ട് വന്നാല്‍ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.ഇതിനായി പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ആശുപത്രി ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് എത്തുന്നതെങ്കില്‍ തടസങ്ങളുണ്ടാവില്ല. പോലീസിന് പുറമേ ആരോഗ്യവകുപ്പ് അധികൃതരും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ രാജ്യം മുഴുവനും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് അശ്വിനി കുമാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ കെ. സോമപ്രസാദിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കുമെന്നും, ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.വാക്സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് ലഭിക്കുക എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ദേശീയ പണിമുടക്കില്‍ ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ദേശീയ പണിമുടക്കില്‍ ജോലിക്കെത്താത്തവര്‍ക്ക് ശമ്പളം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.ആലപ്പുഴ കളര്‍കോട് സ്വദേശിയും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 2019 ജനുവരി 8,9 ദിവസങ്ങളിലായിരുന്നു കേന്ദ്രനയങ്ങള്‍ക്കെതിരെ പണിമുടക്ക് നടന്നത്.സമരദിനങ്ങള്‍ ശമ്പള അവധിയാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തില്‍ പങ്കെടുത്ത ജീവനക്കര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് രണ്ടു മാസത്തിനകം നടപ്പാക്കണം. സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ഹാജര്‍ രജിസ്റ്റര്‍ പരിശോധിച്ച് നടപടിയെടുക്കാനും ശമ്പളം നല്‍കിയിട്ടുണ്ടങ്കില്‍ തിരിച്ചുപിടിക്കാനും കോടതി നിര്‍ദ്ദേശിച്ചു. സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണം. ഹര്‍ജി രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കും.
കൊറോണ വ്യാപനം രൂക്ഷം;കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യേക കേന്ദ്ര സംഘം വീണ്ടും കേരളത്തിലെത്തുന്നു.ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും ഇവരെ അയക്കും.കേരളത്തിലെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹി ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജിലേയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസിലെ വിദഗ്ധരും അടങ്ങുന്നതാണ് സംഘം.രാജ്യത്തെ കൊറോണ പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ആകെ കേസുകളില്‍ മൂന്നാമതും നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ് കേരളം. തൊട്ടുപിന്നാലെ മഹാരാഷ്ട്രയുമുണ്ട്. കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ഇപ്പോള്‍ കാണിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള ജില്ലയില്‍ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും തുടര്‍ച്ചയായ ദിവസങ്ങളില്‍ എറണാകുളം ഒന്നാം സ്ഥാനത്താണ്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കൊറോണ ചികിത്സയിലുള്ള രോഗികളില്‍ 70 ശതമാനവുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മലപ്പുറം വളാഞ്ചേരിയില്‍ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവറും സഹായിയും മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഇരുമ്പ് കമ്പി കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവറും ക്ളീനറും മരിച്ചു.ലോറി ഡ്രൈവര്‍ തമിഴ്‌നാട് മധുകര സ്വദേശി ശബരി എന്ന മുത്തു കുമാര്‍, ക്ലീനര്‍ മലമ്പുഴ സ്വദേശി അയ്യപ്പന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയുടെയും ഇരുമ്പ് കമ്പികളുടെയും അടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഇരുവരും.ബംഗലൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ഇരുമ്പ് കമ്പി കയറ്റിവന്ന ലോറിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പെട്ടത്. അപകട മേഖലയായ ഇവിടെ കഴിഞ്ഞയാഴ്ചയും ചരക്കുലോറി അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു.
ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിർബന്ധിത രേഖയാക്കി കേന്ദ്രസർക്കാർ
തിരുവനന്തപുരം:ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നു. കേന്ദ്രസര്‍ക്കാരാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധിത രേഖയാക്കി നിയമം ഭേദഗതി ചെയ്തത്. ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും തടയുന്നതിനാണിത്. ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി.സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് മോട്ടോര്‍ വാഹനവകുപ്പിലും ആധാര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ചത്. ലേണേഴ്സ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുമാണ് ആദ്യഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കുക. ഇതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിര്‍പ്പില്ലാരേഖ എന്നിവയ്ക്കും ആധാര്‍ വേണ്ടിവരും.ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പുകളാണ് ഇപ്പോള്‍ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറങ്ങിയേക്കും.
കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കും;ശനിയാഴ്ച രാജ്യവ്യാപകമായി വഴിതടയൽ സമരം നടത്താനൊരുങ്ങി കർഷക സംഘടനകൾ
ന്യൂഡൽഹി:കാർഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഫെബ്രുവരി ആറ് ശനിയാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെ റോഡുകള്‍ തടയുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍(ആര്‍) പ്രതിനിധി ബല്‍ബീര്‍ സിങ് രജേവാല്‍ അറിയിച്ചു.കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു.ഉപാധികൾ അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് എന്നിവ പുനഃസ്ഥാപിക്കണമെന്നും ട്രാക്ടര്‍ പരേഡുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുകയും സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. വരുമാനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴില്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമര്‍ശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍കോട് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3136 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 247 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി. മലപ്പുറം 504, കോഴിക്കോട് 412, എറണാകുളം 410, കോട്ടയം 279, തിരുവനന്തപുരം 202, തൃശൂര്‍ 255, ആലപ്പുഴ 248, കൊല്ലം 247, പത്തനംതിട്ട 158, കണ്ണൂര്‍ 134, പാലക്കാട് 64, ഇടുക്കി 109, വയനാട് 82, കാസര്‍കോട് 32 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, കോഴിക്കോട് 5, തൃശൂര്‍ 4, തിരുവനന്തപുരം 3, കൊല്ലം, വയനാട് 2 വീതം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 255, കൊല്ലം 332, പത്തനംതിട്ട 266, ആലപ്പുഴ 493, കോട്ടയം 681, ഇടുക്കി 193, എറണാകുളം 908, തൃശൂര്‍ 523, പാലക്കാട് 273, മലപ്പുറം 517, കോഴിക്കോട് 390, വയനാട് 126, കണ്ണൂര്‍ 181, കാസര്‍കോട് 77 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗ കാലാവധി ഇനി 20 വര്‍ഷം; വാണിജ്യ വാഹനങ്ങളുടേത് 15 വര്‍ഷവും;വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസി പ്രഖ്യാപിച്ചു
ന്യൂഡൽഹി:കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ച പൊതു ബജറ്റിൽ വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് പോളിസിയും. സ്വകാര്യവാഹനങ്ങളുടെ ഉപയോഗ കാലാവധി 20 വര്‍ഷത്തേക്കും, വാണിജ്യവാഹനങ്ങളുടെത് 15 വര്‍ഷത്തേക്കും നിജപ്പെടുത്തുന്നതാണ് വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി. തുടർന്ന് ഇത്തരം വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് സെന്‍ററുകളിൽ പരിശോധനക്ക് വിധേയമാക്കി പൊളിശാലകൾക്ക് കൈമാറും.പുതിയ നയം നടപ്പാക്കിയാൽ വായുമലിനീകരണവും പരിസ്ഥിതി ആഘാതവും കുറക്കാൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മലിനീകരണവും എണ്ണ ഇറക്കുമതിയും കുറക്കാൻ സഹായിക്കും.ഒരുവാഹനം മൂന്നില്‍ കൂടുതല്‍ തവണ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെടുകയാണെങ്കില്‍ അത് നിര്‍ബന്ധമായും സ്‌ക്രാപ്പിംഗിന് വിധേയമാക്കണം എന്നാണ് പോളിസിയില്‍ പറയുന്നത്. 2022 ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയമായിരുന്നെങ്കിലും, വരുമാനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയില്‍ നീട്ടികൊണ്ടുപോവുകയായിരുന്നു. രാജ്യത്തെ വാഹനമലിനീകരണത്തിന്റെ 65 ശതമാനവും വാണിജ്യവാഹനങ്ങളില്‍ നിന്നുണ്ടാകുന്നതാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.ഇന്ത്യന്‍ നഗരങ്ങളിലെ പൊതുഗതാഗതം മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 18,000 കോടി ചെലവഴിക്കും; 20,000 ബസുകള്‍ വാങ്ങിക്കും. കോവിഡ് മൂലം തകര്‍ച്ചയിലായ ബസ് വ്യവസായത്തിന് ഊര്‍ജ്ജമാകും. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരവും കൈവരും. അതേസമയം വെഹിക്കിള്‍ സ്‌ക്രാപ്പേജ് നയം ഇന്ധന ക്ഷമമായ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്നാണ് ധനമന്ത്രി പറഞ്ഞത്.സ്‌ക്രാപ് പോളിസിയിലൂടെ പുനരുപയോഗം ചെയ്യാന്‍ സാധിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുമെന്നും കണക്കാക്കുന്നുണ്ട്. ഇതിലൂടെ വാഹനങ്ങളുടെ വില 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്റ്റീലിനുള്ള എക്സൈസ് തീരുവയും 2021 ബജറ്റില്‍ കുറച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണിന് വില കൂടും; സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും;പെട്രോളിനും ഡീസലിനും പുതിയ സെസ് ബാധകമെങ്കിലും വിലവര്‍ധനവ് ഉണ്ടാകില്ലെന്നും ധനമന്ത്രി
ന്യൂഡല്‍ഹി:പെട്രോളിനും ഡീസലിനും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസ് (എഐഡിസി) ഈടാക്കാന്‍ ബജറ്റില്‍ നിര്‍ദ്ദേശം.എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ ഈ സെസിന്റെ പേരില്‍ ഇന്ധന വില കൂടില്ല.ലീറ്ററിന് രണ്ടര രൂപയും ഡീസല്‍ ലീറ്ററിന് നാലു രൂപയുമാണ് എഐഡിസിയായി ഈടാക്കുക.ചില ഉല്‍പന്നങ്ങള്‍ക്ക് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്‍സ് സെസിന് ഈടാക്കാൻ നിര്ദേശമുണ്ടെങ്കിലും ഇവ ഏർപ്പെടുത്തുമ്പോൾ ഉപഭോക്താവിന് അധിക ബാധ്യത വരാതിരിക്കാനും ശ്രദ്ധപുലര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.അതേസമയം, സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു. സ്വര്‍ണത്തിനും വെള്ളിക്കും നിലവില്‍ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ജൂലൈയില്‍ കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ ഇവയുടെ വില കുത്തനെ ഉയര്‍ന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുൻപത്തെ നിലയിലാക്കാന്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.മൊബൈല്‍ ഫോണ്‍ വിലയിലും വര്‍ധനവുണ്ടാകും. കേന്ദ്രബജറ്റില്‍ വിദേശനിര്‍മ്മിത മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്ള ഇറക്കുമതി ഇളവില്‍ മാറ്റം വരുത്തിയതോടെയാണ് വില കൂടാനുള്ള സാഹചര്യം ഉടലെടുത്തത്.മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല.നികുതി ഇല്ലാതിരുന്ന ഘടകങ്ങള്‍ക്ക് 2.5 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിക്കുന്നത്. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബജറ്റില്‍ പറയുന്നു.ലെതര്‍, അമൂല്യ കല്ലുകള്‍, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകള്‍ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിന്റെ ഫലമായി ഇവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില കൂടും. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല.
വില കൂടുന്നവ:
- ലെതര്‍ ഉത്പന്നങ്ങള്‍
- ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍
- ഇലക്‌ട്രോണിക് ഉപകരണങ്ങള്‍
- മൊബൈല്‍ ഫോണുകള്‍
- അമൂല്യ കല്ലുകള്‍, രത്നങ്ങള്‍
- സോളാര്‍ സെല്ല്
വില കുറയുന്നവ:
- സ്വര്‍ണം , വെള്ളി
- വൈദ്യുതി
- ചെരുപ്പ്
- ഇരുമ്പ്
- സ്റ്റീല്‍
- ചെമ്പ്
- നൈലോണ്‍ തുണി