കണ്ണൂർ:പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി സംരക്ഷിത സ്മാരകം.വിദ്യാലയത്തിന്റെ ചരിത്ര പ്രാധാന്യവും പരമ്പരാഗത വാസ്തു ശില്‍പ രീതിയിലുള്ള നിര്‍മ്മിതിയും കണക്കിലെടുത്ത് സംരക്ഷിത സ്മാരകമാക്കി മാറ്റുവാനുള്ള പ്രവൃത്തികള്‍ പുരാവസ്തു വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടത്തിന്റെ സമര്‍പ്പണം ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.വാസ്തു ശില്‍പപരമായി ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് സ്‌കൂള്‍ കെട്ടിടം. തദ്ദേശീയവും കൊളോണിയലുമായ വാസ്തു ശൈലികള്‍ സമന്വയിപ്പിച്ചുള്ള ബ്രിട്ടീഷ് നിര്‍മ്മിതി ആരെയും ആകര്‍ഷിക്കും. ഉയരമുള്ള മേല്‍ക്കൂര, വ്യാസമേറിയതും ഉരുണ്ടതുമായ തൂണുകള്‍ ആര്‍ച്ചുകള്‍, വലിയ ജാലകങ്ങള്‍, വാതിലുകള്‍, നീളമുള്ള ഇടനാഴികള്‍, തറയോട് പാകിയ നിലം എന്നിവയും കെട്ടിടത്തിന്റെ പ്രത്യേകതയാണ്.പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ 1844ല്‍ കൊറ്റിയത്ത് തറവാടിന്റെ ചായ്പില്‍ ആരംഭിച്ച ബാലികാ പാഠശാലയാണ് പിന്നീട് പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷണല്‍ സ്‌കൂളായി മാറിയത്. പിന്നീട് 1884ല്‍ ബ്രിട്ടീഷുകാര്‍ ബാലികാ പാഠശാലയേറ്റെടുത്ത് ലോവര്‍ പ്രൈമറി സ്‌കൂള്‍ ആക്കി. പിന്നീടിത് ലോവര്‍ സെക്കണ്ടറി സ്‌കൂളായി. 1916 മുതലാണ് ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ജീര്‍ണാവസ്ഥയിലായിരുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ തനിമയും സൗന്ദര്യവും നഷ്ടപ്പെടാതെയാണ് പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവൃത്തികള്‍ നടത്തിയത്. 47 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവായത്. ഏറെ പ്രത്യേകയയുള്ളതാണ് വിദ്യാലയത്തിന്റെ മുഖമണ്ഡപം. ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ പരമ്പരാഗത നിര്‍മ്മാണ ശൈലിയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന നിര്‍മ്മിതിയാണ് ഇതിനുള്ളത്. പൈതൃക ശേഷിപ്പ് എന്ന നിലയിലാണ് ഈ കെട്ടിടം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിച്ചത്. നാശത്തിന്റെ വക്കിലെത്തിയിരുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ അതിന്റെ തനിമ നിലനിര്‍ത്തികൊണ്ട് പുരാവസ്തു വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്നത്.
ഇരിട്ടി കരിക്കോട്ടക്കരിയില്‍ വയോധികയെ വീടിനുള്ളില്‍ രക്തംവാർന്ന് മരിച്ച നിലയില്‍ കണ്ടെത്തി
ഇരിട്ടി:കരിക്കോട്ടക്കരിയില്‍ വയോധികയെ വീടിനുള്ളില്‍ രക്തംവാർന്ന് മരിച്ച നിലയില്‍ കണ്ടെത്തി.പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടിയെയാണ് (82) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30ഓടെയാണ് മറിയക്കുട്ടി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മറിയക്കുട്ടിയോടൊപ്പം താമസിച്ചിരുന്ന മകന്‍ മാത്യു റബര്‍ ടാപ്പിങ്ങിന് പോയ സമയത്തായിരുന്നു സംഭവം.വീടിനകത്ത് ഉമ്മറപ്പടിക്ക് സമീപം വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും തലയിലും പരിക്കുകളുള്ളതായും ഒരു കൈയില്‍ ഒടിവുള്ളതായും സംശയിക്കുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധ സംഘം എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.കരിക്കോട്ടക്കരി സി.ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിെന്‍റ അടിസ്ഥാനത്തില്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ട്രോൾ വീഡിയോയ്ക്ക് വേണ്ടി മനപ്പൂർവ്വം ആക്സിഡന്റ് സൃഷ്ട്ടിച്ചു;യുവാക്കള്‍ പിടിയില്‍
ഹരിപ്പാട്:ട്രോൾ വീഡിയോയ്ക്ക് വേണ്ടി മനപ്പൂർവ്വം ആക്സിഡന്റ് സൃഷ്ട്ടിച്ച സംഭവത്തിൽ യുവാക്കള്‍ പിടിയില്‍.യുവാവും വയോധികനും സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ആഡംബര ബൈക്ക് ഇടിപ്പിക്കുകയായിരുന്നു.ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ തമാശ സീനിലുള്ള ഡയലോഗുകള്‍ ഉള്‍പ്പടെ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോ വൈറലായിരുന്നു. ഇത് ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്ത പൊലീസ്, പൊതുജനങ്ങള്‍ക്ക് അപകട രഹിത വാഹനമോടിക്കല്‍ സംബന്ധിച്ച് ഉപദേശം നല്‍കിയതോടെയാണ് യഥാര്‍ത്ഥ കഥ പുറത്തുവരുന്നത്. നങ്ങ്യാര്‍കുളങ്ങര സ്വദേശികളായ യുവാക്കളെയാണ് ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. തൃക്കുന്നപ്പുഴ തോട്ടുകടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം. വയോധികന്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ അമിത വേഗത്തില്‍ വന്ന ആഡംബര ബൈക്ക് ഇടി ക്കുകയും ഇടിയേറ്റ ബൈക്ക് മുന്നോട്ടു നീങ്ങുന്നതുമായിരുന്നു വീഡിയോയില്‍. വയോധികന്റെ കൈയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. ബൈക്ക് ഓടിച്ച യുവാവ് ക്ഷമ പറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കരുതി പരാതിപ്പെടാതെ ഇദ്ദേഹവും ഒപ്പമുണ്ടായിരുന്നയാളും കടന്നുപോയി.ഇതിനു ശേഷമാണ് വീഡിയോയില്‍ സിനിമയിലെ തമാശ ഡയലോഗുകള്‍ ചേര്‍ന്ന് പ്രചരിപ്പിച്ചത്. വീഡിയോ കണ്ട ചിലരാണ് ഇത് മനപൂര്‍വ്വം ട്രോള്‍ ഉണ്ടാക്കാനായി സൃഷ്ടിച്ച അപടകമാണെന്ന് പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അറിയിച്ചത്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.എസ്. സജിത്ത്, എ.എം.വി.ഐമാരായ കെ.ശ്രീകുമാര്‍, വി.വിനീത്, മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന നമ്ബര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നങ്ങ്യാര്‍കുളങ്ങര സ്വദേശികളായ ആറ് യുവാക്കളെ കണ്ടെത്തിയത്. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
സംസ്ഥാനത്ത് കോവിഡ് പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു.കഴിഞ്ഞ ദിവസം 84,000 സാമ്പിളുകളാണ് പരിശോധിച്ചത്. 19 ദിവസത്തിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് താഴയെത്തി. ഇതാദ്യമായാണ് പരിശോധന എണ്‍പതിനായിരത്തിന് മുകളിലേക്ക് എത്തുന്നത്. പരിശോധന ഒരു ലക്ഷമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.വരും ദിവസങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്നതും ആശ്വാസകരമായി.7.26 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6102 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.രോഗബാധ രൂക്ഷമായ എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് രോഗവ്യാപനം കുറയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ഇന്ന് 6102 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;6341 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6102 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 449 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 773, കോഴിക്കോട് 648, കൊല്ലം 635, പത്തനംതിട്ട 517, ആലപ്പുഴ 547, മലപ്പുറം 472, തൃശൂര്‍ 467, കോട്ടയം 396, തിരുവനന്തപുരം 287, കണ്ണൂര്‍ 222, ഇടുക്കി 250, പാലക്കാട് 113, വയനാട് 101, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, ഇടുക്കി 7, പാലക്കാട് 6, തൃശൂര്‍, കോഴിക്കോട് 5 വീതം, കൊല്ലം 4, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, എറണാകുളം 2, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6341 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 370, കൊല്ലം 347, പത്തനംതിട്ട 574, ആലപ്പുഴ 312, കോട്ടയം 829, ഇടുക്കി 116, എറണാകുളം 911, തൃശൂര്‍ 439, പാലക്കാട് 289, മലപ്പുറം 724, കോഴിക്കോട് 838, വയനാട് 206, കണ്ണൂര്‍ 240, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 393 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്;30 കോടി രൂപ സമ്മാനമായി ലഭിച്ചത് ഖത്തറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിക്ക്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ സ്വന്തമാക്കി ഖത്തറില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനി തസ്‌ലീന പുതിയപുരയിൽ.29.74 കോടി രൂപ(1.5 കോടി ദിര്‍ഹം) യാണ് സമ്മാനത്തുക.ഖത്തറില്‍ റസ്റ്റോറന്റ് നടത്തുന്ന അബ്ദുല്‍ ഖദ്ദാഫിയുടെ ഭാര്യയാണ് തസ്‌ലീന. മൂന്നു മക്കളുണ്ട്. ആദ്യമായാണ് ടികെറ്റെടുക്കുന്നതെന്നും സമ്മാനമടിച്ചത് വിശ്വസിക്കാനായില്ലെന്നും അവര്‍ പറഞ്ഞു. നേരത്തെ 10 വര്‍ഷത്തോളം ദുബൈയില്‍ പ്രവാസിയായിരുന്ന തസ്ലീന ജനുവരി 26നായിരുന്നു ഓണ്‍ലൈനിലൂടെ 291310 നമ്പർ ടിക്കറ്റെടുത്തത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബിഗ് ടികെറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞത്. ആദ്യ പരീക്ഷണം തന്നെ ഭാഗ്യം കൊണ്ടുവന്നതില്‍ അതിയായ സന്തോഷമുണ്ട്. ബുധനാഴ്ച നടന്ന നറുക്കെടുപ്പ് തത്സമയം കണ്ടിരുന്നില്ല. സമ്മാനത്തുകയില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കും. മറ്റു കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും തസ്‌ലീന പറഞ്ഞു.വ്യാഴാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദ് ഏഴു കോടിയിലേറെ രൂപ സമ്മാനം നേടിയിരുന്നു.
കെഎസ്‌ആര്‍ടിസിയിലെ അഴിമതി; കേസ് എടുക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിൽ
കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ 100 കോടി രൂപയുടെ അഴിമതി നടന്നെന്ന മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലില്‍ കേസ് എടുക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസെടുക്കാന്‍ കോടതിക്ക് നിര്‍ദേശിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ഹര്‍ജിക്കാരന് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്യാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു സര്‍ക്കാരിന്റെ എതിര്‍പ്പ്.ഹര്‍ജി നില്‍ക്കുമോയെന്ന് പരിശോധിക്കാനായി കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി.കെഎസ്‌ആര്‍ടിസി ജീവനക്കാരനായ ശാസ്തമംഗലം സ്വദേശി ജുഡ് ജോസഫാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.ഹര്‍ജിക്കാരന് പോലീസില്‍ പരാതി നല്‍കുകയോ, സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയോ ചെയ്യാം. എന്നാല്‍ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന വാദവുമായി സർക്കാർ രംഗത്തു വന്നു. കോര്‍പറേഷനില്‍ 2012-15 കാലയളവില്‍ 100 കോടിയുടെ അഴിമതി നടന്നെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയെന്നും ഉന്നതരുടെ അറിവോടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികളുടെ കുംഭകോണം നടന്നെന്നുമാണ് ഹര്‍ജിയിലെ ആരോപണം. പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കോവിഡ് നിരക്ക് ഉയരുന്നു;ജില്ലയിൽ കരുതൽ നടപടികള്‍ ശക്തമാക്കി
കണ്ണൂര്‍: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാനും ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കോവിഡ് നോഡല്‍ ഓഫീസര്‍ എസ്. ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പിന് ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമാക്കാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.പോസിറ്റീവായവര്‍ ചികിത്സയ്ക്കുശേഷം നെഗറ്റീവാണെങ്കില്‍ പോര്‍ട്ടലില്‍ നിന്ന് ഒഴിവാക്കി ഡാറ്റാ സംവിധാനം കുറ്റമറ്റതാക്കണം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ക്കനുസരിച്ച് മാപ്പിംഗ് നടത്തി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കും. സെക്ടറല്‍ മജിസ്ട്രേറ്റുമാരെ പുനക്രമീകരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.ആര്‍ആര്‍ടികളെ സഹായിക്കുന്നതിന് വാര്‍ഡ്തല കമ്മിറ്റികളെ നിയമിക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോൾ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ആറളം, കൂത്തുപറമ്പ്, തളിപ്പറമ്പ്, പേരാവൂര്‍ എന്നിവിടങ്ങളിലെ പട്ടികവര്‍ഗ കോളനികളില്‍ 57 പോസിറ്റീവ് കേസുകള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ പ്രത്യേകശ്രദ്ധ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ലഭ്യമാക്കാനുള്ള നടപടികളുണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് യോഗത്തില്‍ അറിയിച്ചു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം ഇ.പി. മേഴ്‌സിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ ഡെവലപ്പ്മെന്‍റ് ഓഫീസര്‍ സ്നേഹില്‍ കുമാര്‍ സിംഗ, വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന്‍ ഉല്പാദനം താല്ക്കാലികമായി നിര്‍ത്തിവച്ചു
മുംബൈ:സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന്‍ ഉല്പാദനം താല്ക്കാലികമായി നിര്‍ത്തിവച്ചു.രാജ്യത്തെ കോവിഡ് വാക്സിന്‍ വിതരണം മന്ദഗതിയിലായതാണ് ഉല്പാദനം നിര്‍ത്താനുള്ള കാരണമെന്നാണ് സൂചന.നിലവില്‍ ഉല്പാദിപ്പിച്ച 55 ദശലക്ഷം ഡോസ് വാക്സിന്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുകയാണ്. വാക്സിന്‍ വിതരണം വേഗത്തിലാക്കുന്നതിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാവുകയുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു.കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ പരിശോധനകളുടെ കാര്യത്തില്‍ സംഭവിച്ച അതേ സാഹചര്യമാണ് വാക്സിന്‍ വിതരണത്തിലും നിലനില്‍ക്കുന്നതെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപനത്തിന്റെ തുടക്കത്തില്‍ സ്വകാര്യ ലാബുകള്‍ക്ക് ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കാതിരുന്നത് സാഹചര്യം വഷളാക്കുന്നതിലേക്ക് നയിച്ചിരുന്നു.ഓക്സ്ഫഡ്-അസ്ട്രസെനക സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്സിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭ്യമാകുന്ന വേളയില്‍ 50 ദശലക്ഷം ഡോസുകള്‍ കമ്പനി സംഭരിച്ചിരുന്നു. പ്രതിമാസം 10 ദശലക്ഷം ഡോസുകള്‍ ഉല്പാദിപ്പിക്കാനുള്ള ശേഷി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനുണ്ട്.
രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
ന്യൂഡൽഹി:ജനങ്ങൾക്ക് ഇരുട്ടടി നല്‍കി പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന് 26 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഇതോടെ ഒരു സിലിണ്ടര്‍ പാചക വാതകത്തിന്‍റെ വില 726 രൂപയായി.വിലവര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 126 രൂപയുടെ വര്‍ധനയാണ് പാചക വാതകത്തിനുണ്ടായത്. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു. കേന്ദ്രബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധന കൂടിയാണിത്.കൊച്ചിയില്‍ 726 രൂപയാണ് പുതിയ വില. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.കാസര്‍ക്കോട്ടും കണ്ണൂരും 739 രൂപയാണ് സിലിണ്ടറിന്റെ വില. തിരുവനന്തപുരത്ത് 729ഉം. നേരത്തെ 701 രൂപയായിരുന്നു സിലിണ്ടറിനുണ്ടായിരുന്നത്. ഇന്ധനവിലയിലും സംസ്ഥാനത്ത് ഇന്ന് വര്‍ധനയുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വില വര്‍ധനയാണിത്. പെട്രോള്‍ ലിറ്ററിന് 86 രൂപ 80 പൈസയായി. ഡീസല്‍ ലിറ്ററിന് 81 രൂപ 03 പൈസയും. കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ വില വര്‍ധിപ്പിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികളുടേത്.