തൊഴിൽ തട്ടിപ്പ് കേസ്;സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്

keralanews job fraud case voice clip of saritha s nair is out

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയില്‍ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേര്‍ക്ക് ജോലി നല്‍കിയതായി വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്.ജോലി കിട്ടുന്നവരും കുടുംബവും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു. പരാതിക്കാരനായ അരുണുമായി നടത്തിയ ശബ്ദ രേഖയാണ് പുറത്ത് വന്നത്.’നമ്മള്‍ ഇത് പിന്‍വാതിലിലൂടെ ചെയ്യുന്നതാണ്. അരുണിന് കാര്യം മനസിലായല്ലോ. പിന്‍വാതില്‍ നിയമനം സംബന്ധിച്ച്‌ വാര്‍ത്തകള്‍ വരുന്നതിനാല്‍ വളരെ സൂക്ഷിച്ചാണ് ചെയ്യുന്നത്. ഓഫീസിലെ സ്റ്റാഫുകളില്‍ ഒരോ ദിവസം ഓരോരുത്തരാണ് വരുന്നത്. പിഎസ്‌സി എഴുതി കയറുകയല്ലല്ലോ. ഞാന്‍ നാല് പേര്‍ക്ക് ആരോഗ്യകേരളത്തില്‍ ജോലി വാങ്ങി കൊടുത്തു. ഒരാള്‍ക്ക് ജോലി കൊടുക്കുമ്പോൾ അവരുടെ കുടുംബം മുഴുവന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് അവരുടെ ധാരണ. അല്ലാതെ തുച്ഛമായ പണമാണ് അവര്‍ക്കും കൊടുക്കുന്നത്. പണം ഞാന്‍ അവസാനം മാത്രമെ വാങ്ങുകയുള്ളു.’ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്നായിരുന്നു നെയ്യാറ്റികര സ്വദേശിയുടെ പരാതി. സരിതക്ക് പുറമേ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5942 covid cases confirmed in the state today 6178 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി 167, കാസര്‍കോട് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 82,804 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.18 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5420 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 394 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 842, കോഴിക്കോട് 677, മലപ്പുറം 629, കൊല്ലം 516, കോട്ടയം 461, പത്തനംതിട്ട 446, തിരുവനന്തപുരം 351, തൃശൂര്‍ 435, ആലപ്പുഴ 403, പാലക്കാട് 135, കണ്ണൂര്‍ 139, വയനാട് 173, ഇടുക്കി 154, കാസര്‍കോട് 59 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കോഴിക്കോട് 5, കൊല്ലം, എറണാകുളം 4 വീതം, തിരുവനന്തപുരം 3, തൃശൂര്‍, പാലക്കാട്, മലപ്പുറം 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6178 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 485, കൊല്ലം 325, പത്തനംതിട്ട 400, ആലപ്പുഴ 366, കോട്ടയം 1050, ഇടുക്കി 258, എറണാകുളം 690, തൃശൂര്‍ 451, പാലക്കാട് 252, മലപ്പുറം 571, കോഴിക്കോട് 619, വയനാട് 340, കണ്ണൂര്‍ 279, കാസര്‍കോട് 92 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3848 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 434 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി എസ് ബി ഐ;അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ അക്കൗണ്ടില്‍ ഉള്ളത് കൂടി നഷ്ടപ്പെട്ടേക്കാം

keralanews sbi modifies atm withdrawal policy attempting to withdraw more money through an atm than you have in your account may result in loss

ന്യൂഡൽഹി:എടിഎം പണം പിന്‍വലിക്കല്‍ നയത്തില്‍ ഭേദഗതി വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് പറയുന്നതെങ്കിലും അത് ഉപഭോക്താവിന് കൂടുതല്‍ നഷ്ടം വരുത്തിവെക്കുമോയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ പണം കിട്ടില്ലെന്ന് മാത്രമല്ല, അക്കൗണ്ടില്‍ ഉള്ളത് കൂടി പോകുമെന്ന നിലയാണ്. ഇത്തരത്തില്‍ പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പരിധിയില്‍ കൂടുതല്‍ സാമ്പത്തിക ഇടപാട് നടത്തിയാലും ബാങ്കിന് പണം അധികം നല്‍കേണ്ടി വരും. ഇത്തരം ഇടപാടുകള്‍ക്ക് 10 രൂപയും ജിഎസ്ടിയും മുതല്‍ 20 രൂപയും ജിഎസ്ടിയും വരെ നല്‍കേണ്ടി വരും.നിലവില്‍ രാജ്യത്തെ മെട്രോ നഗരങ്ങളില്‍ അഞ്ച് എസ്ബിഐ എടിഎമ്മുകളില്‍ നിന്നും മൂന്ന് എസ്ബിഐ ഇതര എടിഎമ്മുകളില്‍ നിന്നുമായി മാസം എട്ട് തവണ സൗജന്യമായി ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിക്കാറുണ്ട്. പുതിയ നയം മാറ്റത്തിനൊപ്പം അകൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിൽ നിന്നും 9223766666 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് എസ്‌എംഎസ് അയക്കുകയോ അല്ലെങ്കില്‍ 9223766666 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യണം. എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ പാസ് വേഡിന്റെ സഹായത്തോടെ എടിഎമ്മുകളില്‍ നിന്ന് 10000 രൂപയിലേറെ പിന്‍വലിക്കാനാവും.

കേരളത്തിൽ രോഗവ്യാപനം കൂടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്;കോവിഡ് പരിശോധന കൂട്ടണമെന്നും കേന്ദ്ര നിർദേശം

keralanews warning of possible spread of the disease in kerala central proposal to increase covid test

തിരുവനന്തപുരം:കേരളത്തിൽ നിലവിലെ സാഹചര്യത്തില്‍ കൊറോണ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്.നിലവിൽ പരിശോധനകളുടെ എണ്ണം സംസ്ഥാനത്ത് കുറവാണ്.പരിശോധന കൂട്ടാന്‍ സംഘം നിര്‍ദേശിച്ചു.സംഘം ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണെന്ന് നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തുടക്കത്തില്‍തന്നെ പരമാവധി പരിശോധനകള്‍ നടത്തിയിരുന്നുവെങ്കില്‍ രോഗവ്യാപനം ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നുവെന്ന നിരീക്ഷണവും സംഘം നടത്തിയതായാണ് വിവരം.പരിശോധനകളുടെ എണ്ണം വ്യാഴാഴ്ച മുതല്‍ എണ്‍പതിനായിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മറുപടി നല്‍കി. പരിശോധനകള്‍ പരമാവധി കൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പുകൂടി അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി കേന്ദ്രസംഘത്തെ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം ഇപ്പോള്‍. ഇത് പ്രതിരോധ നടപടികളില്‍ ഉണ്ടായ പാളിച്ചയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം ഇപ്പോള്‍ രോഗവ്യാപനത്തിലാണ് മുന്നില്‍. കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് കൂട്ടല്‍. കേരളത്തിനൊപ്പം രോഗവ്യാപനം തുടരുന്ന മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.

കർഷക സമരം;ഉടന്‍ പരിഹാരം കാണണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന

keralanews farmers strike un human rights organisation demands immediate solution for the strike

ന്യൂഡൽഹി:രാജ്യ തലസ്ഥാനത്ത് തുടരുന്ന കർഷക സമരത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന.സമരം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണം.സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരം ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.  സമരം ശക്തമായി മുന്നോട്ടു പോവുകയാണ്. സമരം അടിച്ചമര്‍ത്തുന്നതിനെതിരെ കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുകയാണ്. ചക്കാ ജാം എന്ന പേരാണ് ഈ സമരത്തിന് നല്‍കിയിരിക്കുന്നത്.സമരം സമാധാനപരമായിരിക്കുമെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. ഇതുറപ്പു വരുത്താൻ മാര്‍ഗനിര്‍ദേശങ്ങളും സമിതി പുറത്തിറിക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളെ ഉപരോധത്തിൽ നിന്ന് ഒഴിവാക്കും. ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും തര്‍ക്കങ്ങൾ ഒഴിവാക്കണമെന്ന നിര്‍ദേശവും സമിതി നൽകിയിട്ടുണ്ട്.

ഇരിട്ടി കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം കൊലപാതകം;മരുമകള്‍ അറസ്റ്റില്‍

keralanews elder woman found dead in iritty karikkottakkari is murder daughter in law arrested

ഇരിട്ടി:കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം കൊലപാതകം.കായംമാക്കല്‍ മറിയക്കുട്ടി (82) ആണ് മരിച്ചത്.സംഭവത്തിൽ മറിയക്കുട്ടിയുടെ മൂത്തമകന്‍ മാത്യുവിന്റെ ഭാര്യ എല്‍സി (54)യെ  അറസ്റ്റ് ചെയ്തു.വീട്ടിനുള്ളില്‍ കട്ടില പടിക്ക് സമീപം വീണ് ചോരവാര്‍ന്ന് മരിച്ച നിലയിലാണ് മറിയക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും മറിയക്കുട്ടിയുടെ ബന്ധുക്കളും പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.മൂത്തമകന്‍ മാത്യുവിന്റെയും മരുമകള്‍ എല്‍സിയുടേയും കൂടെയാണ് മറിയക്കുട്ടി താമസിക്കുന്നത്. ഇരുവരും വഴക്കിടാറുണ്ടായിരുന്നു. ടാപ്പിംങ്ങ് തൊഴിലാളിയായ മാത്യു ജോലിക്ക് പോയാല്‍ രാത്രിയിലാണ് തിരച്ചെത്തുക. സംഭവ ദിവസം മറിയക്കൂട്ടിയും എല്‍സിയും വാക്കേറ്റും ഉണ്ടായി. ഊന്നു വടിയില്‍ മാത്രം നടക്കാന്‍ ശേഷിയുള്ള മറിയക്കുട്ടി വീട്ടിന്റെ സെന്‍ട്രല്‍ ഹാളില്‍ വാതില്‍പടിയോട് ചേര്‍ന്ന് കസേരയില്‍ ഇരിക്കുകയായിരുന്നു. വാക്ക് തര്‍ക്കവും പരസ്പരം ചീത്ത വിളിയും ശക്തമായതോടെ കസേരയില്‍ നിന്നും എഴുന്നേല്‍ക്കാനുള്ള ശ്രമത്തിനിടയില്‍ മറിയക്കുട്ടിയെ എല്‍സി തള്ളി താഴെയിട്ടു. വീഴ്ച്ചക്കിടയില്‍ മറിയക്കുട്ടിയുടെ തല ചുമരിലിടിച്ച്‌ മുറിവ് പറ്റി. പുറത്തറിയുമെന്ന പേടിയില്‍ മറിയകുട്ടിയെ എഴുന്നേല്‍ക്കാന്‍ അനുവദിക്കാതെ തല നിരന്തരം വാതില്‍ പടിയില്‍ ബലമായി ഇടിച്ച്‌ കൊലപ്പെടുത്തി. വീട്ടിലെത്താൻ താമസിക്കുമെന്നു പറയാന്‍ വൈകിട്ട് ആറരയോടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ച ഭര്‍ത്താവ് മാത്യുവിനോട് അമ്മ വീണ് ചെറിയ മുറിവ് പറ്റിയതായി എൽസി പറഞ്ഞു. മാത്യു എത്തുമ്പോഴേക്കും മറിയക്കൂട്ടി മരിച്ചിരുന്നു. ചക്ക പറിക്കാന്‍ പോയപ്പോള്‍ അമ്മ അബദ്ധത്തില്‍ വീണ് മുറിവേല്‍ക്കുകയും ചോരവാര്‍ന്ന് മരിക്കുകയുമായിരുന്നുവെന്നാണ് എല്‍സി ഭര്‍ത്താവിനോടും അയല്‍പക്കക്കാരോടും പറഞ്ഞത്. പോലീസിന്റെ ആദ്യപരിശോധനയിലും തലയ്ക്കുള്ള മുറിവും കൈ ഒടിഞ്ഞ നിലയിലും കണ്ടതിനാല്‍ അബന്ധത്തില്‍ വീണപ്പോള്‍ ഉണ്ടായ മരണമാണെന്നേ സംശയിച്ചിരുന്നുള്ളു.വീണ വിവരം സമീപത്തെ വീട്ടുകാരെ അറിയിച്ചിരുന്നതായി എല്‍സി ആദ്യം മൊഴി നല്‍കി. നാട്ടുകാര്‍ ദുരൂഹത ആരോപിച്ചതോടെ ജില്ലാ പോസീസ് മേധവി ഉള്‍പ്പെടെ സ്ഥലത്തെത്തി മൃതദേഹം വിശദ പരിശോധനയ്ക്ക് വിധേയമാക്കി.ഫോറൻസിക് പരിശോധനയില്‍ തലയുടെ പല ഭാഗങ്ങളിലും ചതവും മുറിവും കണ്ടെത്തി. ഇതോടെ മരണത്തില്‍ അസ്വഭാവികത പോലീസിനും ഉണ്ടായി. സമീപത്തെ വീട്ടുകാരുടെ മൊഴിയെടുത്തപ്പോള്‍ മറിയക്കുട്ടി വീണ വിവരം എല്‍സി അറിയിച്ചിരുന്നില്ലെന്നും മനസിലായി. തുടര്‍ന്ന് എല്‍സിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റും സമ്മതിച്ചത്.എൽസിയുടെ അറസ്റ്റ് രേഖപ്പെടുത്തി വെള്ളിയാഴ്ച്ച രാവിലെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി ദേശീയപാത ഉപരോധിക്കും

keralanews farmers organisations national highway block today

ന്യൂഡൽഹി:കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി ദേശീയപാതകൾ ഉപരോധിക്കും. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം. കര്‍ഷകര്‍ ദില്ലിയിലേക്ക് കടന്ന് ഉപരോധം നടത്താന്‍ സാധ്യത കണക്കിലെടുത്ത് പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ദില്ലി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഹരിയാന പൊലീസിനും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ദില്ലി എന്‍സിആര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകള്‍ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി. ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവയെ ഒഴിവാക്കും, പൊലിസുകാരോടോ സര്‍ക്കാര്‍ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ സൈറണ്‍മുഴക്കി സമരം സമാപിക്കും.അടിയന്തര സര്‍വീസുകള്‍ ഉപരോധ സമയത്ത് അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തര്‍ക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി.കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,610 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു; 6,653 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി

keralanews 5610 covid cases confirmed in the state today 6653 cured

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5,610 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.എറണാകുളം 714, കോഴിക്കോട് 706, മലപ്പുറം 605, പത്തനംതിട്ട 521, തൃശൂര്‍ 495, കോട്ടയം 458, തിരുവനന്തപുരം 444, കൊല്ലം 391, ആലപ്പുഴ 310, കണ്ണൂര്‍ 253, ഇടുക്കി 232, പാലക്കാട് 219, വയനാട് 163, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 101 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5,131 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 350 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.എറണാകുളം 687, കോഴിക്കോട് 688, മലപ്പുറം 577, പത്തനംതിട്ട 478, തൃശൂര്‍ 485, കോട്ടയം 421, തിരുവനന്തപുരം 332, കൊല്ലം 383, ആലപ്പുഴ 301, കണ്ണൂര്‍ 209, ഇടുക്കി 218, പാലക്കാട് 108, വയനാട് 154, കാസര്‍ഗോഡ് 90 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6,653 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 67,795 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. തിരുവനന്തപുരം 416, കൊല്ലം 781, പത്തനംതിട്ട 467, ആലപ്പുഴ 594, കോട്ടയം 466, ഇടുക്കി 330, എറണാകുളം 802, തൃശൂര്‍ 494, പാലക്കാട് 203, മലപ്പുറം 538, കോഴിക്കോട് 809, വയനാട് 354, കണ്ണൂര്‍ 354, കാസര്‍ഗോഡ് 45 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റിവ് ആയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,832 ആയി.ഇന്ന് 34 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 425 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ കോവിഡ് വ്യാപനം രൂക്ഷം

keralanews covid spread in thiruvananthapuram secretariate

തിരുവനന്തപുരം:സെക്രട്ടറിയേറ്റിൽ  കോവിഡ് വ്യാപനം രൂക്ഷമാകുന്നു.ധനവകുപ്പിന് പിന്നാലെ പൊതുഭരണ വകുപ്പിലും നിയമ വകുപ്പിലും രോഗം പടര്‍ന്നിട്ടുണ്ട്. ധനവകുപ്പില്‍ 25 ലേറെ പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഭാഗികമായി അടച്ചിരുന്നു. ഹൗസിങ് സഹകരണ സംഘം ഓഫീസും അടച്ചു. അതിന് പിന്നാലെയാണ് പൊതുഭരണ വകുപ്പിലും നിയമവകുപ്പിലും രോഗം പടര്‍ന്നത്.കഴിഞ്ഞ ആഴ്ച കാന്‍റീന്‍ സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോവിഡ് വ്യാപനത്തിന് ഇടയായതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അയ്യായിരത്തിലേറെ പേരാണ് അന്ന് നിയന്ത്രണം ലംഘിച്ച്‌ വോട്ട് ചെയ്യാനെത്തിയത്. സെക്രട്ടേറിയറ്റില്‍ ഹാജര്‍ 50 ശതമാനം നിലയാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒരു ദിവസം 50 ശതമാനം ജീവനക്കാര്‍ എന്ന നിബന്ധന വീണ്ടും ഏര്‍പ്പടെുത്തണമെന്ന് ഫൈനാന്‍സ് സെക്രട്ടേറിയറ്റില്‍ എംപ്ലോയീസ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ പൂര്‍ണമായും അണുനശീകരണം വരുത്തണമെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ ജീവനക്കാരെയും ആന്‍റിജന്‍ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്.

കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ പെരുവഴിയില്‍ ഉപേക്ഷിച്ച നിലയില്‍;അധ്യാപകനെതിരെ നടപടി

keralanews answer sheets of kannur university students found on road side action take against teacher

കണ്ണൂര്‍:കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് പെരുവഴിയില്‍ ഉപേക്ഷിച്ച നിലയില്‍. ബികോം രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ ഉത്തരക്കടലാസുകളാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്.സംഭവത്തിൽ അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ പിജെ വിന്‍സന്റ് അറിയിച്ചു. വീട്ടില്‍ നിന്ന് മൂല്യനിര്‍ണയം നടത്താന്‍ വേണ്ടി സര്‍വകലാശാലയില്‍ നിന്നും കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എംസി രാജേഷ് ഒപ്പിട്ട് കൈപ്പറ്റിയ ഉത്തരക്കടലാസുകളാണ് വഴിയില്‍ നിന്ന് കിട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.അധ്യാപകന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഉത്തര കടലാസുകള്‍ വഴിയില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പറഞ്ഞു. കുറ്റക്കാരനായ അധ്യാപകനെ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് നഷ്ടപ്പെട്ടതെന്ന് അധ്യാപകനായ എംസി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കിയിരുന്നതായും അധ്യാപകന്‍ വ്യക്തമാക്കി. ഡിസംബര്‍ 23 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടേതാണ് കളഞ്ഞുകിട്ടിയ ഉത്തരക്കടലാസുകളെന്ന് കണ്ടെത്തി. ഉത്തരക്കടലാസുകളുടെ മൂല്യ നിര്‍ണ്ണയം നടത്തിയിട്ടുണ്ട്. ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സംഭവം വിവാദമായതോടെ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പിന്നാലെ പരീക്ഷാ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നു. സംഭവം അന്വേഷിക്കാനും മൂല്യനിര്‍ണയം നടത്തിയ അധ്യാപകനോട് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.