തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസിൽ പരാതിക്കാരന്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണം തന്‍റേതല്ലെന്ന് വെളിപ്പെടുത്തി സരിത എസ്. നായര്‍.ശബ്ദരേഖ ഫോറന്‍സിക് വിദഗ്ധരെ ക്കൊണ്ട് പരിശോധിപ്പിക്കണമെന്നും ഇവര്‍ വ്യക്‌തമാക്കി. അരുണിനെ കണ്ടിട്ടില്ലെന്നും സരിത അറിയിച്ചു.സരിതാ നായരുടെതേന്ന് കരുതപ്പെടുന്ന ഒരു ശബ്ദരേഖ കൂടി ഇന്ന് പുറത്തുവന്നിരുന്നു. പിന്‍വാതില്‍ വഴി തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നത് പാര്‍ട്ടിഫണ്ടിനു വേണ്ടിയാണെന്ന് ശബ്ദരേഖ പറയുന്നു. പകുതി തുക പാര്‍ട്ടിക്കും പകുതി ഉദ്യോഗസ്ഥര്‍ക്കും നല്‍കും. സിപിഎമ്മിന് തന്നെ പേടിയാണെന്നും അതുകൊണ്ടാണ് ഇതെല്ലാം സമ്മതിക്കുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു.ആരോഗ്യ കേരളം പദ്ധതിയില്‍ നാലു പേര്‍ക്ക് തൊഴില്‍ വാങ്ങി നല്‍കിയെന്ന് വെളിപ്പെടുത്തുന്ന, സരിതയുടേതെന്ന് കരുതുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് പിന്‍വാതില്‍ നിയമനത്തിന് സഹായിക്കുന്നതെന്ന് ശബ്ദരേഖയില്‍ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരനുമായുള്ള സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്. അതേസമയം, സരിതയും അമ്മയും അഭിഭാഷകനും മറ്റും വിളിച്ച മുന്നൂറിലധികം കോളുകളുടെ വിശദാംശങ്ങള്‍ തന്‍റെ കയ്യിലുണ്ടെന്ന് പരാതിക്കാരനായ അരുണ്‍ തിരിച്ചടിച്ചു.ബെവ്കോ- കെടിഡിസി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടനിലക്കാര്‍ മുഖേന ലക്ഷങ്ങള്‍ കൈപ്പറ്റിയെന്നാണ് സരിതയ്ക്കെതിരെയുള്ള പരാതി. നെയ്യാറ്റിന്‍കര സ്വദേശി അരുണ്‍ ആണ് പരാതി നല്‍കിയത്.
രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു; 24 ദിവസം കൊണ്ട് വാക്സിന്‍ നല്‍കിയത് 60 ലക്ഷം പേര്‍ക്ക്
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു.24 ദിവസം കൊണ്ട് 60 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് വാക്‌സിൻ നല്‍കിയത്.54,12,270 ആരോഗ്യപ്രവര്‍ത്തകരും 6,23,390 മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി അറിയിച്ചു. വാക്‌സിനേഷനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 പേര്‍ ഡിസ്ചാര്‍ജ് ആയി. ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാള്‍ കേരളത്തില്‍ നിന്നുള്ളയാളാണ്.
ചെങ്കോട്ട സംഘര്‍ഷം;പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍
ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പഞ്ചാബി ചലച്ചിത്രതാരം ദീപ് സിദ്ദു അറസ്റ്റില്‍. ചെങ്കോട്ടയിലെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഒളിവിലായിരുന്നു നടന്‍.ഡല്‍ഹി പൊലീസിലെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. നടനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തി കേസ് എടുത്തിരുന്നു. അക്രമ സംഭവങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ നടനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രവും ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധം ഇയാള്‍ പുലര്‍ത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. അനിഷ്ടസംഭവങ്ങളില്‍ ആരോപണവിധേയനായ ദീപ് സിദ്ധുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയില്‍ കൊടി കെട്ടിയ ജുഗു രാജ് സിംഗിന്റെ തന്‍ തരനിലെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു.
ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി;കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസത്തിലേക്ക്
ന്യൂഡൽഹി:ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി.മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു. 197 പേരെ കൂടി കണ്ടെത്താന്‍ ഉണ്ടെന്നാണ് ഉത്തരാഖണ്ഡ് ദുരന്ത നിവാരണ കേന്ദ്രത്തിന്റെ അറിയിപ്പ്. തപോവനിലെ തുരങ്കത്തില്‍ കുടുങ്ങിയ 35 പേരെ കണ്ടെത്താന്‍ ആയി തിരച്ചിൽ തുടരുകയാണ്. ചെങ്കുത്തായ പ്രദേശമായതും മന്ദാഗിനി നദിയിലെ ജലനിരപ്പ് താഴാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. ഋഷിഗംഗ, എന്‍ടിപിസി വൈദ്യുത പദ്ധതികള്‍ക്ക് സമീപമാണ് രക്ഷാ പ്രവർത്തനം ഊർജിതമാക്കിയിരിക്കുന്നത്.പാലങ്ങളും റോഡുകളും തകർന്നതിനാല്‍ 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അളകനന്ദ, ദൌലി ഗംഗ നദികളുടെ കരകളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. വലിയ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് പ്രളയം കുത്തിയൊലിച്ചെത്തിയ ഭാഗങ്ങളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നത് തുടരുകയാണ്.ശക്തമായ പ്രളയത്തില്‍ നൂറിലധികം പേര്‍ ദൂരത്തില്‍ ഒലിച്ച് പോയിരിക്കാനുള്ള സാധ്യതയാണ് ഉള്ളതെന്ന് എന്‍ഡിആര്‍ഫ് ഡയറക്ടറര്‍ വ്യക്തമാക്കി. കിട്ടിയ മൃതദേഹങ്ങളില്‍ പലതും അപകട സ്ഥലത്തിനും ഏറെ ദൂരെ നിന്നാണ് കണ്ടെത്തിയത്. അതിനാല്‍ വലിയ തെരച്ചില്‍ തന്നെ നടത്തേണ്ടി വരുമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.ഉറഞ്ഞ് കൂടിയ ഐസ് തടാക രൂപത്തിലായി പൊട്ടുന്ന ഗ്ലോഫാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രക്ഷാപ്രവർത്തനത്തിനും തുടർനീക്കങ്ങള്‍ക്ക് തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭയും ഇന്ത്യക്കൊപ്പമുണ്ടെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രിയും പ്രതികരിച്ചു.
കോവിഡ് ന്യുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എം വി ജയരാജന്‍ പൂര്‍ണമായി സുഖംപ്രാപിച്ചു
കണ്ണൂർ:കോവിഡ് ന്യുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പൂര്‍ണമായി സുഖംപ്രാപിച്ചു.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ സി യു വിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തിനകം ആശുപത്രി വിടാമെന്ന് ഡോക്റ്റർമാർ അറിയിച്ചു. ഒരുമാസം കര്‍ശന ശ്രദ്ധയോടെ വീട്ടില്‍ വിശ്രമിക്കേണ്ടിവരും. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ സന്ദര്‍ശകരെ ആരെയും അനുവദിക്കില്ല.ജനുവരി 18നാണ് ജയരാജനെ കോവിഡ് പോസിറ്റീവായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ന്യുമോണിയ ലക്ഷണം കണ്ടതോടെ പരിയാരത്തേക്കു മാറ്റി.ഒപ്പം, കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും.ചികിത്സയ്ക്കായി പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.പിന്നീട് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്നുള്ള വിദഗ്ധസംഘമെത്തി.23ന് സ്ഥിതി വഷളായി.സി പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജന്‍ അളവ് ക്രമീകരിച്ചെങ്കിലും കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും വെല്ലുവിളിയായി. 24ന് അര്‍ധരാത്രിയോടെ ആരോഗ്യമന്ത്രി നേരിട്ടെത്തി മെഡിക്കല്‍ ബോര്‍ഡ് യോഗം വിളിച്ചു. കോഴിക്കോട്ടുനിന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരായ ഡോ. എ എസ് അനൂപ്കുമാറും ഡോ. പി ജി രാജുവുമെത്തി. കൂടാതെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. എസ് എസ് സന്തോഷ്കുമാറും ഡോ. അനില്‍ സത്യദാസും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചെന്നൈയിലെ പ്രമുഖ ഇന്‍ഫെക്ഷണല്‍ കണ്‍ട്രോള്‍ സ്പെഷ്യലിസ്റ്റ് ഡോ. റാം സുബ്രഹ്മണ്യത്തിന്റെ ഉപദേശവും തേടി. അദ്ദേഹം നിര്‍ദേശിച്ച ഇഞ്ചക്ഷന്‍ മരുന്ന് കോഴിക്കോടുനിന്ന് എത്തിച്ചുനല്‍കി. 25ന് വൈകിട്ടോടെ ആരോഗ്യനില മെച്ചപ്പെട്ടു.ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശവിഭാഗം മേധാവിയുമായ പ്രൊഫ. ഡി കെ മനോജ്, ഡെപ്യൂട്ടി സൂപ്രണ്ട് (കാഷ്വാലിറ്റി) ഡോ. വിമല്‍ റോഹന്‍, ആര്‍എംഒ ഡോ. എം എസ് സരിന്‍, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. കെ സി രഞ്ജിത്ത്കുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി പ്രൊഫ. എസ് എം അഷ്റഫ്, കോവിഡ് ചികിത്സാവിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. വി കെ പ്രമോദ് എന്നിവരായിരുന്നു മെഡിക്കല്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍.
കോവിഡ് വ്യാപനം; സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. സ്‌കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന ഇടപെടല്‍ വേണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. ഡിഇഒമാരുടെയും ഡെപ്യൂട്ടി ഡയറക്‌ടര്‍മാരുടെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കര്‍ശന പരിശോധന നടത്തും.വിദ്യാര്‍ഥികള്‍ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പാക്കണമെന്നും പ്രധാന അധ്യാപകര്‍ ദിവസവും ഡിഡിഇക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഡി.ഇ.ഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്‌കൂളുകളില്‍ പരിശോധന നടത്തണം. സ്‌കൂളുകള്‍ക്ക് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകരുടെ നിരീക്ഷണം ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കൊവിഡ് വ്യാപനത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ നിര്‍ദേശിച്ചു. മലപ്പുറം മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും 186 വിദ്യാര്‍ഥികള്‍ക്കും 75 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.ഞായറാഴ്ച വൈകുന്നേരമാണ് പരിശോധനാഫലം പുറത്തുവന്നത്. സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെയുള്ളവരുടെ സാമ്പിൾ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്കായി എടുത്തത്.
വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
വയനാട്:ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ.വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും.വ്യാപാരി സംഘടനകളും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
മട്ടന്നൂർ:40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ 2 പേര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍.കാസര്‍കോട് സ്വദേശി നൂറുദ്ദീന്‍, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരില്‍ നിന്നാണ് 826 ഗ്രാം സ്വര്‍ണം പിടികൂടിയത്.ദുബൈയില്‍ നിന്ന് ഞായറാഴ്ച രാവിലെ ഏഴുമണിക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതാണ് ഇരുവരും. സഹദില്‍നിന്നും 670 ഗ്രാമും നൂറുദ്ദീനില്‍ നിന്നും 156 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. നൂറുദ്ദീന്റെ ബാഗിലെ ബെല്‍റ്റിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സഹദ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമ്മിഷണര്‍മാരായ ഇ വികാസ്, വെങ്കിട്‌നായിക്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, ബി യദു കൃഷ്ണ, കെ വി രാജു, സന്ദീപ് കുമാര്‍, സോനിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം നൽകി.
പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി
പാലക്കാട്:പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. പുതുപ്പള്ളിത്തെരുവ് പൂളക്കാട് സ്വദേശി സുലൈമാന്റെ ഭാര്യ ഷഹീദയാണ് (32) മൂന്നു മക്കളില്‍ ഇളയവനായ ആമീല്‍ ഇഹ്‌സാനെ ഉറക്കത്തില്‍ കൈകാലുകള്‍ ബന്ധിച്ച് കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. ഷഹീദയും ഇളയ മകനും ഒരു മുറിയിലും, സുലൈമാനും മറ്റു മക്കളായ ആദുല്‍ അത്തീഫ് (11), ആമീല്‍ ഐദീദ് (8) എന്നിവരും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്. ഉറങ്ങിക്കിടന്ന മകനെ പുലര്‍ച്ചെ ഷഹീദ കുളിമുറിയിലേക്ക് എടുത്തുകൊണ്ടുപോയി കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് ജനമൈത്രി പോലീസിന്റെ ഹെല്പ് ലൈൻ നമ്പറിൽ വിളിച്ച് ഷഹീദ തന്നെ വിവരമറിയിക്കുകയായിരുന്നു.മൊബൈല്‍ നമ്പർ ലൊക്കേറ്റ് ചെയ്താണ് പോലീസ് വീട്ടിലെത്തിയത്. വാതിലില്‍ തട്ടിയപ്പോള്‍ പുറത്തേക്കു വന്ന ഷഹീദ, താന്‍ മകനെ ദൈവത്തിന് ബലി നല്‍കിയെന്ന് പറഞ്ഞു. പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പോലീസാണ് സുലൈമാനെയും മറ്റു കുട്ടികളെയും വിളിച്ചുണര്‍ത്തി വിവരം ധരിപ്പിച്ചത്.അതേസമയം മകനെ കൊലപ്പെടുത്താനുള്ള കത്തി ഷഹീദ ഭർത്താവിനെക്കൊണ്ട് തന്ത്രപൂർവം വാങ്ങിപ്പിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന സുലൈമാന്റെ സഹോദരന്റെ ഭാര്യ സ്റ്റീല്‍ കത്തി ഉപയോഗിക്കാന്‍ വിഷമമാണെന്ന് പറഞ്ഞതായും അതിനാല്‍ ഇരുമ്പിൽ തീര്‍ത്ത കത്തിവേണമെന്ന് ആവശ്യപ്പെട്ടു എന്നും പറഞ്ഞാണ് താന്‍ ഭര്‍ത്താവിനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചതെന്നാണ് ഷാഹീദ പൊലീസിനെ അറിയിച്ചിട്ടുള്ളത്. സുലൈമാന്‍ വാങ്ങിക്കൊണ്ടുവന്ന രണ്ട് കത്തികളില്‍ വലിയ കത്തിയാണ് ഷാഹീദ കൊലപാതകത്തിനായി ഉപയോഗിച്ചത്. നേരത്തെ മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദയ്ക്ക് മക്കളോട് വലിയ സ്‌നേഹമായിരുന്നുവെന്നും കുടുംബ വഴക്കോ മറ്റു പ്രശ്‌നങ്ങളോ ഉള്ളതായി അറിയില്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഗള്‍ഫില്‍ നിന്ന് മാസങ്ങള്‍ക്കു മുൻപ് മടങ്ങിയെത്തിയ സുലൈമാന്‍ ഇപ്പോള്‍ നഗരത്തില്‍ ടാക്‌സി ഡ്രൈവറാണ്.മകനെ ദൈവത്തിന് ബലി നല്‍കിയെന്നാണ് ഷഹീദ ആവര്‍ത്തിക്കുന്നത്. ഇന്നലെ രാവിലെ തന്നെ അറസ്റ്റ് രേഖപ്പെടുത്തി.വിശദമായി ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം കൂടുതല്‍ വ്യക്തമാകൂ എന്നാണ് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞത്.കഴിഞ്ഞ ഒരാഴ്ച മുൻപ് മുതലാണ് മകനെ ബലി കഴിക്കണമെന്ന ചിന്ത തന്നില്‍ ഉണ്ടായതെന്നും ഇങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അപ്പോള്‍ തോന്നിയിരുന്നില്ലന്നും കൃത്യം നടത്തി കഴിഞ്ഞപ്പോള്‍ കൊലപാതകിയാണെന്ന് ബോദ്ധ്യമുണ്ടായെന്നും അതിനാലാണ് വിവരം പൊലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും അറിയുന്നു. തീവ്രമതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഷാഹിദയ്ക്ക് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദൈവം രക്ഷകനായി എത്തുമെന്ന യുവതിയുടെ മൊഴി കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം;മരിച്ചവരുടെ എണ്ണം പതിനാലായി;കാണാതായ 170 പേർക്കായി തെരച്ചില്‍ തുടരുന്നു
ന്യൂഡൽഹി:ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി.കാണാതായ 170 പേർക്കായി തെരച്ചില്‍ തുടരുന്നു. ഇവരില്‍ 148പേര്‍ വൈദ്യുത നിലയത്തിലെയും 22 പേര്‍ ഋഷിഗംഗയിലെയും ജീവനക്കാരാണ്.ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്നവരും അളകനന്ദ, ദൌലി ഗംഗ നദിക്കരകളില്‍ താമസിച്ചിരുന്നവരുമാണ് അപകടത്തില്‍ പെട്ടവരില്‍ ഏറെയും.
2013ലെ പ്രളയ രക്ഷാ പ്രവർത്തനത്തിന് സമാനമായി ITBP, ദുരന്ത നിവാരണ സേന, വ്യോമസേന എന്നിവ സംയുക്തമായുള്ള രക്ഷാ പ്രവർത്തനം തുടരുകയാണ്. ദുഷ്കരമാണ് രക്ഷാപ്രവർത്തനം. ശക്തമായ കുത്തൊഴുക്കില്‍ തെറിച്ച് പോയതിനാല്‍ മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് ദൂരെയാണ് കണ്ടെത്തിയത്. തപോവന് സമീപം രണ്ട് ടണലുകളിലായി തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഒരു ടണലിലുള്ള 16 പേരെ രക്ഷിച്ചു. കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ ചമോലിയിലേക്ക് എത്തിച്ചിട്ടുണ്ട്.ജോഷിമഠിൽ 30 കിടക്കകളോടെ താൽക്കാലിക ആശുപത്രി സജ്ജമാക്കി. മുഖ്യമന്ത്രി ടി.എസ് റാവത്ത് ചമോലിയില്‍ എത്തി രക്ഷാ പ്രവർത്തനം വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സർക്കാർ 4 ലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 2 ലക്ഷവും നല്‍കും.ചമോലി ജില്ലയിലെ റെനി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ തപോവന മേഖലയില്‍ സംഭവിച്ചത് മഞ്ഞുമലകള്‍ക്കിടയിലുണ്ടായ തടാകം പൊട്ടിയുണ്ടായ ദുരന്തം ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ശൈത്യകാലത്ത് ഒരിടത്തും സംഭവിക്കാത്ത കാര്യമാണ് നടന്നിരിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്.