രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ ഉടന്‍ നിരോധിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

keralanews finance minister nirmala sitharaman said that cryptocurrencies will be banned in the country soon

ന്യൂഡല്‍ഹി: ബിറ്റ്കോയിന്‍ ഉള്‍പ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടന്‍ നിരോധിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.സര്‍ക്കാര്‍ പുറത്തിറക്കുന്ന വിര്‍ച്വല്‍ കറന്‍സികള്‍ക്കുമാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നല്‍കുക. ക്രിപ്‌റ്റോ കറന്‍സികളെ നിരോധിക്കാന്‍ ഉടന്‍ തന്നെ നിയമം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലെ നിയമം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ല എന്ന വിലയിരുത്തലിലാണ് പുതിയ നിയമം നിര്‍മ്മിക്കാന്‍ സർക്കാർ ആലോചിക്കുന്നത്.ക്രിപ്റ്റോ കറന്‍സി ട്രേഡിങ് സംബന്ധിച്ച്‌ കര്‍ശനനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ബിറ്റ്കോയിന്‍ ഉള്‍പ്പടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടനെ നിരോധിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയത്.ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നതിന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ സുപ്രീം കോടിതി ക്രിപ്റ്റോ കറന്‍സി ഇടപാടുകളുടെ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സര്‍ക്കാര്‍ രംഗത്തുവന്നത്. ഉടനെതന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുമെന്നാണ് റിപ്പോർട്ടുകൾ.അതേസമയം ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് ഈമാസം തുടക്കത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്ത് ക്രിപ്റ്റോകറന്‍സിക്ക് ബദലായി ഡിജിറ്റല്‍ കറന്‍സി താമസിയാതെ പ്രചാരത്തില്‍ വന്നേക്കും.

വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ;തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തും

keralanews mother of the girls ready to intensify protest in walayar case

പാലക്കാട്:വാളയാർ കേസിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി മരണപ്പെട്ട പെൺകുട്ടികളുടെ അമ്മ.തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്താനാണ് തീരുമാനം. തെരെഞ്ഞടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് ഡിവൈഎസ്പി സോജനും എസ് ഐ ചാക്കോയ്ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയിട്ടുണ്ട്. കുറച്ചു ദിവസം കൂടി നോക്കും. നടപടിയെടുത്തില്ലെങ്കില്‍ നേരിട്ട് ജനങ്ങളിലേയ്ക്ക് ഇറങ്ങാനാണ് തീരുമാനം.സ്ത്രീകള്‍ക്ക് പ്രധാനം തലയിലെ മുടിയാണ്. അത് എടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങും. തന്റെ സങ്കടം ജനങ്ങള്‍ ഏറ്റെടുക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. തന്റെ മക്കളെ കുറിച്ച്‌ മോശമായി സംസാരിച്ച സോജനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം. കേരള യാത്ര നടത്തി സര്‍കാരിനെ പ്രതിഷേധം അറിയിക്കുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി. അതേസമയം അന്വേഷണ സംഘം പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. അട്ടപ്പളളത്തെ സംഭവസ്ഥലം നിശാന്തിനി ഐ പി എസ്സിന്‍റെ നേതൃത്വത്തിലുളള സംഘമാണ് സന്ദര്‍ശിച്ചത്. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.

പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു

keralanews famous singer m s naseem passes away

തിരുവനന്തപുരം:പ്രശസ്ത ഗായകന്‍ എം എസ് നസീം അന്തരിച്ചു.പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന നസീം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഗായകൻ, മ്യൂസിക് കണ്ടക്റ്റർ, മലയാള സംഗീതത്തിന്റെ ചരിത്ര സൂക്ഷിപ്പുകാരൻ, സ്റ്റേജ്-ടെലിവിഷൻ ഷോകളുടെ സംഘാടകൻ,ഡോക്യുമെന്ററി സംവിധായകൻ അങ്ങനെ നിരവധി മേഖലകളിൽ പ്രശസ്തനാണ് നസീം.വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം സംഗീതലോകത്ത് എത്തി.സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ജൂനിയർ എ എം രാജ എന്നും കോളേജിലെത്തിയപ്പോൾ ജൂനിയർ റാഫിയെന്നും വിളിപ്പേര് വീണു. മൂവായിരത്തിലേറെ ഗാനമേളകളാണ് ഇന്ത്യയിലും പുറത്തുമായി അദ്ദേഹം നയിച്ചത്. ആകാശവാണിയിലെയും ദൂരദർശനിലെയും സജീവ സാന്നിധ്യമായിരുന്നു.1990 ൽ ഇറങ്ങിയ അനന്തവൃത്താന്തം എന്ന സിനിമയിൽ ചിത്രയോടൊപ്പം ഒരു ഗാനം മാത്രമേ എം  എസ് നസീം സിനിമയിൽ ആലപിച്ചിട്ടുള്ളൂ.ഗായകനായി മാത്രം ഒതുങ്ങാതെ സിനിമ, നാടക, ലളിത, ഗസല്‍ സംഗീതചരിത്രത്തെ കുറിച്ച്‌ പഠിക്കുവാനും അത് ഭാവി തലമുറയ്ക്കായി രേഖപ്പെടുത്തുവാനും അദ്ദേഹം നല്ല രീതിയില്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം കഴക്കൂട്ടത്തെ തന്റെ മേടയില്‍ വീട് ഒരു സംഗീത മ്യൂസിയമാക്കി മാറ്റുകയും ചെയ്തിരുന്നു.ദൂരദര്‍ശന്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്ത ആദ്യ സംഗീത പരമ്ബരയായ ‘ആയിരം ഗാനങ്ങള്‍തന്‍ ആനന്ദലഹരി’ എന്ന ഡോക്യുമെന്ററിയുടെ അമരക്കാരനായിരുന്നു അദ്ദേഹം. നിരവധി ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്ത നസീമിന്റെ ‘മിഴാവ്’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 1997ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, നാലുതവണ സംസ്ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ്, 2001ല്‍ കുവൈത്തിലെ സ്മൃതി എ എം രാജ പുരസ്‌കാരം, 2001ല്‍ സോളാര്‍ ഫിലിം സൊസൈറ്റി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുള്ള അതുല്യ പ്രതിഭയായിരുന്നു എംഎസ് നസീം.എം.എ, ബി.എഡ്കാരനായ നസീം 27 വര്‍ഷം കെഎസ്‌ഇബിയില്‍ (KSEB) പ്രവര്‍ത്തിച്ചിരുന്നു. ശേഷം 2003ല്‍ സൂപ്രണ്ടായിരിക്കെ സ്വയം വിരമിച്ച്‌ മുഴുസമയ സംഗീത പ്രവര്‍ത്തകനായി മാറുകയായിരുന്നു. മുഹമ്മദ് റാഫിയെയും മലയാളി സംഗീതജ്ഞൻ എ ടി ഉമ്മറിനെയും കുറിച്ച് അദ്ദേഹം ഡോക്യൂമെന്ററികൾ ചെയ്തിരുന്നു.ഭാര്യ: ഷാഹിദ ഭാര്യ, മക്കള്‍: നാദിയ, ഗീത്.

കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതി തീകൊളുത്തി മരിച്ച നിലയില്‍

keralanews transgender woman burnt to death in kannur

കണ്ണൂര്‍:കണ്ണൂരില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.സ്നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.കണ്ണൂര്‍ കോര്‍പ്പനിലെ 36-ാം ഡിവിഷനില്‍ നിന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സ്‌നേഹ മത്സരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5214 covid cased confirmed in the state today 6475 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3902 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4788 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 336 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 580, കൊല്ലം 580, കോട്ടയം 512, തൃശൂര്‍ 485, പത്തനംതിട്ട 451, കോഴിക്കോട് 460, തിരുവനന്തപുരം 366, മലപ്പുറം 428, ആലപ്പുഴ 334, കണ്ണൂര്‍ 233, പാലക്കാട് 92, കാസര്‍ഗോഡ് 100, ഇടുക്കി 95, വയനാട് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 6, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ 4 വീതം, പത്തനംതിട്ട 3, കൊല്ലം, കണ്ണൂര്‍ 2 വീതം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 422, കൊല്ലം 317, പത്തനംതിട്ട 423, ആലപ്പുഴ 279, കോട്ടയം 1194, ഇടുക്കി 388, എറണാകുളം 605, തൃശൂര്‍ 506, പാലക്കാട് 201, മലപ്പുറം 645, കോഴിക്കോട് 797, വയനാട് 266, കണ്ണൂര്‍ 263, കാസര്‍ഗോഡ് 169 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

മലപ്പുറം മങ്കടയില്‍ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ മരിച്ചു

keralanews three killed when private bus hits goods auto in malappuram mankada

മലപ്പുറം: മങ്കട വേരുംപിലാക്കലില്‍ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ മരിച്ചു. ഗുഡ്സ് ഓട്ടോയില്‍ സഞ്ചരിച്ചവരാണ് മരിച്ചത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്.പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസും ചെടികളുമായി വരികയായിരുന്ന ഗുഡ്സ് ഓട്ടോയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.ഗുഡ്സ് ഓട്ടോ ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സംഭവം കണ്ട സ്ഥലവാസികള്‍ അറിയിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബസിനടിയില്‍ നിന്നും ഓട്ടോ പുറത്തെത്തിക്കാനായത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ഓട്ടോയില്‍ ഡ്രൈവര്‍ ക്യാബിനില്‍ വാഹനമോടിച്ചയാള്‍ക്കു പുറമേ രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. കോഴിക്കോട് മുക്കം അഗസ്ത്യമൂഴി സ്വദേശി എന്‍.സിജു ആണ് മരണമടഞ്ഞതില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാർച്ച് 15,16 തീയതികളിൽ ബാങ്ക് പണിമുടക്ക്

keralanews bank strike on march 15th and 16th against privatization policy of central govt

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ മാർച്ച് 15,16 തീയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍. ഹൈദരാബാദില്‍ ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളില്‍ ധര്‍ണ സംഘടിപ്പിക്കും. സംസ്ഥാനം, ജില്ല, നഗരം എന്നിങ്ങനെ കേന്ദ്രീകരിച്ച്‌ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച്‌ 10 വരെ റിലേ ധര്‍ണ സംഘടിപ്പിക്കാനും യൂണിയനുകള്‍ തീരുമാനിച്ചു.

എം.വി ജയരാജന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടു

keralanews mv jayarajan discharged from hospital

കണ്ണൂര്‍: കോവിഡ് ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആശുപത്രി വിട്ടു. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ചൊവ്വാഴ്ചയാണ് ജയരാജന്‍ വീട്ടിലേക്ക് മടങ്ങിയത്. രോഗമുക്തനായ ജയരാജന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.കോവിഡ് നെഗറ്റീവായെങ്കിലും രോഗ പ്രതിരോധശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജനുവരി 18-നാണ് കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് എം.വി. ജയരാജനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 20-ന് ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഏറെ വഷളാക്കിയിരുന്നു. ശ്വാസകോശത്തെ രോഗം സാരമായി ബാധിച്ചതോടെയാണ് എം.വി ജയരാജനെ മെഡിക്കല്‍ കോളജിലെ ഐ.സി.യുവിലേക്ക് മാറ്റിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.രോഗമുക്തനാവാന്‍ സഹായിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരോടും എം.വി ജയരാജന്‍ നന്ദി പറഞ്ഞു.

മരട് ഫ്‌ളാറ്റ് കേസില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്;നഷ്ട പരിഹാര തുകയുടെ പകുതി കെട്ടിവയ്ക്കാൻ നിർദേശം

keralanews supreme court issues warning to flat builders in marad flat case

ന്യൂഡൽഹി:മരട് ഫ്‌ളാറ്റ് കേസില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്;നഷ്ട പരിഹാര തുകയുടെ പകുതി കെട്ടിവയ്ക്കാൻ നിർദേശം നൽകി.തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി മരട് ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഫ്‌ളാറ്റ് ഉടമകളുടെ നഷ്ടപരിഹാരം ഏത് തരത്തില്‍ തീരുമാനിക്കണമെന്നുള്ള കാര്യമാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. സുപ്രീംകോടതി തന്നെ നഷ്ടപരിഹാര സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.115 കോടി രൂപയാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഉടമകള്‍ക്ക് നല്‍കേണ്ടതെന്നാണ് സമിതി കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു രൂപപോലും നിര്‍മാതാക്കള്‍ ഇതുവരെ നല്‍കിയിട്ടില്ല. 65 കോടി രൂപ പ്രാഥമിക നഷ്ടപരിഹാരമായി സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ ഉടമകള്‍ക്ക് നല്‍കിയിരുന്നു. നിര്‍മാതാക്കള്‍ നല്‍കാനുള്ള 115 കോടിയില്‍ ഈ തുകയും ഉള്‍പ്പെടും. ഇതുമായി ബന്ധപ്പെട്ട കേസാണ് കോടതി ഇന്ന് പരിഗണിച്ചത്. നഷ്ടപരിഹാരം തീരുമാനിക്കുന്ന രീതി മാറ്റണമെന്ന് വാദത്തിനിടെ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഹര്‍ജിയില്‍ തീരുമാനമെടുക്കുംവരെ 115 കോടിയുടെ പകുതിയെങ്കിലും കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ആലോചിച്ചശേഷം തീരുമാനം അറിയിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.

സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു

keralanews covid test rate increased in the state

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ആര്‍ ടി പി സി ആര്‍ പരിശോധനയുടെ വില 1500ല്‍ നിന്ന് 1700 ആയാണ് കൂട്ടിയത്. ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും.ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് 1500 രൂപയാക്കി ജനുവരിയിലാണ് പുനര്‍നിശ്ചയിച്ചത്. നേരത്തെ ഇത് 2100 രൂപയായിരുന്നു. എക്‌സ്‌പെര്‍ട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.ഒഡീഷയാണ് രാജ്യത്ത് ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് ഏറ്റവും കുറവ് നിരക്ക് ഈടാക്കുന്ന സംസ്ഥാനം. 400 രൂപയാണ് ഒഡീഷയില്‍ പരിശോധനാ നിരക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കൊവിഡ് പരിശോധനാ നിരക്ക് കുറച്ചിരുന്നു.