പാലക്കാട്:പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യ വീട്ടുകാര്‍ വെട്ടിക്കൊന്നു.തേങ്കുറിശി സ്വദേശി അനീഷാണ് ദാരുണമായി കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച വൈകീട്ടാണ് ഞെട്ടിക്കുന്ന ക്രുര സംഭവം നടന്നിരിക്കുന്നത്.മരിച്ച അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും സുരേഷുമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡിവൈഎസ്പി പി ശശികുമാര്‍ പറയുകയുണ്ടായി. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ദുരഭിമാനക്കൊലയാണോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിശദമായി അന്വേഷിച്ചതിനു ശേഷമേ നിജസ്ഥിതി എന്തെന്ന് അറിയാനാകൂവെന്നും ഡിവൈഎസ്പി വ്യക്തമാക്കി.അതേസമയം ദുരഭിമാനക്കൊലയാണ് നടന്നതെന്ന് അനീഷിന്റെ പിതാവ് പറഞ്ഞു.സ്കൂള്‍ കാലം മുതല്‍ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്നു മാസം മുന്‍പാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. വ്യത്യസ്ത ജാതിയില്‍പെട്ട ഇവരുടെ വിവാഹത്തില്‍ ഹരിതയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്കു കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ജാതി വ്യത്യാസമുണ്ടെന്നും മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കില്ലെന്നും ഇവര്‍ ഭീഷണി മുഴക്കിയതായും അനീഷിന്റെ പിതാവ് വ്യക്തമാകുന്നു.അനീഷും സഹോദരനും കൂടി ബൈക്കില്‍ പോവുകയായിരുന്നു. സമീപത്തെ കടയില്‍ സോഡ കുടിക്കാനായി ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാകും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍
തിരുവനന്തപുരം:21 വയസ്സുകാരി ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാകും.രാജ്യത്തെ തന്നെ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആര്യ. മുടവന്‍മുകള്‍ കൗണ്‍സിലറായ ആര്യ, ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു. ഓള്‍ സെയിന്റ്‌സ് കോളജിലെ ബിഎസ്സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയാണ്.വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ. പേരൂര്‍ക്കടയില്‍നിന്നു ജയിച്ച ജമീല ശ്രീധരന്‍, വഞ്ചിയൂരില്‍നിന്നു ജയിച്ച ഗായത്രി ബാബു എന്നിവരെയും പരിഗണിച്ചിരുന്നു. എന്നാല്‍ യുവപ്രതിനിധി എന്നതാണ് ആര്യയ്ക്കു നറുക്കുവീഴാന്‍ കാരണമായത്.പാർട്ടി ഏല്‍പിച്ച ദൗത്യം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ആര്യ പറഞ്ഞു.ആര്യ തിരുവനന്തപുരം മേയറാകുന്നതോടെ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യയ്ക്കും തിരുവനന്തപുരത്തിനും സ്വന്തമാകുന്നത്.
കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം;നാല് പ്രതികളും കസ്റ്റഡിയില്‍
കാസര്‍കോട്: കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇർഷാദ്,ഇസഹാഖ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദാണ് അബ്ദുള്‍ റഹ്മാനെ കുത്തിവീഴ്ത്തിയതെന്ന് ഇസഹാഖ് പോലീസിന് മൊഴി നല്‍കി. ഹസനും ആഷിറും കൃത്യത്തില്‍ പങ്കെടുത്തെന്നും ഇസഹാഖ് പോലീസിനോട് വെളിപ്പെടുത്തി.ബുധനാഴ്ച്ച രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇര്‍ഷാദിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ ഇന്നലെ രാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണം നടത്തിയതായി ഇര്‍ഷാദും പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.അതേസമയം ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തായിരുന്നു. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കിയാല്‍ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കിയാല്‍ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അഗ്നിശമന സേന അസിസ്റ്റന്‍റ് മാനേജര്‍ കെ.എല്‍. രമേശിനെയാണ് പിരിച്ചു വിട്ടത്.തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രമേശന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. അച്ചടക്ക ലംഘനം നടത്തിയതിനാണ് രമേശിനെതിരെ നടപടിയെടുത്തതെന്നാണ് സംഭവത്തില്‍ കിയാല്‍ നല്‍കുന്ന വിശദീകരണം. അതേസമയം, ജീവനക്കാരുടെ സ്വതന്ത്ര സംഘടന രൂപീകരിച്ചതിനാണ് ജോലിയില്‍ നിന്നും പുറത്താക്കിയതെന്നാണ് രമേശന്‍ പറയുന്നത്. തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ഒൻപത് കോടി കര്‍ഷകരെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് ഒൻപത് കോടി കര്‍ഷകരെ അഭിസംബോധന ചെയ്യും. കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ നിലപാട് മോദി വ്യക്തമാക്കിയേക്കും.കൂടാതെ പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു സാമ്പത്തിക സഹായമായ 18,000 കോടി രൂപ നല്‍കും.ഉച്ചയ്ക്ക് വെര്‍ച്വലായി നടക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേഷണമുണ്ടാകും. വലിയ സ്ക്രീനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.പ്രത്യേകം അച്ചടിച്ച ലഘുലേഖകളും വിതരണം ചെയ്യും. ഉള്ളടക്കം പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തതായിരിക്കും.മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി മേധാവി ജെ പി നദ്ദ കേന്ദ്രമന്ത്രിമാര്‍ക്കും, എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും നിര്‍ദേശം നല്‍കി.
എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു
തിരുവനന്തപുരം:എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷ സമയം നീട്ടുന്നു. 15 മിനിട്ട് വീതമാണ് നീട്ടുന്നത്.80 മാര്‍ക്ക് ഉള്ള പരീക്ഷയ്ക്ക് മൂന്നു മണിക്കൂറാണ് അനുവദിക്കുക. 60 മാര്‍ക്ക് ഉള്ള പരീക്ഷയ്ക്ക് രണ്ടരമണിക്കൂര്‍ അനുവദിക്കും. 40 മാര്‍ക്ക് ഉള്ള പരീക്ഷയ്ക്ക് ഒന്നരമണിക്കൂര്‍ ആണ് അനുവദിക്കുക.2021 മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പരീക്ഷ. പ്ലസ് ടു പരീക്ഷ രാവിലെയും എസ്‌എസ്‌എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവും നടത്തും,പ്രത്യേക പരിഗണന നല്‍കുന്ന പാഠഭാഗത്ത് നിന്ന് 100 ശതമാനം മാര്‍ക്കിന്റെയും ചോദ്യങ്ങളുണ്ടാവും.ഏതെല്ലാം പാഠഭാഗമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളില്‍ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നല്‍കും.പരീക്ഷയ്ക്ക് ശേഷം ഉന്നത പഠനത്തിനായി കരിയര്‍ഗൈഡന്‍സ് നടപ്പാക്കും. ഓണ്‍ലൈനായാകും സംപ്രേഷണം.അതേസമയം, പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പരീക്ഷാ ആയാസം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓപ്ഷണല്‍ രീതിയിലാവും ചോദ്യ പേപ്പര്‍ തയാറാക്കുക. മാര്‍ച്ച് 17 മുതല്‍ നടക്കുന്ന പരീക്ഷകളില്‍ രാവിലെ പ്ലസ്ടു പരീക്ഷയും ഉച്ചയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയും നടത്തും. പ്രാക്റ്റിക്കല്‍ പരീക്ഷയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.
അഭയ കേസ്;വിധിക്കെതിരെ അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം:സിസ്റ്റർ അഭയ കൊലക്കേസിൽ വിധിക്കെതിരെ അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയിലേക്ക്. ക്രിസ്മസ് അവധിക്ക് ശേഷം പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും കോടതിയെ സമീപിക്കും. അഡ്വ. രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍ നല്‍കുക.കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ ഷിഗെല്ല രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെ;രോഗവ്യാപനം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ്
കോഴിക്കോട്:ജില്ലയിൽ ഷിഗെല്ല ബാധയുണ്ടായത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് റിപ്പോർട്ട്. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ആരോഗ്യ വകുപ്പിന് കൈമാറിയ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വീണ്ടും രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.കോഴിക്കോട് ജില്ലയിൽ കോട്ടാംപറമ്പ് മുണ്ടിക്കൽ താഴത്ത് ഷിഗല്ല ബാധയുണ്ടായത് വെള്ളത്തിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വീണ്ടും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്. കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ലക്ഷണങ്ങൾ ഉള്ളവർ വളരെ വേഗം ചികിത്സ തേടണമെന്നും നിർദേശിച്ചു. പ്രാഥമിക റിപ്പോർട്ടിലും മെഡിക്കൽ കോളേജ് ടീം ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സമിതിയും രോഗം പടർന്നത് വെള്ളത്തിൽ നിന്ന് തന്നെയെന്ന് നിഗമനത്തിലാണ്. ഷിഗെല്ല ബാധിച്ച് മരിച്ച പതിനൊന്നു വയസ്സുകാരന്റെ വീട്ടിലേയും സമീപത്തേയും അഞ്ച് കിണറുകളിലെ വെള്ളം പരിശോധിച്ചതിൽ രണ്ട് കിണറുകളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മുണ്ടിക്കൽ താഴത്ത് ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 52 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഫറോക്കിൽ കഴിഞ്ഞ ദിവസം ഒന്നര വയസ്സുള്ള കുട്ടിക്കും രോഗം സ്ഥീരികരിച്ചു. ആ ഭാഗത്തും ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
കാസർകോട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം;മുഖ്യ പ്രതി ഇര്‍ഷാദ് കസ്റ്റഡിയില്‍
കാസര്‍കോട്:കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഇർഷാദ് കസ്റ്റഡിയിൽ.മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ഇര്‍ഷാദിനെ വ്യാഴാഴ്ച രാത്രിയോടെയാണ് പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് അറിയിച്ചു. അതിനിടെ കൊല്ലപ്പെട്ട ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഹൃദയത്തിലേറ്റ മുറിവാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഔഫിന്റെ ഹൃദയധമനിയില്‍ മുറിവേറ്റിരുന്നു. അതിവേഗം രക്തം വാര്‍ന്ന് ഉടന്‍ മരണം സംഭവിക്കാന്‍ ഇത് കാരണമായി. ഒറ്റക്കുത്തില്‍ ശ്വാസകോശം തുളച്ചു കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തില്‍ നാല് പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കുമെന്നാണ് സൂചന. മുഖ്യസാക്ഷി ഷുഹൈബ് മൊഴിയില്‍ പരാമര്‍ശിച്ച മുണ്ടത്തോട് സ്വദേശികളായ രണ്ട് പേരെയാണ് ആദ്യം പ്രതി ചേര്‍ക്കുക. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഔഫ് എന്ന അബ്ദുള്‍ റഹ്മാനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.അതിനിടെ, കാഞ്ഞങ്ങാട് മേഖലയില്‍ സംഘര്‍ഷമുണ്ടായി. കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയില്‍ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തു. ഔഫിന്റെ കബറടക്കത്തിന് പിന്നാലെയായിരുന്നു ആക്രമണം. പോലിസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്; എം.ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി എം.ശിവശങ്കരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂര്‍ത്തിയാവാനിരിക്കേയാണ് ഇഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം തേടി പ്രതിചേര്‍ക്കപ്പെട്ട വ്യക്തിക്ക് കോടതിയെ സമീപിക്കാം. എം ശിവശങ്കര്‍ ഇങ്ങനെയൊരു നിയമസാധ്യത ഉപയോഗിച്ച് ജാമ്യം നേടി പുറത്തുപോയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി കരുതുന്നു. ഈ സാഹചര്യത്തിലാണ് അനുബന്ധ കുറ്റപത്രം ഇന്ന് നല്‍കിയത്.ഇതോടെ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു.കേസ് അന്വേഷിക്കുന്ന ഇഡി സംഘം സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്.മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വർണക്കടത്തിന്റെ വിവിധ വശങ്ങള്‍ കേന്ദ്രീകരിച്ച് കസ്റ്റംസും എന്‍ഐഎയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട് ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാല്‍ അതു അന്വേഷണത്തെ ബാധിക്കുമെന്നും ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.സ്വർണക്കടത്തിന്റെ പ്രധാന ബുദ്ധികേന്ദ്രമാണ് ശിവശങ്കര്‍ എന്ന് ഇഡിയുടെ കുറ്റപത്രത്തില്‍ പറയുന്നത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരടങ്ങിയ സഹായത്തിന് എല്ലാ സഹായവും ശിവശങ്കര്‍ ചെയ്തു കൊടുത്തു. ശിവശങ്കറിന്റെ അറിവോടെയാണ് കള്ളക്കടത്ത് നടന്നത്. കള്ളക്കടത്തിലൂടെ വലിയ സമ്പാദ്യമാണ് ശിവശങ്കര്‍ നേടിയത്. കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം സൂക്ഷിക്കാനായി സ്വപ്നയെ ശിവശങ്കര്‍ ഉപയോഗിച്ചുവെന്നു കണ്ടെത്തിയതായും ഇഡി കോടതിയില്‍ പറഞ്ഞിരുന്നു.