കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും

keralanews adv t o mohanan will be kannur mayor

കണ്ണൂർ: സംസ്ഥാനത്ത് യു.ഡി.എഫിന് ഭരണം കിട്ടിയ ഏക കോർപറേഷനായ കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ മേയറാകും. ഞായറാഴ്ച നടന്ന കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ വോട്ടെടുപ്പിലൂടെയാണ് അഡ്വ. ടി.ഒ. മോഹനനെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തത്. ഏതാനും ദിവസങ്ങളായി കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചകളിലൊന്നും സമവായത്തിൽ മേയർ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കോർപറേഷൻ കോൺഗ്രസ് പാർട്ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തത്. ഇതിലും സമവായത്തിൽ എത്താനാകുന്നില്ലെങ്കിൽ വോട്ടെടുപ്പ് നടത്തി മേയർ സ്ഥാനാർത്ഥിയെ തീരുമനിക്കാൻ കെപിസിസി ഡി.സി.സിക്ക് നിർദ്ദേശം നൽകിയിരുന്നു. മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷും അഡ്വ.ടി.ഒ. മോഹനനും തമ്മിലായിരുന്നു പ്രധാനമായും മേയർ സ്ഥാനത്തിന് വേണ്ടി മത്സരിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് അടക്കം മുന്നുപേരാണ് ആദ്യം രംഗത്തുണ്ടായിരുന്നത്. പി.കെ. രാഗേഷും ടി.ഒ. മോഹനനും ഉറച്ചു നിന്നതോടെ മാർട്ടിൻ ജോർജ് മത്സര രംഗത്തു നിന്നും ഒഴിവായി. ടി.ഒ. മോഹനന് 11 വോട്ടും പി.കെ. രാഗേഷിന് ഒമ്പത് വോട്ടും കിട്ടി. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഡ്വ. ടി.ഒ. മോഹനൻ മേയറാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.ഡി സി സി ഓഫീസിൽ നടന്ന യോഗത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എം പി, ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരും പങ്കെടുത്തു.കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ടി ഓ മോഹനൻ ഡി സി സി ജനറൽ സെക്രട്ടറിയായിരുന്നു.നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമാണ്.

കൊവിഡ് വാക്‌സിന്‍; നാല് സംസ്ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടത്തും

keralanews covid vaccine dry run will be held today in four states

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തര അനുമതി നല്‍കാനിരിക്കെ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് കുത്തിവെപ്പിന്റെ ഡ്രൈ റണ്‍ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.കുത്തിവെപ്പിനെ തുടര്‍ന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്‍ നടത്തുമ്ബോള്‍ നിരീക്ഷിക്കപ്പെടും. ഡ്രൈ റണ്ണിലെ അന്തിമ വിലയിരുത്തല്‍ സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാരുമായി പങ്ക് വെക്കും.അടുത്തയാഴ്ച വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കുമെന്നാണ് വിവരം. ഓക്‌ഫോര്‍ഡ് സര്‍വകലാശാലയും പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീല്‍ഡ് മാത്രമാണ് വിശദമായ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പരിശോധിച്ച്‌ വരികയാണ്. കോവാക്‌സിനും ഫൈസറും കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.

സംസ്ഥാനത്ത് മേയര്‍, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്

keralanews mayor and chairperson election in the state today

തിരുവനന്തപുരം:സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും മേയര്‍, ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.രാവിലെ 11ന് മേയര്‍, ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പും ഉച്ചയ്ക്കു രണ്ടിന് ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പഴ്സന്‍ തെരഞ്ഞെടുപ്പുമാണ്. ജില്ലാ കലക്ടറാണ് കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വരണാധികാരി. മുന്‍സിപ്പാലിറ്റിയിലെ തിരഞ്ഞെടുപ്പിനായി വരണാധികാരികളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.ഓപ്പണ്‍ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തിയാകും വോട്ട് ചെയ്യുക.നാമനിര്‍ദേശം ചെയ്ത സ്ഥാനാര്‍ഥി ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. രണ്ടു സ്ഥാനാര്‍ഥികളാണെങ്കില്‍ കൂടുതല്‍ സാധുവായ വോട്ട് കിട്ടുന്നയാള്‍ തിരഞ്ഞെടുക്കപ്പെടും. രണ്ടു സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ചാല്‍ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. കൗണ്‍സില്‍ ഹാളില്‍ സാമൂഹിക അകലം, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്.

ജനുവരി ഒന്നു മുതല്‍ പത്ത്,പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കുന്നു;മാർഗനിർദേശങ്ങൾ പുറത്തിറക്കി

keralanews 10th plus two classes starts from january 1st guidelines issued

തിരുവനന്തപുരം:ജനുവരി ഒന്നു മുതല്‍ പത്ത്,പ്ലസ്ടു ക്ലാസുകള്‍ ആരംഭിക്കുന്നു.ഇതിനായുള്ള മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് പുറത്തിറക്കി.ആദ്യഘട്ടത്തില്‍ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്കൂളുകളില്‍ അനുവദിക്കാന്‍ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസ് ക്രമീകരിക്കണം. രണ്ട്‌ ഷിഫ്റ്റുകളായാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടത്. രാവിലെ ഒന്‍പതിനോ അല്ലെങ്കില്‍ പത്തിനോ ആരംഭിച്ച്‌ പന്ത്രണ്ടിനോ ഒന്നിനോ അവസാനിക്കുന്ന ആദ്യഷിഫ്റ്റും ഒരുമണിക്കോ അല്ലെങ്കില്‍ രണ്ടുമണിക്കോ ആരംഭിച്ച്‌ നാലിനോ അഞ്ചിനോ അവസാനിക്കുന്ന രണ്ടാമത്തെ ഷിഫ്റ്റും.സ്കൂളിലെ ആകെയുള്ള കുട്ടികള്‍, ലഭ്യമായ ക്ലാസ് മുറികള്‍, മറ്റുസൗകര്യങ്ങള്‍ എന്നിവ കണക്കിലെടുത്തുവേണം സ്കൂളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണം തീരുമാനിക്കാന്‍. കുട്ടികള്‍ തമ്മില്‍ കുറഞ്ഞത് രണ്ടുമീറ്റര്‍ ശാരീരികാകലം പാലിക്കണം. ആവശ്യമെങ്കില്‍ ഇതിനായി മറ്റ് ക്ലാസ് മുറികള്‍ ഉപയോഗപ്പെടുത്തണം. പല ബാച്ചുകളിലെ കുട്ടികള്‍ക്ക് ക്ലാസ് തുടങ്ങുന്നസമയം, ഇടവേള, അവസാനിക്കുന്ന സമയം തുടങ്ങിയവ വ്യത്യസ്തമായി ക്രമീകരിക്കണം.

300 കുട്ടികള്‍ വരെയുള്ള ഇടങ്ങളില്‍ ഒരു സമയം 50 ശതമാനം വരെ കുട്ടികള്‍ക്ക് ഹാജരാകാം. മാസ്‌ക്കും സാനിറ്റൈസറും നിർബന്ധമാണ്. കുട്ടികള്‍ കുടിവെള്ളം കൈമാറുകയോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അധ്യാപകര്‍, സ്കൂള്‍ ജീവനക്കാര്‍), രോഗലക്ഷണമുള്ളവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കുശേഷം മാത്രമേ സ്കൂളില്‍ ഹാജരാകാന്‍ പാടുള്ളു. സ്കൂളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തണം.മാസ്ക്,ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവയും സജ്ജീകരിക്കേണ്ടതാണ്. സ്റ്റാഫ്റൂമിലും അധ്യാപകര്‍ നിശ്ചിത അകലം പാലിക്കണം. ശാരീരികാകലം പാലിക്കുന്നത് ഓര്‍മിപ്പിക്കുന്ന പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവയും സ്കൂളില്‍ പതിപ്പിക്കണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവശ്യഘട്ടങ്ങളില്‍ ആരോഗ്യപരിശോധനാ സൗകര്യവും ഒരുക്കണം. സ്കൂള്‍ വാഹനങ്ങളിലും മറ്റുവാഹനങ്ങളിലും സാമൂഹികാകലം ഉറപ്പുവരുത്തണം. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും എല്ലാ സ്കൂളുകളിലും കോവിഡ്സെല്‍ രൂപവത്കരിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ യോഗംകൂടി സാഹചര്യം വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്.സ്‌കൂള്‍ വാഹനത്തിനുള്ളിലും മറ്റു വാഹനങ്ങളിലും സാമൂഹികഅകലം പാലിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്നതിനു മുൻപ് തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം. വാഹനങ്ങള്‍ക്കുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം.

ജപ്തി നടപടികൾക്കിടെ തീ കൊളുത്തി ആത്മഹത്യ ഭീഷണി;പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു

keralanews suicide threat by setting fire during confiscation proceedings man died

തിരുവനന്തപുരം:കോടതിയുത്തരവു പ്രകാരം ജപ്തി നടപടികൾക്ക് എത്തിയവർക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം നടനനത്. രാജന്‍ അയല്‍വാസിയായ വസന്തയുടെ വസ്തു കൈയേറി കുടില്‍കെട്ടിയെന്ന പരാതിയുണ്ടായിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചു. കമ്മിഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച്‌ പെട്രോള്‍ ദേഹത്തൊഴിച്ചു.കയ്യിൽ കരുതിയ ലൈറ്ററിൽ നിന്നും തീ ദേഹത്തേക്ക് പടരുകയായിരുന്നു.തീ ആളിക്കത്തിയതോടെ ജപ്തിക്ക് വന്നവര്‍ അമ്പരന്നു.പോലീസുകാര്‍ ഉടൻ തീയണയ്ക്കാന്‍ നോക്കി. എന്നാല്‍ പെട്രോളായതിനാല്‍ പെട്ടന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.എന്നാൽ രാജന്റെ ജീവൻ രക്ഷിക്കാനായില്ല.അതേസമയം താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പോലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്ന രാജന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.മരിക്കാന്‍ വേണ്ടിയല്ല താന്‍ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. കോടതിയുത്തരവ് നടപ്പാക്കാനെത്തിയവരെ പിന്തിരിപ്പിക്കാനായിരുന്നു ആത്മഹത്യശ്രമം. കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചുവെന്നാണ് രാജന്‍ പറഞ്ഞത്. എന്നാല്‍ അത് വലിയ ദുരന്തമായി മാറുകയായിരുന്നു.

അതേസമയം തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചു. ‘പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാന്‍, പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുൻപ്  പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക് മനഃശ്ശാന്തി കിട്ടൂ’, മകന്‍ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.’പൊലീസുകാര്‍ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോൾ ഷര്‍ട്ടില്‍ പിടിച്ച്‌ ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവർക്ക് ഭക്ഷണം നല്‍കുമായിരുന്നു’. അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നുവെന്നും മറ്റൊരു മകന്‍ രാഹുല്‍ പറഞ്ഞു.രാജന്റെ മൃതദേഹം കുടിയൊഴിപ്പിക്കപ്പെട്ട വീട്ടില്‍ തന്നെ സംസ്‌കരിക്കരണം എന്നാണ് ബന്ധുക്കള്‍ ആവര്‍ത്തിക്കുന്നത്. ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ കൂടി ദേശീയ ഗുണനിലവാര(എൻ ക്യൂ എ എസ്) അംഗീകാരം

keralanews national quality nqas accreditation for 13 government hospitals in the state

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു.കോട്ടയം പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്കോർ 94.34), മലപ്പുറം മൊറയൂർ കുടുംബാരോഗ്യ കേന്ദ്രം (92.73), കോഴിക്കോട് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം (92.16), കണ്ണൂർ എരമംകുറ്റൂർ കുടുംബാരോഗ്യ കേന്ദ്രം (92.6 ), കല്ല്യാശേരി കുടുംബാരോഗ്യ കേന്ദ്രം (91.8) എന്നീ കേദ്രങ്ങൾക്കാണ് ഇപ്പോൾ ദേശീയ ഗുണനിലവാര അംഗീകാരമായ എൻക്യൂഎഎസ് ബഹുമതി ലഭിച്ചത്.

ഇതുകൂടാതെ തൃശൂർ വേലൂർ കുടുംബാരോഗ്യ കേന്ദ്രം (95), കണ്ണൂർ ചെറുകുന്നുത്തറ (88), കണ്ണൂർ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം (84), കണ്ണൂർ ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രം (94), പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രം (87.5), തിരുവനന്തപുരം കരകുളം കുടുംബാരോഗ്യ കേന്ദ്രം (90) ,പുളിങ്കോം പ്രാഥമികാരോഗ്യ കേന്ദ്രം (90), എറണാകുളം മനീട് പ്രാഥമികാരോഗ്യ കേന്ദ്രം (95) എന്നീ കേന്ദ്രങ്ങള്ക്കും അടുത്തിടെ എൻക്യുഎഎസ് ബഹുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണ്.ഇന്ത്യയിൽ ആകെയുള്ള 5190 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളുള്ളതിൽ 36 എണ്ണത്തിന് മാത്രമാണ് എൻ.ക്യു.എ.എസ്. അഗീകാരം ലഭിച്ചിട്ടുള്ളത്. അതിൽ 7 എണ്ണം കേരളത്തിലാണ്. 21 അർബൻ പ്രൈമറി സെന്ററുകൾക്ക് നോമിനേഷൻ ലഭിച്ചിരുന്നു.അതിൽ വിലയിരുത്തലുകൾ പൂർത്തിയായ 7 സ്ഥാപനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.

ഇതോടെ സംസ്ഥാനത്തെ 85 സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 7 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ,66 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസറകോട് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോർ കരസ്ഥമാക്കി ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്താണ്.

ജില്ലാതല ആശുപത്രികളുടെ പട്ടികയിൽ 96 ശതമാനം സ്‌കോർ നേടി ഡബ്ല്യൂ & സി ആശുപത്രി കോഴിക്കോടും, സബ്ജില്ലാ ആശുപത്രികളുടെ പട്ടികയിൽ 98.7 ശതമാനം സ്‌കോർ നേടി താലൂക്ക് ആശുപത്രി ചാലക്കുടിയും ഇന്ത്യയിൽ ഒന്നാമതാണ്. കണ്ണൂര് ജില്ലയിലെ 20 സ്ഥാപനങ്ങൾക്കാണ് എന്.ക്യൂ.എ.എസ് അംഗീകാരം ലഭിച്ചത്. ഇത്രയേറെ എന്ക്യുഎഎസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂർ.

മോഷ്ടാവെന്ന് ആരോപിച്ച്‌ തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി

keralanews malayalee youth was beaten to death in tamilnadu

തമിഴ്നാട്:മോഷ്ടാവെന്ന് ആരോപിച്ച്‌ തിരുച്ചിറപ്പള്ളി അല്ലൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി.തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്നു സംശയിച്ച്‌ ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. അരവിന്ദനെ ജിയാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ചേര്‍ന്ന് വീട് കുത്തിതുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ യുവാക്കളെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ദീപുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള അരവിന്ദിന്റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ഇവര്‍ മോഷണം നടത്തിയോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇവര്‍ എന്തിനാണ് തിരുച്ചിറപ്പള്ളിയില്‍ എത്തിയതെന്നതും വ്യക്തമല്ല.

ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

keralanews covid confirms eight people who came to kerala from britain

തിരുവനന്തപുരം: ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ എട്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ.ഇവരെ ബാധിച്ചിരിക്കുന്നത് ജനിതമാറ്റം സംഭവിച്ച വൈറസ് ആണോയെന്ന് വ്യക്തമല്ല. ഇവരില്‍ നിന്നുമെടുത്ത സാംപിള്‍ പൂനെയിലെ വൈറോളജി ലാബില്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കും. മുന്‍ ദിവസങ്ങളില്‍ ബ്രിട്ടണില്‍ നിന്നും വന്നവരെയും നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈസിനും നിലവിലെ വാക്സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ നിലപാടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ പ്രഹരശേഷിയുള്ള കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് 23 മുതല്‍ ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും നിരീക്ഷിച്ചുവരികയാണ്.

നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു

keralanews actor anil nedumangad drowned

ഇടുക്കി: നടൻ അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചു.ഇടുക്കി മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.ജോജു ജോര്‍ജ്ജ് നായകനാകുന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയില്‍ എത്തിയത്.ഇന്നലെ ക്രിസ്തുമസ് പ്രമാണിച്ചു ഷൂട്ടിങ് ഉണ്ടായിരുന്നില്ല.ഷൂട്ടിങ് ഇല്ലാത്തതിനാല്‍ വൈകിട്ട് 5 മണിയോടെയാണ് മണക്കാട് ലൊക്കേഷനില്‍ നിന്നും അനിലും സുഹൃത്തുക്കളായ കൊല്ലം പത്താനാപുരം സ്വദേശി അരുണ്‍, തിരുവനന്തപുരം സ്വദേശി വിനോദും കൂടി കാറില്‍ മലങ്കര ഡാമിലേയ്ക്ക് പുറപ്പെട്ടത്. ഇവിടെ കുളിക്കാന്‍ വേണ്ടി ഇറങ്ങുകയായിരുന്നു അനില്‍. ഈ ഭാഗത്തേയ്ക്ക് ആദ്യം ഇറങ്ങിയ അനില്‍ അല്‍പ്പംകൂടി താഴേയ്ക്കിറങ്ങുന്നതിനായി വെള്ളത്തിലേയ്ക്ക് കാലെടുത്തുവച്ചതോടെ ബാലന്‍സ് തെറ്റി ജാലാശയത്തില്‍ പതിക്കുകയായിരുന്നു. പോലീസുകാരും സമീപവാസികളും ചേര്‍ന്നാണ് അനിലിന്റെ മൃതദേഹം കണ്ടെത്തിയത്. കരയ്‌ക്കെത്തിക്കുമ്പോൾതന്നെ അനില്‍ മരണമടഞ്ഞിരുന്നു. ഉടനെ അടുത്തുള്ള തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. തുടര്‍ന്ന് കോവിഡ് ടെസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയതിനുശേഷമേ മൃതദേഹം വിട്ടുനല്‍കൂ. ടിവി ചാനലുകളിലൂടെയുള്ള പ്രോഗ്രാമുകളിലൂടെയാണ് അനില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. തസ്‌കരവീരനായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം. രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപസ്സിലൂടെയാണ് ശ്രദ്ധേയനാവുന്നത്. അയ്യപ്പനും കോശിയിലെ സിഐ സതീഷ്‌നായര്‍ അനിലിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി. പൊറിഞ്ചു മറിയം ജോസിലെ കുര്യന്‍, കമ്മട്ടിപാടത്തിലെ സുരേന്ദ്രന്‍, പരോളിലെ വിജയന്‍ തുടങ്ങിയവയാണ് അനിലിന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍.

പാലക്കാട് ദുരഭിമാനക്കൊല:കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് പിടിയില്‍

keralanews palakkad honour killing father in law of aneesh under custody

പാലക്കാട് : പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരിൽ കുഴല്‍മന്ദം ഏനമന്ദം സ്വദേശി അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ പിതാവ് പ്രഭുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി അറസ്റ്റ്‌ ചെയ്ത പെണ്‍കുട്ടിയുടെ അമ്മാവന്‍ സുരേഷിന്റെയും പ്രഭാകുമാറിന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.അനീഷും ഭാര്യ ഹരിതയും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണ്. ഇവരുടെ വിവാഹത്തിന് ഹരിതയുടെ വീട്ടുകാര്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു. എന്നാല്‍ മൂന്നു മാസം മുന്‍പ് ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഹരിതയുടെ വീട്ടുകാര്‍ ഇതിനുശേഷവും ഭീഷണി തുടര്‍ന്നിരുന്നു. ഇന്നലെ സഹോദരനൊപ്പം കടയില്‍ പോവുമ്ബോഴാണ് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്. വൈകിട്ടോടെ ബൈക്കില്‍ സഹോദരനൊപ്പം കടയിലേക്ക് പോയ അനീഷിനെ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷും ചേര്‍ന്ന് വെട്ടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി അനീഷ് മരിച്ചു.