ആരോപണത്തിൽ കഴമ്പില്ല;സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്

keralanews no truth in the allegations jail department has denied the allegation that swapna suresh was threatened in jail

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് മൊഴിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ ഡിഐജി സമര്‍പിച്ച റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഉടന്‍ സര്‍ക്കാരിന് കൈമാറും. സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച്‌ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ജയില്‍ വകുപ്പ് അന്വേഷണം നടത്തിയത്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ നേരത്തെ ബോധിപ്പിച്ചത്.നവംബര്‍ 25 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പോലീസുകാരോ എന്നു സംശയിക്കുന്ന ചിലര്‍ വന്നു കണ്ടു. കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്‍റെ കുടുംബത്തെയും ജയിലിനകത്തു വച്ച്‌ തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണു തങ്ങളെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു. അപേക്ഷ പരിഗണിച്ച കോടതി സ്വപ്ന സുരേഷിനു ജയിലില്‍ സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.അതേസമയം സ്വപ്നയുടെ അമ്മയും മക്കളും ഉള്‍പ്പെടെയുള്ള അഞ്ചു ബന്ധുക്കളും കസ്റ്റംസ്, ഇ.ഡി, വിജിലന്‍സ് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരും ജയിലില്‍ അവരെ കണ്ടിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. അമ്മ, സഹോദരന്‍, ഭര്‍ത്താവ്, രണ്ടു മക്കള്‍ എന്നിവര്‍ക്ക് കസ്റ്റംസ്, ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമാണ് കാണാനാവുക. കൊഫെപോസ ചുമത്തിയതിനാല്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കൊച്ചിയില്‍ കോടതിയില്‍ ഹാജരാക്കിയതല്ലാതെ, പുറത്തു കൊണ്ടുപോയിട്ടില്ല. ഇത്തരം കടുത്ത നിയന്ത്രണങ്ങളുള്ള ജയിലില്‍ നാലുപേര്‍ നിരവധി തവണയെത്തി ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതി കെട്ടിച്ചമച്ചതാണെന്നാണ് ജയില്‍വകുപ്പിന്റെ നിഗമനം.

മന്ത്രി എ സി മൊയ്തീന്റെ വോട്ട്; ചട്ടലംഘനം സംഭവിച്ചിട്ടില്ലെന്ന് തൃശ്ശൂര്‍ ജില്ല കളക്ടറുടെ റിപ്പോര്‍ട്ട്

keralanews vote of minister ac moideen thrissur district collector reports that no violation has taken place

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങില്‍ മന്ത്രി എ സി മൊയ്തീന്‍ ഏഴ് മണിക്ക് മുന്‍പ് വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മന്ത്രി വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെതൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങില്‍ മന്ത്രി എ സി മൊയ്തീന്‍ ഏഴ് മണിക്ക് മുന്‍പ് വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. മന്ത്രി വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കി.മന്ത്രി 6.55 ന് വോട്ട് ചെയ്‌തെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകള്‍ ബാക്കിയുണ്ടായിരുന്നു എന്ന് ആക്ഷേപം ഉയര്‍ന്നു.എന്നാല്‍ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതില്‍ ഏതെങ്കിലും തരത്തില്‍ എതിര്‍പ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വാര്‍ത്തയായതോടെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തുകയായിരുന്നു.

ആയുർവേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി;ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക്;ദുരിതത്തിലായി രോഗികൾ

keralanews permission for doing surgery to ayurveda doctors nationwide strike by allopathic doctors today
തിരുവനന്തപുരം:ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക് വിവിധ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്‌ടര്‍മാർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ഐഎംഎയുടെയും കെജിഎംസിടിഎയുടെയും നേതൃത്വത്തിലാണ് സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒ.പി ബഹിഷ്കരണം. 11 മണിക്ക് രാജ്ഭവന് മുന്നില്‍ ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും.ആയുർവേദ പോസ്റ്റ് ഗ്രാജുവേറ്റുകള്‍ക്ക് വിവിധ തരം ശസ്ത്രക്രിയകൾ ചെയ്യാമെന്ന സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്‍റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഒപി ബഹിഷ്കരണം. കോവിഡ്, അത്യാഹിത ചികിത്സാ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ചെയ്യില്ല. സ്വകാര്യ പ്രാക്ടിസും ഉണ്ടാകില്ല. ആയുർവേദ ഡോക്ടർമാർക്ക്, ശസ്ത്രക്രിയക്ക് അനുമതി നൽകുന്നത് പൊതുജനാരോഗ്യത്തിന് എതിരാണെന്നാണ് ഐഎംഎയുടെ നിലപാട്. സമരം കിടത്തി ചികിത്സയെ ബാധിക്കില്ല . കോവിഡ് ആശുപത്രികളും പ്രവര്‍ത്തിക്കും.അതേസമയം സമരത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ആയുർവേദ സംഘടനകളുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ചു. അതിന്‍റെ ഭാഗമായി ഇന്ന് പരിശോധന സമയം വര്‍ധിപ്പിക്കും.

തുണി അലക്കികൊണ്ടിരിക്കെ വീട്ടമ്മ മണ്ണിടിഞ്ഞ് കുഴിയിലേക്ക് വീണു;പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റില്‍;സംഭവം നടന്നത് ഇരിക്കൂർ അഴിപ്പുഴയിൽ

keralanews housewife fell into a pit while washing the cloth and found inside well near the house incident happened in irikkur ayipuzha

കണ്ണൂര്‍: വസ്ത്രം അലക്കികൊണ്ടിരിക്കെ പൊടുന്നനെ രൂപപ്പെട്ട കുഴിയിലൂടെ താഴേക്ക് പോയ വീട്ടമ്മയെ പിന്നീട് കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റില്‍. ഇന്നലെ ഇരിക്കൂറില്‍ ഉണ്ടായ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും നാട്ടുകാരും വീട്ടുകാരും. കണ്ണൂരിലെ ഇരിക്കൂറില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഈ വിചിത്ര സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ കെ.എ അയൂബിന്റെ ഭാര്യ 42കാരി ഉമൈബയ്ക്കാണ് ഈ പേടിപ്പെടുത്തുന്ന അനുഭവം ഉണ്ടായത്. വീടിന്റെ അടുക്കളയുടെ സമീപത്തുവെച്ച്‌ ഉമൈബ വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കവേ പെട്ടെന്ന് ഭൂമി താഴ്ന്ന് പോവുകയും വീടിന് പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനടിയിലേക്ക് എത്തുകയുമായിരുന്നു. ഒരു വലിയ തുരങ്കത്തിലൂടെയാണ് കിണറിലേക്ക്പതിച്ചത്. കിണര്‍ ഇരുമ്ബ് ഗ്രില്‍ കൊണ്ട് മൂടിയതായിരുന്നു. വീട്ടുകിണറ്റിനുള്ളില്‍ നിന്നും കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ ഓടിച്ചെന്ന് നോക്കിയപ്പോള്‍ ഉമൈബയെ കാണുകയും ഒച്ചവെച്ച്‌ മറ്റുള്ളവരെ വിളിച്ചുകൂട്ടുകയും ചെയ്തു.നാട്ടുകാര്‍ ചേര്‍ന്ന് മട്ടന്നൂര്‍ പൊലീസിനേയും അഗ്‌നിശമന സേന വിഭാഗത്തേയും അറിയിച്ചതിന് പിന്നാലെ എല്ലാവരും ചേര്‍ന്ന് ഉമൈബയെ പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.25 കോല്‍ ആണ് വീട്ടമ്മ വീണ കിണറിന്റെ ആഴം. ഇവിടേക്കെത്തിയെ പൊലീസും ഫയര്‍ ഫോഴ്സും നടത്തിയ പരിശോധനയില്‍ ഉമൈബയുടെ വീട്ടിലെ കുഴിയില്‍ നിന്നും അടുത്ത വീട്ടിലെ കിണറ്റിലേക്ക് ഒരു തുരങ്കം രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ മലയോര മേഖലകളില്‍ അടുത്ത കാലങ്ങളില്‍ വന്‍ തുരങ്കം രൂപപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ നിന്നും നാട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്.അതേസമയം സോയില്‍ പൈപ്പിങ് എന്ന് പേരുള്ള പ്രതിഭാസമാണ് ഈ സംഭവത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ പെയ്ത ശേഷം തുരങ്കം രൂപപ്പെടുന്നത് അടക്കമുള്ള സംഭവങ്ങളാണ് ഇത്. ആയിപ്പുഴയിലും സംഭവിച്ചത് ഇതാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇവിടെ ജിയോളജി വകുപ്പ് അധികൃതരും പരിശോധനക്ക് എത്തും.

കടുത്ത തലവേദനയും കഴുത്തുവേദനയും;ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്‌ചത്തെ സാവകാശം തേടി സി എം രവീന്ദ്രന്‍

keralanews severe headache and neck pain cm raveendran seeks two week delay to appear for questioning

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍. രണ്ടാഴ്‌ചത്തെ സമയം വേണമെന്നതാണ് ആവശ്യം. തനിക്ക് കടുത്ത തലവേദനയും കഴുത്തുവേദനയുമാണെന്നാണ് രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും രവീന്ദ്രന്‍ കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.തനിക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രന്‍ കത്തില്‍ പറയുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് സി എം രവീന്ദ്രന്‍ എന്‍ഫോഴ്സ്‌മെന്റിനെ സമീപിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളായത് കൊണ്ടും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നതിനാലും ചോദ്യം ചെയ്യലില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് എന്നാണ് വിവരം. ഇ. ഡി സംഘം ഇന്ന് രവീന്ദ്രന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടും. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സംശയം തോന്നിയാല്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു തുടര്‍ നടപടിയെടുക്കാനാണ് സാധ്യത. അസുഖ ബാധിതനെങ്കില്‍ കൂടുതല്‍ സമയം അനുവദിക്കും. ശിവങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി വരുംവരെ സമയമുണ്ടെന്നും ഇതിനിടയില്‍ ചോദ്യം ചെയ്താല്‍ മതിയെന്നുമാണ് ഇ.ഡിയുടെ നിലപാട്.

28 വർഷത്തെ കാത്തിരിപ്പിന് വിരാമം;സിസ്റ്റർ അഭയ കൊലക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി;വിധി പ്രഖ്യാപനം ഡിസംബര്‍ 22 ന്

keralanews trial in sister abhaya murder case completed verdict to be announced on december 22

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഭയ കൊലക്കേസില്‍ വിധി പ്രഖ്യാപനം ഡിസംബര്‍ 22 ന്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവം നടക്കുന്നത്. കേസിലെ വിചാരണ പൂര്‍ത്തിയായി. ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതികളുടെ വാദം പൂര്‍ത്തിയായത്. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ വാദം പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ പ്രതികളുടെയും വാദം പൂര്‍ത്തിയായത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പ്രതി മറ്റാരോ ആണെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു.കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂര്‍ കോടതി മുന്‍പാകെ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ വാദത്തിന് പ്രോസിക്യൂഷന്‍ ഇന്ന് മറുപടി പറഞ്ഞു. അതിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നതിനായി കേസ് മാറ്റിയത്.പ്രോസിക്യൂഷന്‍ സാക്ഷികളായി 49 പേരെയാണ് കോടതിയില്‍ വിസ്തരിച്ചത്.പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാന്‍ പ്രതികള്‍ക്ക് സാധിച്ചില്ല.1992 മാര്‍ച്ച്‌ 27 നാണ് സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സിബിഐ കോടതിയില്‍ നിന്നും ഡിസംബര്‍ 22ന്വിധി പറയാന്‍ ഇരിക്കുന്നത്.

കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ 2 മാസത്തേക്ക് മദ്യപിക്കരുതെന്ന് മുന്നറിയിപ്പ്

keralanews not to drink alcohol for 2 months after receiving covid vaccine

ന്യൂഡൽഹി:കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് പൂര്‍ണ്ണമായും മദ്യപാനം ഉപേക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സ്പുട്നിക് 5 വാക്സിന്‍ എടുത്ത ശേഷം രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നു.റഷ്യൻ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോവയാണ് മുന്നറിയിപ്പ് നല്‍കിയത്. ശരീരത്തിൽ വാക്സിൻ പ്രവര്‍ത്തിക്കുന്നതുവരെ ജനങ്ങള്‍ സുരക്ഷിതമായി തുടരാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതലുകളും അദ്ദേഹം പുറപ്പെടുവിച്ചു. ഇത് 42 ദിവസം തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാക്സിനെടുത്തു കഴിഞ്ഞാല്‍ പഴയ പോലെ തന്നെ തിരക്കേറിയ ഇടങ്ങള്‍ ഒഴിവാക്കണം, മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. മദ്യവും രോഗപ്രതിരോധ മരുന്നുകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോവിഡിനെതിരായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് മദ്യം കുറയ്ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. ആരോഗ്യമുള്ളവരായി ഇരിക്കാന്‍ സ്വയം ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍; രാജ്യവ്യാപകമായി ബി.ജെ.പി ഓഫീസുകൾ ഉപരോധിക്കാൻ നീക്കം

keralanews farmers intensify strike move to blockade bjp offices across the country

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ബി.ജെ.പി ഓഫിസുകള്‍ ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു.ബി.ജെ.പി നേതാക്കളുടേയും ജനപ്രതിനിധികളുടേയും വീടുകള്‍ ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു.ഡിസംബര്‍ 12ന് ഡല്‍ഹി-ജയ്പൂര്‍, ദല്‍ഹി-ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.ഡിസംബര്‍ 12ന് എല്ലാ ടോള്‍ പ്ലാസകളിലെയും ടോള്‍ ബഹിഷ്‌കരിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. ജിയോ അടക്കമുള്ള റിലയന്‍സ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കും. കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള സമരം ശക്തമാക്കും. കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ കാര്‍ഷിക സംഘങ്ങള്‍ ഏകകണ്ഠമായി തള്ളിയതിന് പിന്നാലെയാണ് കര്‍ഷകര്‍ ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ചത്.

നിയമത്തില്‍ താങ്ങുവിലയുടെ കാര്യത്തില്‍ രേഖാമൂലം ഉറപ്പുനല്‍കുന്നത് അടക്കമുള്ള ദേദഗതി നിര്‍ദേശങ്ങളാണ് ഇന്നലെ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കരാര്‍കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകന് നേരിട്ട് കോടതിയെ സമീപിക്കാന്‍ അവകാശം നല്‍കും, ഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകനില്‍ നിലനിര്‍ത്തും, സ്വകാര്യ, സര്‍ക്കാര്‍ ചന്തകളുടെ നികുതി ഏകീകരിക്കും, സര്‍ക്കാര്‍ ചന്തകള്‍ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും, സ്വകാര്യമേഖലയെ നിയന്ത്രിക്കും തുടങ്ങിയവയാണ് കേന്ദ്രം മുന്നോട്ടുവച്ച ഫോര്‍മുലയിലുള്ളത്. കേന്ദ്രമന്ത്രിമാരായ അമിത്ഷായും പിയൂഷ് ഗോയലുമാണ് അനുരഞ്ജന ഫോര്‍മുല തയാറാക്കി കര്‍ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍, ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംഘടനകള്‍ വിലയിരുത്തി. ചൊവ്വാഴ്ച രാത്രി ആഭ്യന്തര മന്ത്രി അമിത്ഷാ കര്‍ഷകനേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ നിശ്ചയിച്ചിരുന്ന ചര്‍ച്ച വേണ്ടെന്നുവച്ചു. അതിനുപിന്നാലെയാണ് അമിത്ഷാ ഫോര്‍മുല എഴുതിത്തയാറാക്കി സമരക്കാര്‍ക്ക് സമര്‍പ്പിച്ചത്.

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ തീരുമാനം;ഈ മാസം 17ന് മന്ത്രിസഭാ യോഗം

keralanews decision on opening of schools in the state cabinet meeting on 17th of this month

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഈ മാസം 17ന് മുഖ്യമന്ത്രി യോഗം വിളിച്ചു. യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും.പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതും പ്രാക്ടിക്കല്‍ ക്ലാസുകള്‍ നല്‍കേണ്ടതുമായ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടത്താനൊരുങ്ങുന്നത്. ജനുവരി ആദ്യത്തോടെ സ്‌കൂളുകള്‍ തുറക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് സാഹചര്യം കൂടി വിലയിരുത്തിയാകും തീരുമാനമെടുക്കുക.ഈ മാസം 17 മുതല്‍ പത്ത്,പ്ളസ്ടു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരുദിവസം എന്ന രീതിയില്‍ സ്‌കൂളുകളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ ഫലപ്രദമായി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നതിനായാണ് അദ്ധ്യാപകരോട് സ്കൂളിലെത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ വിശദമായ നിര്‍ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വൈകാതെ പുറപ്പെടുവിക്കും. ഏപ്രിലിനകം പൊതുപരീക്ഷ നടത്താനാണ് ആലോചിച്ചിരിക്കുന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയം കൂടി പരിഗണിച്ചായിരിക്കും പരീക്ഷാതീയതി തീരുമാനിക്കുക.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

keralanews ramesh chennithala with serious allegations against speaker p sriramakrishnan

തിരുവനന്തപുരം: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ നവീകരണത്തിന്റെയും ആഘോഷത്തിന്റെയും പേരില്‍ സ്പീക്കര്‍ നാലര വര്‍ഷം കൊണ്ട് പൊടിച്ചത് 100 കോടിയിലേറെ രൂപയാണ്. സ്പീക്കറുടെ ധൂര്‍ത്തും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംശയത്തിന്റെ നിഴല്‍ പോലും സ്പീക്കറുടെ മേല്‍ വീഴുന്നത് ജനാധിപത്യത്തെ കളങ്കപ്പെടുത്തും. എന്നാല്‍ അടുത്ത കാലത്ത് നമ്മുടെ സ്പീക്കറെ സംബന്ധിച്ച്‌ മോശപ്പട്ട വാര്‍ത്തകളാണ് പുറത്തുവരുന്നത്.സത്യം പുറത്തുവരേണ്ടത് അനിവാര്യമാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ സ്പീക്കറോ മുഖ്യമന്ത്രിയോ സത്യം പറയുമെന്നാണ് കരുതിയത്. ഉന്നതര്‍ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന ആവശ്യവും നടന്നിട്ടില്ല. മാധ്യമങ്ങളെ കാണാന്‍ സ്പീക്കര്‍ക്ക് കഴിയാതിരുന്നത് അദ്ദേഹത്തിന്റെ കുറ്റബോധം മൂലമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് നട്ടംതിരിയുമ്പോൾ നിര്‍ലജ്ജം അഴിമതി നടത്തുന്ന നടപടിയാണ് നിയമസഭയില്‍ നടന്നിരിക്കുന്നത്. സ്പീക്കര്‍ക്കെതിരെ നിരവധി ആരോപണങ്ങളും കണക്കുകള്‍ നിരത്തി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു.

ലോക കേരള സഭ സമ്മേളനത്തിനായി നിയമസഭയിലെ ശങ്കരനായരായണന്‍ തമ്പി ഹാള്‍ പൊളിച്ചു പണിയുന്നതിന് 1.48 കോടി രുപ 2018ല്‍ ചെലവാക്കി. ഊരാളുങ്കില്‍ ലേബര്‍ സൊസൈറ്റിയെ ആണ് ഈ ജോലി ഏല്പിച്ചത്. ടെന്‍ഡര്‍ ക്ഷണിച്ചിരുന്നില്ല. രണ്ടുു ദിവസത്തേക്കാണ് സഭ ചേര്‍ന്നത്. 2020ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ 16.65 കോടി രൂപ ചെലവഴിച്ച്‌ നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. ആദ്യ ലോക കേരള സഭയുടെ ഭാഗമായി വിദേശത്തുനിന്ന് കൊണ്ടുവന്ന ശരറാന്തല്‍വിളക്ക് ഉള്‍പ്പെടെ പൊളിച്ചുമാറ്റി. സീറ്റിംഗ് അറേഞ്ചുമെന്റും പൊളിച്ചു. താന്‍ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചപ്പോള്‍ എസ്റ്റിമേറ്റിന്റെ പകുതി തുകയെ ചെലവായുള്ളു എന്നാണ് സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍ ഇതുവരെ 12 കോടി രൂപയുടെ ബില്ല് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിക്കഴിഞ്ഞു. നിയമസഭയെ കടലാസ് രഹിതമാക്കാന്‍ 51.31 കോടി രൂപ ചെലവാക്കി. ടെന്‍ഡര്‍ ഇല്ലാത്ത ഈ പദ്ധതി നടപ്പാക്കാന്‍ ഏല്പിച്ചത് ഊരാളുങ്കല്‍ സൊസൈറ്റിയെ ആണ്. മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി 13.51 കോടി രൂപ നല്‍കി. പാലാരിവട്ടം കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഉന്നയിക്കുന്ന അതേ ആരോപണമാണ് സ്പീക്കര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത്രയും തുക ചെലവഴിച്ചിട്ടും നിയമസഭയ്‌ക്കോ അംഗങ്ങള്‍ക്കോ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്.

ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറു പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കോവിഡ് കാരണം രണ്ടെണ്ണമേ നടത്തിയുള്ളൂ. ഇതിനു മാത്രം രണ്ടേകാല്‍ കോടി രൂപയാണ് ചെലവഴിച്ചത്. ഈ പരിപാടിക്ക് ഭക്ഷണ ചെലവുമാത്രം 68 ലക്ഷം രൂപ. യാത്രാ ചിലവ് 42 ലക്ഷം രൂപ. മറ്റു ചിലവുകള്‍ 1.21 കോടി രൂപ, പരസ്യം 31 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചത്. ഈ പരിപാടിക്കായി അഞ്ചു പേര്‍ക്ക് കരാര്‍ നിയമനം നല്‍കി. പരിപാടി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും ഈ ജീവനക്കാര്‍ ഇപ്പോഴും പ്രതിമാസം 30000 രൂപ ശമ്പളം വാങ്ങുന്നുണ്ട്. 21.61 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ചെലവാക്കിയത്. നിയമസഭ ടിവിയാണ് അടുത്ത അഴിമതി. നിയമസഭ സമാജികരുടെ ഫ്‌ളാറ്റില്‍ ഏറെ മുറികള്‍ ഉണ്ടായിട്ടും കണ്‍സള്‍ട്ടന്റിന് താമസിക്കാന്‍ വഴുതക്കാട് സ്വകാര്യ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തു. ഇതിന് പ്രതിമാസം 25,000 രൂപ വാടക. ഒരു ലക്ഷം രൂപ ഡെപ്പോസിറ്റ്. ഫ്‌ളാറ്റിലേക്ക് പാത്രങ്ങളും കപ്പുകളും വാങ്ങിയ ചെലവും നിയമസഭയുടെ പേരിലാണ്. ഇ.എം.എസ് സ്മൃതി.- 87 ലക്ഷം രൂപ. വിവാദമുണ്ടായപ്പോൾ പദ്ധതി നിര്‍ത്തിവച്ചു.ഗസ്റ്റ്ഹൗസ്- നിയമസഭ സമുച്ചയത്തില്‍ ആവശ്യത്തിലേറെ മുറികളും സൗകര്യങ്ങളും ഉണ്ടായിരിക്കേ പ്രത്യേകം ഗസ്റ്റ്ഹൗസ് നിര്‍മ്മിക്കുന്നു. അതിന്റെ ചെലവ് വ്യക്തമല്ല. നിയമസഭയിലെ ചെലവ് സഭയില്‍ ചര്‍ച്ച ചെയ്യാറില്ല. അതിന്റെ മറവിലാണ് ഈ ധൂര്‍ത്ത്.പുതിയ നിയമസഭ മന്ദിരം പണിതതിന്റെ ചെലവ് 76 കോടിയാണ്. എന്നാല്‍ നാല് വര്‍ഷത്തിനകം 100 കോടി രൂപയോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മുടക്കി. ഇതുവരെ ഒരു കണക്കും വച്ചിട്ടില്ല. പണം ചെലവഴിക്കുന്നതില്‍ പ്രത്യേക സൗകര്യം ഉപയോഗിച്ച്‌ വലിയ അഴിമതിയാണ് നടത്തുന്നത്. സ്പീക്കറുടെ അഴിമതിയില്‍ അന്വേഷണം വേണം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.